Saturday, February 15, 2020

Pre- Teen അഥവാ ഇല്ലത്തൂന്നു ഇറങ്ങി അമ്മാത്തേക്ക് എത്തും മുൻപുള്ള കാലം

പണ്ടത്തെക്കാലത്ത് കൗമാരത്തിലേക്ക് കടക്കുന്നതിന്റെ  ബാഹ്യ - ആന്തരിക മാറ്റങ്ങൾ കുട്ടികളിൽ കണ്ടുതുടങ്ങുന്നത് തന്നെ 13 -14 വയസ്സ് കഴിഞ്ഞിട്ടാകുമായിരുന്നു. പല കാര്യങ്ങളിലും അറിവ് നേടാനുള്ള അനന്തമായ സാധ്യതകളും  മാറിയ ജീവിത ശൈലിയും കുട്ടികളെ അവരുടെ കൗമാരകാലത്തിനു മുൻപ് തന്നെ ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോകാൻ നിർബന്ധിതരാക്കുന്നതായി തോന്നാറുണ്ട്.   പെൺകുട്ടികളിൽ ആർത്തവകാലം നേരത്തെയാകുന്നതും ആൺകുട്ടികളിൽ മീശ - ശബ്ദം ഇക്കാര്യങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നതും പുറമേയ്ക്ക് കാണുമ്പോൾ നമ്മൾ മനസിലാക്കേണ്ടത് അവരുടെ ഉള്ളിലൊരു ഹോർമോൺ കടലിളകുന്നുണ്ട് എന്നാണ്. എന്നാൽ പലപ്പോഴും രക്ഷിതാക്കൾ ഇതറിയാതെ പോകുന്നു.  ഇപ്പോഴത്തെ കുട്ടികളിൽ ജീവിതശൈലി കൊണ്ടാകണം ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നത് കൗമാരത്തിനും മുൻപാണ്. പ്രീ-ടീൻ (8 -12 ) എന്നൊരു കാലഘട്ടം കുട്ടികളിൽ വളരെ പ്രാധാന്യമർഹിക്കുന്ന കാലത്തിൽ കൂടിയാണ് നമ്മൾ കടന്നുപോകുന്നത്. ശാരീരിക ആരോഗ്യത്തോടൊപ്പം രക്ഷിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ട ഒന്നാണ് മാനസികാരോഗ്യം.


കൗമാരത്തിനു മുമ്പുള്ളതും കൗമാരക്കാരായതിനു ശേഷവും ഉള്ള കുട്ടികളുടെ  മാനസികാരോഗ്യം എന്താണ്?

സാമൂഹികവും വൈകാരികവുമായ ക്ഷേമത്തെ വിവരിക്കുന്നതിനുള്ള ഒരു മാർഗമാണ് മാനസികാരോഗ്യം. ആരോഗ്യകരമായ രീതിയിൽ വളരുന്നതിനും ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനും ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിനും കുട്ടികൾക്ക് നല്ല മാനസികാരോഗ്യം ആവശ്യമാണ്.
എങ്ങനെയാണ് 9 നും 18 നുമിടയിൽ ഉള്ള കുട്ടികൾക്ക് ആരോഗ്യപരമായ മാനസിക മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് നമ്മൾ ഉറപ്പുവരുത്തുന്നത് ?  ഏറ്റവും പ്രധാനമായി തോന്നാറുള്ളത് കുട്ടികളോടൊപ്പം സമയം ചിലവഴിക്കുക എന്നത് തന്നെയാണ്, കൂടെ അവർക്കുള്ള ഇടവും നൽകുക.

ശരിയായ രീതിയിലുള്ള മാനസികാരോഗ്യം - Good mental health - ഉള്ള കുട്ടികൾ പൊതുവേ ആത്മവിശ്വാസമുള്ളവരും ജീവിതത്തിനെ പോസിറ്റീവ് ആയിക്കണ്ട് ജീവിതം ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവർ  ആകും. 

കുടുംബവുമായും സുഹൃത്തുക്കളുമായും ആരോഗ്യകരമായ ബന്ധം പുലർത്തുക, കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക
സമൂഹത്തിൽ  നടക്കുന്ന കാര്യങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുക, ആവശ്യത്തിനുള്ള വിശ്രമം , ഉറക്കം എന്നിവ ഉണ്ടാകുകയും  വൃത്തിയോട് കൂടി ജീവിക്കുക ഇതൊക്കെയും ആരോഗ്യകരമായ ജീവിതം നയിക്കുന്ന ഒരു പ്രീ-ടീൻ കുട്ടിയുടെ പൊതുവായ സ്വഭാവങ്ങളാണെന്നു പറയാം.

