Monday, April 6, 2020

"ചിന്നുക്കുട്ടീ ഉറങ്ങീലേ ഉണ്ണിമോളേ ഉറങ്ങീല ..... "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വര്‍ഷം 1991-92
മൂന്നിലോ നാലിലോ മറ്റോ പഠിക്കുന്ന സമയമാണ് എനിക്ക് അതിഭീകരന്‍ അസ്തിത്വപ്രശ്നം ഉണ്ടായത്. സ്വന്തമായി ഇരട്ടച്ചേട്ടന്മാര്‍ ഉണ്ടായിരുന്നതുകൊണ്ട് ആ സമയത്ത് എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്നം ഈ രണ്ടെണ്ണത്തിന്‍റെയും അപാര സൌഹൃദമായിരുന്നു. കാര്യം വഴക്ക് കൂടുമ്പോള്‍ ആരുമായാണോ ഞാന്‍ വഴക്കുണ്ടാക്കുന്നത് മറ്റേയാള്‍ എന്‍റെ സെറ്റ് ആകുക എന്നത് വീട്ടിലെ ഒരു അലിഖിത നിയമമായിരുന്നു എങ്കിലും ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയിലെ ആ 'ഫെവിക്കോള്‍' വെച്ച് ഒട്ടിച്ചതുപോലെയുള്ള 'ഗ്യാപ്പില്ലായ്മ' എനിക്ക് ഇടയ്ക്കിടെ അസൂയപ്പെടാനുള്ള കാരണമായി. ഇവര്‍ക്കൊരു കൂട്ടിനു വേറെങ്ങും പോണ്ടല്ലോ .. വീട്ടില്‍ വന്നാല്‍ കൂട്ടുണ്ട്, സ്കൂളില്‍ പോകാന്‍ കൂട്ടുണ്ട്, എന്തിനുമേതിനും ഈ രണ്ടെണ്ണോം ഒരുമിച്ചല്ലേ. എനിക്ക് ബോറടിക്കുമ്പോള്‍ കമ്പനിക്ക് ഒരു ഇരട്ടയെത്തരാത്തതില്‍ അച്ഛനോടും അമ്മയോടും പോലും ദേഷ്യം തോന്നി - അല്ലേലും അവര്‍ക്കെന്നോട് വലിയ ഇഷ്ടമൊന്നുമില്ല, എന്നെ ഒരു വിലയുമില്ല - അല്ലേപ്പിന്നെ എനിക്കൊരു ഇരട്ടയെത്തരാതെ, ഈ പരട്ടച്ചേട്ടന്മാരെ മാത്രം എന്തുകൊണ്ട് ഇരട്ടകളാക്കി എന്ന് അതിഭീകരന്‍ സമത്വപ്രശ്നം എനിക്കന്നേ തോന്നി!

