Wednesday, March 18, 2020

ആ സാമ്രാജ്യം

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം - 1990-91

നാവായിക്കുളം പിജി തിയറ്ററിൻ്റെ കഥ ഏതാണ്ട് എല്ലാ ഓർമയിലും എഴുതാറുണ്ടെങ്കിലും ഞങ്ങൾ മറ്റു തിയറ്ററുകളിലും പോയി സിനിമ കണ്ടിട്ടുണ്ടേ. ഇന്നത്തെ ഓർമ്മ അങ്ങനെ കാണാൻപോയ ഒരു സിനിമയേയും അതോർമ്മിപ്പിക്കുന്ന ആളെയും കുറിച്ചാണ്.

ചങ്ങനാശ്ശേരിയിൽ അച്ഛൻ്റെ വീട്ടിൽ അവധിക്കുപോയ ഏതോ ഒരു സമയം. (ഓണമാകാനാണ് സാദ്ധ്യത) ഓണസമയത്ത് അമരയിലെ അച്ഛൻവീട്ടിൽ മിക്കവാറും എല്ലാ കൊച്ചുമക്കളും എത്തും. ജനിച്ചതുമുതൽ ഏതാണ്ട് ആറാം ക്‌ളാസ് ആകുന്നിടം വരെ ഞാനായിരുന്നു അവിടുത്തെ ചെറിയ കുട്ടി. പിന്നീടാണ് അച്ഛന്റെ ഇളയ സഹോദരിക്ക് മകളുണ്ടാകുന്നത്. അന്ന് ഞങ്ങൾ മധുപ്പാനെന്ന് വിളിക്കുന്ന അപ്പാപ്പൻ എന്നോട് "പോയെടീ നിന്റെ സ്ഥാനമൊക്കെ പോയീ " എന്ന് കുനു പറഞ്ഞതുപോലും ഓർമ്മയുണ്ട് . ഓണസമയത്താണ് മിക്കപ്പോഴും അപ്പൂപ്പനെയും അമ്മൂമ്മയേയും ഒക്കെ കാണാൻ അമരയ്ക്ക് പരിസരപ്രദേശങ്ങളിലൊക്കെ താമസിക്കുന്ന ബന്ധുക്കളൊക്കെ വരിക. അച്ഛൻ്റെ അകന്ന ബന്ധത്തിലൊക്കെയുള്ള ഒത്തിരിപേർ ഞങ്ങളുടെ നാവായിക്കുളം വീട്ടിൽ നിന്ന് പഠിക്കുകയോ ജോലിക്ക് പോകുകയോ ഒക്കെ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം / കൊല്ലം ഭാഗങ്ങളിലാണോ ഇന്റർവ്യൂ, ടെസ്റ്റ് ഒക്കെ വരുന്നത് എങ്കിൽ മോഹനച്ചാൻ്റെ വീട്ടിൽ നിൽക്കാമെന്ന് അവർ നേരെയങ്ങട് വീട്ടിലെത്തും - അങ്ങനെ വന്നില്ലെങ്കിൽ അടുത്തവട്ടം വെക്കേഷന് പോകുമ്പോൾ വരാത്തോരെയൊക്കെ അമ്മയും ഞങ്ങളും പരിഭവം പറഞ്ഞു കൊല്ലും എന്നുള്ളതുകൊണ്ട് ആരും അതിനു മുതിർന്നിരുന്നില്ല. നാവായിക്കുളം ഞങ്ങൾ ചെന്നുചേർന്ന നാടാണ്, അതുകൊണ്ടുതന്നെ ബന്ധുക്കളൊന്നും അവിടെയുണ്ടായിരുന്നില്ല... അങ്ങനെയുള്ളപ്പോൾ ആണ്ടിൽ രണ്ടോ മൂന്നോ പ്രാവശ്യം ആഞ്ഞിലിത്താനത്തൂന്നൊ കട്ടപ്പനയിൽ നിന്നോ കോട്ടയത്തൂന്നൊ കാഞ്ഞിരപ്പള്ളിൽ നിന്നോ ഒക്കെ തേടിപ്പിടിച്ചു ബന്ധുക്കൾ വരുന്നത് ഞങ്ങൾക്ക് ഉത്സവമായിരുന്നു.

