Tuesday, February 18, 2020

"ഹൃദയവനിയിലെ ഗായികയോ .. യവനകഥയിലെ നായികയോ..!"

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1990
ഇന്നത്തെ ഓർമ ഒരു ഫ്രോക്കുകാരിക്കുട്ടിയുടെ സ്വന്തം വേണുമാമനെക്കുറിച്ചാണ് 
അതേ അതേ നമ്മുടെ പാട്ടുകാരൻ വേണുഗോപാൽ തന്നെ. ഞാൻ മുൻപ് തന്നെ പറഞ്ഞില്ലേ ചില ഓർമ്മകൾ നമ്മളെ പുഞ്ചിരിപ്പിക്കാതെ വിടില്ല, അത്തരമൊരു ഓർമയാണ് എനിക്ക് ജി.വേണുഗോപാൽ എന്ന ഗായകൻ.

വർഷങ്ങൾക്ക് മുൻപൊരു ഉത്സവ കാലം. അന്നത്തെ ഉത്സവം എന്ന് പറഞാൽ ഇന്നത്തെ ഒരു ബിനാലെ ആണ് ബായ് ബിനാലെ! ആകെ മൊത്തം ഒരു സന്തോഷമാണ്... തിരക്കോട് തിരക്ക്, വിരുന്നുകാർ, സർവ സമയവും പാട്ട്, രാത്രികളൊക്കെ പ്രഭാപൂരം...

നാവായിക്കുളം ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രം പഴക്കമുള്ള പ്രസിദ്ധമായ അമ്പലമാണ്. പണ്ട് പറഞ്ഞതുപോലെ എൻ്റെ കുട്ടിക്കാലം ഈ അമ്പലം ചുറ്റിപ്പറ്റി ആയിരുന്നു. അമ്പലത്തിൻ്റെ മൂന്നു നടയ്ക്കും നേരെയുള്ള വീടുകളിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്, അമ്പട ഞാനേ! എന്ന് മൂക്കത്ത് വിരല് വയ്ക്കണ്ട ബായ്,  ഒക്കേം വാടകയ്ക്കാ . നാലര വയസു മുതൽ ഏകദേശം 12 വയസു വരെ ഞങ്ങൾ താമസിച്ചത് അമ്പലത്തിന്റെ പടിഞ്ഞാറേ കരയിലെ വീട്ടിലാ,ഇപോളും എന്റെ മോസ്റ്റ്‌ ഫേവറിറ്റ് വീടും അത് തന്നെ..പുറത്തിറങ്ങി ഇടത്തേക്ക് ഒറ്റ ഓട്ടം, രണ്ടാം മിനുട്ടിൽ അമ്പല മതിലിൽ തട്ടും... വീടിനു വലത് മണ്ണിടവഴിക്ക് അപ്പുറം അമ്മന്കൊവിൽ എന്ന ചെറിയ അമ്പലം. (അങ്ങനെ മൊത്തത്തിൽ ഒരു ആദ്ധ്യാത്മിക ലോകത്തായിരുന്നു കുട്ടിക്കാലം, എന്നിട്ടും നന്നായില്ല).

എല്ലാ പരിപാടിക്കും മുൻപന്തിയിൽ ഉണ്ടാകും ഞാനും എന്റെ ഗാങ്ങും. മുൻപന്തി എന്ന് വെച്ചാൽ, അതിനും മുന്നില് സ്ഥലം ഇല്ല. സ്റ്റേജിനു മുന്നില് വെച്ചിരിക്കുന്ന ലൈറ്റ് സെറ്റ്അപ്പൊക്കെ ആൾക്കാർ തട്ടിയിടാതിരിക്കാൻ ഒരു കയർ വലിച്ചു കെട്ടിയിട്ടുണ്ടാകും, ആ കയറിൽ പിടിച്ച് ഇരിക്കുന്ന കുറച്ചു പേരേ ഉള്ളു, അതിൽ ഒരാള് ഞാനാ. 8 മണിയുടെ പരിപാടിക്ക് 7 മണിക്കേ വീട്ടില് നിന്നും പുറപ്പെടും. അമ്മയ്ക്കും അപ്പുറത്തെ വീടുകളിലെ ചേച്ചിമാർ, മാമിമാർ ഒക്കെയ്കും പേപ്പർ ഇട്ട് സ്ഥലം പിടിക്കും. ഞാനുംന്റെ സില്ബന്ധിസ് മൂന്നാല് പേരും ഈ കയറിനു തൊട്ടു പിന്നിൽ കുറ്റിയടിക്കും.

അന്നത്തെ ഗാനമേള ശ്രീ.വേണുഗോപാൽ നയിക്കുന്നതാണ്. കാലം കുറച്ചു പഴയതാ, കോട്ടയം കുഞ്ഞച്ചൻ റിലീസ് ആയ സമയം, എനിക്കൊരു 6-7 വയസ് വരും. അന്ന് ഉത്സവപ്പറമ്പിൽ നല്ല തിരക്ക് ആയതു കൊണ്ട് കുറച്ചു പിറകിലേക്കേ സ്ഥലം കിട്ടിയുള്ളൂ. ഗാനമേള തുടങ്ങി... ചാനലുകളും റിയാലിറ്റി ഷോകളും മൊബൈലുകളും ഇല്ലാതിരുന്ന ആ കാലത്ത് റേഡിയോ ആണ് പുത്യ പാട്ടു കേള്ക്കാനുള്ള ഒരേ ഒരു ഓപ്ഷൻ, പിന്നെ ആണ്ടിൽ ഒരിക്കലെ ഗാനമേളകളും.

