Monday, March 2, 2020

"നീ വരൂ വനദേവതേ.. ഏകൻ ഞാൻ എന്നോമലേ ..."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1990-91 ഒക്കെയാകണം

ഒന്നിലോ രണ്ടിലോ മറ്റോ പഠിക്കുന്ന സമയത്താകണം നാവായിക്കുളം സ്‌കൂളിൽ ഒരിക്കൽ ഒരു വൈകുന്നേരം ഒരു നാടകപ്രദർശനം വന്നിരുന്നു - നമ്മടെ ഓ.ചന്തുമേനോൻ്റെ ഇന്ദുലേഖ! അച്ഛന്റെ കയ്യിൽത്തൂങ്ങി നാടകം കാണാൻ പോയതും അമ്മൻകോവിലിനടുത്തുള്ള വീട്ടിലേക്ക് സന്ധ്യയ്ക്ക് ഇരുളിലൂടെ തണുത്തുവിറച്ചുനടന്നതുമൊക്കെ അവ്യക്തമായ ഓർമയാണ്. ഏറ്റവും കൂടുതൽ ഓർമയിൽ പതിഞ്ഞത് ആ നാടകം തന്നെ .. ഉണ്ണിക്കുടുമയും പൗഡർഅടിച്ചു വെളുപ്പിച്ച മീശയില്ലാത്ത മുഖവുമായി ഒരു സുന്ദരൻ മാധവനും, സുന്ദരിയും സമർത്ഥയുമായ ഇന്ദുലേഖയും കോമാളിവേഷം കെട്ടിയാടിയ സൂരിനമ്പൂതിരിപ്പാടും ഒക്കെ വിസ്‍മയിപ്പിച്ചു. ഇന്ദുലേഖയോട് ആരാധന തോന്നി- വളരുമ്പോൾ ഇന്ദുലേഖയെപ്പോലെ ആകണമെന്ന് തോന്നി, മാധവനോട് ഒരു പ്രത്യേക ഇഷ്ടവും! (മീശയില്ലാത്ത മനുഷ്യന്മാരെ എനിക്കിഷ്ടമല്ലായിരുന്നു  ) അന്നത് കണ്ടുകൊണ്ടിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല സാമർത്ഥ്യമുള്ള ഇന്ദുലേഖയെ ബഹുമാനിക്കുന്ന തരം മാധവന്മാരെ ജീവിതത്തിൽ കാണാൻ പ്രയാസമാണെന്ന്. ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു ആ രണ്ടു കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ശ്രീ.ചന്തുമേനോന് എങ്ങനെയായിരിക്കും തോന്നിയിട്ടുണ്ടാകുക? തീർച്ചയായും അന്നത്തെ സമൂഹത്തിൽ ഇന്ദുലേഖമാരും മാധവന്മാരും ഉണ്ടായിരുന്നിരിക്കണം അല്ലേ? വർഷമിത്രയും കഴിയുമ്പോൾ വീണ്ടും ഇന്ദുലേഖ വായിക്കാൻ തോന്നുന്നുണ്ട്!

ങാ, അപ്പോൾ പറഞ്ഞുവന്നത് ഇന്ദുലേഖ എന്ന നാടകം - നാടകം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് അച്ഛനും അച്ഛന്റെ സുഹൃത്തായ സംഘാടകനുമൊപ്പം പിൻസ്റ്റെജിൽ വെച്ച് 'മാധവനെ' വീണ്ടും കണ്ടു. സിനിമാമോഹവുമായി നടക്കുന്ന ആളാണെന്നൊക്കെ വളരെ വിനയത്തോടെ പറയുന്നത് അങ്ങോരെ വായിനോക്കി നിന്നത് ഓർമയുണ്ട്. അതിനടുത്ത കൊല്ലമാണ് ഇൻ-ഹരിഹർ-നഗർ എന്ന പൊട്ടിച്ചിരിമേളം സിനിമയിറങ്ങുന്നത്. സിനിമ കണ്ടുകണ്ടങ്ങ് ഇന്റർവെൽ ആകുമ്പോൾ, "ഗോവിന്ദൻകുട്ടി സാറിന്റെ ടൈം, നല്ല ബെസ്റ്റ് ടൈം " എന്ന് നമ്മടെ വേലക്കാരൻ ചേട്ടൻ പറയുന്നതിന് തൊട്ടുമുൻപ് മലയാള സിനിമ അന്നുവരെ കാണാത്ത ഒരു വില്ലൻ വരും - മുടിയൊക്കെ ഗോൾഡൻ കളറിൽ പറപ്പിച്ച്, മീശയില്ലാത്ത മുഖത്ത് കണ്ണടയുറപ്പിച്ച് ആശാൻ പറയും , "ഹോനായി, ജോണ് ഹോനായി!" ഇങ്ങോരെക്കണ്ട ഞാൻ ത്രില്ലടിച്ചു വിളിച്ചുകൂകി - "അതാ മാധവൻ ചേട്ടൻ" അത് നമ്മടെ ഇന്ദുലേഖയിലെ മാധവൻ ആയിരുന്നു - നായകനാകാൻ കൊതിച്ചുവന്ന റിസബാവ എന്ന പുതുമുഖ നടൻ!

