Sunday, February 16, 2020

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ !

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 2005

ഈ സിനിമയും പാട്ടുകളും ഒത്തിരിയിഷ്ടമുള്ള കുട്ടിക്കാലം - സ്‌കൂളിൽ പഠിക്കുന്ന സമയത്ത് എനിക്ക് നദിയമൊയ്തുവിന്റെ ഛായ ഉണ്ടെന്ന് പറഞ്ഞ കൂട്ടുകാരികളെ ഓർക്കുമായിരുന്നു ഈ സിനിമയിലെ "ലാത്തിരി പൂത്തിരി" പാട്ടുകേക്കുമ്പോൾ. പിന്നെ മനസിലായി അവളുമാർ എന്നോടുള്ള സ്നേഹം കൊണ്ടും, ആ 'ഗേളികൊച്ചിന്റെ ' അരപ്പിരി ഇളകിയ സ്വഭാവം കണ്ടുമാണ് എനിക്കാ ചായ കാച്ചിത്തന്നതെന്ന്! പത്താം ക്ലാസിലെ ആട്ടോഗ്രാഫിൽ അവളുമാർ ഒട്ടിച്ചുതന്ന മറ്റൊരു നടിയുടെ 'ചായകാച്ചൽ' ചിത്രം കാണിച്ചാൽ ദൈവത്തിനാണെ നിങ്ങളെല്ലാവരും എന്റെയാ പ്രിയപ്പെട്ട പെണ്ണുങ്ങൾക്ക് കണ്ണട മേടിച്ചുകൊടുക്കും - അതുകൊണ്ടുമാത്രം ഞാനാ നടിയുടെ പേര് പറയുന്നില്ല! 
പക്ഷേ ഈ പാട്ട്, മറ്റു ചിലരെ ഒരാവശ്യവുമില്ലാതെ ഓർമ്മിപ്പിക്കാൻ തുടങ്ങിയത് ബിടെക് കഴിഞ്ഞതിനു ശേഷമാണ്.

ഒന്നാമത്തെ ആൾ - ഞാനൊരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു കൂട്ടുകാരിയാണ് - ബഗ്ഗു (ഭാഗ്യലക്ഷ്മി എന്നാണെന്ന് തോന്നുന്നു ശരിക്കുള്ള പേര്). "ആയിരം കണ്ണുമായി "എന്ന പാട്ട് കേള്‍ക്കുമ്പോള്‍ അകാലത്തില്‍ ജീവിതത്തിൽ നിന്ന് വിട്ടുപോയ ബഗ്ഗുവിനെ ഓര്മ വരും! എന്റെ റൂം മേറ്റ് റിയയുടെ ഉറ്റസുഹൃത്ത് ആയിരുന്നു ആ കുട്ടി... ഹോസ്റ്റല്‍ റൂമില്‍ വെച്ച് ഈ പാട്ട് കേട്ട് ബാഗ്ഗുവിന്റെ ഓര്‍മ്മയില്‍ പൊട്ടികരഞ്ഞ റിയയെക്കണ്ടതില്‍ പിന്നെ ഈ പാട്ട് കേള്‍ക്കുമ്പോളൊക്കെ ഞാന്‍ ആയിരം കണ്ണുമായി ഇഷ്ടമായിരുന്ന "ബഗ്ഗുവിനെ" ഓര്‍ക്കും. ഒരിക്കലും കാണുകയോ, മിണ്ടുകയോ ചെയ്തിട്ടില്ലാത്ത , ഇനിയൊരിക്കലും അതിനൊരു ചാൻസില്ലാത്ത ഒരാളെ ഒരു പാട്ടു കേൾക്കുമ്പോൾ ഓർക്കുന്നത് വട്ടാണോ എന്ന് എനിക്കും തോന്നാറുണ്ട് കേട്ടോ....

ഇനിയുള്ള ആൾ അകാലത്തില്‍ പൊളിഞ്ഞു പോയ ഒരു പ്രണയമാണ് - നായിക എന്‍റെ സുഹൃത്താണ്‌ ഇപ്പോഴും! അതുകൊണ്ടുമാത്രം പേര് പറയാന്‍ നിര്‍വാഹമില്ല. ഈ പാട്ട് കൌമാര കാമുകന്‍റെ സമ്മാനമായിരുന്നു. ഫേസ്‌ബുക്കും വാട്സ് ആപ്പും ഇൻസ്റാഗ്രാമുമൊക്കെ വരും മുൻപ് പാവം ജിമെയിൽ മാത്രമുണ്ടായിരുന്ന സമയം നിങ്ങൾക്കോർമയുണ്ടോ? അന്നത്തെ ഒരു ട്രെൻഡ് ആയിരുന്നില്ലേ നല്ല നല്ല ചിത്രങ്ങളിൽ ഇമ്മാതിരി വരികൾ , പ്രണയ വാചകങ്ങൾ ഒക്കെ ചേർത്തുപിടിപ്പിച്ചൊരു മെയിൽ. അന്നങ്ങനെ ആൾക്ക് കിട്ടിയ സമ്മാനമാണ് ആയിരം കണ്ണുമായി എന്ന പാട്ടിന്റെ വരികൾ. ഇപ്പോള്‍ അവള്‍ എന്നോട് പറയുന്നു പരാജയപെട്ടു പോയ പ്രണയം ആണെങ്കിലും, രണ്ടാളും വേറെ കെട്ടി കുട്ടികളും ആയെങ്കിലും ഈ പാട്ട് അവനെ മാത്രം ഓര്‍മ്മിപ്പിക്കുന്നു എന്ന്  അവള്‍ അത് പറഞ്ഞതിന് ശേഷം ഞാനാ രണ്ടു പേരെയും ഓര്‍ത്തു പോകും !!!!!

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ !
----------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 
#Day3

4 comments:

  1. എന്റെ നന്ദന് ഏറ്റവും ഇഷ്ടമുള്ള പാട്ട് ❤️അതിലെ അമ്മൂമ്മ touch ആണെന്ന് തോന്നുന്നു അവന് ഏറ്റോം ഇഷ്ടം 😄

    ReplyDelete
  2. ആയിരം കണ്ണുമായ്.. എന്ന ഗാനം കേൾക്കുമ്പോൾ പ്രസിദ്ധ നർത്തകിയും സിനിമാ നടിയായിരുന്ന പത്മിനിയെ ഓർമ്മവരും.
    ആശംസകൾ

    ReplyDelete
  3. ഈ പാട്ട് എന്റെ പ്രണയ കാലങ്ങളുടെ
    പീക് ടൈമിൽ എങ്ങാനും ഇറങ്ങിയിരുന്നുവെങ്കിൽ
    എന്ന്  ഞാൻ വല്ലാതെ ആശിച്ചിട്ടുണ്ട് 

    ReplyDelete
  4. എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ,ഒരു അമ്മയുടെ വേദന കലർന്ന വാത്സല്യം ആണ് അനുഭവപ്പെടുക. നാദിയ മൊയ്തുവിന്റെ ഗേളിയെ ആരാധിക്കാത്ത ചെറിയ പെൺകുട്ടികൾ ഉണ്ടോ? 😊 അതുപോലെയുണ്ട് എന്ന് ആരെങ്കിലും പറയുന്നത് ആ പ്രായത്തിൽ എത്ര വലിയ അംഗീകാരമാണ് !
    ❤️❤️❤️
    "ഉള്ളിലെ മാമയിൽ" നീലി പീലി വിരിച്ചാടും😊

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)