ഗാനമേള മുന്നേറി കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിലെ തരുണീമണി ചേച്ചിമാർക്ക് കോട്ടയം കുഞ്ഞച്ചനിലെ "ഹൃദയ വനിയിലെ" പാട്ട് കേള്ക്കാൻ വല്ലാത്ത മോഹം, ഏതൊക്കെയോ നിശബ്ദ പ്രണയങ്ങൾക്കുള്ള ഡെഡിക്കെഷൻ ആയിരുന്നിരിക്കണം,... എവിടെ നിന്നോ ഒരു തുണ്ട് പേപ്പർ അതിൽ കുനുകുനെ പാട്ടിന്റെ ആദ്യ വരി. 'നിറം' ഫില്മിൽ ശാലിനിയെ പൊക്കി സ്റ്റേജിൽ എത്തിക്കുന്നത് പോലെ എന്നെ ആരൊക്കെയോ പൊക്കി സ്റ്റേജിൽ എത്തിച്ചു.

ഫ്രിൽ ഉള്ള കുട്ടി ഫ്രോക്ക്‌ ഇട്ടു മാമാട്ടികുട്ടിയമ്മ സ്റ്റൈൽ മുടിയും, കണ്ണുകളിൽ നിറയെ കൌതുകവും ആയി സ്റ്റേജിൽ എത്തിപ്പെട്ട എന്നെ കണ്ടു ശ്രീ വേണുഗോപാൽ മനോഹരമായി ഒന്ന് ചിരിച്ചു. ആ ചിരി കണ്ടിട്ടാകാം പുള്ളീടെ കയ്യിൽ തൂങ്ങി "മാമാ ദോ ആ ചേച്ചിമാര് ഈ പാട്ട് പാടാൻ പറഞ്ഞു " എന്ന് കയ്യ് ചൂണ്ടി ഞാൻ പറഞ്ഞത്... എന്നെ സ്റ്റേജിൽ നിർത്തിത്തന്നെ അദ്ദേഹം ആ പാട്ട് പാടി...

"ഹൃദയവനിയിലെ ഗായികയോ ..
യവനകഥയിലെ നായികയോ..!"
പിറ്റേന്ന് ഞാൻ സ്കൂളിൽ കുറെ പൊങ്ങച്ചം പറഞ്ഞു അതിനെ കുറിച്ച് .
വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും ഇപ്പോഴും G.വേണുഗോപാൽ എന്ന ഗായകനെ എവിടെ കണ്ടാലും ഒരു നിമിഷം ഞാനാ പഴയ ഫ്രോക്കുകാരി ആകും, ഒരു പുഞ്ചിരി ... എൻ്റെ ആരോ ആണ് ഇദ്ദേഹം എന്നൊരു തോന്നൽ 
(സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇപ്പൊ ഞാൻ അദ്ദേഹത്തിനെ 'മാമാ'ന്നോ uncle ന്നോ വിളിച്ചാൽ എപ്പോ അടി കിട്ടീന്നു ചോദിച്ചാൽ മതി...  പ്രായം പോയൊരു പോക്കേ (എനിക്ക്!) - ഇത് പണ്ടുപണ്ട് fb യിൽ എഴുതാൻ തുടങ്ങിയ സമയത്ത് ഞാൻ കുറിച്ച കുറിപ്പാണ്. ഇതേ കുറിപ്പ് പങ്കുവെക്കപ്പെട്ടതിലൂടെയാണ് എനിക്ക് വീണ്ടും വേണുച്ചേട്ടനോട് മിണ്ടാൻ അവസരം കിട്ടിയത്. പിന്നീടെത്ര കണിക്കൊന്നകൾ പൂത്തു ഓർമ്മയിലേക്ക് ... വേണുച്ചേട്ടൻ കൂടുതൽ പ്രിയപ്പെട്ട ആളായി ..ഇടയ്ക്കും മുറയ്ക്കും എന്നെ വായിക്കുന്ന ആളായി.... എൻ്റെ മാത്രമായൊരു കവിതാബുക്കിറങ്ങിയപ്പോൾ വേണുച്ചേട്ടന്റെ കയ്യൊപ്പും പതിഞ്ഞിരുന്നു അതിൽ! കാലം -എത്ര സുന്ദരനായ മാന്ത്രികൻ  )

--------------------------------------------------------------------------------------------------------------------------------------------

3 comments:

  1. സ്റ്റേജിനുമുന്നിലിരിക്കാൻ,പായയുംച്ചുരുട്ടി കക്ഷത്തിലടക്കി,കുഞ്ഞുങ്ങളുടെ കൈകളും കൂട്ടിപ്പിടിച്ചുവന്നിരുന്നവരുടെ കാലം!
    ആശംസകൾ

    ReplyDelete
  2. ഫ്രോക്കുകാരിയുടെ ഓർമ്മയിലുള്ള വേണുഗോപാലും ആ പാട്ടുകളും

    ReplyDelete
  3. വളരെ മധുരമുള്ള ഒരോർമ്മയാണല്ലോ.കോട്ടയം കുഞ്ഞച്ചനിലെ ആ പാട്ട് 👌
    പ്രിയപ്പെട്ട ഗായകൻ സ്നേഹമുള്ളൊരു മനുഷ്യൻ കൂടിയാണെന്ന് അറിയുമ്പോൾ കൂടുതൽ സന്തോഷം. ❤️
    അന്നത്തെ ചെറിയ പെൺകുട്ടിയുടെ ആഹ്ലാദം ഊഹിക്കാം..❤️😊

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)