Monday, January 20, 2020

"മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...."


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


വർഷം  2004 നും 2006 നും ഇടയിലുള്ള ഏതോ അവധി ദിവസം.

           വളരെയേറെ പ്രിയപ്പെട്ട ഒരുവളെക്കുറിച്ചാണ് ഇന്നത്തെ കുറിപ്പ്. അവളെ ഓര്‍ക്കാന്‍ എനിക്കീ പാട്ടിന്‍റെ ആവശ്യമില്ല - പക്ഷേ, ഈ പാട്ട് അന്നത്തെ ആ ദിവസത്തെ ഓര്‍മ്മിപ്പിക്കും. എണ്ണമറ്റ വാടകവീടുകള്‍ ജീവിതത്തിന്‍റെ ഓര്‍മകളിലേക്ക് എടുത്തുവെച്ചുകൊണ്ട് ഞങ്ങള്‍ സ്വന്തമായിട്ടൊരു കൊച്ചുവീട്ടിലേക്ക്‌ മാറിയത് 2003 ലാണ് - അമ്മയുണ്ടാക്കിയ വീട്! ഏതാണ്ടതുപോലെ  അമ്മ തുഴയുന്നൊരു വീടായിരുന്നു അവളുടേതും - ഇന്നും ഞാനുമവളും താദാത്മ്യപ്പെടുന്ന ചിലയിടങ്ങളില്‍ മക്കള്‍ക്കുവേണ്ടി ഓടിത്തീര്‍ത്ത അമ്മമണമുണ്ട്. അന്നവള്‍ വന്നത് എന്നോട് മാത്രമായി സംസാരിക്കാനാണ്...ഇടയ്ക്കിടെ ഞങ്ങള്‍, കേരളത്തിന്‍റെ രണ്ടറ്റത്ത് ആയിപ്പോയ ഞങ്ങള്‍ കൂടാറുണ്ട് ഇങ്ങനെ. അങ്ങനെ വന്ന പകല്‍ മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചു , ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന  മാറ്റങ്ങളെക്കുറിച്ച് - ഇനിയെങ്ങനെയാണ് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നത് എന്നതിനെ കുറിച്ച്, യൌവനതീക്ഷ്ണവും പ്രേമ സുരഭിലവുമായ ഇന്നിന്‍റെ നാളെകളെക്കുറിച്ച്. അങ്ങനെയിരിക്കുമ്പോള്‍ നനുത്ത ശബ്ദത്തില്‍ അവള്‍ പാടി.. "മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...." നന്നായോ എന്ന് നൂറാവര്‍ത്തി ചോദിച്ചുറപ്പ്  വരുത്തി, അത് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പാടും മുന്‍പുള്ള ഒരു ഫൈന്‍ ട്യുണിംഗ് ആണ്.  നീളന്‍ പാവാടയും ബ്ലൌസുമിട്ട, നെറ്റിയില്‍ വട്ടത്തില്‍  സിന്ദൂരം കൊണ്ട് പൊട്ടു തൊട്ട, കണ്ണടച്ച് പാടുന്ന നീ ...അതാണ് ഈ പാട്ടോര്‍മ!


          98-2000 പ്രീഡിഗ്രി കാലത്ത് ട്യുഷന് പോയ സ്ഥലത്ത് വെച്ച് പരിചയപ്പെട്ടതാണ് അവളെ.  ഞാന്‍ സെക്കന്റ്‌ ഗ്രൂപ്പ്‌, അവള്‍ നോണ്‍-സയന്‍സ് ഗ്രൂപ്പ്‌ (ഫിഫ്ത് എന്നാണ് ഓര്‍മ) - 20 കൊല്ലങ്ങള്‍ക്ക് ഇപ്പുറം നോക്കുമ്പോള്‍ എങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഇത്രയും ശക്തമായൊരു സൗഹൃദം ഉണ്ടായി എന്ന് ഞാന്‍ തന്നെ അതിശയിക്കാറുണ്ട്. ജീവിതത്തില്‍ ചില സമയത്തെടുക്കുന്ന റാന്‍ഡം  തീരുമാനങ്ങളുടെ effect  ജീവിതകാലത്തേക്ക് മുഴുവനായി നമ്മളോടൊപ്പം ഉണ്ടാകുന്നതിന് ഒരുദാഹരണമാണ് ഈ കൂട്ട്. പത്താം ക്ലാസ് കഴിഞ്ഞ സമയം - അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആറ്റിങ്ങലില്‍ തുടങ്ങിയ പുതിയ ട്യുട്ടോറിയലില്‍ ട്യുഷന് പോയാല്‍ മതിയെന്ന് തീരുമാനിച്ചതിന് പിന്നില്‍  'overstrict' ആയ മറ്റൊരിടത്ത് ചെന്ന് പെടാതിരിക്കാനുള്ള എന്‍റെ ആത്മാര്‍ത്ഥ ആഗ്രഹമായിരുന്നു (അവിടെയായിരുന്നു ചേട്ടന്മാര്‍ പഠിച്ചത് - അവരോ പെട്ടു, ഞാനെങ്കിലും പെടണ്ടല്ലോ എന്നല്ലേ അവര്‍ ചിന്തിക്കേണ്ടത് :/ അതിനുപകരം ദുഷ്ടന്മാര്‍ എന്നെ കുടുക്കാന്‍ നോക്കി എന്നത് വേറെ കാര്യം!)

