#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 1994
ഇന്നത്തെ പാട്ടോർമ്മ ലോകത്തിലുള്ള എല്ലാ പെൺകുഞ്ഞുങ്ങൾക്കും വേണ്ടിയാണ്.... ജീവിതത്തിൽ ആദ്യമായി ഈ പാട്ടുകേട്ടത് എപ്പോഴാണെന്ന് കൃത്യമായി ഓർമയില്ല - റേഡിയോയിലെ പുതിയ പാട്ടുകളിലൂടെയോ, ചിത്രഗീതത്തിലൂടെയോ ആകണം. ഒരു ചേട്ടച്ഛൻ നോക്കിവളർത്തിയ കുഞ്ഞിൻ്റെ സിനിമ കണ്ടത് അപ്പുറത്തെ വീട്ടിൽ കാസറ്റിട്ടപ്പോഴാണ് - എനിക്ക് രണ്ടുചേട്ടച്ഛന്മാർ ഉള്ളതുകൊണ്ടാകും ആ സിനിമ ഒത്തിരി ഇഷ്ടമായത്! വളർന്നു വലുതാകുമ്പോൾ അഹങ്കാരിയായിപ്പോയ സിനിമയിലെ പെങ്കൊച്ചിനെ നോക്കി ആ വീട്ടിലെ അമ്മയും പറഞ്ഞു, അല്ലേലും ഇപ്പോഴത്തെ പെൺപിള്ളേർക്കൊക്കെ രണ്ടടിയുടെ കുറവുണ്ടെന്ന്!
ആദ്യമായ് കേട്ടതുമുതൽ ഇന്ന് കേൾക്കുമ്പോഴും അറിയാതെ മനസൊന്ന് തരളമാകും, സ്നേഹം വരും ഉള്ളിൽ, ഒരു പുഞ്ചിരി വിടരും ...
"വാലിന്മേൽ പൂവും
വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായി
വന്ന വേശക്കിളിമകളേ ...."
വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായി
വന്ന വേശക്കിളിമകളേ ...."
ഈ പാട്ടിനെ ഞാൻ അന്നുമുതൽ സൂക്ഷിച്ചു സൂക്ഷിച്ചു വെച്ചിരുന്നതാ പെൺകുട്ടി ഉണ്ടാകുമ്പോൾ പാടിയുറക്കാനും കളിപ്പിക്കാനും. ചേട്ടമ്മാർക്ക് രണ്ടാൾക്കും ആൺകുട്ടികൾ ആയതോടെ അടുത്ത ഊഴം എന്റേതായപ്പോൾ - താച്ചു ഉണ്ടാകും മുൻപ് എന്നെ വയറുകാണാൻ വന്ന എല്ലാവരും ഉറപ്പിച്ചു, പെൺകുഞ്ഞു തന്നെ! അപ്പുറത്തെ വീട്ടിലെ അമ്മൂമ്മമാരും, രണ്ട് ചേടത്തിയമ്മമാരും ചെർപ്പുളശ്ശേരിയിൽ ചേച്ചിയും എന്നുവേണ്ട എല്ലാരും പെങ്കൊച്ച് വയറ്റിലുണ്ടെങ്കിലുള്ള ലക്ഷണങ്ങളും പെണ്കുഞ്ഞിനുള്ള പേരുമൊക്കെ തകൃതിയായി ആലോചിക്കാൻ തുടങ്ങി. ആദ്യത്തേത് നഷ്ടമായ ഒരനുഭവം ഉണ്ടായിരുന്നത്കൊണ്ട് ഞങ്ങൾ രണ്ടാളും പേരൊന്നും ആലോചിക്കാതെ കുഞ്ഞ് നല്ല ആരോഗ്യത്തോടെ ഇരിക്കണേ എന്ന് മാത്രം ആഗ്രഹിച്ചു. ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞാകണേ, കുഴപ്പങ്ങളൊന്നും ഇല്ലാതെ കിട്ടണേയെന്ന് പ്രാർത്ഥിച്ചുപ്രാർത്ഥിച്ചാണ് ആശുപത്രിയിലേക്ക് പ്രസവിക്കാൻ പോയത്.
ഓപ്പറേഷൻ ടേബിളിൽ കണ്ണും തുറന്നു എല്ലാം കണ്ടും കേട്ടും കിടന്ന എന്നോട് അനസ്തേഷ്യ നൽകിയ ഡോക്ടർ എന്താണ് ഉറങ്ങാത്തത് എന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്നുമില്ല എന്ന് കണ്ണിറുക്കി ചിരിച്ചു. സത്യത്തിൽ പേടിയായിരുന്നു, കുഞ്ഞിനെ പുറത്ത് കാണുംവരെ! എടുത്തയുടനെ കോർഡ് മുറിക്കാതെ തന്നെ ഡോക്ടർ എൻ്റെ മുഖത്തിന് മുകളിലേക്ക് കാണിച്ചിട്ട് പറഞ്ഞു "മോനാണ് ആർഷാ". (എനിക്ക് ആ കർക്കശക്കാരൻ മുരടൻ ഡോക്ടറിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പക്ഷേ ആ ഒരൊറ്റ മുഹൂർത്തത്തിന് ഞാൻ അദ്ദേഹത്തിനോട് ആജീവനാന്തം കടപ്പെട്ടിരിക്കുന്നു!) മോനാണ് എന്ന് കേട്ടതും ഞാൻ ഈ "പെങ്കൊച്ച്" കഥപറഞ്ഞ എല്ലാവരുടേയും മുഖമോർത്ത് അത്യാവശ്യം നല്ല രീതിയിൽ തന്നെ ചിരിച്ചതോടെ അനസ്തിസ്റ്റ് വീണ്ടും എന്നെയൊന്നു നോക്കി - ഇതിൻ്റെ പിരി മൊത്തം പോയോ എന്ന അർത്ഥത്തിൽ!
