#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
അത്തവണത്തെ യുവജനോത്സവം കഴിഞ്ഞപ്പോൾ ഞാനുറപ്പിച്ചു - അടുത്ത കൊല്ലം ഞാൻ ചൊല്ലുന്നത് ഇക്കുറി സിമിച്ചേച്ചി ചൊല്ലിയ കവിത തന്നെ, അത്രക്ക് ചങ്കിൽ പതിഞ്ഞ വരികൾ... അടുത്ത ദിവസത്തെ സ്‌കൂൾ ഇന്റർവെൽ സമയത്ത് തന്നെ ഞാനും കൂട്ടുകാരികളും കൂടി (പാറുവും മഞ്ജുവും ആയിരുന്നു എന്നാണ് ഓർമ) സിമിച്ചേച്ചിയുടെ ഒക്കെ ഹൈസ്‌കൂൾ ക്‌ളാസുകൾ ഉളള കെട്ടിടത്തിൽപ്പോയി. സ്‌കൂളിലെ മലയാളം ടീച്ചർ സുഹ്റടീച്ചറിന്റെ മോൾ ആണ് ഈ സിമിച്ചേച്ചി, അതുകൊണ്ട് പണ്ടേ നമുക്ക് ആളിനെ അറിയാം. മിക്കവാറും ഉപന്യാസം, കഥ- കവിത രചന ഒക്കെ സംഘടിപ്പിക്കുന്നത് സുഹ്റാടീച്ചർ ആണ് (പിന്നെ, ടീച്ചർ നമ്മുടെ ഇരട്ടച്ചേട്ടന്മാരെ പഠിപ്പിച്ചിട്ടുമുണ്ട് - സെയിം വേതാളം കഥ )
നീയെന്നണിയത്തു തന്നെ നില്‍ക്കൂ ...
വർഷം 1994 - 95
നാവായിക്കുളം ഗവൺമെന്റ് സ്‌കൂളിൽ ഏഴാം ക്‌ളാസിൽ പഠിക്കുന്ന സമയം - അക്കൊല്ലത്തെ യുവജനോത്സവത്തിനാണ് ഈ കവിത ആദ്യമായി ശ്രദ്ധിച്ചത് എന്നാണ് ഓർമ. ഒരു വർഷം സീനിയറായ 'സിമി' ചേച്ചിയ്ക്കായിരുന്നു അക്കൊല്ലം യുവജനോത്സവത്തിന് ഹൈസ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനം. യുപി വിഭാഗത്തിൽ ഞാൻ ചൊല്ലിയ 'മാ നിഷാദ' യ്ക്കും.
പണ്ട് പലപ്രാവശ്യം പറഞ്ഞ കാര്യം ഞാൻ വീണ്ടും വീണ്ടും വായനക്കാരെ ഓർമിപ്പിക്കുന്നു - എൻ്റെ നാവായിക്കുളം ഒരു ചെറിയ സുന്ദര ഗ്രാമമായിരുന്നു അന്ന്, അവിടുത്തെ സ്‌കൂളാകുന്ന മൂക്കില്ലാ രാജ്യത്തെ മുറിമൂക്കിയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ പത്താം ക്ലാസ് വരെയും ചെയ്യാൻ പറ്റുന്ന എല്ലാ പരിപാടിക്കും പേരുകൊടുക്കുന്നത് എന്റെയൊരു ഹോബിയായിരുന്നു. യുവജനോത്സവത്തിന് 15 ഐറ്റത്തിന് പേര് കൊടുത്താൽ പിന്നെ അതിനോട് അടുത്തുള്ള മിക്ക ദിവസങ്ങളിലും റിഹേഴ്സൽ എന്നൊക്കെ പറഞ്ഞു ചാടാമല്ലോ. മൂന്നു ഭാഷയിലെയും കവിത, പ്രസംഗം, ഉപന്യാസം ഒക്കെ എൻ്റെ സ്ഥിരം സമ്മാനം ഐറ്റം ആയിരുന്നു - അപാര തൊലിക്കട്ടി എന്നല്ലാതെ ഇപ്പോൾ വേറൊന്നും ആ നാളുകളെക്കുറിച്ചു പറയാനില്ല! എൻ്റെ പ്രിയപ്പെട്ട സഹപാഠികളെ, ചേച്ചി -ചേട്ടന്മാരേ, കുഞ്ഞുപൈതങ്ങളേ, അദ്ധ്യാപകരേ, നാട്ടുകാരേ ക്ഷമിക്കൂ... അന്ന് പലപ്പോഴും ചേട്ടന്മാർ എന്നെ പറഞ്ഞുമനസിലാക്കിക്കാൻ ഒക്കെ ശ്രമിച്ചിട്ടുണ്ട് - പക്ഷേങ്കി ഞാനൊന്നും ചെവിയിലേക്ക് പോലും എടുത്തിട്ടില്ല - ക്ഷമി ബേഗൂ സഹോസ്! ഇതിൽ എനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് അച്ഛനമ്മമാരോടാണ്... അപാര ആത്‌മവിശ്വാസം കുത്തിനിറച്ചെന്നെ വളർത്തിയതിന്. പൊട്ടിത്തകർന്നു തരിപ്പണമാകാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നിട്ടും - നിറം, പൊക്കം, സാമ്പത്തികസ്ഥിതി എല്ലാം അക്കമിട്ടു നിരന്നു നിന്നിരുന്നു മുന്നിൽ- പക്ഷേ ഒക്കേറ്റിനെയും പുറംകാലു കൊണ്ട് തൊഴിച്ചു നടന്നുപോകാൻ പഠിപ്പിച്ചത് അച്ഛനാണ്.
