Wednesday, February 5, 2020

'സ്വർഗങ്ങൾ സ്വപ്നം കാണും..'


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 

വർഷം 2002 -2004
ഫാത്തിമയിലെ പ്രീഡിഗ്രിയും കഴിഞ്ഞ്, ഇടക്ക് പെരുമൺ എൻജിനീയറിങ് കോളേജിൽ ഒരു മൂന്നുമാസ സന്ദർശനവും നടത്തിയിട്ട് ഞാനെത്തിപ്പെട്ടത് കാസറോഡ് LBS കോളേജിലാണ്. ആദ്യ രണ്ടു വർഷവും പെൺകുട്ടികളിൽ പലർക്കും മെയിൻ ഹോസ്റ്റലിൽ താമസസൗകര്യം കിട്ടിയില്ല. ഞങ്ങളെപ്പോലുള്ള ചില വാൽകുരുത്ത സ്വഭാവക്കാർ പുറത്തുള്ള ഹോസ്റ്റൽ സന്തോഷപൂർവം തിരഞ്ഞെടുക്കുകയും ചെയ്തു. കാരണം പറയുമ്പോൾ നമ്മൾ മെയിൻഹോസ്റ്റൽ മറ്റുള്ളവർക്കായി വിട്ടുകൊടുക്കുന്ന പോലെയൊരു തോന്നൽ ഉണ്ടാക്കിയെങ്കിലും, ഞങ്ങളുടെ ഉദ്ദേശം സീനിയേഴ്സിന്റെ കയ്യിൽ ഇപ്പോഴേ ചെന്ന് ചാടിക്കൊടുക്കണ്ടല്ലോ എന്നതായിരുന്നു. രണ്ടാം കൊല്ലം ഞങ്ങളുടെ ബാച്ചിൽ പകുതി പെൺകുട്ടികൾ മെയിൻ LH ൽ, ബാക്കി കോളേജിൽ നിന്ന്നടന്നുപോകാവുന്ന ദൂരത്തിൽ തന്നെയുള്ള ഒരു ക്വാർട്ടേഴ്‌സ്കെട്ടിടത്തിൽ. ശരിക്കും ആ വീടുകൾ എന്നെ കസിൻ ചേട്ടൻ താമസിച്ചിരുന്ന റെയിൽവേ ക്വാർട്ടേഴ്‌സുകളെ ഓർമ്മിപ്പിച്ചിരുന്നു. തമ്മിൽത്തമ്മിൽ ഒട്ടിച്ചേർന്നു നിൽക്കുന്ന ഒറ്റവീടുകൾ, ഒരുവരിയിൽ അഞ്ചെണ്ണം ആയിരുന്നു എന്നാണ് ഓർമ്മ - അങ്ങനെയുള്ള മുഖാമുഖം നോക്കുന്ന രണ്ടുവരികൾ ആ രണ്ടുവരിയെയും ബന്ധിപ്പിക്കുന്ന ബിന്ദു പോലെ നടുവിൽ ഒരു വീട് അതിലായിരുന്നു സുന്ദരി മേട്രനും റസിഡന്റ് ടീച്ചർമാരും താമസിച്ചിരുന്നത്. പാചകത്തിന് സഹായിക്കാനുണ്ടായിരുന്ന ചേച്ചിമാർ കാസറഗോഡിൻ്റെ അറ്റത്തൂന്നാണ്. മലയാളം കേട്ടാൽ മനസിലാകുന്ന എന്നാൽ മലയാളവും തുളുവും കന്നഡയും ഒക്കെച്ചേർന്ന സങ്കരഭാഷയിൽ മറുപടി പറയുന്ന ചേച്ചിമാർ! അതിലൊരു സുന്ദരി ചേച്ചി, മൂക്കുത്തിയിട്ട നീണ്ടു മെലിഞ്ഞ ചേച്ചി എന്നെ കളിയാക്കി 'ബൻബാട്ടു ഹുഡുകീ' എന്ന് വിളിച്ചിരുന്നു. നമ്മുടെ ചന്ദ്രനുദിക്കുന്ന ദിക്കിലെ പാട്ടില്ലേ -അത് തന്നെ! 
കാസ്രോട്ടെ മലയാളം തന്നെ നല്ല തമാശയാ കേൾക്കാൻ.. ആദ്യമൊക്കെ ബസിൽ കയറിയിട്ട് അവർ നമ്മളോട് കേറാനും ഇറങ്ങാനും പറയുന്നത് കേട്ട് ചിരിക്കലായിരുന്നു പണി. അവിടെയുള്ള കടകളിൽ പോകുമ്പോൾ, ഹോട്ടലുകളിൽ പോകുമ്പോൾ, അമ്പലത്തിൽ പോകുമ്പോൾ, സിനിമയ്ക്ക് പോകുമ്പോൾ ഒക്കെ നാട്ടുകാർ നമ്മളെയും നോക്കും- ഈ പെൺകുട്ടികളെന്തിനാ ഇങ്ങനെ ചിരിച്ചുമറിഞ്ഞു നടക്കുന്നേന്ന്. വളരെ നിഷ്കളങ്കരായ നാട്ടുകാർ.. അതേ സമയം സമ്പത്ത് വളരെയധികമുണ്ടായിരുന്നവർ! നല്ല അനുഭവങ്ങളും ചീത്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് നാട്ടുകാരിൽ നിന്നും. ആ എൻജിനീയറിങ് കോളേജുമവിടുത്തെ തല തെറിച്ച പിള്ളേരും ഞങ്ങൾ പഠിക്കുന്ന സമയത്ത് നാട്ടുകാർക്ക് അത്ര സുഖമുള്ള ഒരു അനുഭവം ആയിരുന്നില്ല. 15 വർഷങ്ങൾക്കിപ്പുറം ചിന്തിക്കുമ്പോൾ അവിടെ ഇപ്പോൾ എങ്ങനെയാണെന്ന് അറിയില്ല... 2005 ൽ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ പോയതിനു ശേഷം ഇതുവരേയും കടന്നുചെല്ലാത്ത ഇടമാണ് LBS.
കാസർഗോഡ് ജീവിതമാണ് ആദ്യമായി വീട്ടിൽ നിന്ന് മാറിനിന്ന ജീവിതം. പല തരത്തിലുളള അനുഭവങ്ങൾ - പങ്കു വെക്കലുകൾ, അരിഷ്ടിച്ച് കിട്ടുന്ന പൈസ എങ്ങനെ ചിലവാക്കണം എന്ന ചിന്തകൾ, മേട്രന്റെ മുറിയിലെ ഫോൺ വിളികൾക്കായി കാതോർത്തിരുന്ന ദിവസങ്ങൾ, വൈകുന്നേരങ്ങളിലെ റോൾ-കാൾ വിളികൾ, ഞായറാഴ്ചകളിലെ ബ്രെഡ്-ഓംലെറ്റും, മസാലദോശയും .... എങ്ങനെ മുന്നോട്ട് ജീവിക്കണമെന്ന് പഠിപ്പിച്ച ഇടം! അന്ന് തീരുമാനിച്ചതാണ് - ആൺകുട്ടിയായാലും പെൺകുട്ടിയായാലും എൻ്റെ മക്കളെ ജീവിതത്തിൽ ഒരിക്കൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കും എന്നത്. സ്വന്തമായി അദ്ധ്വാനിച്ചു സമ്പാദിച്ചു തുടങ്ങും മുൻപ്, ജീവിതത്തിന്റെ ടെൻഷനുകളിലേക്ക് ഇറങ്ങും മുൻപ് രണ്ടിനും ഇടയിൽ നിൽക്കുമ്പോഴുള്ള ടീനേജിന്റെ ഒരു അവസാനകാലം - സ്വന്തം കാര്യം നോക്കാനറിയാം, എന്നാൽ ഇൻഡിപെൻഡന്റ് ആയിട്ടുമില്ല - ആ കാലം .... അപ്പോൾ ഒട്ടും മുൻപരിചയമില്ലാത്ത, ഇതേ വഴികളിൽ കൂടി കടന്നുപോകുന്ന മറ്റു ചിലരോടൊപ്പം താമസിക്കണം ... ആ ജീവിതമുണ്ടല്ലോ, അത് നമ്മളെ പലതും പഠിപ്പിക്കും!

