Saturday, February 1, 2020

"ഏകാന്ത ചന്ദ്രികേ ..."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


വർഷം  2013
അതിഭീകര മഞ്ഞും തണുപ്പും കാരണം താച്ചുവിന് സ്‌കൂൾ അവധിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെ. ചെറിയ ആളുടെ പനിയും പുറത്തേക്ക് പോകാനുള്ള മടിയും കാരണം ഞങ്ങളും രണ്ടു ദിവസം ഓഫ് എടുത്തും വീട്ടിലിരുന്നു ജോലി ചെയ്തുമൊക്കെ 'പോളാർ വെർട്ടെക്സി'നെ അങ്ങ് ഹാപ്പിയായി ആഘോഷിച്ചു. സിനിമ കാണാൻ കുടുംബത്തോടെ ഇഷ്ടമുള്ള ടീമായത്കൊണ്ടും പുറത്തേക്കൊന്നും പോകാൻ പറ്റാതിരുന്നതുകൊണ്ടും മൂന്നു ദിവസം സിനിമകളുടെ മേളമായിരുന്നു എന്ന് പറയാം. താച്ചുവിന് (ദിച്ചുവിനും) മലയാളം ദൂരെയാകാതിരിക്കാൻ മനഃപൂർവം ചെയ്യുന്ന ഒരു കാര്യം കുട്ടികൾക്ക് കൂടി കാണാൻ കഴിയുന്ന മലയാളം സിനിമകൾ ഇടയ്ക്കിടെ കാണുക എന്നതാണ് - ഒരു ഫാമിലി മൂവി ടൈം എന്നും പറയാം. അങ്ങനെ താച്ചുവിനോട് ഇത്തവണ ഏതു സിനിമ കാണണം എന്ന് ഓപ്‌ഷൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞത് "മുണ്ട് .. നീ മുണ്ട്" സിനിമ അല്ലെങ്കിൽ "കാക്ക തൂറീന്നാ തോന്നണേ" സിനിമ കാണാം എന്നാണ്.


റാംജിറാവു കാണാൻ ഇഷ്ടമാണെങ്കിലും അവനു കുറച്ചുകൂടി ഇഷ്ടപ്പെടാൻ സാധ്യത ഹരിഹർ നഗർ ആയതുകൊണ്ട് ഞങ്ങൾ അതാണ് കണ്ടത്. അപ്പുക്കുട്ടനിപ്പോഴും ഒരു മാറ്റോമില്ല കേട്ടോ  താച്ചുവിന് ഈ സിനിമാ തമാശകളൊക്കെ കിട്ടുന്നത് ഞങ്ങളുടെ മലയാളി അസോസിയേഷൻ പരിപാടികളിൽ നിന്നാണ്. അബ്ബാസിക്ക ഇന്നലത്തെ പോസ്റ്റിന്റെ കമന്റിൽ പറഞ്ഞതുപോലെ ഒറ്റയൊറ്റ മരങ്ങളായി നമ്മൾ ജീവിക്കുന്ന ഇടങ്ങളിലെ കൂട്ടുമരങ്ങൾ, അവ ചേർന്നുണ്ടാകുന്ന ഒരു വനം - അങ്ങനെയൊരു വനമാണ് വിസ്‌മ . ഈ കൂട്ടായ്മയുടെ തണൽ ആവോളം ഞങ്ങൾ അനുഭവിക്കുന്ന ഇടമാണ് വിസ്കോൺസിൻ. എന്റെയോർമ്മകളിലെ നാവായിക്കുളവും അമ്പലവും ചങ്ങനാശ്ശേരി കോഫിഹൌസും ഒക്കെപ്പോലെ ആണ് താച്ചുവിനും ദിച്ചുവിനും ഓണപ്പരിപാടികളും ഇവിടുത്തെ അമ്പലവും ക്രിസ്ത്മസ് ഡിന്നറുകളും റിഹേഴ്സലുകളും ഒക്കെ. അങ്ങനെയങ്ങനെ അവർ അവരുടെ സമ്പാദ്യം കൂട്ടുകയാണ്. ഹരിഹർനഗർ കണ്ടുതുടങ്ങിയപ്പോൾ താച്ചു പെട്ടെന്നോർത്തു പറഞ്ഞു, "ഇതിലല്ലേ അമ്മാ ഏകാന്തചന്ദ്രികേ ..." ഞാനും കെട്ടിയോനും ഒറ്റയടിക്ക് 2013 ലെ ക്രിസ്ത്മസ് ആഘോഷങ്ങളിലേക്ക് പോയി - ഏറ്റവും പ്രിയപ്പെട്ട മറ്റൊരു സുഹൃത്തിനെ ഓർത്തു!


