Sunday, March 8, 2020

പൊന്നുംകുടത്തിന് എന്തിനാ പൊട്ട്

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

പത്തു പതിനെട്ടു വർഷം ഉള്ളിലേറ്റി നടന്നൊരു ഭൂതത്താനെ ഇറക്കിവിട്ട വർഷമായിരുന്നു കഴിഞ്ഞ കൊല്ലം. ഒരാവശ്യവുമില്ലാതെ കൂടെക്കൂട്ടിയിരുന്ന ഒരു ടാബൂ 

സ്‌കൂൾ കാലങ്ങളിലെപ്പോഴോ കൂടെക്കൂട്ടിയതാണ് ഒട്ടിക്കുന്ന ഒരു കുഞ്ഞുകറുത്ത പൊട്ട് - ഏറ്റവും ചെറുതല്ല, അതിൻ്റെ വലിയ സൈസ് എപ്പോഴെങ്കിലും സാരിയുടുക്കുമ്പോൾ മാത്രമാണ് തൊടാറ്. സ്‌കൂൾ സമയത്ത് 'ശാന്തി' സീരിയലിലെ മന്ദിരാബേദിയിൽ പ്രചോദിതയായി കുറേയേറേ അമ്പും കുത്തും കോമയുമൊക്കെ പരീക്ഷിച്ചെങ്കിലും അവസാനം ഉറച്ചുനിന്നത് ആ കുഞ്ഞുകറുത്ത പൊട്ടിലായിരുന്നു. കണ്ണെഴുത്തും പൊട്ടിടീലും ചന്ദനക്കുറി വരയ്ക്കലും മാത്രം 'മേക്കപ്പ്' ടിപ്സ് ആയിരുന്ന കാലങ്ങളിൽ അത്രയേറെ വളഞ്ഞതോ ആകൃതിയുള്ളതോ ഒന്നുമല്ലാത്ത പുരികങ്ങൾക്ക് നടുവിൽ ആ കുഞ്ഞനെ കുത്തുന്നതോടെ സുന്ദരിയായ ഒരു ഫീൽ വരുമായിരുന്നു. മുകളിലൊരു ചന്ദനക്കുറി സ്ഥിരമായിരുന്നു - ചിലപ്പോൾ കുറിയുടെ മുകളിലൊരു കുങ്കുമക്കുറിയും കൂടി ചാർത്തി അതിസുന്ദരിയാകുന്ന ദിവസങ്ങളുമുണ്ട്  അങ്ങനെയങ്ങനെ ആ പൊട്ടെൻ്റെ ജീവിതത്തിൻ്റെ ഭാഗമായി പറ്റിച്ചേർന്നിരിക്കുന്ന കാലം. പൊട്ടില്ലാതെ എങ്ങോടും പോകാറില്ല, മുഖം പൊട്ടില്ലാതെയും കണ്ണെഴുതാതെയും അത്രയ്ക്കങ്ങട് ഇഷ്ടവുമല്ല.

അങ്ങനെയിരിക്കേ ഞാൻ ഒത്തിരിയിഷ്ടപ്പെട്ടിരുന്ന പൊട്ടുകുത്തലിന് വേറൊരു മാനം വരുന്നു! കോളേജിൽ വെച്ചൊരിക്കൽ എൻ്റെ ഏറ്റവും പ്രിയപ്പെട്ടൊരുവൾ, വളരെവളരെ അലസമായി പറഞ്ഞ ഒരു വാചകം... അത് കേറിക്കൂടിയത് നെഞ്ചിലാണ്, തലച്ചോറിലാണ്! അതിതായിരുന്നേ - "പൊട്ടിടാതെ നിന്നെക്കണ്ടാൽ ഒരു വിഡോ ലൂക്കാണ് കേട്ടാടീ"! ഞെട്ടൽ അവളറിഞ്ഞോ ആവോ .... ആ കാലം കഴിഞ്ഞു, കോളേജ് ജീവിതം തീർന്നു, ഞങ്ങൾ പിരിഞ്ഞു.. ഉപരിപഠനം, കല്യാണം, പ്രവാസജീവിതം, കുട്ടികൾ ഒക്കെയായി. ഇപ്പോഴും ഞാൻ ആ കുഞ്ഞുകറുത്ത പൊട്ടു തൊടാൻ എടുക്കുമ്പോൾ അവളെയോർക്കും, അവൾ പറഞ്ഞ വാചകം ഓർക്കും!