ലേഡീസ്ഹോസ്റ്റലുകളിൽ ഞങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിച്ചിരുന്ന ഒരു സമയം ഏതാണെന്ന് അറിയുമോ? കൃത്യമായ മുന്നറിയിപ്പോടെ വന്നിരുന്ന അരമണിക്കൂർ പവർകട്ട് ആയിരുന്നു ആ സമയം. പരീക്ഷാക്കാലത്തു പോലും ആ അരമണിക്കൂർ ഞങ്ങൾ മെഴുകുതിരി കത്തിക്കുകയോ ടെൻഷൻ അടിച്ചു പവർകട്ടിനെ പ്രാകുകയോ ചെയ്യില്ല. ആ അരമണിക്കൂർ ഞങ്ങൾ സംഗീത സാന്ദ്രമാക്കുമായിരുന്നു!! കൂട്ടത്തിലെ പാട്ടുകാരി - രെച്ചു എന്ന രശ്മി ഞങ്ങൾക്ക് വേണ്ടി 'ഓൺ ഡിമാണ്ട്' പാട്ടുകളൊക്കെ പാടും ... എൻ്റെ പ്രിയപ്പെട്ടയിടം ജനാലപ്പടിയായിരുന്നു, അതിനടുത്തുള്ള കട്ടിലിലിരുന്ന് രച്ചുവിന്റെയും മറ്റുള്ളവരുടെയും പാട്ടിനു തലയാട്ടി മൂളിക്കൊണ്ടിരിക്കുക! ആ അരമണിക്കൂർ തീരുമ്പോഴാണ് പൊതുവെ ഞങ്ങൾ പ്രാകാറുളളത് -ശ്ശേ, പെട്ടെന്ന് തീർന്നുപോയല്ലോന്ന്! (പഠിപ്പിസ്റ്റുകൾ, ടെൻഷനിസ്റ്റുകൾ ഒക്കെ വേറെ ഉണ്ടാരുന്നു ട്ടാ - ഞങ്ങളുടെ ഗ്യാങ് അതിൽപ്പെടില്ല  )

