Sunday, April 5, 2020

ലൂസ് ലൂസ് അരപ്പിരിലൂസ്


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വര്‍ഷം 1991-92 ആകണം

മൂന്നിലോ നാലിലോ പഠിക്കുന്ന സമയം. നാവായിക്കുളത്ത് ഓണസമയമായാല്‍ എല്ലാ വീടിനു മുന്നിലുമുണ്ടാകും ഒരു കുഞ്ഞുപൂക്കളം. അമ്പലത്തിനു മുന്ഭാഗത്തും സ്ടാച്യു ജങ്ക്ഷന്‍ എന്ന എതുക്കാട്‌വാതുക്കലും ഒക്കെ ഉണ്ടാകും വലിയ പൂക്കളങ്ങള്‍ - വാമനനും രാമനും സീതയും ഒക്കെ ഉള്ള ചിത്രപ്പൂക്കളങ്ങള്‍. (കഴിഞ്ഞ തവണ വെക്കേഷനുപോയപ്പോള്‍ എനിക്കവ കണ്ടപ്പോള്‍ ഉപ്പളങ്ങള്‍ ഓര്‍മ്മ വന്നിരുന്നു).

അങ്ങനെ ഞങ്ങളുടെ നാവായിക്കുളത്ത് ചിങ്ങത്തിലെ ഓണമല്ലാതെ വീണ്ടുമൊരു ഓണാഘോഷം ഉണ്ടാകാറുണ്ടായിരുന്നു - ഇരുപത്തെട്ടാം ഓണം എന്നോമനപ്പേരില്‍ വിളിച്ചിരുന്ന ദിവസം. അന്നും പിടിപ്പുള്ള വീടുകളില്‍ ചെറിയ സദ്യ ഒരുക്കും. വീട്ടില്‍ സദ്യ ഒന്നും ഒരുക്കിയിരുന്നില്ല..എപ്പോഴോ ഒരുകൊല്ലം അമ്മ സേമിയപ്പായസം വെച്ചതോര്‍മയുണ്ട്. പക്ഷേ ഇരുപത്തെട്ടാം ഓണം ഓര്ത്തിരിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. നാട്ടിന്പുറത്ത് സംഘടിപ്പിക്കുന്ന ചില തക്കിടതരികിട പരിപാടികളിലൂടെ. വടംവലി, ഉറിയടി, മിട്ടായി പെറുക്കല്‍ അമ്മാതിരി കലാവിരുന്നുകളും പിന്നെ ആക്കൊല്ലം ഞാന്‍ കാത്തിരുന്ന ഒരു ഐറ്റവും ഉണ്ടായിരുന്നു - സിനിമാപ്രദര്‍ശനം!

വല്യമ്പലത്തിന് പിന്‍വശത്തെ പടികളിറങ്ങുമ്പോള്‍ ഉള്ള സ്ഥലത്ത് സ്ഥലത്തെ പ്രധാന തൊഴിലില്ലാ യുവാക്കള്‍ ഒപ്പിച്ചൊരുക്കിയ സ്ക്രീനില്‍ അന്ന് ഒന്നിനുപുറകെ മറ്റൊന്നായി സിനിമകള്‍ അവതരിപ്പിക്കുന്നു എന്നറിഞ്ഞ് ആദ്യമേ തന്നെ അവിടെയെത്തി സ്ഥലം പിടിച്ചു ഞാനും ചേട്ടന്മാരും. മൂന്നു പടങ്ങള്‍ 'back -to-back' കണ്ടിട്ട് അന്ന് വീട്ടില്‍ പാതിരാത്രി തിരിച്ചെത്തിയത് ഒരു ബോധോമില്ലതെയാണെന്നും ഓര്‍മയുണ്ട്!


സിനിമകള്‍
1. ആവനാഴി
2. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (ഇത് തന്നെയല്ലേ എന്ന് സംശയമുണ്ട് - ചേട്ടന്മാരോട് ഉറപ്പിക്കേണ്ടി വരും)
3. ചിരിച്ചുമറിഞ്ഞ സിനിമ, ലൂസ് ലൂസ് അരപ്പിരിലൂസ്. 

ആദ്യ രണ്ടുസിനിമയും വീണ്ടും പല പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട് . പക്ഷേ ലൂസ് ലൂസ് അരപ്പിരിലൂസ് പിന്നെ കണ്ടിട്ടേയില്ല. അതിലെ പാട്ടുകള്‍ പോലും ചിരിയുടെ പൂരം ആയിരുന്നു. പിന്നീട് ഈ സിനിമാപ്പേര് ഒത്തിരി വട്ടം ഡംപ്ഷരാഡ്സ് കളിയ്ക്കാന്‍ പറഞ്ഞിട്ടുണ്ട്.. അപ്പോഴൊക്കെ നല്ല തണുത്ത കാറ്റു വീശുന്ന രാത്രിയില്‍ മുന്നിലെ ഓപണ്‍ എയര്‍ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന എന്നെയും കൂട്ടുകാരേയും ഓര്‍മ്മ വരും - പിന്നെയാ ഉത്സാഹകുതുകികളായ യുവാക്കളേയും. ഓരോ നാടിന്‍റെയും സ്പന്ദനം അവിടുത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ആണെന്നത് എത്രയോ സത്യമാണ്. നന്ദിയുണ്ട് ചേട്ടന്മാരേ നന്ദി!

ലൂസിഫറിലെ പോലിസ് സീനിന്റെ പോസ്റ്ററൊക്കെ ചര്‍ച്ചാവിഷയം ആകുന്ന സ്ഥിതിക്ക് നമുക്കീ കള്ളന്‍ പോലീസ് പാട്ട് കേള്‍ക്കാം 

https://www.youtube.com/watch?v=HxfMv-YYGrI
-----------------------------------------------------------------------------------------------------------------------------------------
#100DaysOfSongs
#100DaysToLove
#100SongsToLove
#Day80

3 comments:

  1. കള്ളന്മാരെ, കേഡികെ, കമന്റടിക്കാരേ.. ജാഗ്രതൈ ...

    ReplyDelete
  2. ഈ സിനിമ ഒന്ന് കാണട്ടെ.

    ReplyDelete
  3. ലൂസ് ലൂസ് അരപ്പിരിലൂസ്.- ഇങ്ങിനെയും ഒരു സിനിമ ഉണ്ടായിരുന്നുവോ ..?

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)