ആയിടയ്ക്കാണ് ഞാനീ സിനിമ കാണുന്നത് - ശ്യോ! എന്ത് രസാ, ഇരട്ടകള്‍ അല്ലാഞ്ഞിട്ടുകൂടി ഒരേപോലെ ഇരിക്കുന്ന കുട്ടികള്‍, രണ്ടാളും ഒരേ സ്കൂളില്‍ ഒരേ ക്ലാസ്സില്‍ത്തന്നെ വരുന്നു (അങ്ങനെയാണേ ഓര്‍മ). ഇടക്ക് ബോറടിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ഫോണില്‍ക്കൂടി പാട്ടുപാടി കളിക്കുന്നു. കാഴ്ചയില്‍ ഒരു കണ്ണടയുടെ മാത്രം വ്യത്യാസമുള്ള ഇവര്‍ അതങ്ങോട് മാറിവെച്ചു ആള്‍മാറാട്ടം നടത്തി മറ്റേ വീട്ടില്‍ പോകുന്നു. ആകെമൊത്തം എനിക്കിഷ്ടമാകുന്ന ഒരു സെറ്റപ്പ്! സിനിമ കണ്ടതോടെ ഈ പാട്ടും ബേബി ശാലിനിയുടെ ഇരട്ട വേഷവും എന്‍റെ തലയില്‍ കയറി കൊളുത്തി. അച്ഛനോ അമ്മയോ സഹായിക്കാനില്ലത്തവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണമല്ലോ - ആര് ഉണ്ടായിട്ടും കാര്യമില്ല അവനവന്‍റെ കാര്യം അവനവന്‍ തന്നെ നോക്കണം ഇമ്മാതിരി വചനങ്ങള്‍ ഒക്കെ ഞാനുണ്ടാക്കിയതാണ് ആ സമയത്ത്. എനിക്കൊരു ഇരട്ടയുണ്ടാക്കാന്‍ വേറെയാരുടെയും സഹായമെനിക്കാവശ്യമില്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഞാന്‍ കണ്ണാടിയില്‍ നോക്കി എന്‍റെ താടിയുടെ താഴെയായി സാമാന്യം വലുപ്പത്തില്‍ ഒരു കാക്കപ്പുള്ളി കുത്തി. അന്ന് മുഖത്ത് നെറ്റിയിലൊരു കാക്കപ്പുള്ളി ഉണ്ടെനിക്ക്. അതിനെ കുറച്ചു പൌഡര്‍ തേച്ചു മായ്ച്ചു (ഇപോഴത്തെ ഭാഷയില്‍ അതിനെ കണ്സീലിംഗ് എന്നൊക്കെ പറയും  ) കണ്ണാടി വീട്ടില്‍ ആര്‍ക്കും ആ സമയത്ത് ഇല്ലാത്തത് കൊണ്ട് അതൊപ്പിക്കാന്‍ വഴിയില്ല, പക്ഷേ കാക്കപ്പുള്ളി മാത്രം കൊണ്ട് എന്‍റെ സ്വതവേയുള്ള ലുക്ക്‌ മാറുന്നുമില്ല. ഹെയര്‍സ്റ്റൈല്‍ മാറ്റാമെന്ന് വെച്ചാല്‍ അന്നത്തെ ജനറേഷനിലെ എല്ലാ പെണ്‍കുട്ടികളെയും പോലെ ഞാനും ഒരു മൂന്നാം ക്ലാസ് -നാലാം ക്ലാസ് വരെയൊക്കെ മാമാട്ടിക്കുട്ടി സ്റ്റൈല്‍ മുടിയുടെ ആളായിരുന്നു. പിന്നെ ചെയ്യാവുന്നത് മുടി മറയ്ക്കുക എന്നതാണ്. ഏതോ ഒരു തുണി തലയിലൂടെ കവര്‍ ചെയ്ത് തോളിലൂടെ ചുറ്റിയിട്ട് ഞാനെന്‍റെ നെറ്റി പകുതി വരെ മറച്ചു. കൊള്ളാം ഇപ്പോള്‍ ആളുടെ ലൂക്കിനൊരു വ്യതാസം ഒക്കെ വന്നിട്ടുണ്ട് "വെല്‍ഡണ്‍ my ഗേള്‍ " എന്ന് ഞാനെന്‍റെ തന്നെ തോളില്‍ത്തട്ടി.

