#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വര്‍ഷം 1998 - 99
ഡിപ്ലോമയ്ക്ക് ചേട്ടന്മാരോടൊപ്പം പഠിച്ച കുറച്ചു സുഹൃത്തുക്കള്‍ വീട്ടില്‍ വന്നിരിക്കുകയാണ്. എന്‍റെ പ്രീഡിഗ്രീ കാലമാണ്, ഇവരില്‍ പലരും കോഴ്സ് കഴിഞ്ഞുള്ള ട്രെയിനിംഗ്/ അപ്പ്രെന്റിസ് ജോലികള്‍ തപ്പലും, ജോയിന്‍ ചെയ്യലുമൊക്കെയായി നടക്കുന്ന സമയമാണെന്നാണ് ഓര്‍മ.
ചേട്ടന്മാര്‍ തന്നെ ഉണ്ടാക്കിയ ഒരു മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്നു വീട്ടില്‍. പല പല വലുപ്പത്തിലെ ബോക്സുക്കള്‍ - "വീഞ്ഞപ്പെട്ടി" എന്നറിയപ്പെട്ടിരുന്ന തക്കാളിപ്പെട്ടിയിലും കലത്തിലുമൊക്കെയായി സെറ്റ് ചെയ്ത ഒരുഗ്രന്‍ സംഭവം ആയിരുന്നു ഇവരുടെ മുറിയിലെ ഈ പാട്ടുപെട്ടി. നാടുകിടുങ്ങുന്ന ഒച്ചയില്‍ പാട്ടുവെക്കുന്നു എന്ന് അമ്മയെപ്പോഴും പരാതി പറയാറുണ്ടായിരുന്ന ഒരു സംവിധാനം!
അന്നീ സുഹൃത്തുക്കള്‍ - രാജിചേച്ചി, പ്രമീളച്ചേച്ചി, വാണിച്ചേച്ചി, ജോസ്, സനല്‍, പ്രിന്‍സ് ഇത്യാദി ചേട്ടന്മാര്‍ ഒക്കെ ചേര്‍ന്നൊരു സംഘമാണ് ഇരച്ചുകേറി വീട്ടിലെത്തിയത്. എവിടെയോ കല്യാണത്തിന് പോയിട്ടുവന്ന വരവായിരുന്നോ എന്ന് സംശയമുണ്ട്. ഇവരുടെ കൂട്ടത്തിലെ കവിതയുടെ അസുഖമുള്ള ചേച്ചിയാണ് പ്രമീളച്ചേച്ചി. ഡിഗ്രി കഴിഞ്ഞു ഡിപ്ലോമയ്ക്ക് വന്നതുകൊണ്ട് ഇവരൊക്കെയും ചേച്ചി എന്ന് തന്നെയാണ് കക്ഷിയെ വിളിച്ചിരുന്നത്. "നിന്നെപ്പോലെ, ആവശ്യമില്ലാതെ ചിന്തിക്കുന്ന ആള്‍ - നിങ്ങള്‍ രണ്ടാളും ചേരും " എന്നാണ് ചേട്ടന്മാരുടെ അഭിപ്രായം. ഇവരൊക്കെ വന്നു ചായയോ ജ്യൂസോ ഒക്കെ കുടിച്ചുകഴിഞ്ഞങ്ങനെ, ആ മുറിയിലെ സിമന്റു തറയിലെ തണുപ്പില്‍ ചടഞ്ഞുകൂടി ഇരിക്കുന്ന സമയത്ത് ആണ് നമ്മുടെ പാട്ടുപെട്ടിയില്‍ ഈ പാട്ട് വന്നത്. എ ആര്‍ റഹ്മാന്റെ സൂപ്പര്‍ ഹിറ്റ് ഗാനം, മണി രത്നത്തിന്റെ ചിത്രം.... .
"യെ അജ്നബി തൂ ഭി കഹി
ആവാസ് ദേ കഹീ സേ ..
മെ യഹാ ടുകടോം മെ ജീ രഹാ ഹൂ ,....!
