Sunday, February 2, 2020

"ചിച്ചാ ചിച്ചാ ..."


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 
വർഷം 1998

പ്രീഡിഗ്രി ഒന്നാം കൊല്ലം - മാനത്തേക്ക് പറക്കാൻ റെഡിയായിട്ടാണ് കൊല്ലം ഫാത്തിമ മാതായിലേക്ക് പുറപ്പെട്ടത്. ചേട്ടന്മാരുടെ ഉപദേശം കൊട്ടിയം NSS ൽ ചേരാനായിരുന്നു - അവിടെയാണ് അവർ പഠിച്ചതേ! പക്ഷേ, അവർ പറഞ്ഞുപറഞ്ഞു എനിക്കാ കോളേജിലെ മുക്കും മൂലയും ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകരും സർവോപരി അവിടുത്തെ അതിഭീകരനായ സ്ട്രിക്ട് പ്രിൻസിപ്പലും വളരെ വളരെ പരിചയമാണ്. പിന്നെ ഞാൻ പോകുവോ അങ്ങോട്ട്. എൻ്റെ ആദ്യത്തെ ചോയ്‌സ് മാർ ഇവാനിയോസ് കോളേജായിരുന്നു. പേപ്പറികളിലൂടെ വായിച്ചറിഞ്ഞ പ്രിയപ്പെട്ട മാർ ഇവാനിയോസ് - കലോത്സവ കാലത്ത് തിളങ്ങി നിൽക്കുന്ന മാർ ഇവാനിയോസ്, അക്കാലത്തെവിടെയോ വായിച്ച പ്രിയപ്പെട്ട ഒരാളുടെ ഇന്റർവ്യൂവിൽ വരച്ചിട്ട മാർ ഇവാനിയോസ്! പക്ഷേ, വീട്ടിൽ നിന്ന് പോയിവരാനുള്ള ബുദ്ധിമുട്ട് കാരണം ആ ഓപ്‌ഷൻ ആദ്യമേ വെട്ടേണ്ടി വന്നു. അന്ന് ഞാൻ കരുതിയിരുന്നു ഡിഗ്രിക്ക് അല്ലെങ്കിൽ പിജിയ്ക്ക് മാർ ഇവാനിയോസിൽ പഠിക്കണമെന്ന് - നടന്നില്ല, ജീവിതം നമ്മൾ തെളിക്കുംവഴിയല്ല പോകുന്നത് എന്ന് മനസിലായപ്പോഴേക്കും ഞാൻ മറ്റൊരിടത്ത് എത്തിക്കഴിഞ്ഞിരുന്നു. എന്നെ ഏറെക്കൊതിപ്പിച്ച മറ്റൊരു കോളേജ് മഹാരാജാസ് ആണ് - ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത മഹാരാജാസ്! 
                       എന്റെ രണ്ടാമത്തെ ചോയ്‌സും വീട്ടുകാരുടെ "ങാ വേണേൽ നീ അവിടെ പൊയ്ക്കോ" ചോയ്‌സും ഫാത്തിമ കോളേജ് - FMNC, കൊല്ലം ആയിരുന്നു, ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഞങ്ങൾ താമസിച്ചിരുന്ന വീടിനു താഴെ ഒരു മിനിചേച്ചി ഉണ്ടായിരുന്നു. ചേച്ചി ഡിഗ്രിക്ക് പഠിച്ചത് ഫാത്തിമയിലാണ് - മിനിചേച്ചി പറഞ്ഞ കഥകളിലൂടെയാണ് ഞാൻ അക്കേഷ്യ മരങ്ങൾ നിറഞ്ഞ ആ കോളേജ് സ്വപ്നം കാണാൻ തുടങ്ങിയത്. കൊല്ലത്തുനിന്നു ചങ്ങനാശ്ശേരിക്ക് പോകുന്ന ട്രെയിൻ യാത്രയിൽ കാണുന്ന മരങ്ങൾ നിരനിരയായി നിൽക്കുന്ന ആ കോളേജ് എന്നെ കൊതിപ്പിച്ചിട്ടുണ്ട്. ഒരു പ്രൗഢസുന്ദരിയായ മുത്തശ്ശിയാണ് ഫാത്തിമ കോളേജ്. ആദ്യകാഴ്ചയിൽ തന്നെ നമ്മളെ സ്നേഹിപ്പിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു പ്രത്യേകത ആ സ്ഥലത്തിനുണ്ട്. മാർ ഇവാനിയോസിനെ കുടുംബക്കാർ തഴഞ്ഞെങ്കിലും FMNC - എനിക്ക് ഒട്ടും കുറവായിതോന്നിയില്ല.

