Tuesday, February 4, 2020

'തൂഴിയിലേ ആട വന്ത'

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 

വർഷം 1993 - ഡിസംബർ മാസം
ഞങ്ങൾ പഠിക്കുന്ന സമയത്ത് നാവായിക്കുളത്ത് എന്ന 'ഠാ' വട്ടത്ത് ഒരു സ്‌കൂളിനെ മാത്രം ആശ്രയിച്ച് മൂന്ന് ട്യൂട്ടോറിയൽ കോളേജുകളാണ് പ്രധാനമായും ഉണ്ടായിരുന്നത് -ജയാ കോളേജ്, പ്രിൻസ് അക്കാദമി പിന്നെ കുറച്ചു വൈകി വാഗണിൽ ജോയിൻ ചെയ്ത വിശ്വഭാരതി. ഒന്ന് മുതൽ പത്തു വരെ ഒരേ ക്ലാസ്സിൽ, ഒരേ ബഞ്ചിലിരുന്നു പഠിച്ച പാർവതി പ്രിൻസ് അക്കാദമിയിലായിരുന്നു. അഞ്ചാം ക്ലാസ് മുതൽ പ്രീ ഡിഗ്രി വരെ ഒരുമിച്ചു പഠിച്ച മഞ്ജു വിശ്വഭാരതിയിലും അഞ്ചുമുതൽ പത്തുവരെ കൂടെപ്പഠിച്ച പ്രീത ജയാ കോളേജിലും ആയിരുന്നു. അഞ്ചു വയസിനു മൂത്ത ഇരട്ടച്ചേട്ടന്മാർ ഒൻപതാം ക്ലാസ്സിലെത്തിയപ്പോൾ ആണ് അവർ ട്യൂഷൻ പോകേണ്ട ആവശ്യകത അമ്മയ്ക്ക് തോന്നിയത്. സ്വാഭാവികമായും അച്ഛൻ്റെ സുഹൃത്തുക്കൾ കൂടുതൽ പേർ പ്രവർത്തിച്ചിരുന്ന ജയാ കോളേജിൽ ചേട്ടന്മാർ എത്തിപ്പെട്ടു. നാവായിക്കുളം വലിയമ്പലത്തിന് തൊട്ടടുത്ത് ആയിരുന്നു അന്ന് ജയാകോളേജ് സ്ഥിതി ചെയ്തിരുന്നത്. ഓല മേഞ്ഞ, തട്ടികൾ കൊണ്ടു മറച്ച, ബഞ്ചുകളും ഡസ്കുകളും അടുക്കിയിട്ട ക്‌ളാസ്സ്‌മുറികൾ. ചേട്ടന്മാരെ അവിടെ ചേർക്കാൻ അമ്മയോടൊപ്പം ഞാനും പോയിരുന്നു. അന്നവിടെ കേറിയാൽ ഉടനെ കാണുന്ന ഓഫീസ് റൂമിൽ തൂക്കിയിട്ടിരുന്ന ബെൽ അടിച്ച എന്നെ ബാബുസാർ കണ്ണുരുട്ടി നോക്കിയത് ഞാൻ കണ്ടില്ലാന്നങ്ങു നടിച്ചു. അതിനടുത്ത കൊല്ലം തന്നെ ഞാൻ അവിടെ എത്തിപ്പെടുമെന്നും കണ്ണുരുട്ടല് മാത്രമല്ല നല്ലസൽ തല്ലും കിട്ടുമെന്ന് ഞാനറിഞ്ഞില്ലാലോ 
ഞാൻ അഞ്ചാം ക്‌ളാസിൽ ആയപ്പോൾത്തന്നെ എങ്ങനെ ട്യൂട്ടോറിയലിൽ എത്തി എന്നല്ലേ? അത്രയും സമയം അമ്മയ്ക്കു ശല്യമുണ്ടാകില്ലലോ എന്ന് കരുതിയാകണം അവിടുത്തെ സാറന്മാർ അവളെ ഇങ്ങുവിട്ടേരെ എന്ന് പറഞ്ഞയുടനെ അമ്മയെന്നെ കൊണ്ടോയി അവരെ ഏല്പിച്ചത്! ഒരു വീട്ടിലെ രണ്ടുപേർ പഠിക്കുന്ന ക്രെഡിറ്റിൽ മൂന്നാമത്തെ 'ഫ്രീ' അഡ്മിഷൻ ആയിട്ടാണ് ഞാൻ ജയാകോളേജിൽ എത്തിച്ചേരുന്നത് - അന്ന് മുതൽ പത്താം ക്ലാസ് വരെയും ഞാൻ ജയയുടെ ദത്തുപുത്രി ആയിരുന്നു!