ഒരു കാര്യോമില്ല. .. അവളെയോ ആ വാചകത്തെയോ ആലോചിക്കേണ്ട ഒരാവശ്യവുമില്ല! എന്നിട്ടും ഓരോ ദിവസവും ഞാൻ അതോർത്തു.... പൊട്ടിടാതെ അപൂർവമായി മാത്രം ഞാൻ സെൽഫികൾ എടുത്തു, അതിലും അപൂർവമായി മാത്രം ഞാൻ പുറംലോകത്തെ എൻ്റെ പൊട്ടിടാമുഖം കാണിച്ചു, വളരെ വളരെ ആലോചിച്ചു മാത്രം പൊട്ടിടാതെ ഏതെങ്കിലും പരിപാടിക്ക് പോയി! ഒന്നാലോചിച്ചു നോക്കിക്കേ, എനിക്കൊരു കാര്യോമില്ല ഇത്രയുമൊക്കെ ആലോചിക്കാൻ..ആശങ്കപ്പെടാൻ.. എനിക്കറിയാം ഒരു പൊട്ടല്ല എൻ്റെ സൗന്ദര്യം നിശ്ചയിക്കുന്നത് എന്ന് - അല്ലെങ്കിൽ പൊട്ടിലോ കണ്മഷിയിലോ വസ്ത്രത്തിലോ ഒന്നുമല്ല ഞാനെന്ന വ്യക്തിയെന്ന്, എന്നെക്കുറിച്ച് അപകർഷതാബോധം ഇല്ലാത്ത വ്യക്തിയാണ് ഞാൻ. എന്നിട്ടും ഞാൻ വീണ്ടും വീണ്ടും ആലോചിച്ചു, സാരിയ്ക്കും ചുരിദാറിനും ജീൻസ് ടോപ്പിനും ഒക്കെ ഒപ്പം ഞാനാ കുഞ്ഞൻ കറുമ്പനെക്കൂടെക്കൂട്ടി! ഏറ്റവും അടുത്തയിടങ്ങളിൽ ഒഴികെ, എന്റെയിടങ്ങളിൽ ഒഴികെ ഞാൻ വട്ടങ്ങളിലൊതുങ്ങി. എന്താണെന്ന് തിരിച്ചറിയാനാകാതെപോയ ആ 'ശങ്ക' .. സത്യത്തിൽ ഞാനാ വാക്കുകളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു ... എന്നെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ, എന്റെ പ്രിയപ്പെട്ടവൾ, എന്റെ ആത്മസഖി എന്തുകൊണ്ടായിരിക്കും വീണ്ടുവിചാരമില്ലാതെ അത്തരമൊരു റിമാർക്കെൻ്റെ പൊട്ടിനു തന്നിട്ടുണ്ടാകുക? എന്തുകൊണ്ടാകും അത്രയും നെഗറ്റീവ് ആയൊരു കമന്റ് അവൾ പറഞ്ഞിട്ടുണ്ടാകുക?

