Monday, February 10, 2020

ഹം കോ സിർഫ് തും സേ പ്യാർ ഹേയ്

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1995 -1996

എട്ടാംക്ലാസ്സിന്റെ ഒരു ജിഞ്ചലിപ്പ് എന്താണെന്ന് അറിയുമോ നിങ്ങൾക്ക്? ഹൈസ്‌കൂൾ! - ഇമ്മിണി വല്യ ആളുകളായി എന്നർത്ഥം. സത്യത്തിൽ പഠിക്കാനുള്ളതിന്റെ അളവ് കൂടുകയും കളിയ്ക്കാൻ കിട്ടിയിരുന്ന സമയം കുറയുകയും ചെയ്തതൊഴിച്ചാൽ ബാക്കിയൊക്കെ പഴയത് തന്നെ, സ്‌കൂളും സ്‌കൂൾ സമയവും പോലും. എങ്കിലും മിക്കപെൺകുട്ടികളുംയൂണിഫോം അരപ്പാവാടയിൽ നിന്ന് മുഴുപ്പാവാടയിലേയ്ക്കും ആൺകുട്ടികൾ ട്രൗസറുകളിൽ നിന്ന് പാന്റുകളിലേക്ക് മാറുന്നതും ഈ UP - ഹൈസ്കൂൾ പ്രൊമോഷൻ കാലത്താണ്. കാളികൂളി കളിച്ചു നടക്കാൻ പാടില്ലായെന്നും ആണ്കുട്ടികളോട് അധികം മുണ്ടാട്ടം വേണ്ടാന്നുമൊക്കെ പലപ്പോഴും പെൺകുട്ടികൾക്ക് ഉപദേശം വാരിക്കോരി കിട്ടിത്തുടങ്ങുന്ന സമയം ( എപ്പോഴാണത് അവസാനിക്കുന്ന സമയമെന്നു ഒരു ചിന്ത വന്നോ ഇപ്പോൾ മനസിൽ? അത് അവസാനിക്കുന്നേയില്ലല്ലോ! ) UP സ്‌കൂൾ സമയത്ത് ഒരു മെറൂൺ അരപ്പാവാടയും രണ്ട് ക്രീം ഉടുപ്പുമായിരുന്നു എനിക്കുണ്ടായിരുന്നത്. നന്നേ കട്ടികുറഞ്ഞ ഊതിയാൽ പറന്നുപോകുന്ന ആ പാവാട രാത്രി അലക്കിയാൽ രാവിലെ ആകുമ്പോൾത്തന്നെ ഉണങ്ങിക്കിട്ടും -എത്ര മഴയത്തും!

ഹൈസ്‌കൂളിലും ആദ്യവർഷം ആ പാവാടയിൽത്തന്നെ എനിക്ക് ജീവിക്കാനായി - പൊക്കം വയ്ക്കുന്ന പ്രക്രിയ ഞാനതിനു മുന്നേ നിർത്തിയിരുന്നതുകൊണ്ട് കൊല്ലം കഴിയുമ്പോൾ പാവാട ചെറുതാകുന്ന പ്രതിഭാസം എനിക്കുണ്ടായില്ല. പക്ഷേ, ആ പാവാടയ്ക്കുമില്ലേ റിട്ടയർ ആകാനൊരാഗ്രഹം ! അതിനെ മെറൂൺ എന്ന് പറയാനൊക്കാത്ത തരത്തിൽ അതിന്റെ നിറം മങ്ങിയിരുന്നു, ബോബ്‌ളിംഗ് എന്ന ഓമനപ്പേരുള്ള കുഞ്ഞിക്കുഞ്ഞി നൂലുണ്ടകൾ എല്ലായിടത്തും പൊങ്ങിയിരുന്നു. അക്കൊല്ലം അമ്മയെനിയ്ക്കൊരു പുതിയ പാവാട - നീളൻപാവാട തയ്പ്പിച്ചുതന്നു, ഞാൻ വെറുത്തിരുന്ന പാവാട! എന്താ കാരണമെന്നറിയുമോ? ആ പാവാടയ്ക്ക് ചാക്കിന്റെ കട്ടിയായിരുന്നു - അത് പണ്ട് ചേട്ടന്മാർക്ക് യൂണിഫോം പാന്റ് തയ്‌ക്കാൻ സ്‌കൂളിൽ നിന്നുതന്നെ വാങ്ങിയ തുണിയിൽ നിന്ന് തുന്നിയെടുത്ത പാവാടയായിരുന്നു. പാന്റ് നില്കുമ്പോലെ അത് വടിയായി നിൽക്കും മുകളിൽ മുതൽ താഴെ വരെ, കാണാൻ നല്ല രസാ - അതിട്ടുകൊണ്ട് ഒന്നോടിനോക്കണം, അതിലും രസമാ! എത്ര വെയിലത്തും കഴുകിയിട്ടാൽ ഉണങ്ങാൻ 24 മണിക്കൂർ മിനിമം എടുക്കുന്ന ആ പാന്റാടയെ ഞാൻ എങ്ങനെ വെറുക്കാതെ ഇരിക്കും? വർഷം അഞ്ചാറ് കഴിഞ്ഞിട്ടും ഒരിഞ്ചു നരയ്ക്കാതെ, കീറാതെ ഇരുന്ന നല്ലസ്സൽ സാധനമായിരുന്നു കേട്ടോ ആ പാന്റാട. സ്‌കൂൾ കഴിഞ്ഞു ഒരുവർഷം പിന്നെയും അതോടിയിട്ട് മറ്റൊരു കുഞ്ഞതിന് അവകാശിയായിമാറി.