                  അങ്ങനെ കല്ലമ്പലം - കരുനാഗപ്പള്ളി ഓർഡിനറിയിലെ എൻ്റെ സ്ഥിരം യാത്രകൾ തുടങ്ങി. ആ രണ്ടുകൊല്ലം ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച ഒന്നായിരുന്നു ഈ ബസ് യാത്രകൾ. കൊട്ടിയം കോളേജിലേക്ക് പോകുന്ന എന്റെ സ്‌കൂൾ കൂട്ടുകാരും ഉണ്ടാകും ഇതേ ബസിൽ അവരൊക്കെ ഇറങ്ങിക്കഴിഞ്ഞാൽ ബസ്‌ പിന്നെ കൊല്ലം എത്തുംവരെ കാലിയാണെന്നു തന്നെ പറയാം. തിരിച്ചുള്ള വരവും നല്ല രസമാണ് - കോളേജ് ജംഗഷനിൽ നിന്ന് കയറാൻ നിന്നാൽ ഇടിച്ചുകേറണം എന്നുള്ളതുകൊണ്ട് ഡിഗ്രി ചേച്ചിമാരുടെ കൂടെക്കൂടി ഞങ്ങളൊരു ഗ്യാങായിട്ടങ്ങു നടക്കും ചിന്നക്കട വരെ. രണ്ടാമത്തെ വർഷം പകുതി മുതൽ അവിടെ അടുത്തൊരു സ്ഥലത്തു ഫിസിക്സ്, കെമിസ്ട്രിക്ക് ട്യൂഷനും കൂടി കഴിഞ്ഞാണ് വീട്ടിലേക്കുള്ള മടക്കം. ആറര മണി കഴിഞ്ഞുള്ള KSRTC ഓർഡിനറി ബസിൽ എന്നെ കയറ്റി വിട്ടിട്ടേ കൂടെയുള്ളവളുമാർ പോകൂ. അവർക്ക് അഞ്ചു-പത്തു മിനിറ്റ് വേണ്ടൂ ബസിൽ വീടെത്താൻ. അങ്ങനെയുള്ള വൈകുന്നേരത്തെ ബസ് യാത്രയിൽ ഏകദേശം അരമണിക്കൂറത്തെ യാത്ര കഴിയുമ്പോൾ ബസിൽ പിന്നെ ഞാൻ മാത്രേ ഉണ്ടാകൂ പെൺവർഗ്ഗത്തിൽ. വീണ്ടും അരമണിക്കൂർ കൂടി കഴിഞ്ഞാലേ എൻ്റെ സ്റ്റോപ്പ് എത്തുള്ളു. എൻ്റെ സ്ഥിരം സീറ്റ് പിറകിലെ വാതിലിലെ കേറുന്ന ഉടനെയുള്ള കണ്ടക്ടറുടെസീറ്റിനു നേരെയുള്ള സീറ്റ് ആയിരുന്നു. രണ്ടാണ് ഗുണം - സ്ഥിരമായി യാത്ര ചെയുന്ന കുട്ടിയായത് കൊണ്ട് കണ്ടക്ടർ നമ്മളെ ശ്രദ്ധിച്ചോളും, ചാത്തന്നൂർ- കല്ലുവാതുക്കൽ ഒക്കെ എത്തുമ്പോൾആടിയാടി കയറുന്ന ചേട്ടന്മാരെ ഒന്നും നമ്മുടെ സീറ്റിനു അടുത്തേക്ക് അടുപ്പിക്കില്ല. ഞാൻ അന്നെന്നെ സഹായിച്ച എല്ലാ നല്ല മനസുള്ള ksrtc കണ്ടക്ടർ-ഡ്രൈവർ സഹോദരന്മാരേയും നന്ദിപൂർവം സ്മരിക്കുന്നു! രണ്ടാമത്തെ ഗുണം - മനോഹരമായ സൂര്യാസ്തമനം പിന്നിലെ നെടുനീളൻ ഗ്ലാസിൽ കൂടി കാണാമെന്നതായിരുന്നു. അന്നേ സ്വപ്നജീവി ആയിരുന്നതുകൊണ്ട് ഇമ്മാതിരി കാര്യങ്ങളൊക്കെ കണ്ടുകൺകുളിർത്താണ്‌ വീടെത്തുക.