അങ്ങനെ തിരുവനന്തപുരത്ത് എവിടെയോ ഇന്റർവ്യൂനു പോകാനോ/ മത്സരത്തിന് പോകാനോ മറ്റോ വീട്ടിലെത്തിയ ചേട്ടായി ആണ് സത്യൻ ചേട്ടായി - അച്ഛന്റെ അകന്നൊരു ബന്ധുവാണ്, ബന്ധം പറയാൻ അന്നുമിന്നും അറിയില്ല. ഒരു പാവത്താൻ ചേട്ടനായിരുന്നു സത്യൻ ചേട്ടായി. അക്കൊല്ലം ആ വെക്കേഷന് ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ഞങ്ങളൊക്കെ വന്നിട്ടുണ്ടെന്നറിഞ്ഞ് പുള്ളി വീട്ടിൽ വന്നു. സംസാരമദ്ധ്യേ അമരപുരത്തെ തിയറ്ററിൽ പുത്തൻപുതിയ മമ്മൂട്ടിപ്പടം വന്നിട്ടുണ്ടെന്ന് പറയുകയും "പിള്ളേരേം കൂട്ടി ഞാനെന്നാ സിനിമയ്ക്ക് പോകുവാന്നെ അമ്മാമ്മേ" ന്നും കാച്ചി എന്നെയും ചേട്ടന്മാരെയും കൊണ്ടൊരൊറ്റ പോക്ക് പോകുകയും ചെയ്തു. അവിടെച്ചെന്നപ്പോൾ വമ്പൻ കട്ടൗട്ടുകളൊക്കെയായിട്ട് മമ്മൂട്ടി - കോട്ടും സൂട്ടും താടിയും കൂളിംഗ് ഗ്ലാസും ആകെ മേളം! നല്ല തിരക്കുണ്ടായിരുന്ന ആ സിനിമയുടെ പേര് സാമ്രാജ്യം - ഗംഭീരൻ അധോലോക മൂവി. സെൻസർബോർഡ് സർട്ടിഫിക്കറ്റ് കാണിച്ചപ്പോൾ തിയറ്റർ മുഴുവൻ ഒരു കൂവൽ പൊങ്ങിപ്പടർന്നു -

" മമ്മൂട്ടിയുടെ A പടമാണേ ഇത് " എന്ന് പറയുന്നതുകേട്ട് ആ അവധിക്കാലത്ത് മമ്മൂട്ടിപ്പടം കാണാൻ കൊട്ടകയ്ക്കകത്തിരുന്ന അമ്മച്ചിമാരും പെങ്കൊച്ചുങ്ങളും ഉള്ള കുടുംബങ്ങൾ ഞെട്ടിപ്പൊട്ടി! ഞങ്ങളെ സിനിമ കാണിക്കാൻ കൊണ്ടുപോയ സത്യൻചേട്ടായിടെ മുഖത്തുന്നു വേണേൽ ചോര തൊട്ടെടുക്കാമായിരുന്നു! എന്തായാലും സിനിമ തീരുംവരെ കുറെപ്പേർക്ക് എരിപൊരിസഞ്ചാരവും പെരുമ്പറ മേളവും ആയിരുന്നിരിക്കണം. തിയറ്റർ മുതലാളിക്ക് അടിതാങ്ങാൻ കെൽപ്പില്ലാത്തത് കൊണ്ടാകണം അനിഷ്ടങ്ങളൊന്നും സംഭവിക്കാതെ സിനിമ തീർന്നു.

അന്നത്തെ സാമ്രാജ്യം സിനിമയിൽ പാടില്ലായിരുന്നു - പക്ഷേ ഒരു ഗംഭീരൻ ബിജിഎം ഉണ്ടായിരുന്നു. കഷ്ടകാലത്തിന് സാമ്രാജ്യം 2 വിലെ ഒരു ഗാനരംഗം വർഷങ്ങൾക്ക് ശേഷം കാണേണ്ടിവന്നു ... കൂടുതലൊന്നും പറയാനില്ല അതിനെപ്പറ്റി, ഉണ്ണിച്ചേട്ടന്റെ ആ സിനിമ കാണാനുള്ള ധൈര്യവുമില്ല  എന്തായാലും പാട്ടിന്റെ വിഷ്വൽസ് കാണാതെ പാട്ടുമാത്രം കേട്ടുനോക്കുന്നതിൽ തെറ്റില്ല എന്നാണ് അഭിപ്രായം 
-----------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

4 comments:

  1. ചിത്രത്തിൻ്റെ പേര് തന്നെ ആദ്യമായാ കേൾക്കുന്നത്

    ReplyDelete
  2. സാമ്രാജ്യം കണ്ടിട്ടുണ്ടല്ലോ
    A certified പടം ആക്കാൻ മാത്രം ഒന്നും അതിലുള്ളതായി ഓർമ്മയില്ല. Bgm ഓർമ്മ വരുന്നേയില്ല. ഒരു അധോലോക സിനിമ എന്നൊരു ഓർമ മാത്രേയുള്ളു ☺️

    ReplyDelete
  3. മമ്മൂട്ടി ഇത്തരം പടത്തിലൊക്കെ അഭിനയിച്ചിട്ടുണ്ടൊ ..?

    ReplyDelete
  4. എനിയ്ക്കിഷ്ടപ്പെട്ടത് സിനിമയാണ്.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)