Saturday, February 8, 2020

എൻ്റെയാത്മാരാഗം കേട്ടുനിന്നുവോ......!

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 1997- 98

പത്താം ക്ലാസ്സിൻ്റെ ഏതാണ്ട് മദ്ധ്യസമയം. ഒരു പുതിയ കുട്ടി ട്യൂട്ടോറിയലിൽ അക്കൊല്ലം ചേർന്നു. പുറകിലെ ബഞ്ചുകളിലൊന്നിൽ പതുങ്ങിയിരിക്കുന്ന അധികം ആരോടും മിണ്ടാത്ത ഒരു കുട്ടി - പേര് കൃത്യമായി ഓർമയില്ല, രാധിക എന്നായിരുന്നോ എന്ന് സംശയമുണ്ട് (പ്രായമായിതുടങ്ങി - കഴിഞ്ഞ കൊല്ലം വരെ എനിക്കാ കുട്ടിയുടെ പേരോർമ്മ ഉണ്ടായിരുന്നു!  ) അതിനുമുന്നേയുള്ള കൊല്ലങ്ങളിൽ രണ്ടുമൂന്നു വട്ടം തോറ്റ കുട്ടിയാണ്, ഇക്കൊല്ലം എങ്ങനെയെങ്കിലും പത്താം ക്ലാസ് ജയിച്ചുകിട്ടാനായി ഇല്ലാത്ത കാശൊപ്പിച്ച് അവളടെ അമ്മ ട്യൂഷനു ചേർത്തതാണ്. അതിനു മുന്നേയൊക്കെ സ്‌കൂളിൽ വെച്ചുകണ്ടിട്ടുണ്ടെങ്കിലും ഞങ്ങളുടെ ബാച്ച് അല്ലാത്തത് കൊണ്ട് എനിക്കാ കുട്ടിയെ അധികം അറിയുമായിരുന്നില്ല.

അധികം മിണ്ടാത്ത, പഠിത്തത്തിലും മിടുക്കിയല്ലാതിരുന്ന, ഒരു തരത്തിലും ഞാനുമായി കൂട്ടില്ലാതിരുന്ന ആ സഹപാഠിയെ ഇപ്പോഴുമോർക്കാൻ ഒരു കാരണമേയുള്ളൂ - ചമയത്തിലെ ഈ പാട്ട്! അന്നത്തെ ഭ്രാന്തൻ ആവേശമായിരുന്നു, പ്രണയത്തിൻ്റെ വേദന തുളഞ്ഞുകയറുന്നത് പോലെ കേൾക്കുന്നവരിലേക്ക് എത്തിച്ച ചിത്രച്ചേച്ചിയുടെ ശബ്ദത്തിലുള്ള 'രാജഹംസമേ ...' ചിത്രഗീതത്തതിൽ പാട്ടു കണ്ടു കണ്ണ് നിറയ്ക്കും, വരികളൊക്കെ വീണ്ടും വീണ്ടുമോർത്ത് പഠിച്ചു വെയ്ക്കും, എവിടെയെങ്കിലും ചാൻസ് കിട്ടുമ്പോൾ പാടണമെന്നു കരുതും! (ഞാൻ വീണ്ടും വീണ്ടും പറയുന്നു - എനിക്ക് പാടാൻ അറിയില്ല ... അന്ന് വല്ലാത്ത തൊലിക്കട്ടി ആയിരുന്നു എന്ന് മാത്രമേ ഞാൻ ചെയ്തിരുന്ന ഇത്തരം അതിക്രമങ്ങളെക്കുറിച്ചു ഇപ്പോൾ പറയാനുള്ളൂ! )

