Friday, February 7, 2020

'പാടം പൂത്ത കാലത്തിലൂടെ പാടാനായി'

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1989 -1990

രണ്ടാം ക്‌ളാസ്സിലോ മൂന്നാം ക്‌ളാസ്സിലോ ആണീ ഓർമ്മയുടെ പിന്നാമ്പുറം. എനിക്കേറ്റവും ഇഷ്ടമുള്ള കുട്ടിക്കാലകഥകളിലൊന്ന്. പിന്നെയും പിന്നെയും മനസിൽ ഞാൻ എന്നോട് പറഞ്ഞുചിരിക്കാറുള്ള ഒരു പെൺകുട്ടിയുടെ ഓർമ!

ഒന്ന് മുതൽ നാലു വരെയുള്ള LP സ്‌കൂളിനെ മേലേസ്‌കൂളെന്നും അഞ്ചു മുതൽ 10 വരെയുള്ള ഹൈസ്‌കൂളിനെ താഴെ സ്കൂളെന്നും വിളിച്ചത് രണ്ടു സ്‌കൂളിന്റെയും ഇടയിൽക്കൂടി കടന്നുപോയിരുന്ന MG റോഡുമായുള്ള ബന്ധം വെച്ചായിരുന്നു. റോഡിന്റെ ഒരു വശത്തായി അൽപ്പം പൊക്കമുള്ള തറയിൽ നിന്നത് മേലേസ്‌കൂളും, എതിർവശത്ത് താഴ്ചയിലേക്ക് ഇറങ്ങിയുള്ള കെട്ടിടങ്ങളിൽ പ്രവർത്തിച്ചത് താഴേസ്‌കൂളുമായി. അംഗൻവാടിയിലെ അങ്കം കഴിഞ്ഞ് ഞാൻ മേലേസ്‌കൂളിൽ എത്തിയപ്പോഴേക്കും ചേട്ടന്മാർ ജീവനും കൊണ്ടോടി താഴെസ്‌കൂളിൽ എത്തിയിരുന്നു (അവരുടെ ഭാഗ്യം - അല്ലാതെന്ത് പറയാൻ!) രണ്ടു കൊല്ലം മാത്രം ഞങ്ങൾ മൂന്നാളും ഒരു സ്‌കൂളിൽ ഉണ്ടായിരുന്നു. ആ രണ്ടുകൊല്ലവും അവർ രണ്ടാളും എന്നെ സ്‌കൂളിൽ വെച്ചുകാണുമ്പോൾ ആലുവാമണൽപ്പുറത്തുവെച്ചു കണ്ട പരിചയം പോലും ഭാവിക്കാതെ കടന്നുപോകാൻ ശ്രമിക്കുകയും, മിക്കപ്പോഴും എൻ്റെ ഓടിച്ചെന്നുള്ള പുറത്തടിയിലോ 'ടാ അംജിത്തേ, ടാ അമിതാബേ' എന്നുള്ള അലറിവിളിയിലോ അവരുടെ ശ്രമം പൊളിഞ്ഞു പോകുകയും ചെയ്തിരുന്നു! (കുറെയേറെ നാൾ ഞാൻ ഒരു 'എടാ-പോടാ' ബന്ധത്തിൽ ഇവരെ അഡ്ജസ്റ്റ് ചെയ്തുകൊണ്ടുപോയി. കാര്യം സാധിക്കാൻ മാത്രം നാവായിക്കുളത്ത് ആയിരിക്കുമ്പോൾ 'അണ്ണാ' എന്നും ചങ്ങനാശ്ശേരിയിൽ അച്ഛന്റെ വീട്ടിൽ എത്തുമ്പോൾ 'ചേട്ടാ' എന്നും തരാതരം പോലെ വിളിച്ചിരുന്നു. ഞങ്ങൾ മൂന്നാളും നല്ല അടിപിടി - വെട്ടുകുത്തു - സ്നേഹം ടൈപ്പ് ആയിരുന്നു എന്നത് വേറെ കാര്യം! പിന്നെ ഒരു സുപ്രഭാതത്തിൽ ഞാൻ എട്ടാം ക്ലാസിൽ ആയിരിക്കുമ്പോൾ രണ്ടാളും പഠിക്കാൻ വേണ്ടി തിരുവന്തോരത്തേക്ക് പോകുകയും അവിടെ ഹോസ്റ്റലിൽ നിൽക്കേണ്ടി വരികയും ഞാൻ വീട്ടിൽ ഒറ്റയ്ക്കാകുകയും ചെയ്തു. വെള്ളിയാഴ്ചകൾക്ക് വേണ്ടി കാത്തിരിയ്ക്കാനും,ഈ ഇട ദിവസങ്ങളിൽ അമ്മ സ്ക്കൂളിൽ നിന്നുകൊണ്ടുവരുന്ന മിഠായികളും മധുരപലഹാരങ്ങളും അവരും കൂടി വന്നുകഴിഞ്ഞു അടികൂടാൻ കഴിക്കാൻ വേണ്ടി എടുത്തുവെക്കാനും, തിങ്കളാഴ്ച ആയാൽ അവർ പോകുമല്ലോ എന്നോർത്തു സങ്കടപ്പെടാനും തുടങ്ങി! )