കുട്ടിക്കാലത്തു നിന്ന് വിടുകയും ചെയ്തു എന്നാൽ യൗവനത്തിലേക്ക് എത്തിയുമില്ല എന്നുള്ള അവസ്ഥയിൽ ഈ പ്രീ-ടീൻ , ടീൻ കുട്ടികൾ മാനസികമായും ശാരീരികമായും ചലഞ്ചുകളിൽ കൂടിയാണ് കടന്നുപോകുന്നത്. മിക്കവരിലും ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം  വിവേകവും ചിന്തയും വളർന്നിട്ടുണ്ടാകില്ല.

എങ്ങനെയൊക്കെ നമുക്ക് നമ്മുടെ കുട്ടികളിലെ മാനസികാരോഗ്യ നില വളർത്താം?

ആദ്യപടി വീട്ടിൽ നിന്നുതന്നെയാണ്. പലപ്പോഴും പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുന്ന കുട്ടികൾ പറയുക തങ്ങളെ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നാണ്.  എന്നാൽ രക്ഷാകർത്താക്കൾക്ക് പറയാനുണ്ടാവുക മക്കൾക്ക് വേണ്ടി അവരനുഭവിക്കുന്ന കഷ്ടപ്പാടിന്റെ കഥകളും. ഓരോ കുട്ടിയുടെയും ആദ്യ വിദ്യാലയം വീടും ആദ്യ അദ്ധ്യാപകർ മാതാപിതാക്കളുമാണ്. രക്ഷിതാക്കളുടെ  സ്നേഹവും പിന്തുണയും അവരുമായുള്ള ശക്തമായ ബന്ധവും കുട്ടിയുടെ മാനസികാരോഗ്യത്തെ നേരിട്ടും ഗുണപരമായും സ്വാധീനിക്കും. ഇത്  കുട്ടിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ. ആരോഗ്യപരമായ ബന്ധങ്ങൾ ഉള്ള ഒരു കുടുംബത്തിൽ വളരുന്ന കുട്ടിക്ക് നല്ല രീതിയിയിലുള്ള ആരോഗ്യപരമായ മാനസിക വളർച്ചയും ഉണ്ടാകും.

1. നിങ്ങളുടെ കുട്ടിയോട് സ്നേഹവും വാത്സല്യവും കരുതലും കാണിക്കുക.

2. നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് കാണിക്കുക.

3. കുട്ടികളുടെ  ശ്രമങ്ങളെയും മികച്ച പോയിന്റുകളെയും നേട്ടങ്ങളെയും പ്രശംസിക്കുകയും കുട്ടിയുടെ  ആശയങ്ങളെ വിലമതിക്കുകയും ചെയ്യുക.

4. നിങ്ങളുടെ കുട്ടിയുമായി ഒരു കുടുംബമായി ഒന്നിച്ച് സമയം ചിലവഴിക്കുന്നത് ആസ്വദിക്കുക.

5. നിങ്ങളുമായി വികാരങ്ങളെക്കുറിച്ച് സംസാരിക്കാൻ / അവരുടെ മനോവിചാരങ്ങൾ പങ്കുവയ്ക്കാൻ  കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

6. നിങ്ങളുടെ കുട്ടിക്ക് തനിയെ പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടതില്ലെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് രക്ഷിതാക്കളെ  ആശ്രയിക്കാം എന്ന് തോന്നുന്നതും  പ്രധാനമാണ്. പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനനുസരിച്ച് അവ കൈകാര്യം ചെയ്യുക.

7. നിങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ വിശ്വസ്തരായ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ മറ്റ് മാതാപിതാക്കളുമായോ അധ്യാപകരുമായോ സംസാരിക്കുക.

8. നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ, നിങ്ങളുടെ ജിപിയുമായോ അല്ലെങ്കിൽ മറ്റൊരു ആരോഗ്യ വിദഗ്ദ്ധനോടോ സംസാരിക്കുക.



ശാരീരിക ആരോഗ്യം മാനസികാരോഗ്യത്തിന്റെ വലിയ ഭാഗമാണ്. കുട്ടികളെ  വൈകാരികമായും ശാരീരികമായും ആരോഗ്യത്തോടെ തുടരാൻ സഹായിക്കുന്നതിന്, ഇനിപ്പറയുന്നവ ചെയ്യാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക:

1. കായിക വിനോദങ്ങളിൽ സജീവമായി തുടരുക. ശാരീരിക ക്ഷമത ഉണ്ടാകുന്നത് കുട്ടിയെ ആരോഗ്യത്തോടെ വളരാനും കൂടുതൽ ഊർജ്ജം നേടാനും ആത്മവിശ്വാസം അനുഭവിക്കാനും സമ്മർദ്ദം നിയന്ത്രിക്കാനും നന്നായി ഉറങ്ങാനും സഹായിക്കും.