കഴിഞ്ഞ കൊല്ലം - പെണ്ണുങ്ങൾ മാത്രമുളള ഒരു ഗ്രൂപ്പിൽ നിന്ന് കിട്ടിയ ഇവിടെ USA ലുളള ചില ചങ്കുപെണ്ണുങ്ങൾ ചേർന്നൊരു വാട്സാപ്പ് ഗ്രൂപ്പ്. മുന്നോട്ടുപോകുന്ന പെണ്ണുങ്ങളെ പിന്നോട്ട് വലിക്കാത്ത ഒരിടം , അടുത്തിടെ കണ്ടയൊരു പോസ്റ്ററിലെപ്പോലെ - എൻ്റെ തലയിലെ ചരിഞ്ഞിരിക്കുന്ന കിരീടത്തിനെ മറ്റാരോടും പാടി നടക്കാതെ വന്നു നിവർത്തിവെക്കുന്ന പെണ്ണുങ്ങൾ! അങ്ങനൊരു കത്തിയടി ഡിസ്കഷൻസിനിടയ്ക്കാണ് ഫെമി എന്നോട് ചലഞ്ചായി പറഞ്ഞത് "ആർഷൂന് ചലഞ്ച്, പൊട്ടു തൊടാത്ത സിന്ദൂരം തൊടാത്ത ഫോട്ടോ ഇടണം! " ഓഫീസിൽ പോകുമ്പോൾ ദിവസത്തിനും വസ്ത്രത്തിനും അനുസരിച്ച് അങ്ങനെയാണ് മിക്കപ്പോഴും പോകാറുള്ളത് എങ്കിലും ഞാൻ നേരത്തെ പറഞ്ഞതുപോലെ അപൂർവമായേ ഞാൻ എന്റെയാ മുഖത്തിനെ സെൽഫി എടുക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്തിരുന്നുള്ളൂ.... ആ പഴയ 'ശങ്ക' . ഇഷ്ടമുള്ള വേറെ ആരെങ്കിലും അമ്മാതിരി ഒരു റിമാർക്ക്, സുന്ദരിയാണെന്ന് ഞാൻ കരുതുമ്പോൾ ചങ്കിൽ കൊള്ളുമ്പോലെ എന്തേലും പറയുമോയെന്ന് വെറും വെറുതേയൊരു ആശങ്ക  വീണ്ടും ഞാനങ്ങനെയൊരു വാചകത്തിൽ കുരുങ്ങിപ്പോകുമോയെന്ന് അനാവശ്യമായൊരു ചിന്ത!


എന്തായാലും ഈ പെണ്ണുങ്ങൾ കേമികളല്ലേ.. അവളുമാർ ഇതല്ല ഇതിലപ്പുറം ചാടിക്കടന്ന എൻ്റെ കേ കേ ജോസപ്പുമാർ! പ്രളയത്തിലെന്റെയൊപ്പം രാവുറങ്ങാതിരുന്നവർ, സംസാരിക്കാൻ വയ്യാതെ തളർന്ന ഫോൺകാളുകളുടെ ഒടുവിൽ പാതിരാത്രികളിൽ രണ്ടൂസം കഴിഞ്ഞു കുളിച്ചിട്ടെന്ന് ഉറക്കം മതിയാകാത്ത കണ്ണുകളുടെ ഫോട്ടോ അയച്ചവർ! അവരെക്കാണിക്കാൻ ഞാനെന്തിന് മടിക്കണം  അങ്ങനെയാണ് ഞാനീ ചിത്രം അയച്ചത്. എൻ്റെ പെണ്ണുങ്ങളേ ഞാൻ പറയുവോളം നിങ്ങൾ അറിഞ്ഞില്ലാലോ എൻ്റെ 18 കൊല്ലത്തോളം നീണ്ട ഒരു പിൻവിളിയെ ആണന്ന് നിങ്ങൾ ഉടച്ചുരുക്കിക്കളഞ്ഞത് എന്ന്! ഈ 'വിധവ'കഥ അറിയാതെ അതിലോരോരുത്തരും പറഞ്ഞത് - 'എന്തൊരു രസാ' ന്നാണ് ... സ്നേഹം കൊണ്ടാകാം, ശരിക്കും രസമായിട്ടാകാം - പക്ഷേ, അന്ന് നിങ്ങൾ എന്നോട് പറഞ്ഞതിന് ഞാനെന്ന പെണ്ണ് നിങ്ങളോട് ഒരു പെൺജന്മം കടപ്പെട്ടിരിക്കുന്നു  അതിനുശേഷമാണ് ഞാനാ കഥ നിങ്ങളോട് പറഞ്ഞത്. മടിച്ചുമടിച്ചുമാത്രം പൊട്ടൊഴിവാക്കിയിരുന്നത് എന്തുകൊണ്ടാണെന്ന്.

