Thursday, February 13, 2020

" പത്തുവെളുപ്പിന് ..മുറ്റത്തു നിൽക്കണ കസ്തൂരിമുല്ലയ്ക്ക് "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1993 ന് മുൻപ്

ഒന്നാം ക്ലാസ്സിൽ ആകുന്നതിനും മുൻപ് മുതൽ ഏതാണ്ട് ആറാംക്ലാസ്സ് തീരും വരെ ഞങ്ങൾ താമസിച്ചിരുന്നത് ഒരേ വീട്ടിലാണ്. നാവായിക്കുളത്ത് അമ്മൻകോവിലിനു അടുത്തുള്ള ഒറ്റക്കിടപ്പുമുറിയുള്ള വീട്ടിൽ. ഓടിട്ട ഇളം മഞ്ഞപ്പെയിന്റടിച്ച ആ വീടിന് മുന്നിലൊരു വേപ്പുമരം ഉണ്ടായിരുന്നു. ഞങ്ങളുടെ കത്തിയണയുന്ന ക്രിസ്ത്മസ് നക്ഷത്രം അതിലാണ് തൂക്കുന്നത്. നീളൻ ഇരിപ്പുപടിയുണ്ടായിരുന്ന ആ വീടിൻ്റെ മുന്നിലെ മുറ്റം വളരെ ചെറുതായിരുന്നു. പിന്നിലെ മുറ്റത്തിൽ 'അമ്മ നട്ടുനനച്ചു വളർത്തിയ കനകാംബരങ്ങളും നിത്യകല്യാണിയും എന്നും പൂത്തിരുന്നു. ഞങ്ങൾ മൂന്നാൾക്കും വലിയ അവകാശങ്ങളൊന്നും ഇല്ലാതിരുന്ന ആ പൂന്തോട്ടത്തിൽ നിറയെ എന്നും പൂക്കളുണ്ടാകും.. പല പല നിറത്തിലെ ബാൽസ്യങ്ങൾ (കാശിത്തുമ്പ), പിങ്കും ചുവപ്പും ചെമ്പരത്തികൾ, അടുക്കു ചെമ്പരത്തി,പിന്നെ അമ്മയ്ക്ക് എവിടെ നിന്നോ കിട്ടിയ ഒരു സ്‌പെഷ്യൽ വയലറ്റ് ചെമ്പരത്തി, കുഞ്ഞു റോസ, പടർന്നു പന്തലിച്ചു നിന്ന നിത്യകല്യാണി, പിച്ചി അങ്ങനെയങ്ങനെ അമ്മയുടെ പൂന്തോട്ടം ആരോഗ്യമുള്ള പൂന്തോട്ടമായിരുന്നു.