അങ്ങനെയിരിക്കേ SSLC പരീക്ഷയൊക്കെ അടുക്കാനായ സമയത്ത് ക്‌ളാസ്സിലെ ഉത്കണ്ഠാകുലമായ അന്തരീക്ഷം ഒന്ന് തണുപ്പിക്കാൻ അന്നേരം ക്‌ളാസെടുത്തു കൊണ്ടിരുന്ന സാറാണ് പറഞ്ഞത് നമുക്ക് രണ്ടു പാട്ടു കേട്ടാലോന്ന്. ബയോളജി പഠിപ്പിച്ചിരുന്ന പുഷ്പരാജ് സാറാകാനാണ് സാദ്ധ്യത - പഠനം എങ്ങനെ പാൽപ്പായസം ആക്കാമെന്നു പഠിപ്പിച്ച അദ്ധ്യാപകരിൽ ഒരാൾ. ആൺകുട്ടികളിൽ നിന്ന് ഹരീഷ് പാടി - അവനാണ് അന്ന് ഞങ്ങളുടെ സ്വന്തം പാട്ടുകാരൻ ചെക്കൻ. ഞാൻ പാടിയോ എന്നോർക്കുന്നില്ല, പക്ഷേ പുറകിൽ നിന്നാരോ ' ഈ കൊച്ചു പാടും സാറേ, സാറ് പറഞ്ഞാൽ പാടും' എന്ന് പറഞ്ഞതും ഉന്തിത്തള്ളി ഈ കുട്ടിയെ മുന്നിലെത്തിച്ചതും ഓർമയുണ്ട്.

പാകമാകാത്ത, ഇറുകി  മുഷിഞ്ഞ ചന്ദനക്കളറും മെറൂണും യൂണിഫോമിൽ, പൊട്ടില്ലാത്ത നെറ്റിയുമായി നിന്ന ആ കുട്ടിയുടെ മുഖമോർമ്മയുണ്ട് ഇപ്പോഴും. 'ഈ കുട്ടി എന്ത് പാടാൻ' എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നിരിക്കണം. എല്ലാരേയും ഞെട്ടിച്ചുകൊണ്ട് അത്രമേൽ മധുരമായ ശബ്ദത്തിൽ അവൾ പാടി ...അലിഞ്ഞു പാടി.... ഒരു ക്‌ളാസ് മുഴുവൻ നിശബ്ദമായി അതിൽ ലയിച്ചു!

"ഹൃദയ രേഖ പോലെ ഞാൻ
എഴുതിയ നൊമ്പരം..
നിറമിഴിയോടെ കണ്ടുവോ,
തോഴൻ!!

എൻ്റെയാത്മാരാഗം കേട്ടുനിന്നുവോ...
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥൻ.. വരുമോ... പറയൂ !!"

അനുപല്ലവിയിലെ അവസാന വരികൾ ആ കുട്ടിക്ക് അറിയില്ലായിരുന്നു, ആ പാട്ട് പെട്ടെന്ന് നിന്നപ്പോൾ എല്ലാവരും നിരാശരായി. ഞാനത് പറഞ്ഞുകൊടുക്കാൻ നോക്കി, പക്ഷേ അവൾ നാണിച്ചുനിന്നതേയുള്ളൂ. വീണ്ടും വീണ്ടും ഞാൻ പറഞ്ഞു ... "എന്ത് രസാ നിന്റെ പാട്ടുകേൾക്കാൻ! " കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ ഇന്നായിരുന്നെങ്കിൽ. അതിനുശേഷം സ്‌കൂളിൽ പലരോടും ഞാനീ കുട്ടിയെക്കുറിച്ചു പറഞ്ഞു, ആരും അറിയാതെ പോയ ഒരു പാട്ടുകാരി. പത്താംക്ലാസിൽ ആള് ജയിച്ചില്ല എന്നാണ് ഓർമ്മ. അത് കഴിഞ്ഞു അമ്മയ്‌ക്കൊപ്പം പണിക്ക് പോയിക്കാണണം, കല്യാണമൊക്കെ കഴിഞ്ഞു കാണണം, കുഞ്ഞുങ്ങളും കെട്ടിയോനുമൊക്കെയായി സന്തോഷമായി ജീവിക്കുന്നുണ്ടാകണം, ഇടയ്ക്കിടെ അവർക്ക് വേണ്ടി മാത്രം പാട്ടുകൾ മൂളുന്നുണ്ടാകണം. അടുത്തിടെ ഒരമ്മ അവരുടെ മകൻ നിര്ബന്ധിച്ചിട്ട്, അടുപ്പിൽ തീയൂതുന്ന കൂട്ടത്തിൽ 'അഴലിന്റെ ആഴങ്ങളിൽ' പാടുന്നതുകേട്ടപ്പോൾ ഞാനോർത്തത് പാവാടത്തിരുപ്പിടിപ്പിച്ച് രാജഹംസമായി ഞങ്ങളിലേക്ക് ഇറങ്ങിയ ഈ സഹപാഠിയെയാണ്.

