Thursday, February 6, 2020

" ദിൽ മേരാ ഹര് ബാർ യെ സുൻ നേ കോ ബേകറാർ ഹൈ .."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2000

പ്രീഡിഗ്രി എന്ന വലിയ ഡിഗ്രി തീരാൻ മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. രണ്ടാം വർഷ പ്രീഡിഗ്രി തുടക്ക സമയത്താണ് പെട്ടെന്നൊരു ദിവസം അച്ഛൻ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. ഒരു അച്ഛൻകുട്ടിയായിരുന്ന 16 കാരിയ്ക്ക് അതൊരു വലിയ വഴിത്തിരിവായിരുന്നു ജീവിതത്തിൽ. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തോന്നാറുണ്ട് കുറച്ചു നല്ല ശമരിയക്കാർ ഇല്ലായിരുന്നു എങ്കിൽ ജീവിതം വേറെ വഴികളിൽ ഒഴുകിയേനെ എന്ന്! അന്ന് കൂടെയുണ്ടായിരുന്ന ഓരോ സൗഹൃദത്തിനോടും, ഓരോ സ്നേഹത്തിനോടും, ഓരോ കൈത്താങ്ങിനോടും, ഓരോ ബന്ധത്തിനോടും ഞാൻ നന്ദിയുള്ളവളാണ്. വിഷാദരോഗത്തിലേക്ക് വീഴേണ്ടിയിരുന്നവളെ രക്ഷിച്ചതിലെ ഒരു വലിയ പങ്ക് ഇതറിഞ്ഞും അറിയാതെയും എന്നോടൊപ്പം നിന്നിരുന്ന കൂട്ടുകൾക്ക് തന്നെയാണ്.

അന്ന് പ്രീഡിഗ്രിയുടെ രണ്ടാം കൊല്ലത്തെ മാർക്കാണ് നോക്കുക- ഉപരിപഠനത്തിന്, എൻട്രൻസ് കട്ടോഫ് മാർക്കിന് ഒക്കെ. ആദ്യകൊല്ലം ജയിച്ചാൽ മതി. മിക്കവരും അതിനെ മുതലെടുത്ത് നന്നായിട്ടുഴപ്പും, രണ്ടാംകൊല്ലമാണ് എന്ട്രന്സിനുള്ളതൊക്കെ ഒപ്പിച്ചെടുക്കുക. രണ്ടാംകൊല്ലം തുടക്കത്തിലാണ് ഞങ്ങളുടെ ജീവിതം മാറുന്നത്. എൻ്റെ കാര്യത്തിൽ, പഠിക്കണമെന്നത് എൻ്റെ അജണ്ടയിലേ ഇല്ലാത്തത് പോലായി... വീട്ടിൽ നിന്ന് കോളേജിൽ പോകുക, അവിടെ കൂട്ടുകാരോടൊപ്പം വൈകുന്നേരം വരെയിരിക്കുക, തിരികെ വന്ന് കതകടച്ച് ചുമ്മാ കിടക്കുക, ഓരോന്ന്ഓർത്തോർത്തു കരയുക ഇതൊക്കെയായിരുന്നു മെയിൻ ഹോബി. ചേട്ടന്മാർ രണ്ടുപേരും അപ്പോൾ പാലക്കാട് ഒരിടത്ത് അപ്രന്റീസ് ട്രെയിനികളായി കയറിയിട്ടേ ഉള്ളൂ. ഞാനും അമ്മയും മാത്രമുള്ള ദിന-രാത്രങ്ങളിലേക്ക് ചുരുങ്ങിപ്പോയ സമയം... ഒറ്റയാൾത്തുരുത്തുകൾ പോലെ രണ്ടു ജീവിതങ്ങൾ. ഓർക്കാനേ ഇഷ്ടമില്ലാത്ത രാത്രികൾ!

