Wednesday, March 11, 2020

"കയ്യെത്തും ദൂരെ........."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2006
നൊസ്റ്റാൾജിയ ഉണ്ടുജീവിക്കുന്ന ഒരു ജീവിയുടെ പേര് അറിയോ നിങ്ങൾക്ക്? - മനുഷ്യൻ - മനുഷ്യൻ മാത്രാണ് അത്തരമൊരു ജീവി, എനിക്കാണേൽ അതിൻ്റെ അസുഖം ഇച്ചിരി കൂടുതലും!
"കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം ..
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം " -

രാവിലെ മുതല്‍ മൂളുന്നു ഈ പാട്ട്! പണ്ടും ഈ പാട്ട് കേള്‍ക്കുമ്പോള്‍ കയ്യെത്തുന്ന ദൂരത്തുണ്ടായിരുന്ന ഒരു കുട്ടിക്കാലം ഓര്‍മ്മ വരാറുണ്ട്. ഏകാന്തം എന്ന സിനിമ കാണുംമുൻപ് തന്നെ ഈ പാട്ടെന്റെ അസ്ഥിയിൽ കയറികൂടിയിരുന്നതുമാണ്. പക്ഷേ, വീണ്ടും ഈ പാട്ടെന്നെ ഓര്‍മ്മിപ്പിച്ചത് ഒരു മിനുമിനെ തിളങ്ങണ മഞ്ചാടിക്കുരുവാ - അഞ്ജലി മേനോന്‍റെ "മഞ്ചാടിക്കുരു" എന്ന സിനിമ! അവധിക്കാലങ്ങള്‍ കാത്തിരുന്ന ഒരു കുഞ്ഞിപ്പെണ്ണിനെ ഓര്‍മ്മിപ്പിച്ചതിന് അഞ്ജലി എന്ന പെണ്മനസിനോട് എന്നും സ്നേഹം തോന്നി ആ സിനിമ കണ്ടപ്പോൾ:)

അത്രയും വലുതല്ല എങ്കിലും, അച്ഛന്റെ വീട് ഏതാണ്ട് അത് പോലെയൊക്കെ തന്നെയായിരുന്നു. ഓണം 10 , ക്രിസ്തുമസ് 10 പിന്നെ വല്ല്യവധിയിലെ ഒരുമാസം (ഒരു മാസം ഉത്സവം കൂടാന്‍ തിരികെ വീട്ടിലേക്ക് തന്നെ പോരും) ഇതൊക്കെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും എണ്ണമില്ലാത്ത കസിന്‍സിനും കളിക്കൂട്ടുകാര്‍ക്കും ഒപ്പം ആയിരുന്നു ഞാനും ചേട്ടന്മാരും ആഘോഷിച്ചിരുന്നത്. ആ വല്യ വീടിൻ്റെ ഒരു ഭാഗത്ത് ആണുങ്ങളുടെ ലോക കാര്യ വര്‍ത്തമാനത്തിനിടയില്‍ , അപ്പച്ചിമാരുടെയും അമ്മയുടെയും പാചക വാചകങ്ങൾ‍ക്കിടയില്‍ ഞങ്ങൾ പിള്ളേർ ‍ ഞങ്ങളുടേതായ ലോകം ഉണ്ടാക്കി.

ചേട്ടന്മാര്‍ക്ക് എന്നില്‍ നിന്നൊരു മോചനം കിട്ടിയിരുന്നത് ഇമ്മാതിരി അവധിക്കാലത്താ - അവർ ഈ അവധിക്കാലങ്ങൾക്ക് എന്നേക്കാൾ കൂടുതൽ കടപ്പെട്ടിരിക്കുന്നു  ഒരു കുട്ടി ഗാങ്ങിനെ അവിടെ ഉണ്ടാക്കിയിരുന്നത് കൊണ്ട് അധിക സമയവും ഹൈ സ്കൂളുകാരെ കൂട്ടാതെ ഞങ്ങള്‍ LP ക്ലാസ്സിലെ കളികള്‍ കളിച്ചു.

അപ്പുറത്തെ വിശാലമായ തെങ്ങിന്‍പറമ്പില്‍ "ഒളിച്ചേ കണ്ടേ" കളിച്ചിരുന്നു , പറിച്ചെടുക്കുമ്പോള്‍ വല്ലാത്ത മണം വരുന്ന ശീമചെടിയുടെ ഇലകള്‍ പറിച്ചു നോട്ടുകളാക്കി, ചാഞ്ഞു കിടക്കുന്ന മരക്കൊമ്പിനെ ബസാക്കി "കണ്ടക്ടര്‍ - ഡ്രൈവര്"‍ കളിച്ചിരുന്നു. വലിയവരുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് കട്ടെടുത്ത വെറ്റിലയും ചുണ്ണാമ്പും പാക്കും തെങ്ങിന്‍പറമ്പിന്‍റെ അങ്ങേക്കരയില്‍ ഒളിച്ചിരുന്ന് ചവച്ച് ആരുടെ തുപ്പലിനാ ചുവപ്പ് നിറം കൂടുതല്‍ എന്ന് നോക്കിയിരുന്നു. അങ്ങനെയൊരിക്കല്‍ കൂട്ടത്തിലെ മുതിര്‍ന്ന ഞാന്‍ (The great 4th std ) കുറച്ചു സാഹസികത കൂടുതല്‍ കാട്ടി "ആളാകാന്‍" ഒരല്‍പം പുകയില കൂടി അടിച്ചു മാറ്റി പരീക്ഷിച്ചു , പക്ഷേ, മൊത്തം കഴിക്കേണ്ടി വന്നില്ല -അതിനു മുന്നേ തന്നെ തല കറങ്ങി തെങ്ങിന്‍തോപ്പില്‍ വീണു . ("മഞ്ചാടിക്കുരു"വില്‍ വിക്കി ചില സാഹസിക കാര്യങ്ങള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഇത് ഞാനോർത്തു  )