എന്നെ ഇന്നത്തെ ഞാനാക്കിയതിൽ ജയാ കോളേജിനും അവിടെ എന്നെ പഠിപ്പിച്ചിരുന്ന, എന്നെ സ്നേഹിച്ചിരുന്ന ഓരോ അദ്ധ്യാപകർക്കും പങ്കുണ്ട്. ദത്തുപുത്രി ആയിടം മുതൽ, ജയാകോളേജ് എൻ്റെ രണ്ടാം വീടായി. സ്‌കൂൾ പരീക്ഷാക്കാലത്ത് പുതിയ ഓല മേയുന്ന സമയമാണ് ടൂട്ടോറിയലുകളിൽ - ഉച്ച വരെയുള്ള പരീക്ഷ കഴിഞ്ഞു വരുംവഴി ഞാനതിലേ കറങ്ങിയിറങ്ങും. ഓലയെടുത്തു കൊടുക്കാനോ കെട്ടാനോ അപ്പുറത്തെ വീട്ടിൽ പോയി വെള്ളം എടുത്തു വരാനോ ഒക്കെ - ഒരു കൈയാൾ പോലെ. നമ്മുടെ സ്വന്തം വീടാണല്ലോ! എത്രയോ പ്രാവശ്യം മറ്റു ട്യൂട്ടോറിയയിലുകളിൽ പഠിക്കുന്ന ചങ്ക് സുഹൃത്തുക്കളോടൊക്കെ വാശിയോടെ പറഞ്ഞിരിക്കുന്നു - ജയാകോളേജ് is the best എന്ന്. അപ്പോഴൊക്കെ വീറോടെ അവരും വാദിക്കും, അവരുടെ ട്യൂട്ടോറിയാണ് ഏറ്റവും നല്ലതെന്ന്. അന്നൊന്നും ഒരുപക്ഷേ സുഹൃത്തുക്കളോട് പറയാതിരുന്നത് എന്തുകൊണ്ട് ജയ 'എനിക്ക്' ബെസ്റ്റ് ആയി എന്നുള്ളതാണ്. അതിൻ്റെ കാരണം ഞാൻ ജയാകോളേജിനെ തിരഞ്ഞെടുത്തതല്ല, അവരെന്നെയാണ് തിരഞ്ഞെടുത്തത് എന്നതാണ്. ജയാ കോളേജിനെക്കുറിച്ചു പറയാൻ തുടങ്ങിയാൽ ഒരു കഥ പോരാത്തതുകൊണ്ട് ഞാൻ വീണ്ടും പാട്ടിലേക്ക് പോകുന്നു.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ട്യൂട്ടോറിയിലെ വാർഷികം വന്നു. ഉപ്പു മുതൽ കർപ്പൂരം വരെ എല്ലാത്തിനും പേര് കൊടുത്തിട്ടുണ്ട്. ആകെ ഒരു ദിവസമാണ് പ്രോഗ്രാം ഉള്ളതെങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെയെന്നാണല്ലോ! എല്ലാവര്ക്കും സിനിമാപ്പാട്ട് മത്സരം ഉണ്ടെന്നു കേട്ടതോടെ ആവേശം കൂടി, കാരണം സ്‌കൂൾ യുവജനോത്സവത്തിൽ ഇല്ലാത്ത ഒരു ഐറ്റം ആണീ സിനിമാപ്പാട്ട് മത്സരം. പറഞ്ഞുപറഞ്ഞിരിക്കേ അന്നത്തെ ദിവസം എത്തി, ഉച്ചക്കാണ് സിനിമാപ്പാട്ട് മത്സരം. സൂപ്പർഹിറ്റ് ചിത്രം ആകാശദൂതിലെ പാട്ടു പാടാമെന്നു വിചാരിച്ച് പഠിച്ചു റെഡി ആയിട്ടിരിക്കുമ്പോൾ ആണ് അഞ്ചാം ക്‌ളാസിലെ വേറൊരു കൊച്ചും അതേ പാട്ടാണ് പാടുന്നതെന്നറിഞ്ഞത്. 'ശ്ശെടാ - ഇതൊരു ദുരന്തോ ആകുമെന്ന് ഏതാണ്ട് ഉറപ്പായി'. പിന്നൊന്നും ആലോചിച്ചില്ല അപ്പൊത്തന്നെ പാട്ടു മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. ഇനിയും സമയമുണ്ടല്ലോ പഠിക്കാൻ! ചിന്നത്തമ്പി സിനിമയിലെ 'തൂഴിയിലെ ആടവന്ത മാനത്ത് മിൻവിളക്കേ' പാടാം തമിഴൊന്നും ആരും പാടില്ല എന്നുറപ്പിച്ചുകൊണ്ട് അതിൻ്റെ വരികൾ ഓർക്കാൻ ശ്രമം തുടങ്ങി (ഈണം പിന്നെ പണ്ടേ നമുക്കറിയാമല്ലോ!) അപ്പോഴല്ലേ പ്രശ്നം ഏതാണ്ട് അനുപല്ലവി ഭാഗത്തെത്തുമ്പോൾ വരിയൊന്നും ഓർമ വരുന്നില്ല  കൂടുതൽ ആലോചിച്ചു നിൽക്കാനുള്ള സമയം ഇല്ലാലോ, ഒരു മണിക്കൂറിൽ ഭക്ഷണ സമയം കഴിഞ്ഞാൽ പരിപാടികൾ പുനരാരംഭിക്കും. ആദ്യയിനം സിനിമാഗാനങ്ങൾ ആണ് താനും.

