Sunday, April 12, 2020

മഴ നനഞ്ഞീറൻ വഴികളിലൂടെ നാം നനയാതെ പിന്നിലേക്കോടി...

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2002-2003

എൻജിനീയറിങ് കോളേജിലെ മാഗസിന് വേണ്ടി 'കവിതയൊക്കെ കുറെയുണ്ട്, ഒരു കഥ എഴുതിത്താടെ' എന്ന് പറഞ്ഞത് ശബരിനാഥ് എന്ന സുഹൃത്താണ്. കണ്ടതും കേട്ടതും പൊടിപ്പും തൊങ്ങലും സ്വന്തം അനുഭവവും ഒക്കെ കോർത്തിണക്കി ആ പ്രായത്തിനു ചേർന്നതുപോലെ തീർത്തും പൈങ്കിളി ആയ ഒരു കഥയെഴുതി. അന്നത് പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊക്കെ ഞാൻ തന്നെ വായിച്ചുകൊടുത്തു. ചിലരൊക്കെ കഥയിൽ അവരെത്തന്നെ കണ്ടു  മധുരപ്പതിനേഴ് പതിനെട്ട് പത്തൊൻപത് പ്രായമല്ലേ - ജീവിതത്തിൽ ഏറ്റവും സങ്കീർണമായ പ്രഹേളിക പ്രണയമാണെന്നും, സ്വന്തം വ്യക്തിത്വം ഒരു ഉത്തരം കിട്ടാച്ചോദ്യം ആണെന്നുമൊക്കെ അസ്തിത്വപ്രശ്‍നങ്ങളിലൂടെ ഉഴലുന്ന പ്രായം (പ്രത്യേകിച്ച് ചിന്തിച്ചുകൂട്ടുന്ന പെൺകുട്ടികൾക്ക്). ആ വർഷത്തെ മാഗസിൻ ഇറങ്ങിയില്ല എന്നാണ് വിശ്വാസം. പക്ഷേ കഥ എന്നോടൊപ്പം പോന്നു! വർഷങ്ങൾക്ക് ശേഷം 2013 ൽ മലയാളം ബ്ലോഗ്ഗേഴ്സ് എന്ന ഓൺലൈൻ ഗ്രൂപ്പ് ഒരു വാർഷികപ്പതിപ്പ് ഇറക്കിയപ്പോൾ എന്റേതായി ഞാൻ കൊടുത്തത് ഈ കഥയാണ്. എവിടെയെങ്കിലും ആ കഥയൊന്നു പ്രസിദ്ധീകരിച്ചു കാണാനുള്ള ആഗ്രഹം എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചതാണ്. തിരുത്താൻ ഒരുപാടുണ്ടാകും എന്നറിയാമായിരുന്നു എങ്കിലും, എനിക്കൊരിക്കലും ആ 'പത്തൊൻപതുകാരി ആർഷ' യുടെ മനസ് വീണ്ടെടുക്കാൻ കഴിയില്ല എന്നതുകൊണ്ട് അന്നത്തെ അതേ കഥ 'ഇ-മഷി'യുടെ 2013 ലെ പതിപ്പിൽ വന്നു. ഏതാണ്ട് പത്തുവർഷത്തിനു ശേഷം ആ കഥ വായിക്കപ്പെടുന്നത്, വിമർശിക്കപ്പെടുന്നത്, സ്നേഹിക്കപ്പെടുന്നത് എന്നെ അതിശയിപ്പിച്ചു!