                      എന്നെപ്പോലെ ആരും 'ചാത്തന്നൂർ ബസ് സ്റാൻഡ്' എത്താൻ കാത്തിരുന്നിട്ടുണ്ടാകില്ല. അതൊരു കുഴിയിലേക്കാണ് - NH ൽ നിന്ന് ഒരു ഡി-റൂട്ട് എടുത്തു വേണം ചാത്തന്നൂർ ബസ് ഡിപ്പോയിൽ കയറിയിറങ്ങാൻ. വൈകുന്നേരങ്ങളിൽ ആ സ്ഥലത്തേക്ക് ഇറങ്ങുമ്പോൾ താഴാൻ പോകുന്ന സൂര്യനെയും, ഓറഞ്ചും മഞ്ഞയും ചുവപ്പും ഇളം നീലയും കലർന്ന ആകാശത്തെയും ഒരു വലിയ ക്യാൻവാസിൽ എന്നതുപോലെ കാണാം. എത്ര പെൺകുട്ടികൾ ഇങ്ങനെയുള്ള കാഴ്ച്ചകൾ കണ്ടിട്ടുണ്ടെന്നോ ആസ്വദിച്ചിട്ടുണ്ടെന്നോ ഞാൻ ചോദിക്കുന്നില്ല ... ഇതുവായിക്കുന്ന ആണുങ്ങൾ ആലോചിക്കണംട്ടോ വീട്ടിലെ എത്രപേർക്ക് ഇമ്മാതിരി കാഴ്ചകളുണ്ട് ഓർമയിലെന്ന്!

                  എൻ്റെ ക്‌ളാസിൽ ഏറ്റവും ദൂരെ നിന്ന് പഠിച്ചിരുന്നത് ഞാൻ ആണെന്ന് തോന്നുന്നു - പ്രത്യേകിച്ച് ഒരു ആവശ്യോമില്ലാതെ ഇത്രയും ദൂരെ പ്രീഡിഗ്രി പഠിക്കാൻ പോയത് കൊണ്ടുണ്ടായ ഗുണം ഏറ്റവും പ്രിയപ്പെട്ട ചില ബന്ധങ്ങൾ, ഇപ്പോഴും കൂടെയുള്ളവ അവിടെ നിന്ന് കിട്ടിയെന്നത് മാത്രമല്ല ഫാത്തിമ എന്ന കോളേജിൽകിട്ടിയ അനുഭവങ്ങൾ പിന്നീട് പോയ ഒരു കോളേജിലും എനിക്ക് കിട്ടിയില്ല. നാലുകൊല്ലം എഞ്ചിനീറിങ്ങിനു  പഠിച്ച കോളേജിനോട് പഠിക്കുമ്പോൾ ഒരാത്മബന്ധവും തോന്നിയിരുന്നില്ല, എന്നാൽ ഫാത്തിമ അന്നുമിന്നും ഒരു വികാരമാണ്! എം ടെക്കിനു തമിഴ്‌നാട്ടിൽ പഠിക്കാൻ എത്തിയപ്പോൾ "കേരളമേ നമിച്ചു നിന്നെ " എന്ന് നൂറുവട്ടം പറയുകയും ചെയ്‌തു! കേരളത്തിലെ പ്രൈവറ്റ് എഞ്ചിനീറിങ് കോളേജുകളിൽ പഠിപ്പിക്കുകയും കൂടി ചെയ്തതോടെ തൃപ്തിയായി!!

                        ഇന്ന് പറയാൻ പോകുന്ന പാട്ടുള്ള സിനിമ ഇറങ്ങിയത് ഞങ്ങൾ സ്‌കൂളിൽ പഠിക്കുമ്പോൾ ആയിരുന്നു. പക്ഷേ , ഈ ചിത്രത്തിലെ ഇന്ന് പങ്കുവെക്കുന്ന പാട്ട് ഓർമ്മിപ്പിക്കുന്ന ആളും സാഹചര്യവും ഉണ്ടാകാൻ 1998 ആകേണ്ടിവന്നു. പണ്ടൊരു ഓർമയിൽ പറഞ്ഞതുപോലെ 120ഓളം കുട്ടികൾ ഉണ്ടായിരുന്ന ഞങ്ങളുടെ ക്‌ളാസിൽ എണ്ണിപ്പെറുക്കി ആകെക്കൂടി ഉണ്ടായിരുന്നത് 21 പെൺകുട്ടികളായിരുന്നു. ബാക്കിയുള്ള ആൺകുട്ടികളിൽ കുറേപ്പേരോട് എങ്കിലുമൊക്കെ മിണ്ടിയാൽ രണ്ടാം കൊല്ലത്തിലാണ്. പക്ഷേ ആകെ ഇത്ര പെൺകുട്ടികളെ ഉണ്ടായിരുന്നുള്ളൂ എന്നുള്ളത് കൊണ്ട് എല്ലാവരേയും ആദ്യമേ തന്നെ പരിചയപ്പെടാൻ പറ്റി.