മേലേസ്‌കൂളിൽ എത്ര ചെക്കന്മാരെ ഈ ചേട്ടന്മാരുടെ പേരിൽ വിരട്ടിയിട്ടുണ്ടെന്നോ - 'അധികം കളിച്ചാൽ ഞാൻ എൻ്റെ ആങ്ങളമാരോട് പറഞ്ഞുകൊടുക്കുമേ, അവര് വന്നിടിച്ചു നിന്നെ ഇടിച്ചു പപ്പടമാക്കും, നാളെയാകട്ടെ നിന്നെ കാണിച്ചുതരാം ' എന്നൊക്കെ ഭീഷണി മുഴക്കിയിട്ട് വൈകുന്നേരം ഞാനീ രണ്ടുപേരെയും സോപ്പിടും. നാളെ ഉച്ചയ്ക്ക് വിടുമ്പോൾ ഒന്ന് എൻ്റെ ക്‌ളാസിൽ വന്നീ പെൻസിൽ തരണേ, ഒരാവശ്യമുണ്ട് എന്നും വന്നില്ലേൽ നിങ്ങളുടെ മറ്റേ കാര്യം ഞാൻ അമ്മയോട് പറഞ്ഞുകൊടുക്കുമെന്നും പറയും - ആ ഭീഷണിയിൽ അവർ വീഴും. പിറ്റേന്ന് പാവങ്ങൾ ഉച്ചയ്ക്ക് ചോറുണ്ണാൻ വിടുന്ന സമയത്ത് മേലേസ്‌കൂളിൽ എന്നെ അന്വേഷിച്ചു വരും, വന്ന് കൂട്ടുകാരുടെ ഇടയിൽ നിൽക്കുന്ന എന്നെക്കണ്ടുപിടിച്ചു പെൻസിൽ തന്നിട്ട് പോകും. ഞാനാണെങ്കിലോ ദൂരെ നിൽക്കുന്ന, തലേ ദിവസം വിരട്ടിവെച്ചിരിക്കുന്ന ആളിനെ ചൂണ്ടിക്കൊണ്ട് 'നന്ദിയുണ്ട് സഹോദരന്മാരേ' എന്നോ 'നിങ്ങൾ പേന കളഞ്ഞത് അമ്മയോട് പറയില്ല കേട്ടാ' എന്നോ മറ്റോ പറയും. സംഭാഷണം കേൾക്കാതെ ഈ ചൂണ്ടൽ മാത്രം കാണുന്ന മറ്റേ ക്‌ളാസ്‌മേറ്റ്നു പിന്നെ നമ്മളോട് വൻ മര്യാദയാണ്. താഴേസ്‌കൂളിലെ വലിയ ചെക്കന്മാരുടെ ഇടി കൊള്ളാൻ ആർക്ക് ഇഷ്ടമുണ്ടാകും - അതും ഒന്നല്ല, രണ്ട്! രണ്ടുവശത്തും നിന്നും കിട്ടുമല്ലോ! 