തല നിറയെ മുടി ഇല്ലായിരുന്നെങ്കിലും സരളാപ്പ നട്ടുനനച്ചുവളർത്തിയ കുടമുല്ലയിൽ നിന്നും നീളത്തില്‍ മുല്ലമാല കോര്‍ത്ത് മുടിയിൽ ചൂടിയിരുന്ന അവധിക്കാലം, അമരക്കുന്നിന്‍റെ മുകളിലെ വാട്ടര്‍ ടാങ്കിന്‍ മുകളില്‍ എങ്ങനെ കയറാം എന്ന് ചിന്തിച്ചു വലഞ്ഞിരുന്ന കുട്ടിക്കാലം, കണിയൊരുക്കാന്‍ ആര്‍ക്കാണ് കൊന്നപ്പൂ കൂടുതല്‍ എന്ന് മത്സരിച്ചിരുന്ന കാലം, പുളി പെറുക്കാനും പഞ്ഞിക്കായ പെറുക്കാനും അമ്മൂമ്മയ്ക്കൊപ്പം നടന്നിരുന്ന കാലം, തേന്‍പുളിയുടെ മധുരപ്പുളിരസം വായിലലിയിച്ചു ഒരു കടല്‍ രുചി അറിഞ്ഞിരുന്ന കാലം. പഞ്ഞിക്കായ പെറുക്കിയാല്‍ എത്രയാ ഗുണമെന്നോ - പഞ്ഞി പറത്തി കളിക്കാം, കുരു കടിച്ചു പൊട്ടിച്ച് തിന്നാം, പഞ്ഞിക്കായയുടെ തൊണ്ട് മടക്കി അടിച്ചു ശബ്ദം ഉണ്ടാക്കി കളിക്കാം , പിന്നെ നല്ല രസികന്‍ പഞ്ഞിത്തലയിണ സ്വന്തമാക്കാം .......

ഓർത്താലും ഓർത്താലും തീരാത്ത ഓര്‍മ്മകള്‍ തന്ന എന്‍റെ കുട്ടിക്കാലമേ .....  , നീയിപ്പോഴും എപ്പോഴും എന്‍റെ കയ്യെത്തും ദൂരത്ത് നല്ല കുഞ്ഞു മഞ്ചാടി മണികളായി, എന്‍റെ കുഞ്ഞുങ്ങളുടെ കാതില്‍ കഥകളായി , കൌതുകക്കണ്ണുള്ള കുഞ്ഞിപ്പെണ്ണായി എന്നുമെന്നോടൊപ്പം ഉണ്ടാകാന്‍ കൊതി !!

ഇന്നത്തെ ഓർമ്മപ്പാട്ട് ഇതാണെങ്കിലും ഓർക്കുന്നത് ഒരു FB സൗഹൃദത്തെയാണ് - മഞ്ചാടിക്കുരു സിനിമ കണ്ടിട്ട് എന്നോട് ഇൻബോക്സിൽ വന്ന് , "ചേച്ച്യേ ആ സിനിമ കണ്ടപ്പോള് ഇങ്ങളെയാണ് ഓര്മ വന്നത്ട്ടാ - കണ്ടിട്ടില്ലെങ്കിൽ ഉറപ്പായും കാണണേ " എന്ന് പറഞ്ഞ അനിയൻ അജിഷിന് 
"കയ്യെത്തും ദൂരെ........."
https://www.youtube.com/watch?v=b2Ja1dG7OhU
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

4 comments:

  1. മഞ്ചാടിക്കുരു ഇവിടത്തെയും കുട്ടിക്കാലം അടയാളപ്പെടുത്തിയ സിനിമയാണ് 😊
    ഏറ്റവും സന്തോഷകരമായ ബാല്യകാലം.

    ReplyDelete
  2. ഓർത്താലും ഓർത്താലും തീരാത്ത ഓര്‍മ്മകള്‍
    നൽകുന്ന കുട്ടിക്കാലവും അതിനെ പറ്റിയുള്ള പാട്ടോർമ്മകളും  

    ReplyDelete
  3. എന്റെ കൊച്ചിനെ എന്നും കേൾപ്പിക്കുന്ന പാട്ടുകളിലൊന്ന്.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)