                അങ്ങനെയിരിക്കേ ഞങ്ങളുടെ ക്‌ളാസിൽ ഫിസിക്സ് പഠിപ്പിക്കാൻ പുത്യേ ഒരു ചെറുപ്പക്കാരൻ സാർ വന്നു - ഒരു ഗസ്റ് ലെക്ച്ചറർ , രമേഷ് സർ! ഇരുനിറത്തിൽ ,നല്ല ഉയരമുള്ള , കട്ടിയുള്ള മീശയൊക്കെയായി - ഒരു TDH മനുഷ്യൻ. അങ്ങോരെ മമ്മൂട്ടിയായി ഞങ്ങൾക്ക് തോന്നിയതിൽ ഒരു അതിശയവും വേണ്ട - ബാക്കിയുള്ള അദ്ധ്യാപകരൊക്കെ വനിതകളോ വയസായവരോ ആയിരുന്നു. ഞങ്ങളുടെ ക്‌ളാസിൽ സാർ വന്ന ദിവസം മുൻഭാഗത്തെ സീറ്റുകളിൽ ഇരിക്കാൻ തന്നെ ഒരു തിക്കും തിരക്കും. പാവം സാർ അറിഞ്ഞില്ലല്ലോ ഞങ്ങൾ പുള്ളിക്ക് ഡെഡിക്കേറ്റ് ചെയ്ത പാട്ടിതാണെന്ന്. അന്നെന്റെ കൂടെയുണ്ടായിരുന്ന എത്രപേർ സാറിനെ ഓർക്കുന്നുണ്ടാകുമോ .. ആദ്യകൊല്ലം മാത്രമേ സാർ പഠിപ്പിക്കാൻ വന്നുള്ളൂ, അതിൽത്തന്നെ പകുതി ക്‌ളാസിലെ ഞങ്ങളുടെ ഗ്യാങ് ക്‌ളാസിൽ കയറിയുള്ളൂ, അതുകൊണ്ട് പിന്നെ അധികം പുള്ളിയെ ഫോളോ അപ് ചെയ്യാൻ പറ്റിയില്ല  ഇപ്പോൾ സാർ എവിടെയാണെന്നും അറിയില്ല - പക്ഷേ, ഈ പാട്ട് വീണ്ടുമാ പ്രീഡിഗ്രി ക്‌ളാസിലേക്ക് കൊണ്ടുപോകും, നിഷ്കളങ്കരായ കുറെ പെൺകുട്ടികളെയും ഒരു സുന്ദരൻ സാറിനെയും ഓർമ വരും!

https://www.youtube.com/watch?v=egxA75H0azg
---------------==----------------===--------------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

5 comments:

  1. ചില കലാലയങ്ങൾ അങ്ങിനെയാണ്.അവിടെന്നു പോയാലും വല്ലാത്ത ആത്മബന്ധമായിരിക്കും.
    യാത്രയിൽ പ്രകൃതി ആസ്വദിക്കുന്ന ആണുങ്ങളുടെ കൂട്ടത്തിലാണ് ഞാനും.
    ചില കണ്ടക്ടർ വിദ്യാർത്ഥിനികളെ കെയർ ചെയ്യും.ദീപ നിഷാന്തിന്റെ ഓർമ്മപുസ്തകത്തിലും ഇങ്ങിനെ ഒരനുഭവം കാണുന്നുണ്ട്.