അങ്ങനെയാണ് അയാളെക്കുറിച്ച് ഒന്നുകൂടി ആലോചിച്ചു നോക്കിയത് - ആലോചിക്കുമ്പോൾ വേറെ ഒത്തിരി കാര്യങ്ങൾക്ക് എൻ്റെയാ പ്രിയപ്പെട്ടവൾ എന്നോട് പറഞ്ഞിരിക്കുന്നത് ഇമ്മാതിരി പ്രതികരണങ്ങൾ ആണ് ... കാൻസർ പേഷ്യൻസിനു മുടി മുറിച്ച വീഡിയോ കണ്ടപ്പോൾ ആൾ പറഞ്ഞു "ഇതിലെന്താണിത്ര വലിയ കാര്യം, കാലങ്ങളായി ഞാനും എനിക്കറിയുന്നവരും ചെയുന്നു" എന്നതിനെ നിസാരമാക്കി, അമേരിക്കയിലെ ജീവിത കാര്യങ്ങൾ ഒരു പ്രവാസിയായി പറഞ്ഞപ്പോൾ "ഇത്രോം കഷ്ടപ്പെട്ട് അവിടെ നിൽക്കുന്നത് എന്തിനാ" ന്നു മറ്റൊരു പ്രവാസിയായ അവൾ ചോദിച്ചു, മക്കളുടെ എന്തെങ്കിലും സന്തോഷ കാര്യം പറയുമ്പോൾ തിരികെ "ഇതൊക്കെ എക്സിബിഷനിസം " ആണെന്ന് കളിയാക്കി ആ സന്തോഷത്തിനെ പൊടിച്ചുകളഞ്ഞു, ആദ്യമായി ബുക്ക് പുറത്തിറക്കിയ കഥ പറഞ്ഞപ്പോൾ 'നല്ലതൊക്കെ തന്നെ പക്ഷേ ഇപ്പോൾ ആരേലും കവിതകളൊക്കെ വായിക്കുമോ ' എന്നൊരു ചോദ്യം എൻ്റെ നെഞ്ചിലേക്ക് എറിഞ്ഞുതന്നു... അങ്ങനെയങ്ങനെ ഞാനവളോട് ഒന്നും പറയാതെയായി  പറഞ്ഞാൽ അതെന്നെത്തന്നെ തിരിച്ചുകൊത്തും - എത്ര സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവെച്ചാലും അവസാനം എനിക്കതിൽ നിരാശയുടെ ഒരു പൊട്ടു സമ്മാനിക്കാൻ അവൾക്ക് കഴിഞ്ഞു! ഒരുപക്ഷേ, ആളറിയാതെ ചെയ്യുന്നതാകാം... !! എങ്കിലും....

ഇതെന്തിനാ ഇപ്പോൾ ഇവിടെ പറഞ്ഞതെന്നോ - നിങ്ങളോട് പ്രിയപ്പെട്ട ഒരാൾ ഒരു കാര്യം പറയുമ്പോൾ തിരിച്ചു പറയുന്ന മറുപടി എന്നതാണെന്ന് ഒന്നുകൂടി ആലോചിച്ചിട്ട് പറയുക. നിങ്ങൾ പറയുന്ന അഭിപ്രായത്തിനൊപ്പം ഒരു "പക്ഷേ" ഉണ്ടോ?. 'നിനക്കാ ഡ്രസ് ചേരുന്നുണ്ട്, പക്ഷേ...' 'നീ നന്നായി പാടി , പക്ഷേ ...' ''ആ കറി കൊള്ളാരുന്നു കേട്ടോ, പക്ഷേ ..' - ഉണ്ടോ? ഉണ്ടോ? ശരിക്കും ആലോചിച്ചേ ഉണ്ടെങ്കിൽ, ആ അഭിപ്രായം നിങ്ങൾ പറഞ്ഞതുകൊണ്ട് കേൾക്കുന്ന ആളിന് ഒരു ഗുണവുമില്ല! മാത്രവുമല്ല 18 കൊല്ലത്തോളം ഞാൻ കൊണ്ടുനടന്നതുപോലെ അതിനെ മാറാല പോലെ കേട്ടയാൾ കൂടെക്കെട്ടി നടക്കുകയും ചെയ്തേക്കാം!