രണ്ടാമൻ -ദിച്ചപ്പൻ - ഇവിടെയാണല്ലോ ജനിച്ചത്. അതുകൊണ്ട് അഞ്ചാം മാസം ആയപ്പോൾ തന്നെ അറിഞ്ഞിരുന്നു, താച്ചു 'ബേബി ബ്രദർ' വിശേഷം നല്ലോണം കൊണ്ടാടുകയും ചെയ്തു. അവൻ പറയുന്നത് അവൻ പറഞ്ഞിട്ട് വന്നതാണല്ലോ ബേബി, അതുകൊണ്ട് അവനറിയാമായിരുന്നു അനിയൻ ആണെന്ന് എന്നാണ്. രണ്ടാമതും മോനാണ് എന്നറിഞ്ഞപ്പോഴും ആരോഗ്യത്തോടെ ആശാൻ പുറത്തെത്തണേയെന്നായിരുന്നു പ്രാർത്ഥന. എൻ്റെ 'അമ്മ മാത്രം പറഞ്ഞു "ഞാനിനി ആർക്ക് വള വാങ്ങിക്കൊടുക്കും!" - ആ വാങ്ങാനുള്ള വളയൊക്കെ ആദ്യം എനിക്ക് വാങ്ങിത്താ എന്ന് പറഞ്ഞത് ശരിക്കങ്ങോട്ട് ഏറ്റില്ല അത്യാവശ്യം കോംപ്ലിക്കേഷൻസൊക്കെ ഉണ്ടായിരുന്ന രണ്ടാമത്തെ ഗർഭവും, ഓപ്പറേഷനും കൂടിയായപ്പോൾ ഈ പാട്ടിനെ ഞാൻ പതുക്കെ മടക്കി ഉത്തരത്തിൽ വെച്ചതായിരുന്നു . കെട്ടിയോന്റെ വീട്ടിൽ ചേച്ചിക്ക് ഒന്നും, അനിയന് ഒന്നും എന്ന കണക്കിൽ രണ്ടു പെൺകുഞ്ഞുങ്ങൾ ഉള്ളത്കൊണ്ട് തൃപ്തിപ്പെട്ടു പോരുവായിരുന്നേ.
അങ്ങനെയങ്ങനെയിരിക്കേ ഇതാ വന്നിരിക്കുന്നു ഞങ്ങളുടെ കുടുംബത്തിലും ഒരു കുഞ്ഞിപ്പെണ്ണ് - ചേട്ടന് രണ്ടാമത്തെ കുഞ്ഞാവ മോളാണ്... ആമിയ എന്ന ആമിക്കുട്ടി / മിയക്കുട്ടി! അവൾ വന്നതുമുതൽ മനസു മുഴുവൻ ഈ പാട്ടാണ് ... ഇനിയെന്നും ഈ പാട്ട് എനിക്ക് അവളാണ് എല്ലാ
പെൺകുഞ്ഞുങ്ങളും രാജകുമാരിമാരായി വളരട്ടെ, ചേട്ടച്ഛൻ സ്നേഹിച്ചതുപോലെ അവരെ സ്നേഹിക്കാൻ ചേട്ടന്മാരും അച്ഛൻമാരും ഉണ്ടാകട്ടെ ...
പെൺകുഞ്ഞുങ്ങളും രാജകുമാരിമാരായി വളരട്ടെ, ചേട്ടച്ഛൻ സ്നേഹിച്ചതുപോലെ അവരെ സ്നേഹിക്കാൻ ചേട്ടന്മാരും അച്ഛൻമാരും ഉണ്ടാകട്ടെ ...
അപ്പച്ചിയെപ്പോലെ മിടുമിടുക്കിയാകട്ടേ ആമിയക്കുട്ടി എന്ന് ഞാൻ പറയും - അവളുടെ അച്ഛനുമമ്മയും സമ്മതിക്കുമോ എന്നറിയില്ല!
-----------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്.
ReplyDeleteആ സിനിമ കണ്ട് എത്ര കാലം സങ്കടപ്പെട്ടു നടന്നു .
പെണ്ണുണ്ണികൾക്ക് വേണ്ടിയുള്ള ഒരുപാട്ടോർമ്മ - അതും സ്വന്തം പെറോർമ്മകൾ പങ്കുവെച്ച്
ReplyDelete