രെച്ചു പാടിയ പാട്ടുകളിൽ എനിക്കേറ്റവും ഇഷ്ടമുള്ള മൂന്നു പാട്ടുകളാണ് -

1. സസ്നേഹത്തിലെ 'താനേ പൂവിട്ട മോഹം..'
2. 'ഒന്നാം രാഗം പാടി '....
3. മാളൂട്ടിയിലെ നമ്മളിന്ന് കേൾക്കാൻ പോകുന്ന പാട്ട് - 'സ്വർഗങ്ങൾ സ്വപ്നം കാണും..'

You see the irony? മൂന്നു പാട്ടും പാടിയിരിക്കുന്നത് അന്നുമിന്നും പ്രിയപ്പെട്ട വേണുച്ചേട്ടനാണ്... അന്നാ പാട്ടുകൾ കേൾക്കുമ്പോൾ സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല വേണുച്ചേട്ടനെ കാണുമെന്ന്, അദ്ദേഹം എൻ്റെ കവിതകൾക്കൊരു ആസ്വാദനമെഴുതുമെന്ന്, ഞാനെഴുതുന്നവ അദ്ദേഹം വായിക്കുമെന്ന്!
അങ്ങനെയിങ്ങനെയൊന്നും കറണ്ട് പോകാത്ത രാജ്യത്തിരുന്നു പവർക്കട്ടിനെക്കുറിച്ചു നൊസ്റ്റാൾജിക് ഓർമയെഴുതുന്നോരെ എനിക്കും പണ്ട് പുശ്ചമായിരുന്നു എന്നും കൂടിചേർത്തുകൊണ്ട് ഞാൻ ഇന്നത്തേത് നിർത്തുന്നു 
'നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന ജീവിയാണ് മനുഷ്യൻ' എന്നത് എൻ്റെ കാര്യത്തിൽ വളരെ വളരെ ശരിയാണ്... രെച്ചുവിനോട് ഇതൊന്നു പാടി അയച്ചുതരൂ എന്നൊരു മെസ്സേജ് വാട്സാപ്പിൽ ടൈപ്പ് ചെയ്യട്ടേ  അവളുടെ പാട്ടുകേട്ട് കണ്ണടച്ചിരുന്ന് ആ ജനാലപ്പടി സ്വപ്നം കാണണം, പ്രിയപ്പെട്ട കൂട്ടുകാരികളെയും, താഴേക്കു നോക്കിയാൽ കാണുന്ന കടയും, ഇടവഴിയും.....

https://www.youtube.com/watch?v=DJpOwV60tis
---------------==----------------===--------------------------------===---------------------------==-----------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

9 comments:

  1. മനസ്സ് തുള്ളിച്ചാടുമായിരുന്നു ഈ പാട്ട് കേൾക്കുമ്പോ❤️ഇതിന്റെ ഈണവും വേഗവുമെല്ലാം നമ്മെ എടുത്തുയർത്തുന്ന അനുഭൂതി. എന്റെ L. P. സ്കൂൾ കാലഘട്ടത്തിൽ ഇറങ്ങിയ പടമാണ് മാളൂട്ടി. ചെറുപ്പത്തിൽ സ്വർഗങ്ങൾ സ്വപ്നം കാണുമിനോടായിരുന്നു ഇഷ്ടക്കൂടുതൽ. (മുതിർന്നപ്പോൾ അതിലെ തന്നെ മറ്റേ ഗാനത്തോടായി പ്രിയം ��)
    ഹോസ്റ്റൽ ലൈഫിനെ പറ്റി നിരീക്ഷിച്ചത് അക്ഷരം പ്രതി ശരിയാണ്. Day scholar ആയിരുന്നെങ്കിൽ നഷ്ടപ്പെടുമായിരുന്ന പലതും ഹോസ്റ്റലിന്റെ സംഭാവനയാണ്. പരിചിതഭൂമികയിൽ നിന്നും തെന്നി മാറി,പ്രതീക്ഷകളുടെയും ആശങ്കകളുടെയും കൗതുകങ്ങളുടെയും ഘർഷണം കൂടുതലുള്ള പുതിയൊരു ലോകത്തിന്റെ ഭാഗമായി തീരുക എന്നത് ഒരു സ്വയം ഉടച്ചു വാർക്കൽ കൂടിയാണ്. അക്കാലത്തിന്റെ പുളിപ്പും ചവർപ്പും മധുരവും ഓർമിപ്പിച്ച എഴുത്തിനു നന്ദി ☺️