അക്കൊല്ലം പ്രീഡിഗ്രിയ്ക്ക് ഞാൻ ജയിച്ചാൽ തന്നെ അതിശയമെന്ന നിലയിലേയ്ക്ക് കാര്യങ്ങൾ പോകുമ്പോഴാണ് കൊല്ലത്ത് തന്നെ ഒരിടത്ത് ഫിസിക്സ്, കെമിസ്ട്രിക്ക് ട്യൂഷന് ചേർന്നത് - ലാബ്സ് എന്ന സ്ഥാപനം. അവിടെയുണ്ടായിരുന്ന മോഹനൻ സാറിനെയും സുനിൽ സാറിനെയും കുറിച്ച് മറ്റൊരു കുറിപ്പെഴുതേണ്ടി വരും! അവിടെ ചേർന്നതുകൊണ്ട് എൻ്റെ കൂട്ടിലേക്ക് കടന്നുവന്ന കുറച്ചുപേർ... വല്യ കവി, മഹിമ, ബിനു, ജൈബിൻ, അമരേഷ് .... പലരുടെയും പേരുകൾ പോലും മറന്നു, പലരും എവിടെയാണെന്നും അറിയില്ല ... എങ്കിലും കുറേയെറെനാൾ ആ കൂട്ടുകാർഎന്നോടൊപ്പം ഉണ്ടായിരുന്നു. അതിലിപ്പോൾ രണ്ടുപേരോട് മാത്രമേ ഇപ്പോഴും ബന്ധമുള്ളൂ, അതിനു ഞാനീ ഫേസ്‌ബുക്കിനോട് കടപ്പെട്ടിരിക്കുന്നു! മഹിമ - എന്ന സുന്ദരി, രണ്ടു കൊല്ലം മുന്നേ മാത്രമാണ് മറ്റൊരു കൊല്ലംകാരിയുടെ പോസ്റ്റിലെ കമന്റിലൂടെ പൊങ്ങിവന്നത്. രണ്ടാമത്തെയാൾ 'ഇനു' എന്ന് ഞാൻ വിളിക്കുന്ന 'ബിനു' - പണ്ടുമുതലേ പ്രിയപ്പെട്ടവരുടെ പേര് ചുരുക്കി വിളിക്കുന്ന ഒരു ഭ്രാന്തൻ സ്വഭാവമുണ്ടെനിക്ക്. ഈ രണ്ടക്ഷരമുള്ള കൊച്ചിൻ്റെ പേര് ചുരുക്കിയത് കേട്ടപ്പോൾ നിങ്ങൾക്ക് ആ ഭ്രാന്തിന്റെ ആഴം മനസ്സിലായിക്കാണുമല്ലോ (ഇപ്പോഴും മാറ്റമില്ല ആ സ്വഭാവത്തിന്!). അന്നൊക്കെ ട്യൂഷൻ കഴിഞ്ഞ വൈകുന്നേരങ്ങളിൽ കോളേജ് ജംക്ഷനിൽ നിന്ന് എന്നെ ട്രാൻസ്‌പോർട്ട് ബസിൽ കേറ്റിവിടുന്ന ഉത്തരവാദിത്തം ഇനുവിനും വല്യ കവിയ്ക്കുമാണ്. അത് കഴിഞ്ഞാണ് രണ്ടാളും മാടൻനടയിലേക്കുള്ള അവരുടെ ബസ് കയറുക.

ആ ഇനുവിന് വേണ്ടിയാണ് ഇന്നത്തെ പാട്ടോർമ്മ. നീളൻ കോലൻ മുടിയുള്ള, കണ്ണിൽ അമ്മയുണ്ടാക്കിയ കണ്മഷി എഴുതിയ, നീണ്ട മുടിയിൽ വീട്ടിൽ പടർന്നുപൂവിട്ട മുല്ലമാല ചൂടിയ ഇനു... ഓർമ്മകൾക്കിന്നും ആ മുല്ലമാലയുടെ സുഗന്ധമാണ്! അന്ന് വീട്ടിൽ TV ഉണ്ട്, കേബിളില്ല. എല്ലാവരും ദൂരദർശന്റെ ആൾക്കാരാണ്. രാവിലെ കൃത്യസമയത്തിന് കോളേജിൽ എത്തണമെങ്കിൽ 7.30 കഴിയുമ്പോൾ ഇറങ്ങണം, അന്നത്തെക്കാലത്ത് 'സുബഹ് സവേരെ' എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു - ഒരു ന്യൂസ് റൗണ്ടും വിനോദവും ഒക്കെച്ചേർന്ന പരിപാടി. അതിലൊരു 7.40 -7.45 സമയത്ത് ടോപ് 7 എന്നോ മറ്റോ പറഞ്ഞ് ആ ആഴ്ചയിലെ പുതിയ ഹിന്ദിപ്പാട്ടുകളുടെ ഒരു ഓട്ടപ്രദക്ഷിണം കാണിക്കും. എല്ലാംകൂടി 5 മിനിറ്റിൽ ആ സെഗ്മെന്റ് തീരും. ഞാനും ഇനുവും ആ പ്രോഗ്രാമിന്റെ ആളായിരുന്നു. അത് കണ്ടിട്ടേ ഞാനിറങ്ങൂ - അതുകൊണ്ടെന്താ എന്നും ക്‌ളാസ് തുടങ്ങിയിട്ടേ ഞാനെത്തൂ! കോളേജിൽ എത്തുമ്പോൾ സമരമുള്ള ദിവസമാണെങ്കിൽ മിക്കവാറും ആദ്യബാച്ച്കുട്ടികൾ ഗേറ്റ് കടക്കുമ്പോഴാണ്‌ ഞാൻ അകത്തേക്ക് കയറുക. നേരെ ക്വഡ്രാങ്കിൾ എന്ന പെൺമുറ്റത്തേക്ക്. അവിടെ ഞങ്ങളുടെ സ്വന്തം പടിക്കെട്ടിൽ ഇരിക്കുന്നുണ്ടാകും ടീംസ്. ക്‌ളാസ്സുള്ള ദിവസങ്ങളിലും ക്‌ളാസിൽ കയറൽ കുറവായിരുന്നത്കൊണ്ട് താമസിച്ചെത്തുന്നത് ഒരു വിഷയമേ അല്ലായിരുന്നു.

