Wednesday, April 15, 2020

കരിമിഴിക്കുരുവിയേ കണ്ടീല.....

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വര്‍ഷം 2002
ഇന്നത്തേ പാട്ടിതാണ്... ഓർക്കുന്നത് ബാല്യകാല സുഹൃത്ത് ആയിരുന്ന ഒരനിയനെ ആണ് - അജേഷിനെ - അവനിന്ന് ഓർമ്മ മാത്രമാണ്!

ഈ പാട്ടവനെ ഓര്‍മ്മിപ്പിച്ചുതുടങ്ങിയത് സിനിമ ഇറങ്ങിയ വര്‍ഷം മുതലാണെങ്കിലും അവനെക്കുറിച്ചുള്ള ഓര്‍മയ്ക്ക് എന്‍റെ ഓര്‍മയോളം തന്നെ പഴക്കമുണ്ടാകണം. അജേഷ് - അമരയിലെ അച്ഛന്‍വീടിനു തൊട്ടടുത്ത വീട്ടിലെ ഞങ്ങള്‍ അപ്പുറത്തമ്മ എന്ന് വിളിക്കുന്ന അമ്മൂമ്മയുടെ കൊച്ചുമകന്‍ ആയിരുന്നു അവന്‍. എന്നേക്കാള്‍ രണ്ടു വയസിനു ഇളയതാകണം. അവനൊരുവയസിനിളയ ഒരനുജത്തി - ആശ. ഞാനൊരു ആറാം ക്ലാസ് ആകുംവരെ അച്ഛന്‍ വീട്ടിലെ ഇളയ ആള്‍ ഞാനായിരുന്നു - കസിന്‍ചേച്ചിമാര്‍ ഒക്കെ മുതിര്‍ന്നവര്‍, ചേട്ടന്മാരും അവിടെയെത്തിക്കഴിയുമ്പോള്‍ പതുക്കെ എന്നെ കയ്യൊഴിയും (അവരെ കുറ്റം പറയാന്‍ പറ്റില്ല - അവര്‍ക്ക് വെക്കേഷനെങ്കിലും മനസമാധാനം വേണമല്ലോ! ) ഒരേ പ്രായക്കരായി ഞാനും അജേഷും ആശയും! അമരയിലെത്തിയാല്‍ ഞങ്ങള്‍ മൂന്നാളും ആയിരുന്നു ഒളിച്ചുകളിക്കാനും ഓടിക്കളിക്കാനും കല്ലുകളിക്കാനും ഒക്കെ സംഘം ചേര്‍ന്നിരുന്നത്. അജേഷിനും ആശയ്ക്കും കുറെനാള്‍ കഴിഞ്ഞു ഒരു കുഞ്ഞനുജന്‍ കൂടിയുണ്ടായി - അവന്‍റെ ശരിക്കുള്ള പേരിനെക്കാള്‍ കൂടുതല്‍ 'മുട്ടു' എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്. (അരുണ്‍ എന്നാണ് ശരിക്കുള്ള പേരെന്നാണ് ഓര്‍മ്മ).

തിരുവോണത്തിന് അപ്പുറത്തമ്മയുടെ വീട്ടില്‍ക്കൂടി ഉണ്ടാലേ ഓണം പൂര്‍ണമാകൂ എന്നുള്ള ദിവസങ്ങളുണ്ടായിരുന്നു എനിക്കും ചേട്ടന്മാര്‍ക്കും. അജേഷിന്റെയും ആശയുടെയും മുട്ടുവിന്റെയും അമ്മ ശ്യാമളച്ചേച്ചിയോ അവരുടെ അച്ഛന്‍പെങ്ങള്‍ മിനിച്ചേച്ചിയോ കിണറിനു പിറകില്‍ നിന്നിരുന്ന ചെടിയില്‍ നിന്ന് ഞാനും ആശയും ഇറുത്തുകൊണ്ട് കൊടുക്കുന്ന മൈലാഞ്ചിയില പ്ലാവിലയുടെ ഞെടുപ്പും ചുവന്ന പുളിയനുറുംബിനെയും കൂട്ടിച്ചേര്‍ത്ത് അമ്മിയിലരച്ച് ഞങ്ങളുടെ രണ്ടാളുടെയും കയ്യുകളില്‍ വട്ടത്തില്‍ പരത്തിത്തന്നിരുന്ന അവധിക്കാലങ്ങള്‍. അജേഷിന്‍റെ അച്ഛനെ ഞങ്ങള്‍ നാരായണച്ചാച്ചന്‍ എന്ന് വിളിച്ചു. ആ വീടിനെക്കുറിച്ചു പറയാനും എഴുതാനും ഒത്തിരിയൊത്തിരി ഓര്‍മ്മകളുണ്ട്. അത് മറ്റൊരു പാട്ടോര്‍മ്മയില്‍ എഴുതാം - ഇന്നത്തേത് അജേഷിനു വേണ്ടി മാത്രം!