2. ആരോഗ്യകരമായ ഭക്ഷണരീതി വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക.

3. ധാരാളം ഉറക്കം നേടുക. തിരക്കേറിയ ജീവിതം, സമ്മർദ്ദം, ഉത്തരവാദിത്തങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ഗുണനിലവാരമുള്ള ഉറക്കം നിങ്ങളുടെ കുട്ടിയെ സഹായിക്കും.

4. മദ്യവും മറ്റ് മയക്കുമരുന്നുകളും ഒഴിവാക്കാൻ കുട്ടികളെ സഹായിക്കുക - പ്രലോഭനങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ ഏറ്റവും നല്ലത്  അവരോട് ഇത്തരം ദുഃശീലങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കുകയും പരിണിതഫലങ്ങൾ കാണിച്ചുകൊടുക്കുക എന്നതുമാണ്.

എങ്ങനെയാണ് കുട്ടികൾക്ക് സഹായം ആവശ്യമാണ് എന്ന് തിരിച്ചറിയുക?
8  - 12  വയസ്സിനിടയിൽ ഉള്ള കുട്ടികൾക്ക് പലപ്പോഴും സ്വഭാവ വ്യതിയാനങ്ങൾ കാണാം.  പെട്ടെന്ന് കരയുകയും ദേഷ്യപ്പെടുകയും ചെയ്യുക , വളരെപ്പെട്ടെന്ന് നിരുത്സാഹപ്പെടുക,  ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവ സാധാരണമാണ്. ഈ കാര്യങ്ങൾ എല്ലായ്പ്പോഴും ഒരു മാനസികാരോഗ്യ പ്രശ്നത്തിന്റെ ലക്ഷണങ്ങളല്ല. പലപ്പോഴും കുട്ടികൾക്ക് തന്നെ മനസിലാകുന്നുണ്ടാകില്ല ഇതൊരു ഹോർമോൺ ചേഞ്ച്  കാലമാണെന്ന്. അവരെ ആ സമയം എങ്ങനെ ഇത്തരം വൈകാരികപ്രകടനങ്ങളെ നിയന്ത്രിക്കാൻ നമുക്ക് സഹായിക്കാം എന്ന് നോക്കുക.  ഇനിപ്പറയുന്ന ഏതെങ്കിലും അടയാളങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയും ഏതാനും ആഴ്‌ചയിൽ കൂടുതൽ അടയാളങ്ങൾ തുടരുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ കുട്ടിയുമായി സംസാരിക്കേണ്ടത് പ്രധാനമാണ്. പ്രൊഫഷണൽ സഹായം നേടുക എന്നതാണ് അടുത്ത ഘട്ടം.

12 വയസ്സിന് താഴെയുള്ള കുട്ടികൾ ഒരുപാട് സമയം ഒറ്റയ്ക്ക് സങ്കടപ്പെട്ടിരിക്കുക, സ്‌കൂളിലെ പഠനനിലവാരത്തിൽ പെട്ടെന്ന് ഒരു മാറ്റമുണ്ടാകുക, എപ്പോഴും ആശങ്കയും ഭയവും പ്രകടിപ്പിക്കുക, സ്‌കൂളിൽ പോകുന്നതിനോ  മറ്റ് കുട്ടികളുമായി ഒത്തുപോകുന്നതിനോ വിമുഖത കാണിക്കുക, അക്രമണസ്വഭാവം പ്രകടിപ്പിക്കുക, ഉറക്കത്തിൽ പേടിസ്വപ്നങ്ങൾ കണ്ടു ഞെട്ടിയെഴുന്നേൽക്കുക , അനാവശ്യകാര്യങ്ങൾക്ക്    ആവർത്തിച്ചുള്ള കോപം, സങ്കടം മുതലായവ പ്രകടിപ്പിക്കുക ഇത്തരം കാര്യങ്ങൾ ആഴ്ചകളോളം സ്ഥിരമായി കുട്ടി പ്രകടിപ്പിക്കുക ആണെങ്കിൽ രക്ഷിതാക്കൾ കുട്ടിയോട് സംസാരിക്കുകയും വേണ്ട വിധത്തിലുള്ള മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടതാണ്.


എങ്ങനെയാണ് മാനസികാരോഗ്യത്തെക്കുറിച്ച് കുട്ടികളുമായി സംസാരിക്കുന്നത്?