അത്തവണത്തെ യുവജനോത്സവം കഴിഞ്ഞപ്പോൾ ഞാനുറപ്പിച്ചു - അടുത്ത കൊല്ലം ഞാൻ ചൊല്ലുന്നത് ഇക്കുറി സിമിച്ചേച്ചി ചൊല്ലിയ കവിത തന്നെ, അത്രക്ക് ചങ്കിൽ പതിഞ്ഞ വരികൾ... അടുത്ത ദിവസത്തെ സ്‌കൂൾ ഇന്റർവെൽ സമയത്ത് തന്നെ ഞാനും കൂട്ടുകാരികളും കൂടി (പാറുവും മഞ്ജുവും ആയിരുന്നു എന്നാണ് ഓർമ) സിമിച്ചേച്ചിയുടെ ഒക്കെ ഹൈസ്‌കൂൾ ക്‌ളാസുകൾ ഉളള കെട്ടിടത്തിൽപ്പോയി. സ്‌കൂളിലെ മലയാളം ടീച്ചർ സുഹ്റടീച്ചറിന്റെ മോൾ ആണ് ഈ സിമിച്ചേച്ചി, അതുകൊണ്ട് പണ്ടേ നമുക്ക് ആളിനെ അറിയാം. മിക്കവാറും ഉപന്യാസം, കഥ- കവിത രചന ഒക്കെ സംഘടിപ്പിക്കുന്നത് സുഹ്റാടീച്ചർ ആണ് (പിന്നെ, ടീച്ചർ നമ്മുടെ ഇരട്ടച്ചേട്ടന്മാരെ പഠിപ്പിച്ചിട്ടുമുണ്ട് - സെയിം വേതാളം കഥ )
ആ കവിത എഴുതിവാങ്ങുക എന്നതാണ് ഉദ്ദേശം. സിമിച്ചേച്ചി സീനിയറിന്റെ എല്ലാ ജാടയോടെയും എഴുതിത്തരാം എന്ന് സമ്മതിച്ചു - പക്ഷേ ഒരു കണ്ടീഷൻ, എന്താണെന്നോ ഒരു ചെറിയ കളി കളിയ്ക്കണം. കവിത കിട്ടാൻ ഞാൻ എന്ത് ചെയ്യാനും റെഡി ആണല്ലോ! ചെയ്യേണ്ടത് ഇത്ര മാത്രം കയ്യുകൾ രണ്ടും നേരെ വെച്ച് വിരലുകൾ കോർത്തുവെയ്ക്കുക (തൊഴുതു നില്കുന്നത് പോലെ, പക്ഷേ വിരലുകൾ കോർത്തിട്ടാകണം), എന്നിട്ട് കണ്ണടയ്ക്കുക. ഇത്രേയുള്ളൂ. ഞാൻ വേഗം കണ്ണടച്ച് രണ്ടു കയ്യും തൊഴുന്ന പൊസിഷനിൽ വെച്ച് ഒരു കയ്യിലെ വിരലുകൾ മറ്റേ വിരലുകൾക്കിടയിൽ കോർത്തതുപോലെ വെച്ച് റെഡി ആയി. പിന്നെയവിടെ മുഴങ്ങിയത് എൻ്റെ അലർച്ചയായിരുന്നു - എന്താ കാരണം?അങ്ങനെ വിരലുകൾ കോർത്ത് പിടിക്കുമ്പോൾ ആ മുകളിലെ വിരലുകൾ ചേർത്ത് രണ്ടു വശത്തുനിന്നും അമർത്തിയാൽ സ്വർഗം കാണും മക്കളേ ..സ്വർഗം! അന്ന് കയ്യിലൊരു ചിരട്ട മോതിരമുണ്ടായിരുന്നു - ചേട്ടന്മാർ ഉണ്ടാക്കിത്തന്നത്, അത് കയ്യിലമർന്ന പാട് രണ്ടുമൂന്നു ദിവസം നീറിനീറിക്കിടന്നു. സിമിച്ചേച്ചി തമാശയ്ക്ക് ചെയ്തതാണ് കേട്ടോ, കയ്യിൽ മോതിരമുള്ള കാര്യം പുള്ളിക്കാരി ശ്രദ്ധിച്ചിരുന്നില്ല.