എൻ്റെ കെട്ട്യോൻ നടാടെ ഒരു പാട്ട് സ്റ്റേജിൽ കയറി പാടിയ വർഷമാണ് 2013 - അത്തവണത്തെ ക്രിസ്ത്മസ് പ്രോഗ്രാമിന് നമുക്കും ഒരു പാട്ടവതരിപ്പിക്കണം എന്ന് ആശയം പറഞ്ഞതും നിർബന്ധപൂർവം ആശാനെ അതിലേക്ക് തള്ളി/ തല്ലി കയറ്റിയതും ജെ പി എന്ന് ഞങ്ങൾ വിളിക്കുന്ന സുഹൃത്താണ്. മറ്റു രണ്ടു സുഹൃത്തുക്കളും ഉണ്ട്. ജെപി നല്ല പാട്ടുകാരൻ ആണ്, മറ്റു രണ്ടുപേരും അത്യാവശ്യം തരക്കേടില്ലാതെ പാടും. കുടുങ്ങിയത് ഞമ്മടെ കെട്ട്യോനാണ്! ജെ പി വളരെ അടുത്ത സുഹൃത്താണ്, ഇവിടെ വരുന്നതിനു മുൻപേ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്, അവർ രണ്ടുപേരും ഒരുമിച്ചാണ് അമേരിക്കയിലേക്ക് ആദ്യമായി വന്നത്, കുടുംബം നാട്ടിലേക്ക് പോയതുകൊണ്ട് ഇപ്പോൾ കക്ഷി ഞങ്ങളുടെ അയൽക്കാരനുമാണ്, താച്ചുവിന്റെ സ്വന്തം jp മാമൻ! ജഗദിഷ് പറയുന്നത് പോലെ "അതിനവര് ചായേം കാച്ചികൊണ്ട് വന്നാലല്ലേ നല്ല ചായ എന്ന് പറയാൻ പറ്റൂ ", പാടാൻ കൂടില്ല എന്ന് പറയാൻ ഒരു ഓപ്‌ഷൻ ചോദിച്ചാൽ അല്ലേ പറ്റൂ. jp എല്ലാം തീരുമാനിച്ചു, പേരും കൊടുത്തു പ്രാക്ടീസും തുടങ്ങി. വൈകുന്നേരങ്ങളിൽ സ്‌പെഷ്യൽ പ്രാക്ടീസ് ഞങ്ങളുടെ വീട്ടിൽ. എങ്ങനെയെങ്കിലും എൻ്റെ കെട്ട്യോനെ തട്ടേൽ കേറ്റിച്ചിട്ടേ ബാക്കി കാര്യമുള്ളൂ എന്ന പോലെയാണ് കാര്യങ്ങളുടെ നീക്കുപോക്ക്!


