Saturday, February 22, 2020

"യെ ജോ ധോടെ സെ ഹേ പൈസേ ... ഖർജ് തും പർ കരൂം കൈസേ! "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2002 ൻ്റെ പകുതികളിൽ എപ്പോഴോ

കാസർഗോഡ് LBS എൻജിനീയറിങ് കോളേജിന്റെ വിശാലമായ ലോകത്ത് എത്തിപ്പെട്ടിരുന്നുവെങ്കിലും മെയിൻ ലേഡീസ് ഹോസ്റ്റൽ അപ്പോഴും ഞങ്ങൾക്ക് അന്യമായിരുന്നു. ആദ്യത്തെ കൊല്ലം മുഴുവൻ ബാച്ചും ചെർക്കള കഴിഞ്ഞുള്ള ഒരു സ്ഥലത്തെ ഫ്ളാറ്റുകളിലാണ് ജീവിച്ചത്. സീനിയേഴ്സിന്റെ റാഗിങ്ങ് ഒഴിവാക്കാനുള്ള സുഗതൻ സാറിൻ്റെ അതിഭീകരൻ ബുദ്ധി - എന്തൂട്ട് കാര്യം? സീനിയർ ചേച്ചിമാർ ആരാ മോളുമാർ! അവർ വെയിറ്റ് ചെയ്യും - ആദ്യകൊല്ലം നമ്മളെയൊന്നും അങ്ങൊട് പോയി മുട്ടിയാലും മൈൻഡ് ചെയ്യൂല്ല ... പത്തടി തള്ളി നിന്നേ സംസാരിക്കൂ. അവരെന്നിട്ട് ഇങ്ങനെ കാത്തിരുന്ന് കാത്തിരുന്നു ഒരുകൊല്ലം കഴിയുമ്പോൾ പുതിയ ജൂനിയേർസ് വരും, പഴയ പിള്ളേരെ ആട്ടിന്കുട്ടികളെപ്പോലെ നേരെ മെയ് ഹോസ്റ്റലിൽ കൊണ്ട് ആ സിംഹക്കൂട്ടിലേക്ക് എറിഞ്ഞുകൊടുക്കും. കശ്‌മലകൾ നല്ലതുപോലെ സമയമെടുത്ത് ഞങ്ങളെ നൊട്ടിനുണഞ്ഞ് കഴിക്കും!


ഞങ്ങളുടെ വർഷം മാത്രം ഇതിനൊരു ചെറിയൊരു മാറ്റം വന്നു. IT ഉൾപ്പെടെ പുതിയ കോഴ്‌സുകൾ തുടങ്ങിയ വർഷം ആയിരുന്നത്കൊണ്ട് എല്ലാവർക്കും കോളേജ് ഹോസ്റ്റലിൽ റൂം കിട്ടിയില്ല. സീനിയേഴ്സിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ കാത്തുനിന്ന ഞങ്ങൾ കുറച്ചുപേർ കിട്ടിയ തക്കത്തിന് ജൂനിയേഴ്സിന്റെ കൂടെക്കൂടി വീണ്ടും തടിതപ്പി. പൊവ്വലിൽ തന്നെ ഒരു റെയിൽവേ ക്വാർട്ടേഴ്‌സ് പോലെ തോന്നുന്ന 11 ഒറ്റമുറി വീടുകൾ. മുറിയും, ഹാളും,അടുക്കളയും ഒക്കെയുള്ള വീടുകൾ തന്നെ - ഞങ്ങൾക്കത് 5 പേര് താമസിക്കുന്ന വീടുകളായി. ഒന്നാം വർഷം മുതൽ ഒരുമിച്ചുണ്ടായിരുന്നവർ പിന്നീട് പ്രധാന ഹോസ്റ്റലിലേക്ക് മാറിയപ്പോഴും അടുത്തടുത്ത റൂമുകൾ തിരഞ്ഞെടുത്തു. F7, F9 & F10 - അതായിരുന്നു ഞങ്ങൾ ടീം 'അണ്ടാസ് & അള്ളീസി'ൻ്റെ റൂമുകൾ. ഇതെന്തൂട്ട് പേരെന്നൊന്നും ചോദിക്കരുത് - ഇട്ടവൾക്ക് പോലും ഇപ്പോൾ ഓർമയുണ്ടാകില്ല ഇത്രയും മനോഹരമായ പേരെന്തിന് സമ്മാനിച്ചുവെന്ന്! അവിടെ നിന്നിറങ്ങുംവരെ മേട്രന് പോലും അറിയില്ലായിരുന്നു ഞങ്ങൾ 12 പേരിൽ ആരാണ് ഈ പറഞ്ഞ റൂമുകളിൽ എന്ന്. ഞങ്ങളെ എല്ലാവരെയും ചേർത്ത് F7, F9 & F10 എന്ന് പറഞ്ഞു മേട്രൺ സമാധാനിച്ചു.