ഞങ്ങൾ നട്ടതാണ് ഒരു പാഷൻ ഫ്രൂട്ട് വള്ളി.. പടർന്നു കയറാൻ ഇഷ്ടംപോലെ പ്ലാവുകൾ ഉള്ള ഒരു വീടായിരുന്നു അത്. ഒരു പ്ലാവിൽ നിന്ന് മറ്റൊരു പ്ലാവിലേക്ക് പടർത്തി ഞങ്ങളതിനെ ഒരു വള്ളിക്കുടിൽ ആക്കി. വണ്ണമുള്ള തണ്ടോടെ അത് പ്ലാവിനെ ചുറ്റിപ്പിണഞ്ഞു കെട്ടിപ്പിടിച്ചു നിന്നു. എത്രയോ ചൂടൻ ദിനങ്ങളിൽ അത് ഞങ്ങളുടെ 'ക്യാമ്പിങ്' കൂടാരമായിരുന്നു. എത്ര വേനലിലും ആ പച്ചിലപ്പടർപ്പിനുള്ളിൽ ഇരുന്നാൽ നല്ല തണുതണുത്തിരിക്കാം - ഒരു എ/സി റൂമിലിരിക്കുംപോലെ. ഓരോ മൊട്ട് വരുമ്പോഴും ഞങ്ങൾ നോക്കിനോക്കി വെക്കും ..അത് പൂവായി വിരിഞ്ഞ്, പച്ചച്ചു കായായി വളർന്നു, മഞ്ഞച്ചു പഴമായി മാറും വരെ ഞങ്ങൾ മൂന്നാളും അതിനെ നോക്കി നോക്കിവെക്കും. ഒടുവിൽ പഴുത്തു അണ്ണാറക്കണ്ണനോ കിളികളോ കൊത്തും മുന്നേ താഴെ വീഴും മുന്നേ ആദ്യത്തെ പഴം ഞങ്ങൾ തന്നെ പറിക്കും. പിന്നെ കുറെയേറെ കിട്ടും. പക്ഷേ ആ ആദ്യത്തെത് അടികൂടി കഴിക്കുമ്പോഴുള്ള സ്വാദ് വേണ്ടാതെ അവിടെ വീണുകിടക്കുന്നതിന് ഉണ്ടാകില്ലലോ! പാഷൻ ഫ്രൂട്ടിന്റെ മുകൾഭാഗം, ഞെട്ടിന്റെ ഭാഗം ഒരടപ്പു പോലെ വട്ടത്തിൽ മുറിച്ചുമാറ്റണം എന്നിട്ട് പഞ്ചസാര ഇട്ടു സ്പൂൺ കൊണ്ടിരിളക്ക് ഇളക്കണം.. എന്നിട്ടതിനെ ആ വായ്‌വട്ടത്തിലൂടെ ഉറിഞ്ചിക്കുടിക്കണം ....ആഹാ, ഇപ്പോഴും കൊതി കൊണ്ട് വായിൽ കപ്പലോട്ടാം!
ഒരു ദിവസം നേരം വെളുത്തപ്പോൾ മുതൽ പാഷൻ ഫ്രൂട്ടിന്റെ ഇലകൾ മഞ്ഞച്ചുകൊഴിയാൻ തുടങ്ങി. നോക്കി നോക്കി വന്നപ്പോൾ തള്ള വിരൽ വണ്ണമുളള തണ്ടിൽ തന്നെ ആരോ വെട്ടിയിരിക്കുന്നു. ആരാണെന്നു ഇന്നും അറിയില്ല - ഞങ്ങളുടെ പ്രിയപ്പെട്ട ഫാഷൻകാരി അങ്ങനെ ഓർമയായി.  പിന്നെയൊരിക്കലും പാഷൻ ഫ്രൂട് വളർത്താൻ നോക്കിയിട്ടില്ല, താമസം മാറിപ്പോയ മറ്റൊരു വീട്ടിൽ വലിയൊരു പാഷൻ ഫ്രൂട്ടിന്റെ ചെടി ടെറസ് മറഞ്ഞ് ഉണ്ടായിരുന്നെങ്കിലും ഇത്രമേൽ പ്രിയപ്പെട്ടതായില്ല അത്.