ഇതൊക്കെ ഒരു അവധിദിവസത്തെ പണിയാണേ. ചേട്ടന്മാര്‍ കളിയ്ക്കാന്‍ പോയിരിക്കുന്നു. അമ്മ ട്യുഷന്‍ എടുക്കാന്‍ പോയിക്കാണണം. ഞാന്‍ മാത്രമേയുള്ളൂ വീട്ടില്‍, ഈ ഇരട്ടയെ ഉണ്ടാക്കിയിട്ട് വേണം എനിക്ക് കളിയ്ക്കാന്‍ പോകാന്‍. അപ്പോഴാണ് വേപ്പുമരമുള്ള മുറ്റത്ത്‌ നിന്നൊരു വിളി "ആശേ ആശേ" ( ആ നാട്ടുകാരില്‍ കുഞ്ഞിലേ മുതല്‍ എന്നെ അറിയുന്ന ഭൂരിഭാഗവും ഇപ്പോഴും എന്നെ ആശ എന്നാണ് വിളിക്കുന്നത്  ). ഇതാരപ്പാ പരിചയമില്ലാത്തൊരു ശബ്ദം എന്നോര്‍ത്ത് പുറത്തുവന്നപ്പോള്‍ മൂന്നുനാല് വീട് അപ്പുറമുള്ള ഒരു വീട്ടില്‍ അവധിക്ക് വന്ന കൊച്ചാണ് - എന്‍റെയൊരു കൂട്ടുകാരിയുടെ കസിന്‍. എന്നെ കളിയ്ക്കാന്‍ വിളിക്കാന്‍ വന്നതാണ്‌. എന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി മക്കളേ - ഇരട്ടയെ പരീക്ഷിക്കാന്‍ പറ്റിയ സ്പെസിമന്‍ അല്ലെ വന്നു മുന്നില്‍ ചാടിയിരിക്കുന്നത്. ഞാനെന്‍റെ മുഖത്ത് ലോകത്തിലെ ഏറ്റവും നിഷ്കളങ്കമായ ഭാവം വരുത്തി പുറത്തേക്കിറങ്ങി (സുരാജ് വെഞ്ഞാറമൂടിന്‍റെ ദശമൂലം മുഖഭാവമോര്‍ക്കുക).

ഞാന്‍ (ശബ്ദത്തില്‍ പരമാവധി കള്ളത്തൊണ്ട വരുത്തിക്കൊണ്ട്) : "ആര്‍ഷ ഇവിടില്ലല്ലോ - ആരാ? "
മറ്റേ കസിന്‍ കൊച്ച്: കിളി പോയ ഭാവത്തില്‍ "ങേ!" (ഇന്നലേം കൂടി കളിച്ചതാ ആ കൊച്ചിന്‍റെ കൂട്ടത്തില്‍, ആര്‍ക്കായാലും കിളി പോകും)
ഞാന്‍ : " ഞാനേ ആര്‍ഷ അല്ല, ആര്‍ഷയുടെ ഇരട്ടയാ - പേര് ഹര്‍ഷ, മറുക് കണ്ടില്ലേ? കൊച്ചേതാ? "
മ.ക.കൊ (ഇപോ ശരിക്കും എനിക്ക് കാണാം ആ കൊച്ചിന്‍റെ തലയില്‍ക്കൂടി കിളി പറക്കുന്നത് ) : "ആശയ്ക്ക് ഇരട്ടയുണ്ടെന്ന് എനിക്ക് അറിയാത്തില്ലാരുന്നെ..അപ്പൊ ഇന്നലെ എന്താ വരാഞ്ഞേ? ഞാന്‍ സ്വപ്നയുടെ കസിനാ"
ഞാന്‍ (സംഗതി ഏറ്റു മോളേ എന്ന ചിരിയോടെ) : " അതെന്താന്നോ, ഞാനങ്ങ് അപ്പൂപ്പന്റെം അമ്മൂമ്മയുടെയും കൂടെയാ നില്‍ക്കുന്നേ. അവധിക്ക് മാത്രേ വരൂ. എപ്പോഴും ഇവരാ അങ്ങോട് ചങ്ങനാശ്ശേരിക്ക് വരുന്നേ അതാ കൊച്ചെന്നേ കാണാത്തെ. ഞാനേ ആര്‍ഷയെ ഉപദ്രവിക്കും അതോണ്ടാ എന്നെ വേറെ നിര്‍ത്തുന്നെ (ഒരു വഴിക്ക് പോകുവല്ലേ, ശരിക്കുള്ള എനിക്കല്‍പ്പം സഹതാപവോട്ടു കിട്ടുന്നതില്‍ നിങ്ങള്‍ക്കെന്താ ചേതം  )
മ.ക.കൊ (ചെറിയൊരു ഞെട്ടല്‍ ഉണ്ട് മുഖത്ത്): "കൊച്ച് വരുന്നോ കളിയ്ക്കാന്‍? അവിടെ പറമ്പില്‍ എല്ലാവരും കൊന്തിക്കളിക്കാന്‍ ടീമിടുന്നുണ്ട്"
ഞാന്‍ എന്തെങ്കിലും മറുപടി പറയും മുന്‍പ് 'സ്വപ്ന' എന്ന കൂട്ടുകാരി രംഗത്തേക്ക് എത്തി, കുറച്ചുനേരമായിട്ടും വിളിക്കാന്‍ പോയോളേം എന്നേം കാണുന്നില്ലല്ലോന്ന് നോക്കി വന്നതാ.
സ്വപ്ന: "ആശേ, നീ വരുന്നില്ലേ കൊച്ചേ കളിയ്ക്കാന്‍? "
മ.ക.കൊ (ചെറിയൊരു പരിഹാസച്ചിരിയോടെ): " അയ്യോടീ ഇതാശ അല്ലെന്ന്. ഇതാശയുടെ ഇരട്ടയാ, എനിക്കും പറ്റുപറ്റി" എന്നുതുടങ്ങി എല്ലാ ചരിത്രവും അങ്ങ് പറഞ്ഞു.
ഞാന്‍ (എന്തായാലും നനഞ്ഞു, മുങ്ങിനോക്കാം എന്ന് മനസിലോര്‍ത്തുകൊണ്ട് ) : തന്നെതന്നെ എന്ന് തലയാട്ടി.