    ReplyDelete
  2. 'എൻ്റെ സ്ഥിരം സീറ്റ് പിറകിലെ വാതിലിലെ കേറുന്ന ഉടനെയുള്ള കണ്ടക്ടറുടെസീറ്റിനു നേരെയുള്ള സീറ്റ് ആയിരുന്നു. രണ്ടാണ് ഗുണം - സ്ഥിരമായി യാത്ര ചെയുന്ന കുട്ടിയായത് കൊണ്ട് കണ്ടക്ടർ നമ്മളെ ശ്രദ്ധിച്ചോളും, ചാത്തന്നൂർ- കല്ലുവാതുക്കൽ ഒക്കെ എത്തുമ്പോൾആടിയാടി കയറുന്ന ചേട്ടന്മാരെ ഒന്നും നമ്മുടെ സീറ്റിനു അടുത്തേക്ക് അടുപ്പിക്കില്ല. ഞാൻ അന്നെന്നെ സഹായിച്ച എല്ലാ നല്ല മനസുള്ള ksrtc കണ്ടക്ടർ-ഡ്രൈവർ സഹോദരന്മാരേയും നന്ദിപൂർവം സ്മരിക്കുന്നു! രണ്ടാമത്തെ ഗുണം - മനോഹരമായ സൂര്യാസ്തമനം പിന്നിലെ നെടുനീളൻ ഗ്ലാസിൽ കൂടി കാണാമെന്നതായിരുന്നു. അന്നേ സ്വപ്നജീവി ആയിരുന്നതുകൊണ്ട് ഇമ്മാതിരി കാര്യങ്ങളൊക്കെ കണ്ടുകൺകുളിർത്താണ്‌ വീടെത്തുക.'
    പാട്ടിനൊപ്പം എത്ര മനോഹരമായ
    ഓർമ്മകളാണ് ആർഷ ഇവിടെ പങ്കുവെച്ചിരിക്കുന്നത് ..!

    ReplyDelete
  3. മരിച്ചു പോയ കുഞ്ഞാന്റിയ്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ആയിരുന്നു. ആന്റി കിടങ്ങൂർ ശരവണ തീയേറ്ററിൽ മഴയെത്തും മുൻപേ കാണിക്കാൻ കൊണ്ടുപോയത് ഓർമ്മ വന്നു.

    ReplyDelete
  4. ആർഷ, മോഹിപ്പിക്കുന്ന എഴുത്ത് ❤️
    അക്കേഷ്യ മരങ്ങൾ നിറഞ്ഞ ആ കലാലയം ഞാനും സ്വപ്നം കാണുന്നു..ബസിലിരുന്നു കാണുന്ന ആകാശക്കാഴ്ച്ച എന്റേതും കൂടിയാണ് കേട്ടോ. വല്ലാത്തൊരു സന്തോഷത്തോടെ മയങ്ങി നിന്നിട്ടുണ്ട് അത്തരം ചായക്കൂട്ടുകളിൽ. ഓരോ നിമിഷവും തീക്ഷ്ണമായി അനുഭവിച്ച, ആസ്വദിച്ച ഒരാളുടെ കയ്യൊപ്പുണ്ട് ആർഷയുടെ ഓരോ കുറിപ്പിലും.
    പിന്നെയാ പാട്ട്, ഇല്ലാത്ത കാമുകനെ ഓർത്തു ആ പാട്ട് പാടിയിട്ടുണ്ട് കൗമാര കാലത്തു 😊

    ReplyDelete
  5. വൈകുന്നേരങ്ങളിൽ ആ സ്ഥലത്തേക്ക് ഇറങ്ങുമ്പോൾ താഴാൻ പോകുന്ന സൂര്യനെയും, ഓറഞ്ചും മഞ്ഞയും ചുവപ്പും ഇളം നീലയും കലർന്ന ആകാശത്തെയും ഒരു വലിയ ക്യാൻവാസിൽ എന്നതുപോലെ കാണാം. എത്ര പെൺകുട്ടികൾ ഇങ്ങനെയുള്ള കാഴ്ച്ചകൾ കണ്ടിട്ടുണ്ടെന്നോ ആസ്വദിച്ചിട്ടുണ്ടെന്നോ ഞാൻ ചോദിക്കുന്നില്ല ... ഇതുവായിക്കുന്ന ആണുങ്ങൾ ആലോചിക്കണംട്ടോ വീട്ടിലെ എത്രപേർക്ക് ഇമ്മാതിരി കാഴ്ചകളുണ്ട് ഓർമയിലെന്ന്!
    നന്നായിട്ടുണ്ട്.
    ആശംസകൾ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)