പിന്നെയാണ് മുകളിൽപ്പറഞ്ഞ വർഷത്തിൽ വീട്ടിൽ ഈ കാസറ്റെത്തുന്നത് - അഗ്നിനിലാവ് എന്ന ചിത്രത്തിലെ പാട്ടുകൾ ഒരുവശത്തും ഡെയ്സിയിലെ പാട്ടുകൾ മറുവശത്തുമുള്ളൊരു കാസറ്റ്. റിസബാവ എന്ന നടൻ നായകനിരയിൽ കാലുറപ്പിക്കാൻ ശ്രമിച്ച സിനിമയായിരുന്നു രഞ്ജിനി നായികയായ ഈ ചിത്രം, പക്ഷേ റിലീസ് ആയില്ല (അല്ലെങ്കിൽ റിലീസ് വൈകി) . ഡോക്ടർ പശുപതിയിലെ നിസ്സഹായനായ കാമുകവേഷവും റിസബാവയെ സഹായിച്ചില്ല. പിന്നീട് പുള്ളിയൊരു വില്ലനിഷ്, സൈഡ് കാരക്ടറുകളിലേക്ക് ഒതുങ്ങിപ്പോയി. നാടകമല്ല സിനിമ - നാടകം പോലെയേയല്ല സിനിമയിൽ നമ്മൾ അഭിനയം കാണുന്നത് എന്ന് എനിക്കെപ്പോഴും തോന്നലുണ്ടാക്കിയ ആൾ.

ഒരുപാടുനാൾ ഞാനും ചേട്ടന്മാരും കളിച്ചിരുന്ന പാട്ടഭിനയിക്കൽ കളിയിലെ ഒരു താരമായിരുന്നു ഈ പാട്ടും, ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിൻകിനാക്കളും! ഇന്നത്തെ പാട്ടോർമ്മ അന്നത്തെ ഇന്ദുലേഖയ്ക്കും മാധവനും കണ്ണിൽ പൂത്തിരി തെളിയിച്ചത് കണ്ടിരുന്ന കുഞ്ഞുപെണ്ണിനും.

"നീ വരൂ വനദേവതേ.. ഏകൻ ഞാൻ എന്നോമലേ ..."

-------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

4 comments:

  1. നല്ല നല്ല ഓർമമകളാണ് ജീവിതാവസാനം വരെ സംതൃപ്തിയും ചിലപ്പോൾ സങ്കടവും ഒക്കെ കൊണ്ടുവരുന്നത്..ഇത് വായിച്ചപ്പോൾ റിസബാവയെ വീണ്ടും ഓർക്കുന്നതിന് കാരണമായി..അത് ഒരു കാലഘട്ടത്തെ വീണ്ടും മനസ്സിലേക്ക് കൂട്ടിക്കൊണ്ടു വന്നു..സന്തോഷം..നന്നായി എഴുതിയിരിക്കുന്നു..

    ReplyDelete
  2. അഭിനയത്തിൽ കൂടുതൽ കഴിവുള്ളവരാണ് നാടകനടന്മാെരെങ്കിലും എണ്ണമനുസരിച്ച് സിനിമയിൽ വിജയിച്ചവർ കുറവാണ്.
    ആശംസകൾ

    ReplyDelete
  3. ഇന്ദുലേഖയ്ക്കും മാധവനും കണ്ണിൽ പൂത്തിരി തെളിയിച്ചത് കണ്ടിരുന്ന കുഞ്ഞുപെണ്ണിനും.

    "നീ വരൂ വനദേവതേ.. ഏകൻ ഞാൻ എന്നോമലേ ..."

    ReplyDelete
  4. ഇന്ദുലേഖ എന്നും എന്നെന്നും വായിക്കാൻ എനിക്കിഷ്ടമാണ്. അതിനു കാരണം ഇന്ദുലേഖ വളരെ മിടുക്കി ആയിരുന്നത് കൊണ്ടും , മാധവൻ ആ മിടുക്കിയെ അംഗീകരിച്ചിരുന്നത് കൊണ്ടും ആണ് .!!!
    മലയാളിയുടെ മനസ്സിലേക്ക് ഭീതി പടർത്തിക്കൊണ്ട് പെട്ടിയും പിടിച്ചു വന്ന വില്ലൻ ആണ് റിസബാവ . ചെറുപ്പത്തിൽ എനിക്കങ്ങേരെ പേടിയായിരുന്നു ..

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)