      അവിടെ, വിക്ടറി എന്ന ട്യുഷനിടത്ത്   സ്ഥല-അംഗ പരിമിതി കാരണം സയന്‍സ് ഗ്രൂപ്പുകാര്‍ക്കും നോണ്‍-സയന്‍സ് ഗ്രൂപ്പുകാര്‍ക്കും ഭാഷാ ക്ലാസ്സുകള്‍ ഒരുമിച്ചായിരുന്നു. അവിടെ വെച്ച് എന്നോടൊപ്പം കൂടിയതാണീ കക്ഷി. അതിനുശേഷം ജീവിതത്തിലെ കയറ്റിറക്കങ്ങളിലൂടെ എത്രമേല്‍ നമ്മള്‍ കടന്നുപോയി...  ഇതാണ് ആ യാത്രയുടെ അവസാനം എന്ന് തോന്നിച്ചിടത്ത് വെച്ച് നമ്മളെപ്പോലും അമ്പരമ്പിപ്പിച്ചുകൊണ്ട് ഒരു U - ടേണ്‍ എടുത്ത് തിരികെ വന്നു. ഞാന്‍ എഞ്ചിനീയറിംഗിന്  പോയി, നീ ആറ്റിങ്ങല്‍ കോളേജില്‍ ഡിഗ്രീ ചെയ്തിട്ട് LLB ചെയ്തു. നീ റേഡിയോ ജോക്കി ആയി, ഞാന്‍ അദ്ധ്യാപിക ആയി. പിന്നെയും കാലമുരുണ്ടു - നമ്മള്‍ രണ്ടാളും വിവാഹിതരായി, അമ്മമാരായി, പ്രവാസികളായി, നീ പ്രവാസം നിര്‍ത്തി വീണ്ടും വിദ്യാര്‍ത്ഥിനിയായി! ഇന്നും വരാറുണ്ട് ഇടക്കോരോ "ഡീ" വിളികള്‍, "ഒന്ന് മിണ്ടാന്‍ തോന്നുന്നല്ലോ"  എന്നൊരു കുറിപ്പ് വാട്സാപ്പില്‍, അല്ലെങ്കില്‍ "നീയിതൊന്ന് നോക്കൂ, എന്ത് തോന്നുന്നു" എന്നൊരാശങ്ക... 'ചക്കിയമ്മയ്ക്ക്' എന്ന കുറിപ്പോടെ കുഞ്ഞന്റെ ചിത്രങ്ങൾ... ജീവിതം ഒഴുകുകയാണ് വീണ്ടും!

'കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു,
കാലമാമിലഞ്ഞിയെത്ര പൂക്കളെപ്പൊഴിച്ചു!" -


എത്ര സത്യം ... ഇന്നും ഇലഞ്ഞിപ്പൂപോലെ സുഗന്ധപൂര്‍ണമായി ഈ സൗഹൃദം നില്‍ക്കുമ്പോള്‍ നീ എനിക്കായി മാത്രം പതിഞ്ഞ ശബ്ദത്തില്‍ ഇപ്പോഴും ഓര്‍മയില്‍ പാടാറുണ്ട്  "മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി .."

 ടാഗ് ചെയ്യാതെ തന്നെ വരുന്ന ഒരുവൾ -  അമ്മു എന്ന എൻ്റെ ഗീതാഞ്ജലി ! 😍


---------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

7 comments:

  1. പ്രിയപ്പെട്ട പാട്ടാണ്.. "പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു "❤️

    ReplyDelete
  2. ഈ ഗാനം കേൾക്കുമ്പോൾ ഓർമ്മയിൽ തെളിയുന്നത് പ്രസിദ്ധ നടിയായിരുന്ന മോനിഷായുടെ മുഖമാണ്. മോനിഷാ 1992ൽ കാറപകടത്തിൽപ്പെട്ട് നിര്യാതയായി.

    ReplyDelete
  3. വന്നു ചിരി തൂകി നിന്നു
    വന്നു ചിരി തൂകി നിന്നു

    ReplyDelete
  4. മനോഹരമായ ഗാനം. എനിയ്ക്ക് നല്ല ഇഷ്ടം

    ReplyDelete
  5. എനിക്കും ഇഷ്ടമാണീപ്പാട്ട്.

    ReplyDelete
  6. വളരെ നൈർമല്യമുള്ള പാട്ട് .!!!
    അതിനു ചേരുന്ന മോനിഷയുടെ മുഖം.!!
    ചിത്ര ചേച്ചിയുടെ സ്വരം.!!!

    ReplyDelete
  7. ഇന്നും ഇലഞ്ഞിപ്പൂപോലെ സുഗന്ധപൂര്‍ണമായി ഈ സൗഹൃദം നില്‍ക്കുമ്പോള്‍ നീ എനിക്കായി മാത്രം പതിഞ്ഞ ശബ്ദത്തില്‍ ഇപ്പോഴും ഓര്‍മയില്‍ പാടാറുണ്ട് "മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി ..

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)