#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 1998
വർഷം 1998
പ്രീഡിഗ്രി ഒന്നാം വർഷക്ലാസുകൾ തുടങ്ങി ഓരോരുത്തരെയൊക്കെയായി പരിചയപ്പെട്ടു വരുന്ന സമയം. തേർഡ് ഗ്രൂപ്പിലോ ഫോർത്ത് ഗ്രൂപ്പിലോ ആണെന്ന് തോന്നുന്നു ഒരു സ്റ്റൈലൻ സുന്ദരിപ്പെൺകൊച്ച് ഉണ്ടായിരുന്നു - നിത്യ എന്ന് ആണെന്നാണ് പേരോർമ്മ, ആ പേരിനേക്കാൾ ഓർമ പക്ഷേ അവളുടെ ചെല്ലപ്പേരാണ് - ഉരുണ്ടുരുണ്ട കണ്ണുകളുണ്ടായിരുന്ന, വട്ടമുഖം ഉണ്ടായിരുന്ന കാഴ്ച്ചയിൽ ശരിക്കും സിനിമാനടി പാർവതിയുടെ ഒരു മോഡേൺ ലൂക്ക് തോന്നിച്ച അവളെ ഞങ്ങളുടെ ഗ്യാങ് പാർവതിക്കണ്ണി എന്നാണ് പറഞ്ഞിരുന്നത്. സെക്കന്റ് ഗ്രൂപ്പിലെ നാടൻ പിള്ളേരുടെ ഗ്രൂപ്പിന് ഈ പറഞ്ഞ തേർഡ് / ഫോർത് ഗ്രൂപ്പുകളിലെ 'മോഡേൺ-സ്റ്റൈലൻ' പെൺപിള്ളേരെ ഒന്ന് വായിനോക്കാനൊക്കെ കിട്ടുന്ന ചാൻസ് നമ്മൾ കളയാറേയില്ല. ക്‌ളാസിലെ തന്നെ ചില കുട്ടികൾക്കുണ്ടായിരുന്ന പൊതുവായ സൗഹൃദങ്ങളിലൂടെ ചിലപ്പോഴൊക്കെ ഈ ഗ്യാങ്ങിനൊപ്പം കൂടാറുണ്ടായിരുന്നു എങ്കിലും എന്റെ സ്വന്തം ഗ്രൂപ്പ് വേറെയായിരുന്നു. ഞങ്ങൾ - റിനു, സജിനി, കവിത,ട്വിങ്കിൾ, സ്നിഗ്ധ, രഞ്ജിനി, വിശ്വലത - പെൺമുറ്റത്തിലെ പടവുകൾ ആ രണ്ടുവർഷവും കയ്യടക്കിവെച്ചു. സ്‌മിത, രാഗി, വന്ദന, ദീപ, ശാലിനി അങ്ങനെ ഹിന്ദി സിനിമാനടന്മാരെയൊക്കെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു സ്റ്റൈലൻ ഗ്യാങ്ങ് ശൈലജ, മഞ്ജു,പ്രവീണ അങ്ങനെയൊരു മലയാളം ക്ലാസ് ഗ്യാങ്ങ് വല്യ കവിത , മഹിമ, ബിനു അങ്ങനെയൊരു ഫസ്റ്റ് ഗ്രൂപ്പ് ഗ്യാങ്ങ് ....... ഇവരെയൊക്കെ സ്ഥിരമായി ചളുവടിച്ചും കമന്റടിച്ചും കൊണ്ട് ഞങ്ങളുടെ നല്ല രസമുള്ള അവിയൽപ്പരുവഗ്രൂപ്പ്. ഇപ്പോൾ ഈ പറഞ്ഞതിൽ പകുതി ആളുകളും എവിടെയാണെന്ന് എനിക്കറിയില്ല.... അന്നുമുതലേയുള്ള വിരലിലെണ്ണാവുന്ന ആത്മബന്ധങ്ങൾ ഇപ്പോഴും തൊട്ടടുത്ത് തന്നെ നിൽക്കുന്നു!