എന്തായാലും അന്നുമുതൽ എനിക്കീ കവിത കേൾക്കുമ്പൊഴൊക്കെ അക്ഷരാർത്ഥത്തിൽ വേദനിക്കും
ഇനി വർഷങ്ങൾ ഫാസ്റ്റ് ഫോർവേർഡ് അടിച്ച് 2008ൽ വന്നു നിൽക്കുമ്പോൾ- വേണുച്ചേട്ടൻ കാവ്യഗീതികളിലൂടെ ഈ ആർദ്രതയുമായി വീണ്ടുമെത്തുന്നത് അപ്പോഴാണ്. ഞാനും കെട്ട്യോനും അന്നുമിന്നും ആവർത്തിച്ചു കേൾക്കുന്ന പ്രിയപ്പെട്ട കവിതകളിലൊന്ന്.... കേൾക്കുമ്പോഴൊക്കെയും ഉള്ള് പിടയ്ക്കുന്നൊരൊന്ന്.
"ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ ...
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇന്നൊട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ....
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇന്നൊട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ....
ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി,
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം! "
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം! "
മാതൃഭാഷാദിനത്തിൽ ഇതിലും ചേർന്നതൊന്നെനിക്ക് നിങ്ങളോട് പങ്കുവെക്കാനില്ല
-----------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ

ഞാനീ ജനലഴി പിടിച്ചൊട്ടു നിൽക്കട്ടെ ..... വേദനിച്ചു ...
ReplyDeleteആശംസകൾ
ഈ കവിത പല തവണ പാടി കേട്ടിട്ടുണ്ടെങ്കിലും വരികൾ അത്രയ്ക്ക് ശ്രദ്ധിച്ചിട്ടില്ല. കാവ്യ ഗീതികളിലൂടെയാണ് പരിചയം. സിനിമാ പാട്ടിന്റെ വരികൾ കുറച്ചൊക്കെ ഓർത്ത് വയ്ക്കുമെങ്കിലും ചൊല്ലിക്കേൾക്കുന്ന കവിതയുടെ കാര്യത്തിൽ ബോധം തീരെയില്ല. വായിക്കുമ്പോൾ ആണ് വരികളുടെ സൗന്ദര്യം മനസ്സിൽ പതിയാറുള്ളത്.
ReplyDeleteഇതിൽ ആർഷ കുറിച്ച വരികൾ എത്രയോ സൗമ്യമാണ്!! ❤️ ഭാവിയെക്കുറിച്ചു ഒന്ന് നീട്ടി ചിന്തിച്ചാൽ നാമെല്ലാം അധീരരാവും അല്ലെ. എന്നോ പൊലിഞ്ഞു പോയേക്കാവുന്ന ഒരു സ്വപ്നം പോലുള്ള ഈ ജീവിതത്തിൽ ആകെയുള്ളത് ഇത്തരം നല്ല നിമിഷങ്ങൾ ആണ്. അത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ കൈ പിടിച്ചു ഒരുമിച്ചാസ്വദിക്കാൻ ശ്രമിക്കാം... ❤️❤️❤️
"ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
ReplyDeleteനീയെന്നണിയത്തു തന്നെ നില്‍ക്കൂ ...