എന്റെയീ പ്രിയപ്പെട്ട വീടിൻ്റെ വലതു വശത്ത് ആണ് ഒറ്റച്ചാട്ടത്തിന് എത്തുന്ന അമ്മന്കോവില് എന്ന ചെറിയ അമ്പലം. നാവായിക്കുളത്തുകാർക്ക് ഒരു വലിയ അമ്പലം കൂടിയുണ്ട് - ശ്രീ ശങ്കരനാരായണ സ്വാമി അമ്പലം, വീട്ടിൽ നിന്നിറങ്ങി ഇടത്തേക്ക് ഒറ്റയോട്ടം കണ്ണുമടച്ചു വെച്ചുകൊടുത്താൽ നാലാം മിനിറ്റിൽ വല്യമ്പലത്തിന്റെ മതിലിൽ തട്ടിനിൽക്കും. ഈ രണ്ട് അമ്പലങ്ങളും എന്നെ, എൻ്റെ ജീവിതത്തിനെ സ്വാധീനിച്ച മറക്കാനാകാത്ത ഓർമ്മകൾ തന്നയിടങ്ങളാണ്. ഏപ്രിലിൽ ആണ് അമ്മന്കോവിലിലെ 2 ദിവസമുള്ള അമ്മൻകൊട ഉത്സവം, ഏപ്രിൽ അവസാനം - മെയ് ആദ്യവാരമായിട്ടാണ് വല്യമ്പലത്തിലെ 11 ദിവസം നീളുന്ന മഹോത്സവം. 10 ദിവസം നീളുന്ന ഉത്സവത്തിന് മുന്നോടിയായി ആദ്യ ദിവസം എല്ലാ കരയിലും ആഘോഷങ്ങൾ ഉളള 'ഉരുൾ'. ഉരുൾ കഴിഞ്ഞു പിറ്റേന്നാണ് കൊടിയേറുക ... ഒൻപതാം ഉത്സവമാണ് ഏറ്റവും പ്രധാനം - അന്ന് നാവായിക്കുളത്തേക്ക് വിരുന്നുകാർ വരുന്ന ദിവസമാണ്, കെട്ടിച്ചുവിട്ട പെൺമക്കളും,ദൂരെ ജോലിക്ക് പോയിരുന്നവരും ഒക്കെ തിരികെ വന്നിരുന്ന ദിവസം. ഒൻപതാം ഉത്സവത്തിന്റെ ആറാട്ട് കേമമാണ് .. ഘോഷയാത്രയും. അന്ന് കൊടിയിറങ്ങും - പത്താം ഉത്സവത്തിന്റെ സ്റ്റേജിലെ പരിപാടി കാണാൻ പോലും ആള് കുറവായിരിക്കും. ഉത്സവം തുടങ്ങിയാൽ പത്തു ദിവസവും എന്നെ ആ സ്റ്റേജിന്റെ മുന്നിൽ കാണാം. അമ്പലപ്പറമ്പിൽ സ്റ്റേജിന്റെ ഏറ്റവും മുന്നിലായിട്ട് ഒരു കയർ കെട്ടിയിട്ടുണ്ടാകും, അതിൽ പിടിച്ചുകൊണ്ട് ഞാനും എന്റെ അന്നത്തെ കുട്ടിപ്പട്ടാളവും എന്നും ഹാജർ വെക്കും. രണ്ടും അഞ്ചും ദിവസങ്ങൾ കഥകളി ആണ് പണ്ടുമുതലേ, ആ ദിവസങ്ങളിൽ മാത്രമാണ് കുറേ കണ്ടുമടുക്കുമ്പോൾ തലേന്നത്തെയൊക്കെ ഉറക്കക്ഷീണം പരിഹരിക്കാൻ വീട്ടിൽ പോവുക. അല്ലെങ്കിൽ പരിപാടി എപ്പോൾ തീരുന്നോ അപ്പോഴേ വീട്ടിലേക്ക് പോകൂ. രണ്ടു നാടകമുണ്ടായിരുന്ന ഒരു ദിവസം നാടകവണ്ടി രണ്ടാമത്തേത് വരാൻ സാമാന്യം വൈകുകയും രണ്ടാം നാടകം കഴിഞ്ഞപ്പോൾ രാവിലെ ആറ് - ആറര മണി ആകുകയും ചെയ്തത് ഓർമയുണ്ട്, നേരെ വീട്ടിൽ വന്നുകുളിച്ചു എട്ടു മണിയുടെ ക്‌ളാസിനു പോയി അന്ന്.


അന്നത്തെ എൻ്റെ ഹീറോസ് - അഥവാ എൻ്റെ സ്വപ്നത്തിൽ വരുന്ന മനുഷ്യന്മാർ രണ്ടു വിഭാഗമാണ്; ഒന്ന് ഗാനമേളകളിലെ ഗായകർ! രണ്ട് നാടകത്തിലെ അഭിനേതാക്കൾ. ഞങ്ങൾ പിള്ളേർ സംഘത്തിന് അന്നൊരു സ്വഭാവം ഉണ്ടായിരുന്നു. ഗാനമേള ട്രൂപ്പിലെ നല്ലോണം പാടുന്നവരെയൊക്കെ ഇന്റർവെൽ സമയത്ത് സ്റ്റേജിന്റെ പിന്നിൽ പോയി പരിചയപ്പെടുക. നാടകക്കാരോടും ഉണ്ടായിരുന്നു ഇതേ ഭ്രമം. മിക്കപ്പോഴും തൊലിക്കട്ടി + വാചകമടി കൈമുതലായിട്ടുളള ഞാനാകും ഇവരെയൊക്കെ വിളിച്ചുകൊണ്ട് പോകുക. അവിടെപ്പോയി അവരോട് നിങ്ങൾ പാടിയത് വളരെ നന്നായി എന്നോ, അഭിനയം കലക്കി എന്നോ പറയാതിരുന്നാൽ എനിക്കന്നുറക്കമേ വരില്ലായിരുന്നു!