അപ്പൊ പറഞ്ഞുവന്നതിൽ നിന്നും മാറിപ്പോകുന്നില്ല - നമ്മുടെ പാർവതിക്കണ്ണി - ഞാനീ കൊച്ചിനോട് ഒരിക്കലോ മറ്റോ നേരിട്ട് സംസാരിച്ചിട്ടുണ്ട് അത്രേയുള്ളൂ. പുള്ളിക്കാരിയോട് ഇഷ്ടമുണ്ടായിരുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു ആ സമയത്ത്, ശങ്കരൻ എന്നോ മറ്റോ പേരുണ്ടായിരുന്ന ഒരു ചുള്ളൻ ചേട്ടൻ. ഒരു ദിവസം, ഇലക്ഷൻ സമയം ഒക്കെയായപ്പോൾ ആണെന്ന് തോന്നുന്നു, ക്യാംപസിൽ കാണുന്ന എല്ലാരും എല്ലാരോടും മിണ്ടുന്ന സമയമാണല്ലോ അത്. മാത്രവുമല്ല ആൺപിള്ളേർക്ക് 'കോട്രാങ്കിൾ' എന്ന പെൺമുറ്റത്ത് വിലസാൻ ഹെൻറി സാറിന്റെ അനുവാദം കിട്ടുന്ന അപൂർവം ചില അവസരങ്ങളുമാണ് അത്. നമ്മുടെ എല്ലാ ചേട്ടന്മാരും കാത്തു കാത്തിരുന്നു കിട്ടുന്ന ആ സമയം നന്നായി മുതലെടുക്കും. പതിവുപോലെ കോളേജ് ജംക്ഷനിൽ ഇറങ്ങേണ്ടതിനു പകരം റെയിൽവേ ക്വർട്ടേഴ്‌സ് റോഡിലിറങ്ങി വഴിയിലുള്ള എല്ലാ മരത്തിന്റെയും എണ്ണം എടുത്തും റെയിൽവേ സ്റ്റേഷൻ മുതൽ ഫാത്തിമ വരെയുള്ള എല്ലാ മതിലുകളിലേയും സിനിമാപോസ്റ്ററുകളുടെയും പേരും വിവരവുമൊക്കെ നോക്കി നടക്കാറുള്ള ഞാൻ അന്ന് അധികം സിനിമാപ്പോസ്റ്റർ സ്കാനിങ്ങിനു നിന്നില്ല. കാരണം മതിലായ മതിലൊക്കെയും, ഫാത്തിമയുടെ കർബല ഗേറ്റിനു തൊട്ടടത്തുള്ള മതിലിലുമൊക്കെ രണ്ടു വലിയ പെൺമുഖങ്ങളാണ് പോസ്റ്ററുകളിൽ ഉള്ളത് - നന്ദിതാ ദാസും ശബാന ആസ്മിയും - വിവാദ സിനിമയായ ഫയർ പ്രദർശനത്തിനെത്തിയിരിക്കുന്നു!
അധികം നോക്കി പുറത്തുള്ള ചെക്കന്മാർക്ക് പണി കൊടുക്കണ്ടല്ലോ എന്നുകരുതി കോളേജിലെത്തിയ ഞാൻ സ്ഥിരം പരിപാടിയായ വായിനോട്ടവുമായി പിന്നിലെ ഇടനാഴിയിലൂടെ നടന്നുകൊണ്ടിരിക്കുമ്പോൾ നേരത്തെ പറഞ്ഞ ചേട്ടനും രണ്ടു കൂട്ടുകാരും നമ്മുടെ പാർവതിയുടെയും കൂട്ടുകാരികളുടേയും അടുത്തിങ്ങനെ 11 KV വലിക്കാനുള്ള പോസ്റ്റൊക്കെ നാട്ടാൻ റെഡി ആയി നില്കുന്നത് കാണുന്നു. ആരെങ്കിലും അങ്ങനെ സ്വസ്ഥമായി പ്രേമിക്കാൻ നിൽക്കുന്നത് കണ്ടാൽ പിന്നെ അവരെ ശല്യപ്പെടുത്താതെ നമുക്ക് ഒരു മനഃസമാധാനം ഇല്ലാത്ത കാലം കൂടിയായിരുന്നു അത്. ഒരിക്കലേ മിണ്ടിയിട്ടുള്ളൂ എങ്കിലും നേരെ ആ കൊച്ചിന്റെ അടുത്തേക്ക് ചെന്ന് സംസാരിക്കാൻ തുടങ്ങി. അന്നൊരു മഞ്ഞ മിഡിയും ടോപ്പും ഒക്കെയിട്ട് മുടി രണ്ടായി പകുത്ത് കെട്ടിയിരുന്ന ആ കൊച്ചിനെ കാണാൻ ശരിക്കും തൂവാനത്തുമ്പികളിലെ പാർവതിയെപ്പോലെ തന്നെ തോന്നിയെനിക്ക്. ആ കോമ്പ്ലിമെൻറ് കൊടുത്താണ് ഞാൻ തുടങ്ങിയതും.
ഞാൻ: "ഇയ്യാളെക്കാണാൻ ശരിക്കും പാർവതിയെപ്പോലുണ്ട് കേട്ടോ"
പാർവതി: "താങ്ക്യു താങ്ക്യു... തന്നെക്കാണുമ്പോൾ ഞാനെപ്പോഴും കരുതാറുണ്ട്, നല്ല ചിരിയാണല്ലോ ... "( ഓഫ് സൂമിൽ ഞാൻ ചിരിക്കുന്നത് ഓർക്കുക, കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്നാണ് എന്റെ മനസിലെ ഭാവം)
പാർവതി തുടരുന്നു : "പരിചയമുള്ള ആരെയോ ഓർമ്മിപ്പിക്കുമല്ലോ എന്നൊക്കെ ഞാനെപ്പോഴും ഓർക്കാറുണ്ട് കേട്ടോ, ഇന്നാണ് മനസിലായേ,
You look like Nandida Das in Fire movie!"
