Wednesday, March 4, 2020

"ശിവദം ..ശിവനാമം .."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1999
അന്നത്തെ ചെറുപ്പക്കാരുടെ കണ്ണിലുണ്ണിയായിരുന്ന കുഞ്ചാക്കോ ബോബന്റെ മഴവില്ലെന്ന സിനിമ ഇറങ്ങിയ വർഷം. പതിഞ്ഞ താളത്തിലൊരു പാട്ടുണ്ടതിൽ, വരികൾ മാത്രമായി വായിച്ചാൽ ഒരുപക്ഷേ ആ പതിഞ്ഞ താളം തോന്നില്ല. എന്നാൽ കാഴ്ചയിലും കേൾവിയിലും അതിനൊരു പതിഞ്ഞ ഇടയ്ക്കയുടെ താളമാണ്. സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റായിട്ടും സിനിമ ഫ്ലോപ്പായിപ്പോയ ജനുസ്സിൽ പെട്ടയൊരെണ്ണം ആയിരുന്നു മഴവില്ല്.

അച്ഛന്റെ ഏറ്റവും ഇളയ പെങ്ങൾ - കെകെ ശ്യാമള - അപ്പയെന്ന് ഞങ്ങൾ വിളിക്കുന്നയാളാണ് ജീവിതത്തിലെ എൻ്റെ ആദ്യത്തെ റോൾമോഡൽ! അപ്പയോളം ധൈര്യമുണ്ടാകണം, ഇങ്ങോട് ഉടക്കാൻ വരുന്നോനോട് അപ്പയെപ്പോലെ ഇടംകാലു കൊണ്ടൊരു തൊഴി തൊഴിച്ച് "പോടാ കോപ്പേ " എന്ന് പറയണം, ജീവിതം അപ്രതീക്ഷിതമായി തള്ളിയിടുമ്പോൾ ഇച്ചിരൂടെ പതുക്കെയായിരുന്നേൽ എല്ലാം കണ്ടുകണ്ടിങ്ങു താഴെ എത്താമായിരുന്നു എന്ന് തമാശ പറയണം, അപ്പയെപ്പോലെ മരത്തിൽ കയറണം, കൈലിയുടുത്ത് മുറുക്കിത്തുപ്പണം, ബൈക്ക് ഓടിക്കണം, ഉയർന്ന ജോലിയിലെത്തണം ഇതൊക്കെയായിരുന്നു എൻ്റെ കുഞ്ഞിനാളത്തെ ഫാന്റസികൾ. അമ്മയോളമോ അമ്മയ്‌ക്കൊപ്പമോ ഇന്നും പ്രിയങ്കരിയായ ആൾ. എൻ്റെ സപ്പോർട്ട് സിസ്റ്റത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാൾ!

കുഞ്ഞിലേ ക്രിസ്തുമസിന് കാത്തിരിക്കുന്നത് അപ്പയുടെ ക്രിസ്തുമസ് കാർഡ് കിട്ടാനാണ്. ചിരിച്ചു നിൽക്കുന്ന സാന്റായോ മാൻകുട്ടികളോ ഒക്കെയുള്ള ഭംഗിയുള്ള കാർഡിൽ അതിലും ഭംഗിയുള്ള കയ്യക്ഷരത്തിൽ അപ്പയെഴുതും ഞങ്ങളുടെ പേരുകൾ. എൻ്റെ പേരിനെ ഏറ്റവും മനോഹരമായി വിളിക്കുന്ന ഒരാളുമാണ് അപ്പ. ക്രിസ്തുമസ് സമയത്തെ കേക്കായും, ഇടക്കിടെ വീട്ടിലക്കുള്ള വിസിറ്റിലെ അലുവയായും അണ്ടിപ്പരിപ്പുമായും അപ്പയുടെ സ്നേഹമെത്തും. ഞങ്ങളുടെ പിറന്നാളുകൾ ഒക്കെ മറക്കാതെ ഓർക്കുന്ന അപ്പയുടെ പിറന്നാൾ കുറേയെറെനാളിനു ശേഷമാണു ഞാൻ ഓർക്കാൻ തുടങ്ങിയത് - അതൊരു പ്രത്യേകതയുള്ള പിറന്നാളാണേ!. അപ്പയുടെ വീരസാഹസിക കഥകൾ ഒരു നാടോടിക്കഥ പോലെ പറന്നുനടന്നിരുന്നപ്പോൾ ഓരോപ്രാവശ്യവും കഥയുടെ തീവ്രത കൂടും ഞാൻ കൂട്ടുകാരോട് പറയുമ്പോൾ! ബസ്സിൽ നിന്നിറങ്ങുമ്പോൾ കയ്യിലെ മോതിരം ബസിന്റെ ബോഡിയിൽ കുരുങ്ങി വിരലങ്ങനെ പൊളിഞ്ഞപ്പോഴും ബോധം പോകാതെ ആശുപത്രിയിലേക്ക് തനിയെ പോയ അപ്പ, തന്നെക്കാൾ മുതിർന്നൊരാൾ അനിയനെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ നേരെ പോയി മോന്തക്കൊന്നു പൊട്ടിച്ച അപ്പ, കുറെയേറെ വർഷങ്ങൾക്ക് മുൻപ് അമരപുരമെന്ന കുഞ്ഞുഗ്രാമത്തിൽ ബൈക്കോടിച്ചു നടന്ന അപ്പ, കാതുകുത്താതെ റിബലായി നടന്ന അപ്പ .... ഇപ്പോഴും ആ കഥകൾ പറയുമ്പോൾ കുഞ്ഞിലത്തെപ്പോലെ എൻ്റെ കണ്ണുകൾ കൗതുകത്തിൽ മിഴിയുന്നുണ്ടാകണം!