നാവായിക്കുളത്തിനടുത്ത് ഏതോ വീട്ടിൽ അവൾ പാടുന്നുണ്ടാകണം ഇപ്പോഴും....

-------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

10 comments:

  1. 'എന്തു രസാ നിന്റെ പാട്ടുകേൾക്കാൻ...' ഇതമതിയല്ലോ ഓർമ്മിക്കാൻ...
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി സാർ ... അവളെ ഇനിയൊരിക്കൽ കോടി കാണുമോ എന്ന് അറിയില്ല... കണ്ടാൽ കൊള്ളാമായിരുന്നു !

      Delete
  2. മുൻകൂർ ജാമ്യം എടുത്തു അല്ലേ?
    ഇഷ്ടം
    ആശംസകൾ

    ReplyDelete
    Replies
    1. ശരിക്കും എനിക്ക് പാടാൻ അരിയിൽ...ആസ്വദിക്കും , നല്ലോണം :) ഇഷ്ടം ട്ടാ

      Delete
  3. സ്കൂൾ വർഷങ്ങളിൽ എല്ലാ ക്ലാസ്സിലുമുണ്ടായിരുന്നു, ഇതേ ആളുകൾ . പല ക്ലാസിലും അവന് ഒരേ പേരായിരുന്നു.


    ഈ കുറിപ്പ് ഒരു നിമിത്തം. എന്നെ ഇനിയുമിനിയും ഓർമ്മിപ്പിക്കൂ..

    ReplyDelete
    Replies
    1. ഈ കുറിപ്പ് നിമിത്തമായി തോന്നിയ കാര്യം എപ്പോൾ എഴുതും ? വേഗം ആകട്ടെ :) സ്നേഹം ട്ടാ

      Delete
  4. എത്ര നല്ല പാട്ടാണ് അല്ലേ ❤️ജോൺസൻ മാഷുടെ പ്രതിഭയിൽ വിരിഞ്ഞ മറ്റൊരു സംഗീത വിസ്മയം.
    ആ കുട്ടിയെ പോലെ എത്രയോ പേർ ഉണ്ടാവും, കുടത്തിലെ മാണിക്യം പോലെ, ആത്മവിശ്വാസം കുറഞ്ഞു പോയത് കൊണ്ട് മാത്രം സ്വയം വെളിപ്പെടുത്താത്തവർ...
    ആർഷയുടെ ആ കൂട്ടുകാരി സന്തോഷമായി ഇരിക്കുന്നുണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു. ☺️ സ്നേഹം ഈ കുറിപ്പിന് ❤️❤️

    ReplyDelete
  5. പ്രായമായിത്തുടങ്ങി എന്ന് എഴുതരുത്. ഞാനും കൂടി വായിക്കുന്നതാണെന്ന് ഓർമ വേണം..


    അത്ര വലിയ ഇഷ്ടമില്ലാത്ത പാട്ടാണ്.

    ReplyDelete
  6. കേട്ടാൽ അതിലലിഞ്ഞു പോകുന്ന പാട്ട് ....
    ഒരുപാട് ഇഷ്ടമാണ് ... ചേച്ചി പറഞ്ഞ ആ അമ്മയേക്കാൾ എനിക്ക് ഓർമ വന്നത് ചന്ദ്രലേഖയെ ആണ് .!!

    ReplyDelete
  7. പാകമാകാത്ത, ഇറുകി മുഷിഞ്ഞ ചന്ദനക്കളറും മെറൂണും യൂണിഫോമിൽ, പൊട്ടില്ലാത്ത നെറ്റിയുമായി നിന്ന ആ കുട്ടിയുടെ മുഖമോർമ്മയുണ്ട് ഇപ്പോഴും. 'ഈ കുട്ടി എന്ത് പാടാൻ' എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നിരിക്കണം. എല്ലാരേയും ഞെട്ടിച്ചുകൊണ്ട് അത്രമേൽ മധുരമായ ശബ്ദത്തിൽ അവൾ പാടി ...അലിഞ്ഞു പാടി.... ഒരു ക്‌ളാസ് മുഴുവൻ നിശബ്ദമായി അതിൽ ലയിച്ചു!

    "ഹൃദയ രേഖ പോലെ ഞാൻ
    എഴുതിയ നൊമ്പരം..
    നിറമിഴിയോടെ കണ്ടുവോ....തോഴൻ ...!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)