രണ്ടുകൊല്ലം പിടികൊടുക്കാതെ രക്ഷപ്പെട്ടു നടന്നിട്ട് അവസാനം ഞങ്ങൾ അൻപതോളം പേര് നേരെ ചെന്നു കേറുമ്പോൾ - സീനിയേഴ്സ് എന്ന സുമ്മാവാ?എല്ലാവര്ക്കും മെമ്മോ കിട്ടി, രാത്രി ഏതൊക്കെ റൂമിൽ ആരൊക്കെ ചെല്ലണമെന്ന്. കോഴിയെപ്പിടിത്തം, ബെഞ്ചിലിരിക്കൽ അങ്ങനെ എന്തൊക്കെയോ കലാപരിപാടികൾ അരങ്ങേറി. പിറ്റേ ദിവസം മെസ്സിൽ എത്തിയപ്പോൾ ആണ് ഭീകരികൾ അവിടേയും വല വിരിച്ചിട്ടുണ്ടെന്ന് മനസിലായത്. ഭക്ഷണം വായിൽ വെച്ചാലല്ലേ കഴിക്കേണ്ടൂ ..അതിനുമുന്നേ ചോദ്യം വരും - ഏതേലും അലുക്കുലുത്ത് ചോദ്യങ്ങളാകും മിക്കപ്പോഴും. അങ്ങനെ ഒന്നൊന്നര മണിക്കൂർ കൊണ്ട് ചോർ കഴിച്ചാലും കഴിച്ചില്ലെങ്കിലും സീനിയർ ചേച്ചിമാരുടെ നടുക്കിങ്ങനെ ജാമായി ഇരിക്കുന്ന ഒരു സുഖമറിയാൻ പറ്റി. മെസ്ഹാളിൽ പലയിടങ്ങളിൽ പല രാഗങ്ങളിൽ പാട്ടുകൾ മുഴങ്ങും, കരച്ചിലും കേൾക്കാം കേട്ടോ.

ഞങ്ങളുടെ കൂട്ടത്തിലെ 'കട്ടസൗഹൃദം' മോഡിൽ ഉള്ള ആളാണ് മഞ്ജുഷ. ഇപ്പോഴും സുഹൃത്തുക്കൾ ചങ്കാണ് എന്ന് പറയുന്ന ഒരാൾ. ഒരിക്കലും ഫോൺ വിളിച്ചാൽ കിട്ടാറില്ല എന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഇല്ല. ഇപ്പോഴും അതിനാണ് ആ പുള്ളിക്കാരിക്ക് ചീത്ത കേൾക്കാറുളളത് - വാട്സാപ്പ് വന്നതുകൊണ്ടുള്ള ഗുണം ഫോൺ ചെയ്യൽ ഏതാണ്ട് പൂർണമായും ഒഴിവായി എന്നതാണ്! ആ മഞ്ജു പാടിയാണ് ഞാൻ ആദ്യമായി ഇന്നത്തെ പാട്ടോർമ്മപ്പാട്ട് കേൾക്കുന്നത് - ഇതേ സിനിമയിലെ "ഘർ സെ നികൽതെ ഹി ...." ആയിരുന്നു കൂടുതൽ പോപ്പുലർ ആയ പാട്ട്. പക്ഷേ ആദ്യമായി ഇവളിത് പാടി കേട്ടപ്പോൾ മുതൽ എനിക്കതിനോട് മൊഹബത്ത് തുടങ്ങിയിരുന്നു.