ആ സമയത്ത് ഞങ്ങൾ താമസിച്ചിരുന്നത് കൊല്ലം-തിരുവനന്തപുരം NH റോഡിനോട് ചേർന്നൊരു കുന്നിൻപുറത്തായിരുന്നതിനാൽ എൻ്റെ ഒരു ശീലം വീടിനു മുന്നിലിരുന്ന്‌ ആ വഴിയേപോകുന്ന വണ്ടികളെ നോക്കിയിരിക്കുകയായിരുന്നു. എന്തിനാന്നു ചോദിച്ചാൽ എനിക്കിപ്പോഴും അറിയില്ല - ചുമ്മാ, അതിലേക്ക് നോക്കി ഈ ബസിൽ ആരേലും വന്നേക്കും എന്ന് പ്രതീക്ഷിച്ചിരുന്നിരിക്കാം, അറിയില്ല! ഒരിക്കൽ ഇനു പറഞ്ഞറിഞ്ഞു ആ ആഴ്ച അവരത് വഴി തിരുവനന്തപുരം പോകുന്നുണ്ടെന്ന്. എൻ്റെ വീടറിയാവുന്ന അവൾ വണ്ടി അവിടെയെത്തുമ്പോൾ കൈ കാണിക്കാം എന്ന് പറഞ്ഞ കാരണം ഞാനൊരു രണ്ടു മണിക്കൂർ ആ ചുറ്റുമതിലിൽ ഇരുന്നത് ഓർക്കുന്നു - വട്ടായിരുന്നോ എന്നല്ലേ ഇപ്പോൾ ഓർക്കുന്നേ? ആയിരുന്നോ എന്നല്ല ഇപ്പോഴും ആണ്  അന്ന് രാവിലെ 8 മണി മുതൽ 10 മണി വരെയിരുന്നിട്ടും ചീറിപ്പാഞ്ഞുപോകുന്ന വണ്ടികളിൽ ഇനുന്റെ മുഖം കണ്ടില്ലല്ലോന്നോർത്ത് താഴെ പടിയിറങ്ങി വന്നപ്പോൾ അതാ കിടക്കുന്നു കല്ലിൽ ചുരുട്ടിയെറിഞ്ഞൊരു പേപ്പർ - ഉള്ളിലൊരു പടവുമുണ്ട്  എനിക്ക് മാത്രമല്ല എൻ്റെ കൂട്ടാർക്കും ചെറിയ നൊസ്സുണ്ട്, സ്നേഹത്തിന്റെ നൊസ്സ്!
വീണ്ടും പാട്ടിലേക്ക്, ആ ഇടയ്ക്ക് ടോപ് 7 ൽ കാണിച്ച ഒരു പാട്ട് ഇനുവിനും എനിക്കും 'ക്ഷ' പിടിച്ചു. പാട്ടിലെ പുതിയ ചെക്കൻ കൊള്ളാമെന്നും, പെൺകുട്ടി കുഴപ്പമില്ല എന്നേയുള്ളൂ എന്നുമൊക്കെ തകർത്തു നിരൂപിച്ചു ഞങ്ങൾ. പാട്ടു മുഴുവൻ കാണാൻ ചിത്രഹാർ നോക്കിയിരുന്നെങ്കിലും വരികളൊന്നും പഠിക്കാൻ തക്ക രീതിയിൽ പാട്ടു കേൾക്കാനുള്ള സാഹചര്യം കിട്ടിയില്ല എനിക്ക്. പ്രീഡിഗ്രി ക്ലാസുകൾ കഴിയുന്ന സമയമായി.എല്ലാവരും ഓരോരോ വഴികളിലേക്ക് പോകുമെന്ന് ഉറപ്പായ സമയം. വല്യ കവി ഡിഗ്രിക്ക് ചേരുന്നു, ഇനുവാണെങ്കിൽ ഫാർമസി കോഴ്‌സിന് പോകാൻ തീരുമാനിച്ചു തോന്നുന്നു , ഞാൻ ഒന്നുമൊന്നും തീരുമാനിക്കാതെ.. എൻട്രൻസ് എഴുതിയിട്ടുണ്ട്, എവിടെയെങ്കിലും കിട്ടിയേക്കും..അമ്മയെ അധികം ബുദ്ധിമുട്ടിക്കാതെ ആദ്യം മെറിറ്റിൽ കിട്ടുന്നയിടത്ത്, കിട്ടുന്ന കോഴ്‌സിന് പോകും എന്ന ഒരു ലൈനിൽ ഞാൻ! പിരിയുമ്പോൾ ഇനു എനിക്കൊരു പൊതി തന്നു - ഒരു സിന്ദൂരച്ചിമിഴിൽ അമ്മയുണ്ടാക്കിയ കണ്മഷി, കൂടെ ഒരു പേപ്പർ - വൃത്തിയുള്ള കയ്യക്ഷരത്തിൽ ഉരുട്ടിയുരുട്ടി എഴുതിയ ഈ പാട്ടിൻ്റെ മുഴുവൻ വരികളും!
" ദിൽ മേരാ ഹര് ബാർ യെ
സുൻ നേ കോ ബേകറാർ ഹൈ ...
കഹോ നാ പ്യാർ ഹേ , കഹോ നാ പ്യാർ ഹേ"
ബസിലിരുന്ന് മടക്കയാത്രയിൽ അത് വായിച്ചു വായിച്ചു കൺ നിറച്ചു ഞാൻ!! കുറെയേറെ നാൾ ഞാനാ കണ്മഷി തീർക്കാതെ എടുത്തുവെച്ചിരുന്നു ഇനുവേ...