ഓർമപ്പാട്ട് പക്ഷേ ചേട്ടന്മാരെക്കുറിച്ചല്ല! അതെന്നോടൊപ്പം ഒരുകൊല്ലം മാത്രം പഠിച്ച ഒരു പെൺകുട്ടിയെക്കുറിച്ചാണ്. താഴേസ്‌കൂളിൽ ആ സമയത്ത് ഒരു സെക്യൂരിറ്റി -കം -വാച്ച്മാൻ - കം -ഓൾ ഇൻ ഓൾ ആയിട്ടൊരു തമിഴ്‌നാട്ടുകാരൻ ആളുണ്ടായിരുന്നു - പേര് മാരിയപ്പൻ. മെലിഞ്ഞു നീണ്ട, ഇരുണ്ട നിറമുളള, മുടിയൊക്കെ പലയിടങ്ങളിലും നരച്ച ക്ഷീണം ചാലുകൾ വരച്ച രൂപം. വായിൽ തിക്കിത്തിരക്കിയിരുന്ന ഉന്തിനിന്നിരുന്ന പല്ലുകളിലെ മുറുക്കാൻ കറ കാണിച്ചു ചിരിക്കുമായിരുന്നു എപ്പോൾ കണ്ടാലും. പക്ഷേ, താഴേ സ്‌കൂളിലെ കുട്ടികൾക്കൊക്കെ മാരിയപ്പനെ പേടിയാണ്.. നല്ല ചീത്ത പറയും എല്ലാവരെയും, ചിലപ്പോൾ കയ്യിലെ തടിച്ചുരുണ്ട വടി കൊണ്ട് കൊട്ടും കിട്ടും. എന്നോട് ചിരിക്കാൻ ഒരു കാരണമുണ്ട് - പുള്ളിയുടെ മകൾ - എൻ്റെ ക്‌ളാസിലായിരുന്നു, സ്വർണ്ണമ്മ എന്ന പെൺകുട്ടി. ആളുടെ ബാക്കി മക്കളെക്കുറിച്ചോ, ഭാര്യയെക്കുറിച്ചോ ഒന്നും അറിയില്ല/ ഓർമ്മയില്ല. പക്ഷേ ഈ കുട്ടിയേയും മാരിയപ്പനെയും ആദ്യം കണ്ടപ്പോൾ അത് അവളുടെ അപ്പൂപ്പൻ ആണോ എന്ന് ചോദിച്ചത് ഓർമയുണ്ട്. ആ ചോദ്യത്തിനാണ് ആദ്യമായി പുള്ളി വായ പൊളിച്ചു, മുറുക്കാൻ തുപ്പൽ പുറത്തേക്ക് തെറിക്കുംപോലെ ഉറക്കെ ചിരിച്ച്‌ കാണുന്നത്. പിന്നെ എന്നെക്കാണുമ്പോഴൊക്കെ ചിരിക്കും, എന്തേലും ചോദിക്കും.