വീണ്ടും എൻ്റെ പെൺകൂട്ടത്തിലേക്ക് - പെണ്ണുങ്ങളേ നിങ്ങൾ സൂപ്പറാണ്  ജഡ്ജുമെന്റൽ അല്ലാതെ, മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷിക്കുന്ന എല്ലാ മനുഷ്യന്മാരും സൂപ്പറാണ്! അങ്ങനെ സന്തോഷിക്കാൻ പെണ്ണുങ്ങളെ സഹായിക്കുന്ന എല്ലാ ആണുങ്ങളും സൂപ്പറാണ്.... ഈ ലോകമേ സൂപ്പറാണ് - നമ്മൾ കണ്ണുതുറന്നു നോക്കിയാൽ! ഇപ്പോൾ എൻ്റെ കുഞ്ഞുപൊട്ടിനെ ഞാൻ സ്‌കൂളിൽ വെച്ച് ചെയ്തിരുന്നതുപോലെ സന്തോഷത്തിലാണ് തൊടുക, തൊടാതിരുന്നാലും എന്നെയത് ബാധിക്കുന്നില്ല - ഞാൻ ആ വലയിലിപ്പോൾ കുരുങ്ങിക്കിടക്കുന്നില്ല 
നമ്മൾ സൂപ്പറാണെന്ന് ഇടയ്ക്കിടെ പറയുന്ന എല്ലാവരോടും സ്നേഹം! ലോകത്തിനെ സൂപ്പർ ആക്കിനിർത്തുന്ന എല്ലാ പെണ്ണുങ്ങളോടും അവരുടെ ആണുങ്ങളോടും സ്നേഹം - ഹാപ്പി സൂപ്പർ വിമൻസ് ഡേ!
എല്ലാ പെണ്ണുങ്ങൾക്കും വേണ്ടി ഇന്നത്തെ പാട്ട് -  
----------------------------------------------------------------------------------------

22 comments:

  1. മുന്നോട്ട് വേഗത്തിൽ സഞ്ചരിക്കുന്നവരുടെ വേഗത കുറക്കാൻ മനപ്പൂർവം വഴികളിൽ തൂകുന്നതാണ് ആ പക്ഷെ സൂചികൾ... നമ്മളാരാ മക്കൾ!കാലിൽ സൂചി തറക്കുമ്പോൾ നാം ചിറകു വിരിച്ചു പറക്കും! നമ്മുടെ സ്വപ്‌നങ്ങൾ പൂക്കുന്ന കിനാശ്ശേരി വരെ!🥰🥰

    ReplyDelete
    Replies
    1. ഹാ ഹാ....സൂര്യമേ ....കാലിൽ കുത്തുന്ന മുള്ളുകളുടെ സാധ്യത ....അത് നൽകുന്ന ചിറകുകളാണ് എന്ന ആശയം കിടുക്കി ട്ടാ

      Delete
  2. ആർഷ്ചേച്ചി.. ചേച്ചിയുടെ കുറിപ്പുകളിൽ,ഞാൻ വായിച്ചവയിൽ, എനിക്ക് ഏറ്റവും ഇഷ്ടമായത് ഇതാണ്.ഒരാളുടെ ഷോള്ഡറിൽ തട്ടി ,ഇത് നീ തകർത്തു എന്ന് പറയാൻ ഒരു മനസ് ആവശ്യമുണ്ട്.അത് കൊണ്ട് അയാൾക്ക് സ്വർഗം കിട്ടാനൊന്നും പോകുന്നില്ലെങ്കിൽ കൂടെ,അത്‌ അയാൾക്ക് ചെറുതെങ്കിലും കുറച്ച് സന്തോഷത്തിന്റെ നിമിഷങ്ങളെങ്കിലും നല്കാതിരിക്കില്ല.
    ചേച്ചി പറഞ്ഞതു പോലുള്ളവരെ നിറയെ കാണാറുണ്ട്..:)...നെഗറ്റീവൻ മാരായും, നെഗറ്റീവത്തികൾ ആയും.

    ReplyDelete
  3. എല്ലാ അഭിപ്രായത്തിലും നെഗറ്റീവ് ഇടുന്ന ആ കുട്ടുകാരിയെ ഒന്ന് സൈക്കോളജിസ്റ്റിനെ കാണിച്ചാലോ ആർ ഷേ?