ചുമ്മാ കേട്ടാലേ കോരിത്തരിക്കുന്ന പാട്ട് പരിപൂര്‍ണ നിശബ്ദതതയില്‍ പെര്‍ഫെക്റ്റ് സിസ്റ്റത്തില്‍ കൂടി കേട്ടിട്ടുണ്ടോ? അതൊരു പ്രത്യേക അനുഭൂതിയാണ്. അന്നാ ദിവസം ആ പാട്ടുകേട്ടവിടെ അങ്ങനെ ഇരുന്നപ്പോള്‍ എല്ലാവരും അത് അനുഭവിച്ചിട്ടുണ്ടാകണം - പ്രമീളച്ചേച്ചി ഒരല്‍പം കൂടുതല്‍ വികാരാധീനയായി...കണ്ണൊക്കെ നിറച്ച് വിതുംബിയാണ് ആള്‍ അവിടെ നിന്ന് പാട്ടുകഴിഞ്ഞ് എഴുന്നേറ്റത്. പിന്നീട് ഈ പാട്ടുകേള്‍ക്കുമ്പോഴൊക്കെ മനീഷയ്ക്കും ഷാരൂക്ക് ഖാനുമൊപ്പം പ്രമീളച്ചേച്ചിയും അന്നത്തെ ആ വീടും സിമന്റ്തറയും തണുപ്പും ഞങ്ങളുടെ പാട്ടുപെട്ടിയും ഒക്കെ ഓർമ്മ വരും !
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
ഇത് വായിച്ചത് ഓർമയുണ്ട് ❤️
ReplyDeleteഈ പാട്ടിനോട് ഒട്ടും കുറയാത്ത ഇഷ്ടമുണ്ട്. എന്റെ പത്താം ക്ലാസ്സിന്റെ തുടക്കത്തിൽ ആണ് Dil Se ഇറങ്ങുന്നത്. പാട്ടുകളിലൂടെയും trailer ലൂടെയും നേരത്തെ തന്നെ സിനിമയെ പരിചയപ്പെട്ടിരുന്നതിനാൽ ആകാംക്ഷയോടെയാണ് കാത്തിരുന്നതും.ഇറങ്ങിയ ആഴ്ച തന്നെ ഫ്ലോപ്പ് ആയെന്നു കേട്ട് ഞെട്ടി. ക്ലൈമാക്സ് അറിഞ്ഞപ്പോൾ മുഴുവനായും.അതേ വർഷം തന്നെ ഇത് T.V ലും കണ്ടു. കാൽ ഭാഗം ആയപ്പോഴേക്കും ഞാൻ എണീറ്റ് പോയി. ഇത്ര പൊട്ട പടമോ എന്നായിരുന്നു ചിന്തിച്ചത്. പിന്നീട് കാണുന്നത് ഒത്തിരി മുതിർന്നിട്ടാണ് സിനിമയുടെ എല്ലാ തീവ്രതയും ഉൾക്കൊണ്ടു കൊണ്ട് കണ്ടു തീർത്തു. പ്രണയം ഒരാളെ എങ്ങനെ നീറ്റുന്നുവെന്നും എത്ര ഉറച്ച മനസിലും ആ ഭാവം എങ്ങനെ ഓളങ്ങൾ ഉണ്ടാക്കുന്നുവെന്നും ഈയാം പാറ്റകളെ പോലെ എങ്ങനെ ഒരുമിച്ച് ഒടുങ്ങുന്നുവെന്നും കാണിച്ചു തന്നു. ഒപ്പം വടക്ക് കിഴക്കൻ ഇന്ത്യയിലെ അസ്വസ്ഥതകളും. ഹൃദയം കൊണ്ട് ജീവിക്കുന്നവർക്ക്, ആഴത്തിൽ മുറിവുകൾ ഉണ്ടായിരിക്കും. നല്ല ഓർമ്മപ്പെടുത്തൽ ❤️
ReplyDeleteനല്ല പാട്ട്..
ReplyDeleteകേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം.
ReplyDeleteആശംസകൾ
വലിയ ഇഷ്ടമൊന്നും തോന്നാത്ത പാട്ടാണെങ്കിലും എഴുത്ത് ഇഷ്ടമായി .
ReplyDeleteഈ പാട്ട് ഞാൻ കേട്ടിട്ടേ ഇല്ല എന്ന തോന്നൽ
ReplyDelete