സ്വപ്ന : (ഫാ! എന്നാട്ടിയില്ല എന്നേയുള്ളൂ, അരമണിക്കൂര്‍ കൊണ്ട് ഞാന്‍ വിശ്വാസയോഗ്യമായി തയാറാക്കിയ എന്‍റെ സ്ക്രിപ്റ്റിനെ ചന്നംപിന്നം വലിച്ചുകീറുന്ന രീതിയില്‍ ) " ആര് ഇവളാ?? നിന്നെ ഇവള്‍ പറ്റിച്ചതാ കൊച്ചേ, ഇവളെന്‍റെ കൊച്ചിലേയുള്ള കൂട്ടാ - ദോണ്ടേ മറുക് കുത്തിയേക്കുന്നെ കണ്മഷി കൊണ്ടാ കണ്ടില്ലേ" എന്‍റെ മറുകും പോയി തലയിലെ ഷാളും പോയി!
ഞാന്‍ (സോറി കൌതുകം ലേശം കൂടുതലാ സ്റ്റൈല്‍ ) : "തന്നെതന്നെ"

ലവള് വന്നെന്‍റെ നാടകം പൊളിച്ചടുക്കിയെങ്കിലും ഒരു വട്ടമെങ്കില്‍ ഒരു വട്ടം എനിക്കൊരു ഇരട്ടയെ ഉണ്ടാക്കിയല്ലോ എന്ന് അഭിമാനപുരസരം കാഴ്ച വെക്കുന്നു
"ചിന്നുക്കുട്ടീ ഉറങ്ങീലേ
ഉണ്ണിമോളേ ഉറങ്ങീല ..... "
-------------------------------------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day81

6 comments:

  1. ഇരട്ടയും അസ്തിത്വപ്രശ്നങ്ങളും ഇല്ലാത്ത ഇരട്ടയിൽ ഒരാളായി അൽപ്പനേരം എങ്കിലും ജീവിച്ച രസവും എല്ലാം ഹൃദ്യമായി..

    ReplyDelete
  2. കൊച്ചു കൊച്ചു കുശുമ്പുകൾ ഈ പ്രായത്തിൽ സ്വഭാവികം!
    നന്നായി.
    ആശംസകൾ

    ReplyDelete
  3. വല്ലാത്തൊരു ആശ ആയി പോയല്ലോ ആർഷ ..

    ReplyDelete
  4. ആഹഹഹാ. മിടുമിടുക്കി.

    ReplyDelete
  5. ഹ ഹ ഹാ ... ഫാൻസിഡ്രസ് കലക്കി.

    ReplyDelete
  6. കൂടുവിട്ട് കൂറുമാറിയ ആര്ഷയെന്ന ഹർഷയും ഒരു പാട്ടോർമ്മയും 

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)