    ReplyDelete
  4. തൊട്ടാവാടികളെല്ലെന്നോർമ്മിപ്പിക്കണം!
    നല്ല കുറിപ്പായിട്ടുണ്ട്.
    ആശംസകൾ

    ReplyDelete
  5. ഇത്തരം വർത്തമാനക്കാരുടെ സഹവാസം ഇഷ്ടം പോലെയുണ്ടായിട്ടുണ്ട്. അതൊക്കെ കടന്ന് ഇവിടെ വരെ വന്നതോർക്കുമ്പോൾ സന്തോഷവും. കൂട്ടുകാരിയുടെ /കൂട്ടുകാരന്റെ കൊച്ചു കൊച്ചു /വലിയ വലിയ സന്തോഷങ്ങളിൽ, വിജയങ്ങളിൽ ഹൃദയപൂർവം ഒപ്പം നിൽക്കാൻ കഴിയാത്തവരോട് സഹതാപം മാത്രം.
    മാനസികമായി secure ആയൊരു വ്യക്തി ചുറ്റുമുള്ളവരുടെ നേട്ടങ്ങളിൽ ആത്മാർത്ഥമായും സന്തോഷിക്കും. അങ്ങനെയുള്ള ഏതാനും പേരെങ്കിലും ഉണ്ടെങ്കിൽ അതൊരനുഗ്രഹം തന്നെ..വളരെ നല്ല കുറിപ്പ് ആർഷ ❤️❤️❤️

    ReplyDelete
  6. ചിലർ അങ്ങനെയാണ്... എന്തിലും നെഗറ്റിവ് മാത്രമേ കാണൂ... സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും കോഞ്ഞാട്ടയാക്കുന്നവർ... ഏറ്റവും വലിയ കോമഡി എന്താണെന്ന് വച്ചാൽ മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി അവരാണെന്ന് അവർ അറിയുന്നില്ല എന്നതാണ്...

    ReplyDelete
  7. എല്ലാത്തിനും നെഗറ്റീവ് കാണുന്നവർ എത്രയും വേഗം ഒരു സൈക്യാട്രിസിനെ കാണുന്നത് നന്നായിരിക്കും. തന്നേക്കാൾ കേമത്വമുള്ളവർ വേറെയാരുമുണ്ടാകരുതെന്ന ചിന്തയായിരിക്കും ഈ നെഗറ്റീവ് ചിന്തക്കാധാരം. അതവർക്ക് സഹിക്കാനാവില്ല.. അതിനാലവർ അത്തരം കാര്യങ്ങൾ നിസാരമാക്കിക്കളയും.

    ആശംസകൾ ....

    ReplyDelete
  8. ആ നെഗറ്റീവ് കൂട്ടികാരിയിലും, അപകർഷത തോന്നിയ ആർഷ ചേച്ചിയിലും ഞാൻ എന്നെ കണ്ടു! വായിൽ തോന്നിയ അഭിപ്രായങ്ങളൊക്കെ തട്ടി വിടുമ്പോൾ അത് കേൾക്കുന്നവരിൽ ഉണ്ടാക്കുന്ന ഇമ്പാക്റ്റിനെ കുറിച്ച് മിക്കവരും ചിന്തിക്കാറില്ല. ചുറ്റുമുള്ളവർ എന്ത് പറഞ്ഞാലും അതിനെ അതിജീവിക്കാൻ കഴിയുമായിരുന്നിട്ടും നമ്മളതിന് ശ്രമിക്കാറുമില്ല. ഹൃദയസ്പർശിയായ കുറിപ്പ്. ഇഷ്ടം.

    ReplyDelete
  9. ഒരു കുഞ്ഞു പൊട്ടിൽ എന്തിരിക്കുന്നു ? അത് കുത്തുന്നതിനും കുത്താതിരിക്കുന്നതിനും പിന്നിൽ കുറച്ചല്ലാത്ത മാനസിക സംഘർഷങ്ങളുെണ്ടെന്ന് ആർഷ തുറന്നു പറഞ്ഞു. അവനവെനെ / അവളവെളെ യാണ് ആദ്യം വിശ്വസിപ്പിക്കേണ്ടത്. പക്ഷേ അതിന് വേണ്ടി ചെറുത്തു തോല്പിക്കേണ്ടി വരുന്ന ഒരു വില്ലനുണ്ട്. അപകർഷത . ഒരിക്കൽ വിജയിച്ചാൽ പിന്നെ തുടർ വിജയങ്ങൾ സുനിശ്ചിതം.