നിങ്ങളുടെ കുട്ടിയുടെ മാനസികാരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ആദ്യപടിയായി ചെയ്യേണ്ടത് കുട്ടിയുമായി  സംസാരിക്കുക എന്നത് തന്നെയാണ് .  ഇത്  ഒരു പക്ഷേ അത്ര സുഖകരമായ അവസ്ഥ ആകണമെന്നില്ല - നിങ്ങൾക്കും, കുട്ടിയ്ക്കും. അസ്വസ്ഥത തോന്നിയേക്കാം.  പക്ഷേ നമ്മൾ മനസിലാക്കേണ്ടത്  ഒരു രക്ഷിതാവ് എന്ന നിലയിൽ കുട്ടിയുടെ അരക്ഷിതാവസ്ഥ മനസിലാക്കുക എന്നതും നമ്മുടെ കടമയാണ്. ഇത് കുട്ടിക്ക് തനിയെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു എങ്കിൽ - അവർ കുട്ടികളായി നിൽക്കില്ലല്ലോ.   ഇവിടെ സഹായം വേണ്ടത് കുട്ടികൾക്കാണ്.  നിങ്ങളുടെ കുട്ടിയോട് അവൾക്ക് എങ്ങനെ തോന്നുന്നുവെന്നതിനെക്കുറിച്ച് സംസാരിക്കുന്നത് അവൾ തനിച്ചല്ലെന്നും നിങ്ങൾ അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും കാണിക്കുന്നു. കൂടാതെ, പ്രൊഫഷണൽ പിന്തുണ നേടുന്നതിന് അവർക്ക് മുതിർന്നവരുടെ  സഹായം ആവശ്യമായി വന്നേക്കാം.

നിങ്ങളുടെ കുട്ടിയുടെ വികാരത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ അവരെ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചില ആശയങ്ങൾ ഇതാ:

1. മുതിർന്നവർക്ക് പോലും സ്വന്തമായി പരിഹാരം കാണാൻ കഴിയാത്ത പ്രശ്‌നങ്ങളുണ്ടെന്ന് പറയുക. നിങ്ങൾക്ക് മറ്റൊരാളുടെ പിന്തുണയുള്ളപ്പോൾ സഹായം ലഭിക്കുന്നത് എളുപ്പമാണെന്ന് ചൂണ്ടിക്കാണിക്കുക.സഹായം ആവശ്യപ്പെടുന്നത് ഒരിക്കലും നാണിക്കേണ്ട കാര്യമല്ല എന്നത് അവരെ മനസിലാക്കിക്കുക.

2. നിങ്ങളുടെ കുട്ടിയോട് അവരുടെ പ്രായക്കാർക്ക് വിഷമമോ സമ്മർദ്ദമോ സങ്കടമോ തോന്നുന്നത് അസാധാരണമല്ലെന്ന് പറയുക. വ്യക്തിപരമായ ചിന്തകളെയും വികാരങ്ങളെയും കുറിച്ച് തുറന്നുപറയുന്നത് ഭയപ്പെടുത്തുന്നതാണെന്നും അവരോട് പറയുക.

3. ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നത് പലപ്പോഴും കാര്യങ്ങൾ മറ്റൊരാളുടെ വീക്ഷണകോണിൽ കാര്യങ്ങൾ കാണാനും പ്രശ്നങ്ങൾ   കൂടുതൽ  വ്യക്തമാകാനും  സഹായിക്കുമെന്ന് കുട്ടിയോട് പറയുക. കുട്ടികൾ  ചിന്തിച്ചിട്ടില്ലാത്ത മാർഗ്ഗങ്ങൾ  നിർദ്ദേശിക്കാൻ ഒരുപക്ഷേ ഒരു മുതിർന്ന ആളിന് അയാളുടെ അനുഭവസമ്പത്ത് മൂലം കഴിഞ്ഞേക്കും.

4. നിങ്ങളുടെ കുട്ടിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ലെങ്കിൽ സംസാരിക്കാൻ കഴിയുന്ന മറ്റ് ചില ആളുകളെ  നിർദ്ദേശിക്കുക - ഉദാഹരണത്തിന്, അമ്മായിമാർ അല്ലെങ്കിൽ അമ്മാവൻമാർ, അടുത്ത കുടുംബ സുഹൃത്തുക്കൾ, വിശ്വസ്തനായ ഒരു കായിക പരിശീലകൻ  അല്ലെങ്കിൽ നിങ്ങളുടെ ഡോക്ടർ. ഒരു ഡോക്ടറുമായോ മറ്റ് ആരോഗ്യ പ്രൊഫഷണലുകളുമായോ സംസാരിക്കുന്നത് തീർത്തും സ്വകാര്യമാണ് എന്ന് നിങ്ങളുടെ കുട്ടിയെ അറിയിക്കുക.