പെട്ടെന്നോർമ്മ വന്നത് വീടിനടുത്ത് താമസിക്കുന്ന കളിക്കൂട്ടുകാരെയാണ് - അമ്മൻകോവിലിനു അടുത്തുള്ള വീട്. അവിടെയുണ്ടായിരുന്ന എൻ്റെ ബാല്യകാല സുഹൃത്തുക്കളിൽ പലരും തമിഴ് തായ്‌വേരുകൾ ഉള്ളവരായിരുന്നു. വീട്ടിൽ മലയാളവും തമിഴും കലർന്ന സങ്കരഭാഷ സംസാരിച്ചിരുന്നവർ. എനിക്ക് തമിഴിനോടുള്ള സ്നേഹം അവരിൽ നിന്നാണ് കിട്ടിയതെന്ന് വിചാരിക്കാറുണ്ട്. സെൽവിയെന്ന കൂട്ടുകാരിയുടെ വീടൊരു കൂട്ടുകുടുംബമാണ്. അവളുടെ അപ്പയെ ഞാനും അപ്പയെന്നു വിളിച്ചു. പെരിയപ്പ, ചിത്തപ്പാ, ചിത്തി, പാട്ടി, താത്ത എല്ലാരും എനിക്കും സ്വന്തം. അവിടെയുള്ള ആർക്കെങ്കിലും എന്നെ സഹായിക്കാൻ പറ്റിയേക്കും എന്ന് തോന്നിയത് കൊണ്ട് ആ സമയത്ത് നേരെ അങ്ങോട്ട് വിട്ടു. ഊഹം തെറ്റിയില്ല ബാബു എന്ന കൂട്ടുകാരൻ ഉണ്ടായിരുന്നു അവിടെ. അവനെക്കൊണ്ട് ആ പാട്ടു മുഴുവൻ പാടിപ്പിച്ച്, ഒരു പേപ്പറിൽ എഴുതിയെടുത്ത് ഒരോട്ടത്തിന് ഞാൻ വീണ്ടും ജയയിലെത്തി. ആ പേപ്പറും കൊണ്ടുകയറി മുഴുവൻ പാടിയിട്ടേ ഇറങ്ങിയുള്ളൂ ട്ടാ. പിന്നെ, ഞാൻ അന്നത്തെ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവായിരുന്നു എന്നതിനാൽ സമ്മാനവും കിട്ടി! (പിന്നെയും വളരെയേറെ വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ മനസിലാക്കിയത് പാട്ട് ഇഷ്ടമാണ് എന്നതുകൊണ്ട് മാത്രം എല്ലാവര്ക്കും പാടാൻ കഴിയില്ല എന്ന്  അത് മനസിലായപ്പോൾ ഞാൻ പാടുന്നത് നിർത്തി ... )