    നല്ല കുറിപ്പ്.

    ReplyDelete
  10. ഇത് നേരത്തെ വായിച്ചിരുന്നു . ചിലർ ഇങ്ങനെയാണ് . എന്തിലും കുറ്റങ്ങൾ കുറവുകൾ മാത്രം കണ്ടുപിടിച്ചു നമ്മെ മാനസികമായി ഒന്ന് അസ്വസ്ഥത ഉണ്ടാക്കുന്നവർ . ചിലപ്പോൾ അവർ അറിഞ്ഞോ അറിയാതെയോ ആവാം ഇത്തരം സംസാരങ്ങൾ എറിഞ്ഞിടുക .

    ReplyDelete
  11. കറുത്തപൊട്ടിന്റെ നൂലാമാലകളിൽ
    ചൂണ്ടിക്കാട്ടി അഖിലലോക വനിതാദിനത്തിൽ 
    പോസറ്റീവ് ചിന്തകൾക്ക് ഊന്നൽ കൊടുക്കുന്ന ഒരു പാട്ടോർമ്മ 

    ReplyDelete
  12. അതെ ; പൊന്നുംകുടത്തിന് എന്തിനാ പൊട്ട് … നമ്മൾ സൂപ്പറാണ് , പൊളിയാണ് , കിടിലങ്ങളാണ് …. ഇനി നെഗറ്റീവ് പറയുന്നവരോട് ,
    "ഞങ്ങൾ ഇങ്ങനാണ് ഭായ്. അതിനെന്താണു ഭായ്. വാനം നീലയാണ് ഭായ്. പാലം തൂണിലാണ് ഭായ്. ഞങ്ങൾ ഇങ്ങനാണ് ഭായ്. അതിനെന്താണു ഭായ്. ഒഹൊ ഓ ഓ.ഓ.ഓ.ഓ.ഓ.ഓ.ഓ. ഇലകള് പച്ചയാണ് ഭായ്. പൂക്കള് മഞ്ഞയാണ് ഭായ്. ഞങ്ങൾ ഇങ്ങനാണ് ഭായ്. അതിനെന്താണ് ഭായ്…… " :)

    ReplyDelete
    Replies
    1. ഷഹീമേ ... ചിരിപ്പിച്ചു കൊല്ലുമല്ലോ...

      Delete
  13. ചില പിന്നോട്ടു വലിക്കലുകൾ അങ്ങനെയാണ്. കാലങ്ങളോളം. മനസ്സിന്റെ കാണാക്കയങ്ങളിൽ കിടക്കുന്ന ചൂണ്ട പോലെ..

    //ഇപ്പോൾ എൻ്റെ കുഞ്ഞുപൊട്ടിനെ ഞാൻ സ്‌കൂളിൽ വെച്ച് ചെയ്തിരുന്നതുപോലെ സന്തോഷത്തിലാണ് തൊടുക, തൊടാതിരുന്നാലും എന്നെയത് ബാധിക്കുന്നില്ല - ഞാൻ ആ വലയിലിപ്പോൾ കുരുങ്ങിക്കിടക്കുന്നില്ല // കുരുക്കുകളിൽ നിന്ന് മോചനങ്ങൾ ലഭിക്കാനുള്ള നേരിന്റെ ഇടങ്ങളാവട്ടെ ഓരോ സൗഹൃദങ്ങളും. ആശംസകൾ.

    ReplyDelete
  14. മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷിക്കുന്ന എല്ലാ മനുഷ്യന്മാരും സൂപ്പറാണ്!

