Thursday, March 19, 2020

ഘനശ്യാമ വൃന്ദാരണ്യം ...

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2003 -04

കാസറഗോഡ് എൽബിഎസ് എൻജിനീയറിങ് കോളേജിൽഅവസാനവർഷക്കാരായി നടക്കുന്ന കാലം. പഠിക്കുവാരുന്നുന്നൊക്കെ പറഞ്ഞാൽ ഇത് വായിക്കുന്ന പഴയ അദ്ധ്യാപകരിൽ ആരെങ്കിലും ഇന്നസെന്റ് മോഡലിൽ "നീയൊക്കെ എന്തിനാ പഠിച്ചേ " എന്ന് ചോദിയ്ക്കാൻ സാധ്യതയുണ്ട്. അക്കൊല്ലമാണ് കോളേജിൽ ഒരു ഇന്റർ കോളേജ് ഫെസ്റ്റിവൽ പ്ലാൻ ചെയ്തത് - റിഥം എന്ന് പേരിട്ട ഒരു ഗംഭീരൻ പ്രോഗ്രാം. അതിനു മുന്നത്തെക്കൊല്ലം കോഴിക്കോട് REC യിൽ വെച്ചുള്ള രാഗം പ്രോഗ്രാമിന് പോയതൊക്കെ ഓർത്തപ്പോൾ എന്തായാലും ഇതിലും കുറെ പരിപാടികൾക്ക് പങ്കെടുക്കണം എന്നൊക്കെ ഉറപ്പിച്ചു നടക്കുവാണ് നമ്മുടെ ടീം. ആ കലാപരിപാടി അവസാനിച്ചപ്പോഴേക്കും മൂന്ന് നാല് പാട്ടുകൾ ഉള്ളിലേക്ക് കേറിപ്പറ്റിയിരുന്നു. അതിലാദ്യത്തെ പാട്ടൊരു ചിരി - കരച്ചിൽ മിക്‌സാണ്.

കൂട്ടത്തിലെ സുന്ദരിമണികൾ, ഡാൻസുകാരികൾ 'സിൻക്രണൈസേഷൻ' Synchronization ഡാൻസിന് ചേർന്നത് ഭീകരൻ ട്രാജഡി ആയിപ്പോയി. കർട്ടൻ കൊണ്ട് നടുവിൽ രണ്ടായി ഭാഗിച്ച സ്റ്റേജിൽ കർട്ടന്റെ രണ്ടു വശത്തായി നിന്ന് മറ്റെയാൾ കളിക്കുന്നത് കാണാതെ ഒരേപോലെ ഡാൻസ് കളിക്കുന്നതാണ് ഈ പരിപാടി - നമ്മുടെ "താമരനൂലിനാൽ മെല്ലെയെൻ മേനിയെ " പാട്ടിൽ കുഞ്ചാക്കോയും നായികയും റൂമിന്റെ അപ്പുറോമിപ്പുറോം നിന്ന് കളിക്കുന്നതുപോലെ. ഒറ്റദിവസം കൊണ്ട് പരിശീലിച്ച ഡാൻസാണ്,  "ഘനശ്യാമ വൃന്ദാരണ്യം ... " കൊറിയോഗ്രാഫി ഈ ഡാൻസുകാരികൾ തന്നെ - തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ കയ്യീന്നുപോയി എന്ന് മനസിലാക്കിയ, സ്റ്റേജിന്റെ പടിയുടെ അടുത്തുനിന്നവൾ ഇറങ്ങി ഒറ്റയോട്ടം വെച്ചുകൊടുത്തു, അകമ്പടിയായി കരച്ചിലുമുണ്ട്! പാവം മറ്റേ കക്ഷിക്ക് ഇപ്പുറത്തെ ആളിനെ കാണാൻ കഴിയില്ലലോ - പാർട്ണർ കളിക്കുന്നുണ്ടാകും എന്നുകരുതി ആശാട്ടി കുറച്ചുനേരം കൂടി കളിച്ചു. നോക്കുമ്പോൾ സദസ്യരെല്ലാം തല വലതുവശത്തേക്ക് ചരിച്ചു വെച്ചിരിക്കുന്നു - മറ്റേ കരഞ്ഞോണ്ട് ഓടിയ കക്ഷിയെ നോക്കുവാ എല്ലാരും. പിന്നെ ഞങ്ങൾ ചിലരെഴുന്നേറ്റ് ഓടുന്നതുകൂടി കണ്ടപ്പോൾ അവൾക്ക് കാര്യം മനസിലായി ... "തോമസുകുട്ടീ വിട്ടോടാ " എന്നതുപോലെയാണ് കാര്യങ്ങൾ കർട്ടനപ്പുറത്ത് നടക്കുന്നതെന്ന്. പിന്നെ മടിച്ചില്ല ആളും സ്റ്റേജിൽ നിന്നും പതുക്കെ മന്ദം മന്ദം ഇറങ്ങി ഒരോട്ടം.

അന്ന് കളിക്കാതെ ഇറങ്ങിയോടിയവൾ കരഞ്ഞെങ്കിലും വേഗം തന്നെ അത് കൂട്ടച്ചിരിയായി മാറിയതുകൊണ്ട് ഇന്നും ആ സുന്ദര മനോഹര പാട്ട്/ഡാൻസ് കേൾക്കുകയോ കാണുകയോ ചെയ്താൽ ഈ ഓട്ടമോർമ്മ വരും, കൂടെ അവളുടെ ഡയലോഗും - "എന്നാലും ഞാനെന്റെ ഫേവറൈറ് സ്റ്റെപ് കളിക്കും മുൻപ് ഇറങ്ങിയോടിയല്ലോ! "
പേരെഴുതുന്നില്ല   - ഇടി പാർസൽ മേടിക്കണ്ടല്ലോ
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

6 comments:

  1. ഞങ്ങളുടെ ഇന്ററർ കോളേജ് ഫെസ്റ്റിവലിൽ ഒരു മത്സര ഐറ്റം തന്നെയായിരുന്നു ഈ മറ വെച്ച് synchro ഡാൻസ്.. അതിൽ ഞങ്ങടെ കോളേജിലെ പിള്ളേർ തന്നെ 1സ്റ്റ് പ്രൈസും അടിക്കും

    ReplyDelete
  2. പാവം കക്ഷിയെപ്പറഞ്ഞിട്ടു കാര്യമില്ല, അടിത്തെറ്റിയാൽ അവതാളമെന്നല്ലോ!
    ആശംസകൾ

    ReplyDelete
  3. 😊😊ഞങ്ങളുടെ കോളേജിൽ പരിപാടികൾക്ക് കൂവലിന്റെ അങ്ങേയറ്റം ആയിരുന്നു..

    ReplyDelete
  4. ഓട്ടമോർമ്മയിൽ വിരിയുന്ന പാട്ടോർമ്മ  

    ReplyDelete
  5. ആർഷ .....ഓട്ടം ഒന്നര ഓട്ടമരുന്നല്ലോ ..

    ReplyDelete
  6. അനിവാര്യമായ ഓട്ടം.


    ഇഷ്ടമുള്ള പാട്ട്.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)