അന്ന് മെസ്സിൽ പോയപ്പോൾ മഞ്ജുവിനെ ഒരു സീനിയർ കൂട്ടം പിടിച്ചു, എന്നെ വേറൊരു കൂട്ടം പിടിച്ചു ..കൂടെയുണ്ടായിരുന്ന മറ്റുളവരേയും ഓരോരോ സംഘം വീതിച്ചെടുത്തു. മെസ്ഹാളിലേക്ക് താമസിച്ചുപോകുക എന്ന ഞങ്ങളുടെ സ്ട്രാറ്റജി മനസിലാക്കിയ സീനിയേഴ്സ് അവിടെ പാത്തിരിക്കുവായിരുന്നെന്നേ! ഞാനിരിക്കുന്നസീറ്റിനു അടുത്ത് തന്നെയാണ് മഞ്ജുവിനെ പിടിച്ച ടീം. അതിലൊരാൾ അവളോട് പാടാൻ പറയുന്നു - അവൾ ഈ പാട്ട്, കഴിഞ്ഞ രണ്ടുകൊല്ലമായി ഞാൻ സ്നേഹിച്ചുകൊണ്ടു നടന്ന ഈ പാട്ട് -ഇതിലും വൃത്തികേടായി ഇനി പാടാൻ കഴിയില്ല എന്നതുപോലെ പാടുന്നു. ബസിലും ട്രെയിനിലുമൊക്കെ കേട്ട് നമുക്ക് സുപരിചിതമായ ഒരു ഈണമില്ലേ? അതേ ഈണത്തിൽ .... ഞെട്ടിയിരിക്കുന്ന എന്നോട് പാടാൻ പറഞ്ഞതും വേറൊന്നും നോക്കാതെ ഞാനും കണ്ണുമടച്ച് മഞ്ജുവിനെ ധ്യാനിച്ച് ഈ പാട്ടങ്ങു പാടി. മെസ്ഹാളിന്റെ പലയിടങ്ങളിൽ നിന്നും ഇതേ പാട്ട് പിച്ചക്കാരുടെ ഈണത്തിൽ മുഴങ്ങിക്കേട്ടതോടെ അന്നത്തെ റാഗിങ്ങ്നു തിരശീല വീണു. പിറ്റേ ദിവസവും അതിനു പിറ്റേ ദിവസവും അതിനും പിറ്റേ ദിവസവും ഒക്കെ ഞങ്ങൾ F7, F9 & F10 റൂമുകാർ ഇതേ പാട്ട് മാത്രം പാടി... വേറൊരു പാട്ടും അറിയില്ലയെന്ന് പറയുന്ന ഞങ്ങളോട് അവരെന്ത് പറയാൻ! അവസാനം നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ആ പാട്ടിന്റെ കാര്യത്തിൽ തീരുമാനമായി - മേലാൽ ഈ പാട്ട് ഹോസ്റ്റലിന് അകത്തു കേറ്റിപ്പോകരുതെന്നും തമാശയ്ക്ക് പോലും ഈ പാട്ടാരും പാടരുതെന്നും!

അങ്ങനെ ഞങ്ങളുടെ സീനിയർ ചേച്ചിമാരുടെ ക്ഷമ പരീക്ഷിച്ച ആ പാട്ടും മഞ്ജുവും, മറ്റു F7, F9 & F10 ടീമുകളും മെസ്സും ഒക്കെയാണ് ഈ പാട്ടെനിക്ക് -
"യെ ജോ ധോടെ സെ ഹേ പൈസേ ...
ഖർജ് തും പർ കരൂം കൈസേ! "
-----------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

2 comments:

  1. ആഹാ.. ☺️.. ഞങ്ങളും നാലു കൊല്ലവും സീനിയർസ് ഇല്ലാത്ത ഹോസ്റ്റലിൽ ആണ് താമസിച്ചത്. അതുകൊണ്ട് തന്നെ NO ഹോസ്റ്റൽ ragging. പിന്നെ first year കോളേജിൽ ചെല്ലുമ്പോൾ ഉള്ള കലാ പരിപാടികൾ ഉണ്ടായിരുന്നു... അതൊക്കെ ഒരു കാലം..
    പാപ്പാ കേഹത്തേ ഹേ യിലെ പാട്ടുകളുടെ കാര്യം പറയാനില്ല. അക്കാലത്തെ ഹിന്ദി പാട്ടുകളുടെ കടുത്ത ആരാധികയായിരുന്നു.
    ആർഷയ്ക്കുള്ളത് പോലെ തമാശ നിറഞ്ഞ ഓർമ്മകൾ ആ പാട്ടുകളെ പറ്റിയില്ലെങ്കിലും കുറച്ചു നേരം B.tech കാലത്തിലേക്കും ഹിന്ദി ഗാനങ്ങളോടുള്ള ഭ്രമത്തിലേക്കും ഒരു time travel നടത്താനായി.... Thank you dear.❤️❤️❤️

    ReplyDelete
  2. പാട്ടിനേക്കാൾ ഉപരി  'അണ്ടാസ് & അള്ളീസ്  
    F7, F9 & F10  കട്ടസൗഹൃദം'ആണിതിലെ സുലാൻ 

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)