    ReplyDelete
  2. 1989-90 ലെ ഹൃദയത്തെ മദിപ്പിച്ച പല പാട്ടുകൾക്കിടയിലാണ് ഇതിന്റെ സ്ഥാനം. പത്താം ക്ലാസ്കഴിയുമ്പോഴുള്ള ഒരു അനിർവ്വചനീയമാനസികാവസ്ഥയുണ്ടല്ലോ.. ആ കാലം. പരീക്ഷാ ചൂടിനിടയിലാണ്. എങ്കിലും സകല പൂരപ്പറമ്പുകളിലും എത്തുമെന്നതിനാൽ ഈ പാട്ട് മൈക്കിൽ കേൾക്കും. രാത്രി നാടകം കഴിഞ്ഞ് തിരിച്ചു റോഡിലൂടെ ചെറു ചെറു കുടുംബ സംഘങ്ങളായി വീട്ടിലേക്ക് പോകുമ്പോൾ സ്ട്രീറ്റ് ലൈറ്റിനിടയിലെത്തിയപ്പോൾ ഒരു സംഘാംഗം മറ്റൊരു സംഘംഗത്തിന് കൺകോണിലൂടെ അയച്ച സന്ദേശത്തിന് ഈ പാട്ടിന്റെ പശ്ചാത്തലമുണ്ടായിരുന്നു.

    ഓർമ്മപ്പെടുത്തലിന് നന്ദി

    ReplyDelete
  3. കുറച്ചു പാട്ടുകൾ മാത്രമേ വേണുഗോപാൽ പാടിയിട്ടുള്ളൂ. എല്ലാം ഹിറ്റുകളുമാണ് .

    മൂന്ന് പാട്ടുകളും ഭയങ്കര ഇഷ്ടം.

    ReplyDelete
  4. ഞാനും എന്റെ ഹോസ്റ്റൽ മുറിയിലേക്ക് തിരിച്ചു പോയി... 🥰കോളേജ് ബസിലും ഞങ്ങൾ ആർത്തു പാടിയ പാട്ടാ ഇത് 😄nostalgic ❤️

    ReplyDelete
  5. കാസർക്കോട്ടെ സങ്കരഭാഷ കേൾക്കുമ്പോഴുണ്ടാകുന്ന അങ്കലാപ്പും തമാശയും, മനസ്സിൽപ്പതിക്കുന്ന ശ്രുതിമധുരമായ പാട്ടുകൾ മൂന്നും ഇഷ്ടപ്പെട്ടു.
    ആശംസകൾ

    ReplyDelete
  6. "നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന ജീവിയാണ് മനുഷ്യൻ"

    നല്ല രസമായിരുന്നു വായിക്കാൻ. പാട്ടോർമ്മകൾ ഉഷാറാവുന്നുണ്ട്. ഇഷ്ടം

    ReplyDelete
  7. 'താനേ പൂവിട്ട മോഹം..'
    'ഒന്നാം രാഗം പാടി '....
    'സ്വർഗങ്ങൾ സ്വപ്നം കാണും....
    പവ്വർക്കട്ട് സമയത്ത്   പാടിയ മറക്കാനാകാത്ത പാട്ടുകൾ ..!

    ReplyDelete
  8. വടക്കുന്നാഥനെയും പിന്നൊരാളെയും ഒരുമിച്ച് ഒരു ദിവസം കണ്ടതുകൊണ്ട് ഒന്നാം രാഗം പാടി - ആ ആളുടെ പുറകേ പോകും ....
    സ്വർഗങ്ങൾ സ്വപ്നം കാണും .... കേൾക്കുമ്പോൾ എനിക്കെന്നും എന്റെ അച്ഛനെയും അമ്മയെയും മാത്രമേ ഓർമ വരൂ.....

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)