കുട്ടി ബാബു ഇപ്പൊ എവിടെയാണെന്നൊന്നും അറിയില്ല കേട്ടോ, സെൽവിയുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട് - സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പേ വാഴ്ക!  ഇന്നത്തെ ഡെഡിക്കേഷൻ അടഞ്ഞ ശബ്ദത്തിൽ എനിക്കായി, എനിക്കായിട്ട് മാത്രം 'തൂഴിയിലേ ആട വന്ത' പാടിയ ബാബുവിനാണ്.

https://www.youtube.com/watch?v=RFfr-OOoPWk
---------------==----------------===-------------------------------=---------------==------------------=--------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

6 comments:

  1. എന്തുമാത്രം ഓർമകളാണ് ചേച്ചീ...


    എനിയ്ക്ക് ഇഷ്ടമില്ലാത്ത പാട്ടാണ്.

    ReplyDelete
  2. ബാബുവിനെ വായിച്ചത് ഓർമയുണ്ട്.
    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് കുളപ്പുള്ളി ഗീത തിയേറ്റർ, ഖുശ്ബു , പ്രഭു , എന്റെ വല്ല്യേട്ത്ത്യമ്മ എന്നിവരെ ഓർമ്മ വരും...!!!

    ReplyDelete
  3. ബാബു ഓർത്തിരിക്കുമോ?ആവോ! ആശംസകൾ

    ReplyDelete
  4. 'ജയയിൽ നിന്നും ബാബു വരെ ഓട്ടം... പിന്നെ തിരിച്ചും.. ഒരു ലോക റെക്കാർഡ് ന് സാധ്യതയുണ്ടായിരുന്നു.
    ചിന്ന ത്തമ്പി യിലെ എല്ലാ പാട്ടുകളും സുപ്പറായിരുന്നു'

    ReplyDelete
  5. എനിക്കിഷ്ടമുള്ള പാട്ടാണിത്. നല്ല നല്ല ഒരു പാട് ഓർമ്മകൾ ഉണ്ടല്ലേ ചേച്ചിക്ക് ഓരത്തിരിക്കാൻ
    ഇഷ്ടം

    ReplyDelete
  6. 'തൂഴിയിലേ ആട വന്ത' പാടിയ ബാബുവും
    മറ്റു തമിഴ് കൂട്ടുകാരുമടക്കം നല്ല ഓർമ്മകൾ
    സമ്മാനിക്കുന്ന അസ്സലൊരു പാട്ടോർമ്മ ...
    പിന്നെ ഇതിലുള്ള ഏറ്റവും സത്യമായ കാര്യമാണ്
    - പിന്നെയും വളരെയേറെ വർഷങ്ങൾ കഴിഞ്ഞാണ്
    ഞാൻ മനസിലാക്കിയത് പാട്ട് ഇഷ്ടമാണ് എന്നതുകൊണ്ട് മാത്രം
    എല്ലാവര്ക്കും പാടാൻ കഴിയില്ല എന്ന്  :) അത് മനസിലായപ്പോൾ
    ഞാൻ പാടുന്നത് നിർത്തി - എന്നത് കേട്ടോ ആർഷെ 

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)