ആ അപ്പയുടെ പിറന്നാളും മഴവില്ലിലെ പാട്ടും തമ്മിൽ എന്താ ബന്ധം എന്നല്ലേ? ശിവരാത്രിനാളിലാണ് അപ്പയുടെ പിറന്നാൾ. അപ്പയ്ക്ക് വേണ്ടിയൊരുപാട്ടെന്നോർത്തപ്പോൾ രണ്ടെണ്ണം മനസിൽ വന്നു - പക്ഷേ, ഇതാണ് എന്നോട് കൂടുതൽ അടുത്തുനിൽക്കുന്നത് - മഴവില്ലിലെ ഈ പാട്ട് ... ഇതിറങ്ങിയ വർഷമാണ് അപ്പച്ചി എൻ്റെ ജീവിതത്തിൽ എത്ര പ്രാധാന്യമുള്ളയാളാണെന്നു ഞാൻ തിരിച്ചറിയുന്നത്. അച്ഛൻ പോയപ്പോൾ തകർന്നടിഞ്ഞുപോയേക്കുമായിരുന്ന ഒരാളെ കൈപിടിച്ചെന്നോണം കൂടെ നടത്തിയത് അപ്പയാണ്. കുടുംബക്കാർക്കുവേണ്ടി ജീവിച്ചയാളാണ് ... ഇപ്പോഴും അപ്പ കഴിഞ്ഞേയുള്ളൂ അച്ഛൻ വീട്ടിൽ മറ്റാരും എന്ന് പറയാതെ പറഞ്ഞുവെക്കുന്നത് അതുകൊണ്ടാണ്.

"ശിവദം ..ശിവനാമം .. ശ്രീ ... "
അപ്പയ്ക്ക് പിറന്നാൾ ആശംസകൾ  
------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

6 comments:

  1. 'അപ്പ'യുടെ ഗുണമെല്ലാം മോൾക്കും...
    ആശംസകൾ

    ReplyDelete
  2. ഓർമ്മകൾക്കൊപ്പമുള്ള ആളോർമ്മകൾ ... അതിനോട് ബന്ധപ്പെട്ടു മനസ്സിലേക്കോടിയെത്തുന്ന ചില ഗാനങ്ങളും പകർത്തി എഴുത്ത് രസകരമാക്കുന്നു ആർഷ .

    ReplyDelete
  3. അപ്പയെന്ന റോൾ മോഡലിന്
    സമർപ്പിക്കുന്ന 'ശിവദം ..ശിവനാമം..'

    ReplyDelete
  4. തന്നെക്കാൾ മുതിർന്നൊരാൾ അനിയനെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ നേരെ പോയി മോന്തക്കൊന്നു പൊട്ടിച്ച അപ്പ,.. വളരെ നനനായിരിക്കുന്നു..

    ReplyDelete
  5. പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ എവിടെ നിന്നെന്നറിയാത്ത ഒരു ധൈര്യവും ശക്തിയും വന്നു ചേരുന്നത് പല സ്ത്രീകളിലും കണ്ടിട്ടുണ്ട്. ഒരു പക്ഷേ ആ കഴിവുകൾ മുൻപും ഉണ്ടായിരുന്നിരിക്കാം - പുറത്തെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലായിരിക്കാം.

    ആർഷയുടെ അപ്പയും ഒരു ശക്തയായ സ്ത്രീ ആണെന്നു മനസ്സിലാക്കാം ഈ കുറിപ്പിൽ നിന്നും. അവരുടെ ധൈര്യവും ശക്തിയും ആർഷയിലും ഉണ്ടാവും. ആശംസകൾ

    ReplyDelete
  6. അപ്പ കിടുവാണ്... എനിക്ക് തോന്നുന്നത്, ഞാൻ fbyilum ഇതേ കമന്റ്‌ തന്നെയായിരിക്കും ഇട്ടിരിക്കുക എന്ന്...അതുപോലെ ഒരു അപ്പയെക്കിട്ടാൻ ഉള്ള ഭാഗ്യം ഉണ്ടായല്ലോ... ആ വീരത്തരം ഒക്കെ ആച്ചിക്കുമുണ്ട്.. കുറച്ചു മയം ഉണ്ടെന്നു മാത്രം ... 🤭🤭🤭

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)