കൂടെക്കളിച്ചു വളര്‍ന്നവനെ ഓരോ സ്കൂള്‍ അവധിക്കും കാണുമ്പോള്‍ വിശേഷങ്ങള്‍ കൊണ്ട് മൂടുമായിരുന്നു ഞാന്‍. രണ്ടു ക്ലാസ്സ് ഇളയവനായ അവന്‍റെ ആദ്യത്തെ സ്കൂള്‍ ക്രഷ് ഒക്കെ ഒരുപക്ഷേ ഞാനായിരിക്കും ആദ്യമായി അറിഞ്ഞിട്ടുണ്ടാകുക - ഇപ്പോഴും ഓര്‍ക്കുന്നു ഒരു ഒളിച്ചുകളി കാലത്ത് അവനൊരു നീലക്കണ്ണുള്ള പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞത്. ഒരുവിധം എന്‍റെ അവധിക്കാല കുരുത്തക്കേടിനൊക്കെ കൂട്ടു നിന്നവന്‍ - കട്ടെടുത്ത വെറ്റിലയും പുകയിലയും തെങ്ങിന്തോപ്പില്‍ ഒളിച്ചിരുന്ന് പരീക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നവന്‍, പുത്തന്‍ സിനിമകളുടെ പാട്ടുകളും കഥകളും പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നവന്‍... സ്കൂള്‍ കാലം കഴിഞ്ഞതോടെ രണ്ടുമാസമൊക്കെ അവധിക്കുപോകുന്ന സ്ഥിരം പതിവ് നിന്നു.. ഓണത്തിനോടിയൊരു പോക്ക്, വിഷുവിനടുപ്പിച്ച് മറ്റൊരു പോക്ക് - കഴിഞ്ഞു അവധിക്കാലങ്ങള്‍! അതിനിടയില്‍ അറിഞ്ഞിരുന്നു അവന്‍ സ്കൂള്‍ പഠിത്തമൊക്കെ നിര്‍ത്തി, കവലയില്‍ ഓട്ടോര്‍ഷ ഓടിക്കാന്‍ തുടങ്ങി, മീശ മുളച്ച വലിയ ചെക്കനായി എന്നൊക്കെ. അങ്ങനെയൊരു അവധിക്കാലത്ത്‌ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് അമരയിലെത്തിയ സമയത്താണ് ഓട്ടോയും കൊണ്ടവനെന്നെ കാണാന്‍ വന്നത്. നെറ്റിയിലൊരു ചുവന്ന കുറി തൊട്ടിരുന്നു, തവിട്ടു നിറത്തിലൊരു കൈലിയും, കാക്കി ഉടുപ്പും ഒക്കെയായി ഒരു സുന്ദരന്‍ - അവനെ കളിയാക്കാന്‍ 'നീയിപ്പോ ഏയ്‌ ഓട്ടോ ലാലേട്ടനെപ്പോലെ ഉണ്ടല്ലോടാ' എന്ന് ഞാന്‍ പറയുകയും ചെയ്തു. നാണിച്ചൊരു ചിരിയോടെ അവനെനിക്ക് മീശ മാധവന്‍റെ കഥ പറഞ്ഞുതന്നു. മൂന്നുവട്ടം സവാരി പോയപ്പോഴും സിനിമ കണ്ട കാര്യവും കരിമിഴിക്കുരുവിയെ കണ്ടീല എന്ന പാട്ടിന്‍റെ ഭംഗിയുമൊക്കെ പറഞ്ഞുകൊതിപ്പിച്ച് പോകും മുന്‍പ് ആ പാട്ടെനിക്ക് പാടിത്തരികയും ചെയ്തു.

അടുത്തകൊല്ലം ആ വീടിന്‍റെ എല്ലാ പ്രതീക്ഷകളും ഏന്തി ആശാന്‍ ഗള്‍ഫില്‍ പോയി. പിന്നെയുള്ള വെക്കേഷനുകള്‍ക്കൊന്നും കാണാനും കഴിഞ്ഞില്ല... അവിടെ വെച്ചൊരു നാള്‍ പെട്ടെന്നുണ്ടായ അസുഖത്തില്‍ അജേഷ് യാത്ര പറയാതെ പോയി. നാട്ടില്‍ നിന്ന് ദൂരെയായിരുന്ന ഞാനൊക്കെ കാര്യം അറിഞ്ഞത് തന്നെ കുറച്ചുനാളുകള്‍ കഴിഞ്ഞാണ്. ഒരുപക്ഷേ, ജീവിതത്തില്‍ ആദ്യമായി എന്നേക്കാള്‍ ചെറിയോരാളുടെ അപ്രതീക്ഷിതമരണം അറിഞ്ഞത് അജേഷ് പോയപ്പോഴാണ്. മറ്റൊരു രൂപം കാണാതിരുന്നത് കൊണ്ടുതന്നെ ഓര്‍മയിലിപ്പോഴും അവസാനമായി കണ്ടപ്പോഴത്തെ ചുവന്ന കുറി തൊട്ട് കരിമിഴിക്കുരുവിയേ കണ്ടീല എന്ന് പാടുന്ന കാക്കിയുടുപ്പുകാരനാണ് അവന്‍.

കാലമൊഴുകിയപ്പോള്‍ അയല്‍വക്കങ്ങളും അകന്നു ... ഒരുചാട്ടത്തിനു എത്തിയിരുന്ന വീടുകളില്‍പ്പോലും ആരും പോകാണ്ടായി. ടെലിവിഷനും മൊബൈലുമൊക്കെ എത്തിയപ്പോള്‍ ഓണവും വിഷുവും വീടിനകത്തായത് പോലെ....
------------------------------------------------------------------------------------------------------------
#100DaysOfSongs
#Day90
#100DaystoLove

3 comments:

  1. മൈലാഞ്ചിക്കൂട്ടിലെ പുളിയനുറുമ്പ്!
    അതൊക്കെ ...
    ആശംസകൾ

    ReplyDelete
  2. അനിയന്റെ ഓർമ്മയിൽ വിരിഞ്ഞ ഒരു പാട്ടോർമ്മ ..

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)