എൻ്റെ ചിരി ഷട്ടറിട്ട പോലെ നിന്നു .... ഏത്!! ആ വലിയ വലിയ ക്ളോസപ്പ് ഷോട്ടുകളുമായി പുറത്തെ മതില് മുഴുവൻ ഒട്ടിച്ചുവെച്ചിരിക്കുന്ന നന്ദിതയോ.. ദുഷ്ടേ! നന്ദിതയെപ്പോലെ എന്ന് പറഞ്ഞാൽപ്പോരേ അതിനീ ഫയർ സിനിമയിലെപ്പോലെ എന്ന് കൂട്ടിച്ചേർക്കണോ അതും ചെക്കന്മാരുടെ മുന്നിൽ വെച്ച് എന്ന് ഞാൻ ദയനീയമായി കൺകോണിലൂടെ അവളെ നോക്കി. എവിടെ!! ആശാട്ടി പിന്നെയും എന്തൊക്കെയോ ചോക്ലേറ്റ് നിറത്തിനെപ്പറ്റിയും, വെണ്മയുള്ള ചിരിയെപ്പറ്റിയുമൊക്കെ വാചാലയാകുന്നു.... "എസ്കേപ്പ് ആർഷാ എസ്കേപ്പ്" എന്ന് എന്റെ മനസിലിരുന്നു മറ്റേ കക്ഷി പറയുന്നുണ്ട്, നമ്മുടെ മനഃസാക്ഷിയേ ....കാലുകൾ അനങ്ങണ്ടേ! ആ മൂന്നു ചേട്ടന്മാരുടെ ആക്കിയ ചിരി കണ്ടതും സംഭവിക്കാനുള്ള ഡാമേജ് ഒക്കെ സംഭവിച്ചു എന്ന് മനസ്സിലായി. ഇവളാണേൽ ഞാൻ കൊടുത്ത കോമ്പ്ലിമെന്റിനു തിരികെത്തരാതെ എന്നെ വിടില്ല എന്ന ഭാവത്തിലും! ഒരുവിധത്തിൽ അവിടെനിന്ന് ഊരിപ്പോരുമ്പോൾ ഞാൻ തിരിഞ്ഞുനോക്കിയതേയില്ല. എന്തായാലും ആ ഒരാഴ്‌ച പോസ്റ്ററുകൾ മാറുംവരെ ആ കുരുത്തം കെട്ട ചെക്കന്മാർക്ക് എന്നെക്കാണുമ്പോൾ ഒരു ആക്കിച്ചിരി ഉണ്ടായിരുന്നു.
നന്ദിത എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട നടിയാണ് കേട്ടോ .. അന്നത്തെ പ്രായത്തിൽ ആ സിനിമയുടെ പ്രമേയം ചെറുതല്ലാത്ത ഭാരമായിരുന്നു എന്ന് മാത്രം. ഇപ്പോൾ ആരേലും എന്നെക്കാണാൻ നന്ദിതയെപ്പോലെ ഉണ്ടെന്നു പറഞ്ഞാൽ ഞാനവരെ സ്റ്റാർ ഹോട്ടലിൽ കൊണ്ടോയി ട്രീറ്റ് ചെയ്യും
അന്നത്തെ എന്നെയും പാർവതിക്കണ്ണിയെയും ഓർക്കാൻ നന്ദിതയുടെ എനിക്കേറ്റവും ഇഷ്ടമുള്ള ഗാനം ഇന്നത്തെ ഓർമ്മപ്പാട്ടിൽ
https://www.youtube.com/watch?v=4kvxHwmrVMQ
അന്നത്തെ എന്നെയും പാർവതിക്കണ്ണിയെയും ഓർക്കാൻ നന്ദിതയുടെ എനിക്കേറ്റവും ഇഷ്ടമുള്ള ഗാനം ഇന്നത്തെ ഓർമ്മപ്പാട്ടിൽ
https://www.youtube.com/watch?v=4kvxHwmrVMQ
-------------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
100 ദിവസം തികച്ചല്ലോ ❤️
ReplyDeleteപാട്ടിന്റെ ലിങ്ക് കണ്ടില്ല....
ReplyDeleteനന്ദിതയെ എനിക്കും വല്യഷ്ടാ.... ❤️❤️❤️
ഗ്രൂപ്പുകളും മതിലുകളും സിനിമാ പോസ്റ്ററുകളും ... പാർവ്വതിക്കണ്ണിയും നന്ദിതയും .... ഒരു കാലം ....
ReplyDeleteആശംസകൾ
അന്ന് നടി ട നന്ദിത പോലെയുള്ളവളെയും
ReplyDeleteപാർവതിക്കണ്ണിയെയും ഓർക്കാൻ ഒരു അസ്സൽ പാട്ട്
സംഭവം കലക്കി
ReplyDelete