സ്വർണ്ണമ്മ നല്ല രസമുള്ള കാരക്ടർ ആയിരുന്നു- An interesting girl! ഞങ്ങളെക്കാളൊക്കെ മൂത്ത കുട്ടിയാണ്, ശരിക്കും നാലിലോ മറ്റോ പഠിക്കേണ്ടയാൾ. രണ്ടുമൂന്നു കൊല്ലം ഒന്നിലും രണ്ടിലും തന്നെ തോറ്റപ്പോൾ അച്ഛനോടൊപ്പം വന്നുപെട്ടതാകണം ഇവിടെ. പക്ഷേ, രണ്ടാം ക്‌ളാസിലെ മറ്റുളള എല്ലാവരേക്കാളും നീളവും തിളങ്ങുന്ന മൂക്കുത്തിയും ഞങ്ങളേക്കാൾ ലോകകാര്യങ്ങളിലുള്ള അറിവും- ഇത് രണ്ടും മതിയായിരുന്നു സ്വർണ്ണമ്മയുടെ ചുറ്റിനും ആള് കൂടാൻ. ഇടയ്ക്കിടെ സ്വർണ്ണമ്മ ക്ലാസ്സിൽ വരാതെയാകും.. നാലും അഞ്ചും ദിവസം കഴിഞ്ഞ് ആൾ വരുമ്പോൾ ചെറുതല്ലാത്ത ഒരു കൂട്ടം അവൾക്കു ചുറ്റും കൂടും, എന്തിനാണെന്നോ ഷൂട്ടിങ്ങ് വിശേഷം കേൾക്കാൻ! ഈ ദിവസങ്ങളിൽ ആ കുട്ടി സിനിമാ ഷൂട്ടിങ്ങിനു പോകുന്നതാണ് എന്നായിരുന്നു ഞങ്ങളുടെ അറിവ്. സ്വാഭാവികമായും അവൾ ഞങ്ങളുടെ ഇടയിലെ താരമായി... പൊടിപ്പും തൊങ്ങലും ചേർത്തുള്ള കഥകൾ കേൾക്കുമ്പോൾ ചെറിയ സംശയം തോന്നും ഇവളിനി കള്ളം പറയുന്നതാണോ.. എങ്ങനെ തെളിയിക്കും എന്ന് വലിയ ചിന്തയുമായി ഞങ്ങൾ രണ്ടുമൂന്നുപേർ അപ്പുറം വശത്ത്.

അങ്ങനെയിരിക്കേ ഒരു നീണ്ട ഇടവേള കഴിഞ്ഞ് അവൾ വന്നു.. ഇത്തവണ മോഹൻലാലിനൊപ്പം ആയിരുന്നു അത്രേ ഷൂട്ടിംഗ്, അതും ഊട്ടിയിൽ അവളുടെ വീടിനടുത്ത്. ഒരു പാട്ടുസീനാണ്‌ എടുത്തത്. ചുവന്ന സാരിയുടുത്തു പൂക്കൾക്കിടയിലൂടെ മോഹൻലാലിനൊപ്പം ആടിപ്പാടിയതിനു ശേഷമാണു അവൾ വന്നിരിക്കുന്നത്. സിനിമയുടെ പേര് ചിത്രം - അവളുടെ സിനിമയിലെ കഥാപാത്രത്തിന്റെ പേര് കല്യാണി! കേട്ടപാടെ ഞാൻ ചാടിയെഴുന്നേറ്റു പറഞ്ഞു "യുറേക്കാ !! കിട്ടിപ്പോയി...നീ കള്ളം പറയുവാ ... 'ചിത്ര'ത്തിലെ നായികയുടെ പേര് രഞ്ജിനി എന്നാണല്ലോ" തലേദിവസം അമ്മയോടൊപ്പം പോയ വീട്ടിൽ വെച്ച് കണ്ട നാനയായിരുന്നു എൻ്റെ പ്രൂഫ്! കൂട്ടുകാരൊക്കെ ഞെട്ടി .. രണ്ടാം ക്ലാസിലെ നിഷ്കളങ്ക ബാല്യങ്ങൾക്ക് അത് ചിന്തിക്കാൻ പോലും ആകാത്ത കാര്യമായിരുന്നു! സ്വർണ്ണമ്മ - അവൾ പുശ്ചത്തോടെ എന്നെനോക്കി, 'ശിശു, ഒന്നും അറിയില്ലെങ്കിലും എതിർക്കാൻ വരും' എന്ന രീതിയിൽ... എന്നിട്ടു വളരെയധികം ശാന്തമായി പറഞ്ഞു "എൻ്റെ സിനിമാപ്പേരാണ് കുട്ടീ രഞ്ജിനി, മേക്കപ്പ് ചെയ്താണ് എൻ്റെ മുഖം അങ്ങനെ ആക്കുന്നത്. സിനിമയെക്കുറിച്ച് ഒന്നും അറിയില്ല അല്ലെ?" ഞങ്ങളുടെ മുഖം കുനിഞ്ഞു, ശരിയാണ് നമുക്ക് സിനിമയേക്കുറിച്ച് ഒന്നുമറിയില്ലാലോ. അവൾ പറയുന്നതൊക്കെ കറക്ട് ആണുതാനും - ചിത്രം എന്നൊരു പടം വരുന്നുണ്ട്, മോഹൻലാൽ ആണ് നായകൻ , ചുവന്ന സാരിയുടുത്ത നായികയുമൊത്തൊരു പാട്ടുമുണ്ട് (നാനയിൽ ഞാനും കണ്ടതാണല്ലോ ഇതെല്ലാം). സ്വർണ്ണമ്മയോട് അസൂയ തോന്നിയിട്ട് ഒരു കാര്യവുമില്ല!