എട്ടാം ക്‌ളാസെന്ന അടക്കുമൊതുക്കും പരിശീലിച്ചു തുടങ്ങുന്ന കാലത്താണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. ഞങ്ങൾ താമസിച്ചിരുന്ന വീടിന് താഴത്തെ വീട്ടിലെ കോളേജുകുമാരി മിനിചേച്ചിയുടെ കളക്ഷനിൽ നിന്ന് - അന്നത് കേൾക്കുമ്പോൾ കറന്റ് പോയതും ഞങ്ങൾ രണ്ടാളും കുറെയേറെ നേരം കറന്റ് വരാൻ കാത്തിരുന്നതും ഒടുവിൽ ഇരുട്ടിയിട്ടും വീട്ടിലെത്താത്തതിന് അമ്മയുടെ ചീത്ത കേട്ടതും ഓർക്കുന്നു. പുതുമുഖങ്ങളുടെ മുഖം ഉണ്ടായിരുന്ന ആ ഓഡിയോ കാസറ്റിന്റെ പുറംചട്ടയും ഓർമയുണ്ട്. ബോബി ഡിയോൾ - ട്വിങ്കിൾ ഖന്ന ജോഡിയുടെ സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷിച്ച സിനിമ അഡ്ഡ്രസ് പോലുമില്ലാതെ പോയി! ബോബി ഡിയോൾ എന്ന നടനെ ഹിന്ദി സിനിമ നന്നായി ഉപയോഗിച്ചില്ല എന്നാണ് - പുള്ളിയുടെ കട്ട ഫാനായിരുന്ന ഒരു സുഹൃത്തിന്റെ വാദം.

അന്നത്തെക്കാലത്ത് നാവായിക്കുളം എന്ന ഗ്രാമത്തിൽ ഹിന്ദി പാട്ടുകളൊക്കെ പഠിച്ചു പാടാനുള്ള വഴി കാസറ്റൊപ്പിക്കുക എന്നതാണ്. അതും എല്ലാർക്കുമൊന്നും ഈ ഹിന്ദി പാട്ടിൽ വല്യ ഉത്സാഹം ഉണ്ടാകില്ല. ചിത്രഹാർ വരാൻ കാത്തിരിക്കുന്നത് തന്നെ പുതിയ സിനിമയുടെ കഥ ഏത് വഴിയിൽക്കൂടി പോകുമെന്നൊരു 'വൈൽഡ് ഗസ് ' നടത്താനാണ്- തലേന്നത്തെ ചിത്രഹാറിലെ പുതിയ പാട്ടുകളാകും വ്യഴാഴ്ചയുച്ചകളിലെ ഞങ്ങളുടെ ട്യൂട്ടോറിയൽ പാട്ടുസമയം. പിന്നെ ആ ശനിയാഴ്ചയും ഞായറാഴ്‌ചയും സിനിമാക്കഥകൾ പറയുന്ന കൂട്ടത്തിൽ പുതിയ സിനിമകളുടെ അവിടെയുമിവിടെയും കേട്ടതും കണ്ടതും വെച്ചുള്ള കഥാപൂരണങ്ങൾ. അങ്ങനെയൊരു ദിവസം ക്‌ളാസ്സിലെ ഷെറി-ഷെമി-ജെസി ത്രിമൂർത്തി സഖ്യത്തിലെ വല്യ ഷെറി എന്ന് ഞങ്ങൾ വിളിച്ചിരുന്ന ഷെറീന പാടിയാണ് ഈ പാട്ടിന്റെ വരികൾ മുഴുവനായി ഞാൻ കൃത്യമായി കേൾക്കുന്നത്.