തീർന്നില്ല .... ആ കഥ വീണ്ടും എന്നോടൊപ്പം സഞ്ചരിച്ചു .... ഇ-മഷിയ്ക്ക് ശേഷം ബ്ലോഗിൽ പ്രസിദ്ധീകരിച്ച ആ കഥ വായിച്ചാണ് ഇവിടെ വിസ്കോൺസിനിലെ ഞങ്ങളുടെ സ്വന്തം ഡയറക്ടർ സർ 'രമേഷ് ചേട്ടൻ' ഇത് നമുക്ക് മലയാളത്തിലും ഇംഗ്ലീഷിലും ടെലിഫിലിം ആക്കിയാലോ എന്ന് ചോദിക്കുന്നത്. വീണ്ടും എന്നെ അതിശയിപ്പിച്ചുകൊണ്ട് രമേഷ് ചേട്ടന്റെ കൈകളിലൂടെ 2016 -ൽ അതൊരു മനോഹര ചിത്രമായി മാറി! ' Alone In The Rain' എന്ന പേരിൽ റോഷിച്ചേട്ടൻ അതിനൊരു മൊഴിമാറ്റതിരക്കഥയും തയാറാക്കി. 'മഴയിതൾപ്പൂവുകൾ' ആ വർഷത്തെ വാലെന്റൈൻസ് ഡേയ്ക്ക് കൈരളി ചാനൽ സംപ്രേക്ഷണം ചെയ്തപ്പോൾ ഞാൻ ഒരു കഥയുടെ പുനർജ്ജനികളെക്കുറിച്ച് ആലോചിക്കുകയായിരുന്നു! ഡിപ്രഷൻ എന്നൊക്കെ കേട്ടുപരിചയമാകുന്നതിന് മുൻപ് എഴുതിയ കഥയാണ് - പക്ഷേ, പതിനാറു - പതിനേഴ് വർഷങ്ങൾക്ക് ശേഷം അത് വായിക്കുമ്പോൾ വേറൊരു വായന തരുന്നുണ്ടെന്നു പറയാതെ വയ്യ! 1999 ൽ അച്ഛൻ പോയതിനുശേഷം കടുത്ത വിഷാദത്തിലൂടെ കടന്നുപോയിരുന്ന ഞാൻ തന്നെയാകണം ആ നായിക, അല്ലെങ്കിൽ ഞാൻ അനുഭവിച്ചിരുന്ന എന്തൊക്കെയോ ആണ് അറിയാതെ എങ്കിലും ഞാൻ അക്ഷരങ്ങളിലാക്കിയത്  ടെലിഫിലിം ആയതിനുശേഷം കുറേയേറെപ്പേരുടെ ഫീഡ്ബാക്ക് എങ്കിലും ഇതിലെ പെൺകുട്ടിയുടെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചായിരുന്നു!

ഇന്നിവിടെ മഴ നനഞ്ഞ ഈറൻ വഴികളാണ്.. ശൈത്യകാലം കഴിഞ്ഞു എന്നാശ്വസിച്ച വിസ്കോൺസിൻകാരെ സൂര്യനെ കാട്ടിക്കൊതിപ്പിച്ചിട്ട്
mr.പ്രകൃതി ഇന്നലെ കുറേ മഞ്ഞുവാരിയെറിഞ്ഞു പറ്റിച്ചു! തണുത്തു പുതച്ചു ഒരു ചൂടുചായ കുടിച്ചിരിക്കാൻ പറ്റിയ കാലാവസ്ഥ - ഓർമയിൽ ഈ പാട്ടു മാത്രമേയുള്ളൂ എനിക്ക് ... ഒരുപക്ഷേ മഴ പെയ്യുമ്പോൾ ക്ലാരയെ ഓർക്കാതെ ഈ പാട്ടോർക്കുന്ന ഞാൻ മാത്രേ കാണൂ 
മഴ നനഞ്ഞീറൻ വഴികളിലൂടെ നാം
നനയാതെ പിന്നിലേക്കോടി,
ഇരുളായി പെയ്യുമെൻ പ്രണയമാം തുള്ളിയെ,
അലിയാതെ കുളിരാക്കി മാറ്റി,
അരികിലായ് വരികെന്നരികത്ത് നിൽക്ക-
- യെന്നാരോ സ്വകാര്യത്തിലോതി..
കുട മറന്നെന്നിലെ, മറയുന്ന കുഞ്ഞൊരു
കുയിലിന്നിണപ്പാട്ടു തേടി,
കണ്ണോരമെന്നുമീ മഴയിതൾപ്പൂവുകൾ
പുതുമണ്ണിൻ സുഗന്ധമായ് പൂത്തു,
ആരും പറഞ്ഞതില്ലിക്കിളിവാതിലിൽ
കാറ്റിനില കാത്തു നിന്നേക്കാം
ഇനിയും മറക്കാത്ത വഴികളിലൂടെ നാം
ഇരു വഴിച്ചാലായൊഴുകി- തമ്മിൽ
കാണാതെ കൈവഴികൾ വറ്റി !
(ആലാപനം : ഇന്ദു രമേഷ്, രാജേഷ് രവീന്ദ്രൻ
സംഗീതം : MS സൂഖി )
ടെലിഫിലിം കാണണം എന്നുള്ളവർക്ക് link  https://www.youtube.com/watch?v=mo1claCTmwI&t=48s 
----------------------------------------------------------------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day86

3 comments:

  1. "മഴയിതൾപ്പൂവുകൾ" രചന വായിച്ചിട്ടുണ്ട്.ഷോർട്ട്മൂവി കണ്ടു.
    അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
    ആശംസകൾ

    ReplyDelete
  2. കുട്ടിസിനിമ കാണട്ടെ.

    ReplyDelete
  3. പ്രിയപ്പെട്ട അച്ഛൻറെ ഓർമ്മക്കായി
    രചിച്ച വരികളുടെ  ഓർമ്മകൾ 

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)