    അദ്ദാണ്... ഇഷ്ടം ആശംസകൾ

    ReplyDelete
  15. ചേച്ചി... ഈ പോസ്റ്റ്‌ ഞാൻ ഇപ്പോൾ രണ്ട് മൂന്നിടത്ത് വായിച്ചിട്ടുണ്ടാകും .. അവിടെയൊക്കെ കമെന്റും തട്ടീട്ടുണ്ടാകും . ഇനി ഇവിടെ പുതിയ ഒരു കമെന്റ് ഇടാം .
    ഇത് ഒരു inspiring പോസ്റ്റ്‌ ആണ് . ഒപ്പം ചില പാഠങ്ങൾ അടങ്ങിയ ഒരു പോസ്റ്റ്‌ . അത്ര നിസ്സാരം അല്ല ചേച്ചി എഴുതിയ കാര്യങ്ങൾ . ജീവിതത്തിൽ വളരെ വിലയുള്ളവയാണ്.
    അതിൽ പ്രധാനം ആ കൂട്ടുകാരിയെ പോലുള്ള നെഗറ്റീവ് വ്യക്തിത്വങ്ങളെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും അകലേക്ക്‌ മാറ്റി നിർത്തുകയും ചെയ്യുക എന്നതാണ്.!!!
    പലപ്പോഴും ഇങ്ങനെയുള്ളവരുടെ അടുപ്പം കൊണ്ട് നമ്മൾ ഇത്തരക്കാരെ തിരിച്ചറിയാതെ പോകും എന്നതാണ് ദുഃഖകരമായ കാര്യം .!!!

    എനിക്ക് സകല ആൾക്കാരെയും കുറ്റം പറയുന്ന ആൾക്കാരെ ഇഷ്ടമല്ല. ഞാൻ അവരിൽ നിന്ന് മെല്ലെ സ്കൂട്ടാവും . ഒട്ടും യോജിക്കാൻ കഴിയില്ല. ഞാൻ കുറ്റം പറയാത്ത ആളൊന്നുമല്ല. പക്ഷേ ഒന്നിലും നല്ലത് കാണാത്ത കുശുമ്പിന്റെ തിമിരം ബാധിച്ച ആൾക്കാരുണ്ട്. അവരെപ്പറ്റി ആണ് പറഞ്ഞത്. വളരെ നല്ല പോസ്റ്റ്‌

    ReplyDelete
  16. ചേച്ചി ഞാനോരു കാര്യം പറഞ്ഞോട്ടെ...
    അങ്ങനെയങ്ങനെ ആ 'പൊട്ടെന്റെ' ജീവിതത്തിന്റെ ഭാഗമായി എന്ന് കണ്ടപ്പോൾ
    പെട്ടന്ന് ഭർത്താവിനെ ഉദ്ദേശിച്ചാണോ എന്ന് തോന്നിപ്പോയി😂..

    പിന്നെ ആ വിഡോ കമന്റ് വന്നപ്പോൾ ഒന്നുകൂടി അത് നോക്കിപ്പോയി..😁😁
    എന്തായാലും നന്നായിട്ടുണ്ട്..

    ReplyDelete
  17. പതിനെട്ട് വർഷങ്ങൾ പിന്നിൽ നിന്നും വലിച്ച കൊളുത്തുരിയെറിഞ്ഞ ആർഷക്ക്, ആർച്ചയുടെ വീര്യം തന്നെയാണുള്ളതെന്ന് ആ കൂട്ടുകാരിയെ അറിയിക്കേണ്ടേ ചങ്ങായ്....

    ഒരു വാക്ക് മാറ്റത്തിന് കാരണമാകുമെന്നും മനസ്സിലായില്ലേ.....

    നന്മകൾ നേരുന്നു

    ReplyDelete
  18. പൊട്ടിന്റെ കഥ ഭംഗിയായി പറഞ്ഞു. വായിക്കാൻ െെവകി.

    ReplyDelete
  19. പൊട്ടുകഥ കൊള്ളാം. പക്ഷേ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയേണ്ട ഒരു പ്രാധാന്യം മാത്രമേ ആ അഭിപ്രായത്തിനു ഉണ്ടായിരുന്നുള്ളൂ എന്നാണ് എനിക്ക് തോന്നിയത്.

    ReplyDelete
  20. വളരെ മികച്ച ഒരു എഴുത്ത്. ഭയങ്കര ഇഷ്ടം.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)