അങ്ങനെ 93 നു മുൻപുള്ള ഏതോ ഉത്സവകാലം അത്തവണ പാടാൻ വന്ന ഗാനമേളക്കാരോടൊപ്പം മീശ മുളച്ചുതുടങ്ങിയിട്ടില്ലാത്ത, വെളു വെളുത്ത ജൂബ ഒക്കെയിട്ടൊരു സുന്ദരൻ ചേട്ടനും ഉണ്ടായിരുന്നു- ഒരു ഹൈസ്‌കൂൾ അല്ലെങ്കിൽ പ്രീഡിഗ്രി പയ്യൻ. (വേണുഗോപാൽ ജീയെ ആദ്യമായി കാണുന്നതും ഇത്തരമൊരു ഉത്സവ സമയത്താണ് - അന്ന് ആ ഫ്രോക്കുകാരി അദ്ദേഹത്തെ വേണുമാമാന്നു വിളിച്ചുംകൊണ്ട് പാട്ടുചിറ്റുമായി സ്റ്റേജിൽ കയറിയത് പണ്ടെപ്പോഴോ എഴുതിയിട്ടുമുണ്ട്). സ്റ്റേജിനു പിന്നാമ്പുറത്തുപോയി ആ ചേട്ടനെക്കണ്ടു സംസാരിച്ചപ്പോൾ ചേട്ടന് വൻ നാണം - കുറെപ്പീക്കിരി പെൺപിള്ളേർ തിക്കിത്തിരക്കുന്നു ആശാനെ കാണാനും അഭിനന്ദിക്കാനും - ആർക്കും നാണം വരും! എന്തായാലും എനിക്കാ ആളിനെ 'ക്ഷ' പിടിച്ചു.അതിനടുത്ത കൊല്ലം ഉത്സവത്തിന് നോട്ടീസ് കിട്ടിയപ്പോഴേ നോക്കിയത് പുള്ളി ഉണ്ടായിരുന്ന ഗാനമേള ട്രൂപ്പ് ഉണ്ടോയെന്നാണ്. പിന്നീടറിഞ്ഞു പുള്ളി സിനിമയിൽ പാടിയെന്ന്. ഉർവശിയും, മുരളിയും, മനോജ് കെ ജയനും kpac ലളിതയുമൊക്കെ അഭിനയിച്ച 'വെങ്കലം' സിനിമയിലെ ഈ പാട്ട് ചിത്രച്ചേച്ചി പാടിയ വേർഷനാണ് സിനിമയിൽ ഉള്ളത്... പക്ഷേ, എനിക്കിഷ്ടം ഈ ആണ്ശബ്ദത്തിലേത് ആണ്.

വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ അമ്പലത്തിൽ ഉത്സവത്തിനു വീണ്ടും വന്നു ആ പഴയ സുന്ദരൻ - 'അടുത്തതായി നിങ്ങൾക്ക് വേണ്ടി വെങ്കലം എന്ന സൂപ്പര്ഹിറ്റ് സിനിമയിലെ സ്വന്തം ഗാനവുമായി എത്തുന്നു ബിജു നാരായണൻ'

പത്തുവെളുപ്പിന് ..മുറ്റത്തു നിൽക്കണ കസ്തൂരിമുല്ലയ്ക്ക്
-----------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

2 comments:

  1. പാട്ടോർമ്മകളിലൂടെ പഴയകാലച്ചിത്രങ്ങൾ മനോമുകരത്തിൽ തെളിഞ്ഞു വരുന്നു!
    ആശംസകൾ

    ReplyDelete
  2. 'ഗാനമേള ട്രൂപ്പിലെ നല്ലോണം പാടുന്നവരെയൊക്കെ ഇന്റർവെൽ സമയത്ത് സ്റ്റേജിന്റെ പിന്നിൽ പോയി പരിചയപ്പെടുക. നാടകക്കാരോടും ഉണ്ടായിരുന്നു ഇതേ ഭ്രമം. മിക്കപ്പോഴും തൊലിക്കട്ടി + വാചകമടി കൈമുതലായിട്ടുളള ഞാനാകും ഇവരെയൊക്കെ വിളിച്ചുകൊണ്ട് പോകുക. അവിടെപ്പോയി അവരോട് നിങ്ങൾ പാടിയത് വളരെ നന്നായി എന്നോ, അഭിനയം കലക്കി എന്നോ പറയാതിരുന്നാൽ എനിക്കന്നുറക്കമേ വരില്ലായിരുന്നു... !@'അമ്പടി ... കേമി ..!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)