അവസാനം ആ സുദിനം വന്നെത്തി - നാലുപേരും ഓൺ സ്റ്റേജ് വന്നു - കാണുന്നവരെ ശ്രദ്ധ തിരിപ്പിക്കാൻ പിന്നിൽ വീഡിയോ കൂട്ടിനുണ്ടാർന്നു, അത് നോക്കിനിന്നു കൂട്ടത്തിൽ ഒരാൾ പാടാൻ മറന്നുപോയത് വേറെ കഥ! എന്തായാലും സംഭവം വലിയ കേടുപാട് കൂടാതെ അങ്ങ് നടന്നുകിട്ടി - കർട്ടൻ ഉയർന്നപ്പോൾ മൈക്ക് സ്റ്റാൻഡിൽ പിടിച്ച പിടി mr. അഭിലാഷ് വിട്ടത് പിടിച്ചുവലിച്ചോണ്ട് പോയപ്പോഴാണെന്നു മാത്രം!
കുടുംബത്തിനോടൊപ്പം ജീവിക്കാൻ ജെപി തിരികെപ്പോയി തിരുവനന്തപുരത്തു സെറ്റിലായി. ഇടയ്ക്കിടെ ഉള്ള വിളിയോ മെസ്സേജുകളോ ആയി സൗഹൃദം ഇപ്പോഴും അതുപോലെ തന്നെ നിലനിൽക്കുന്നു. കെട്ട്യോന്റെ ക്രെഡിറ്റിൽ എനിക്ക് കിട്ടിയ വളരെയടുത്ത സുഹൃത്താണ് ജെപി - എൻ്റെ പാചക-വാചക പരീക്ഷണങ്ങൾ സഹിച്ച പാവം! അങ്ങനെ സൗഹൃദങ്ങൾ കിട്ടാൻ പ്രയാസമാണ് എന്നറിയാവുന്നത് കൊണ്ടുതന്നെ We treasure this friendship! അപ്പൊ എല്ലാവര്ക്കും കണ്ടാസ്വദിക്കാൻ ഞങ്ങളുടെ ആ പഴയ "ഏകാന്തചന്ദ്രികേ...... "

OffTopic: ഇൻ ഹരിഹർ നഗർ കണ്ടു കഴിഞ്ഞ് ' to ഹരിഹർ നഗർ' കൂടി കണ്ടിട്ടേ ഞങ്ങൾ ആ ദിവസം നിർത്തിയുള്ളൂ. അതുകഴിഞ്ഞാണ് താച്ചു 'കള്ളൻ പാട്ട് ' എഴുതിയത് (ലിങ്ക്  താഴെ  ) ഇനി 'ഇൻ ഗോസ്റ്ഹൗസ് inn ' കാണിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.


താച്ചുപ്പാട്ട് : https://www.facebook.com/aarsha.abhilash/posts/10158162496371632?hc_location=ufi
---------------==----------------===----------------------------------------------------------===----------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

4 comments:

  1. എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ്
    ഏകാന്തചന്ദ്രിക

    ReplyDelete
  2. ഏകാന്തചന്ദ്രിക ...ഇഷ്ട്ടപ്പെടാത്തവർ  ..ആരുണ്ട് ...ല്ലേ  

    ReplyDelete
  3. ഇഷ്ടമുള്ള പാട്ട്.

    കെട്ടിയോന്റെ ആ പാട്ട് റെക്കോർഡ് ഉണ്ടോ??

    ReplyDelete
  4. ഈ കുറിപ്പ് പാവം അഭിലാഷിനാണ്...
    എന്നാലും എന്റെ ചങ്ങാതി ഭാര്യ കലാകാരിയായാൽ ഭർത്താവിനും പണി കിട്ടുമെന്ന് നിങ്ങളെ കണ്ടപ്പം തിരിഞ്ഞു.പാവം വിയർത്തിട്ട് കൈവരെ പാന്റിൽ തുടച്ച് മൈക്കിൽ മുറുകെപ്പിടിച്ചു നടത്തിയ പെർഫോമൻസിന് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.അവസാനം നിങ്ങളെ എൻറ്രിയും നിൽപ്പും പൊളിച്ചു.

    ഏകാന്ത ചന്ദ്രികേ....
    ഈ പാട്ടൊക്കെ ഒരുപാട് തവണ സാഹിത്യസമാജത്തിന് കൂട്ടുകാരുമൊത്ത് പാടിയത് ഓർമ്മവരുന്നു ഇതേപോലെ നാലുപേരല്ല ഒന്നോ രണ്ടോ ബെഞ്ചുകാര് ഒന്നിച്ചാണ് പാടുക അതുകൊണ്ട് തന്നെയാണ് എന്നിലെ പാട്ടുകാരന് ഉയരാൻ കഴിയിയാതെ പോയത് എന്നോർത്ത് പാട്ടോർമ്മക്ക് സ്നേഹം അറിയിക്കുന്നു

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)