ആ സംഭവം നടന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും അക്കൊല്ലം സ്‌കൂളടച്ചു. പിറ്റേക്കൊല്ലം സ്‌കൂൾ തുറന്നപ്പോൾ ക്ലാസ്സിൽ സ്വർണ്ണമ്മ ഉണ്ടായിരുന്നില്ല, താഴേസ്‌കൂളിൽ മാരിയപ്പനും! ഞങ്ങളെയൊക്കെ കുറേയേറെക്കാലം സിനിമയെന്ന മായികലോകത്തെ കഥകൾ പറഞ്ഞുതന്ന സ്വർണ്ണമ്മയോളം ഭാവനയുള്ളൊരാളെ ഞാൻ പിന്നെ കണ്ടിട്ടില്ല. എന്നോടൊപ്പം അന്ന് പഠിച്ച ആരെങ്കിലും ഈ കുട്ടിയെ ഓർക്കുന്നുണ്ടോ എന്നുപോലും അറിയില്ല... പക്ഷേ, ഇപ്പോഴും 'പാടം പൂത്ത കാലത്തിലൂടെ പാടാനായി' ചുവന്ന സാരിയുടുത്തു രഞ്ജിനി മോഹൻലാലിൻറെ മുതുകിലേക്ക് ചായുമ്പോൾ ഞാനവിടെ മൂക്കുത്തി തിളക്കത്തിൽ അവ്യക്തമായ ഒരു മുഖം കാണും!

https://www.youtube.com/watch?v=2H91cj62BXE
------------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

7 comments:

  1. കൊച്ചിലേ, 'ചൊറുച്ചൊറു'ക്കുള്ള കുട്ടിയായിന്നല്ലോ! സ്വർണ്ണമ്മയെപ്പറ്റി മുമ്പ് എഴുതിയത് വായിച്ചതോർമ്മ!
    ആശംസകൾ

    ReplyDelete
  2. ഇന്ന് മുഴോനും ഈ പാട്ടിനി എന്നെക്കൊണ്ട് പാടിച്ചേ അടങ്ങൂലെ... 😧😆

    ReplyDelete
  3. നല്ലെഴുത്ത്. ഇഷ്ടം

    ReplyDelete
  4. ഹോ ഹോ ഹോ. സ്വർണമ്മ തമിഴ്‌നാട്ടിലെ ഏതെങ്കിലും പാർട്ടിയുടെ എം എൽ എ ആയിരിക്കും ഇപ്പോൾ.

    ReplyDelete
  5. പാട്ടിനെക്കുറിച്ചു പറയാൻ മറന്നു.

    എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്.

    ReplyDelete
  6. പാടം പൂത്ത കാലം... കേൾക്കുമ്പോൾ എനിക്ക് ഒരാളെ മാത്രമേ ഓർമ വരൂ ....
    അതാരെയാണെന്ന് ഞാൻ പറയില്ല .... 😛😛😛

    ReplyDelete
  7. കൂട്ടുകാരിയുടെ സ്മരണക്ക് വേണ്ടിയും ഒരു പാട്ട് ..!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)