---------------==----------------===-------------------------------==-------------------------------==-------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

6 comments:


  1. ആ സമയത്ത് ഞങ്ങൾ താമസിച്ചിരുന്നത് കൊല്ലം-തിരുവനന്തപുരം NH റോഡിനോട് ചേർന്നൊരു കുന്നിൻപുറത്തായിരുന്നതിനാൽ എൻ്റെ ഒരു ശീലം വീടിനു മുന്നിലിരുന്ന്‌ ആ വഴിയേപോകുന്ന വണ്ടികളെ നോക്കിയിരിക്കുകയായിരുന്നു. എന്തിനാന്നു ചോദിച്ചാൽ എനിക്കിപ്പോഴും അറിയില്ല - ചുമ്മാ, അതിലേക്ക് നോക്കി ഈ ബസിൽ ആരേലും വന്നേക്കും എന്ന് പ്രതീക്ഷിച്ചിരുന്നിരിക്കാം
    പ്രിയമുള്ളോരാളാരോ
    വരുവാനുണ്ടന്നു ഞാൻ
    വെറുതേ മോഹിച്ചിട്ടുന്നു ....
    നല്ല പാട്ടോർമകൾ

    ReplyDelete
  2. നല്ല എഴുത്ത്. ന്റമ്മോ ഇങ്ങനേയും ഉണ്ടോ വട്ട്?
    എനിക്കും ഇഷ്ടപ്പെട്ട ഒരു പാട്ടാണിത് ട്ടോ.
    കഹോന പ്യാർ ഹേ... കഹോന പ്യാർ ഹേ...
    ഇഷ്ടം

    ReplyDelete
  3. പാട്ടോർമ്മകളിലൂടെ മിന്നിത്തെളിയുന്ന ആത്മമിത്രങ്ങൻ...
    ആശംസകൾ

    ReplyDelete
  4. ആ സിനിമ കാണാനുള്ള കൊതി കാരണം വിസിആർ വാടകയ്ക്ക് എടുത്ത് കാസറ്റ് ഇട്ട് കണ്ട ഓർമ. അന്നൊരു 14"ബ്ളാക് ആൻഡ് വൈറ്റ് ടിവി ആരുന്നു... ആ ടിവിയിൽ എന്തോരം ഹിന്ദി സിനിമകൾ കണ്ടിരുന്നു.

    ഹോ. എന്തെല്ലാം ഓർമ്മകൾ തള്ളിക്കേറി വരുന്നു.

    ReplyDelete
  5. വായിച്ചു കണ്ണു നിറഞ്ഞു പോയി ... ആ സൗഹൃദങ്ങൾക്കൊക്കെ എന്തൊരു ചേലാണല്ലേ ....

    ReplyDelete
  6. ഇനു വിന്  വേണ്ടി ഒരു പാട്ട് ...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)