ചില പാട്ടുകൾ ചിലർ പാടിക്കഴിഞ്ഞാൽ പിന്നെയത് നമുക്ക് ഉള്ളിൽ പതിയുക ആ ആളുടെ മുഖത്തിലാണ് - അറ്റ്ലീസ്റ്റ് എനിക്ക് അങ്ങനെയാണ്. എന്റെ ഓർമ്മകൾ കണക്ട് ആകുന്ന ഒരു വിചിത്രമായ രീതിയായി ഇപ്പോളത് തോന്നുന്നുണ്ട്! അവൾക്കുപോലും ഓർമയില്ല ഈ പാട്ടാണ് എന്റെയുള്ളിൽ അവളുടേതായി ഓർമ്മ  നിൽക്കുന്നതെന്ന്. ഇപ്പോഴുമെനിക്ക് അറിയില്ല ശരിക്കും ഈ പാട്ട് പാടിയതാരാണെന്ന് - നെറ്റിൽ നോക്കി കണ്ടുപിടിക്കാവുന്നതേയുള്ളൂ എന്നറിയാം. പക്ഷേ, അതറിഞ്ഞിട്ട് പ്രത്യേകിച്ചൊരു സന്തോഷവും തോന്നാനില്ല!

എനിക്കീ പാട്ട്, നെറ്റിയിൽ നിന്നൂർന്നു വീഴുന്ന ഷാളിൻ്റെ  തട്ടത്തിനെ കൈകൊണ്ട് മാടിയൊതുക്കിയും ചെവികൾക്കിടയിലേക്ക് അതിന്റെ തുമ്പ് തിരുകിയും പാടുന്ന വല്യ ഷെറിയാണ്- ജയാ കോളേജിലെ ഓല മേഞ്ഞ ക്‌ളാസ്സ് റൂമുകളാണ്, ബെഞ്ചിലും ഡെസ്കിലും ഇരുന്നു ഈ പാട്ട് കേൾക്കുന്ന നമ്മുടെ പെണുങ്ങളാണ്, ബാബുസാറിന്റെ നടപ്പിനൊപ്പം കേൾക്കുന്ന ചൂരൽ വീശലിന്റെ ശബ്ദം ആണ്, 'എന്തോന്ന് പുള്ളാരെ അവിടെ ' എന്ന ചോദ്യത്തോടൊപ്പം ഡെസ്കിന്റെ പുറത്തൂന്നുമിറങ്ങി ചിതറിയോടുന്ന ഞാനും നിങ്ങളുമാണ്... /watch?v=RRHmt-Hi-T43

ഹം കോ സിർഫ് തും സെ പ്യാർ ഹൈ!
------------------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

5 comments:

  1. തറവാട്ടിൽ കേബിൾ എടുത്ത കാലം.എപ്പോ T.V വെച്ചാലും പാട്ടുകൾ. ഹിന്ദി ചാനൽ ആയിരുന്നു എന്റെ weakness.ബർസാത്തിലെ പാട്ടുകൾ മൂളി നടക്കാൻ ഇഷ്ടായിരുന്നു.. അക്കാലത്തെ ഹിന്ദി പാട്ടുകളെല്ലാം തന്നെ ഓർത്തുപോയി ഈ കുറിപ്പ് വായിച്ചപ്പോൾ 😊😊❤️❤️

    ReplyDelete
  2. ഈ പാട്ട് അത്ര ഇഷ്ടമല്ല.

    പൊക്കം വയ്ക്കുന്ന പ്രക്രിയ ഞാനതിനു മുന്നേ നിർത്തിയിരുന്നതുകൊണ്ട് കൊല്ലം കഴിയുമ്പോൾ പാവാട ചെറുതാകുന്ന പ്രതിഭാസം എനിക്കുണ്ടായില്ല. പക്ഷേ, ആ പാവാടയ്ക്കുമില്ലേ റിട്ടയർ ആകാനൊരാഗ്രഹം......


    നിങ്ങളും കോമഡിയിലേയ്ക്ക് വഴുതി മാറിയോ ചേച്ചീ????

    ReplyDelete
    Replies
    1. ചേച്ചി അല്ലേലും കോമഡി ആണല്ലോ ...
      ഭീഷണി ആകുമോയെന്നല്ലേ പേടിച്ചത് ?? 🤩🤩

      Delete
  3. സ്‌കൂൾ കഴിഞ്ഞു ഒരുവർഷം പിന്നെയും അതോടിയിട്ട് മറ്റൊരു കുഞ്ഞതിന് അവകാശിയായിമാറി....
    ❤️❤️❤️❤️❤️❤️❤️
    അതൊക്കെയൊരു കാലം ല്ലേ

    ReplyDelete
  4. കൗമാരം പ്രായം തുടിച്ചു നിൽക്കുന്ന ഗാനം ...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)