5. ഏറ്റവും പ്രധാനം - നിങ്ങളുടെ കുട്ടി തനിച്ചല്ലെന്ന്  ഊന്നിപ്പറയുക.  അവർ സംസാരിക്കാൻ തയ്യാറാകുമ്പോഴെല്ലാം രക്ഷിതാവ് അവിടെ ഉണ്ടാകും എന്ന ഉറപ്പ് ഒരു കുഞ്ഞിൽ ഉണ്ടാക്കാൻ സാധിക്കുക എന്നത് വളരെ പ്രധാനമാണ്.


സ്‌കൂളുകളിൽ കൗൺസിലർമാർ ഉണ്ടാകുക എന്നത് ഇന്നത്തെക്കാലത്ത് വളരെ അത്യാവശ്യം ആണ്.  പക്ഷേ, രക്ഷിതാക്കളോട് കുട്ടികൾക്ക് തുറന്നു സംസാരിക്കാൻ കഴിയുന്ന അവസ്ഥ  ഉണ്ടാകുക എന്നതാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്.


(പഠനം:  ടീൻ മെന്റൽ ഹെൽത് BY  Raising Children - Published in OurKids Magazine, February 2020  )

6 comments:

  1. എത്ര പ്രസക്തമായ post !!! ടീൻ കാലഘട്ടത്തിന്റെ നോവുകളും ആത്മവിശ്വാസക്കുറവുകളും നന്നായിട്ട് അറിയാം. അതിനോടെല്ലാം മല്ലിട്ടു പുറത്ത് വരിക എന്നതു ഒരു herculean task തന്നെ. ശരിയായ സമയത്ത്, ശരിയായ രീതിയിൽ മനസിലാക്കുന്നവർ ഉണ്ടെങ്കിൽ, നമ്മുടെ കുട്ടികൾക്ക് അത് നൽകുന്ന ആശ്വാസവും ആത്മവിശ്വാസവും എത്ര വലുതാണ് !!
    വളരെ പ്രധാനപ്പെട്ടൊരു വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു ആർഷ. അഭിനന്ദനങ്ങൾ.

    ReplyDelete
  2. രക്ഷിതാക്കാൾ കുട്ടികളെ പരിപാലിക്കേണ്ടതും, ശ്രദ്ധിക്കേണ്ടതും, ചെയ്യേണ്ടതുമായ കാര്യങ്ങൾ ക്രമമായും വളരെ ഭംഗിയായും അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകൾ

    ReplyDelete
  3. വളരെ പ്രസക്തമായ ഒരു പോസ്റ്റ്‌ ആണ് ആർഷ ചേച്ചി..കൗമാര കാലഘട്ടത്തിൽ ഓരോരുത്തരും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തിൽ എന്ത് ചെയ്യ ണമെന്നറിയാതെ പരാജയപ്പെടുന്നവർ ധാരാളമുണ്ട്. നന്നായി എഴുതിയിരിക്കുന്നു.നമ്മുടെ കുഞ്ഞുങ്ങളെല്ലാം ശാരീരികക്ഷമതയും മാനസികാരോഗ്യവും സാമൂഹ്യബോധവുമുള്ളവരായി വളരട്ടെ... സ്നേഹം ❤️

    ReplyDelete
  4. നല്ല കാര്യങ്ങളാണത്രയും. എത്ര അഛനമ്മമാർക്ക് സമയമുണ്ടാകും ഇതിനൊക്കെ. അണുകുടുംബ വ്യവസ്ഥതിയിൽ രണ്ടു പേരും ജോലിക്കു പോയാലേ ജീവിച്ചു പോകാനാകൂ....
    ആശംസകൾ ....

    ReplyDelete
  5. വളരെ നല്ല പോസ്റ്റ്‌ !!!

    ReplyDelete
  6. ഈ വിലപ്പെട്ട എട്ടു കല്പനകൾ  പരിപാലിച്ചാൽ
    ഏത് കൗമാരക്കാലക്കാരെയും നമ്മുടെ ചിട്ടവട്ടങ്ങൾക്കനുസരിച്ച്
    വളർത്തി വലുതാക്കാവുന്നതാണ് ...
    മാതാപിതാക്കൾക്ക് തീർത്തും വിജ്ഞാനപ്രദമായ കുറിപ്പുകളാണിത് കേട്ടോ ആർഷ  

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)