Saturday, January 18, 2020

"ശശികല ചാർത്തിയ ദീപാവലയം തംതനനം "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


           വർഷം  1996 - ഒൻപതാം ക്ലാസ്സെന്ന അസുലഭ സുന്ദര സുരഭില ലോകത്താണ് ഞങ്ങൾ. എന്താണിപ്പോ ഒൻപതാം ക്ലാസ്സിനു പ്രത്യേകത എന്നല്ലേ? പത്താംക്ലാസ് ഇമ്മിണി ബല്യൊരു സംഭവമായിരുന്ന നാളുകൾ ആയത്കൊണ്ട് ക്രിസ്ത്മസ് പരീക്ഷ കഴിയുന്നതോടെ പത്താം ക്ലാസ്സിലെ ചേട്ടന്മാരും ചേച്ചിമാരും പരീക്ഷാച്ചൂടിലാകും. ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കോ ആ ചൂടൊന്നും ഇല്ലെന്നു മാത്രമല്ല സ്‌കൂളിലെ ഒഴിയാൻ പോകുന്ന സീനിയർ വേക്കന്സിയില് ഇച്ചിരി നേരത്തെ കയറിയിരുന്ന് സകലമാന ആഡംബരവും കാണിക്കുകയും ചെയ്യാം. അന്നൊക്കെ ഉച്ചഭക്ഷണത്തെ കഴിഞ്ഞുള്ള വിശ്രമ വേളകൾ ഞങ്ങൾ ആനന്ദകരമാക്കുന്നത് മിക്കപ്പോഴും സിനിമാക്കഥകൾ പറഞ്ഞിട്ടാകും.

              അടുത്തുള്ള PG തിയറ്ററിൽ എല്ലാ മൂന്നാഴ്ച കൂടുമ്പോഴും സിനിമ കാണാൻ പോകുന്ന ടീമായിരുന്നു എൻ്റെ വീട്ടുകാർ. അച്ഛൻ രണ്ടാഴ്ച - മൂന്നാഴ്ച കൂടുമ്പോൾ കോട്ടയത്തു നിന്ന് വരും. ആ വരുന്നാഴ്ച ഞങ്ങൾ എല്ലാരും കൂടി സെക്കന്റ് ഷോയ്ക്ക് പോകും. പോയി വരുംവഴി മിക്കവാറും ഹോട്ടൽ ഷിബുവിലെയോ വഴിയോരത്തട്ടുകടയിലെയോ കുട്ടിദോശ  പച്ചമുളകും ഇഞ്ചിയും മണക്കുന്ന നീളൻ ചമ്മന്തിയും കൂട്ടി അകത്താക്കും. എന്നിട്ടു പിറ്റേ ദിവസം ഉച്ചയാകാൻ കാത്തിരിക്കും - കൂട്ടുകാരികൾക്ക് മുന്നിൽ അഭിനയിച്ചു കഥ പറയാൻ. മൂന്നു മണിക്കൂർ ഉള്ള സിനിമ ഒരു രണ്ടര മണിക്കൂർ എങ്കിലും എടുത്തു കഥ പറഞ്ഞില്ലെങ്കിൽ എനിക്കൊരു മാനസിക സംതൃപ്തി കിട്ടില്ലായിരുന്നു എന്നതാണ് സത്യം. സിനിമകൾ വല്ലപ്പോഴും മാത്രം കാണാൻ കിട്ടുന്ന ജാസ്മിനും, ബിന്ദുവും, പ്രീതയും, ഹസീനയും, ഷംലയും താജുവും ഒക്കെ എൻ്റെ ഓരോ സിനിമാപറച്ചിലിനേയും വീണ്ടും വീണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെ മോഹിച്ചു കണ്ട, കഥ പറഞ്ഞ സിനിമയാണ് ദേവരാഗം!


              പക്ഷേ, ദേവരാഗത്തിലെ ഈ പാട്ടോർക്കുന്നത് അതുകൊണ്ടല്ല കേട്ടോ. ആ വർഷത്തെ സ്‌കൂൾ യുവജനോത്സവം. UP ക്‌ളാസുകളിൽ നിന്നുള്ള രണ്ടു ടീമിനെ ഡാൻസ് പഠിപ്പിക്കുന്നത് ഒന്ന് ഞാനും, മറ്റൊന്ന് വളരെ അടുത്ത സുഹൃത്ത് മഞ്ജുവും. നമ്മൾ വലിയ ചേച്ചിമാർ ആണല്ലോ - കുഞ്ഞിപ്പിള്ളേരെ തട്ടേൽക്കേറ്റുക എന്നത് ഉത്തരവാദിത്തമായി തലയിൽ എടുത്തവർ. രണ്ടു ടീമും അത്യാവശ്യം കോമ്പറ്റിഷൻ ഉള്ളവരാണ് - മഞ്ജു പഠിപ്പിക്കുന്ന ടീമിലെ പ്രധാനപ്പെട്ട മോൾ ഡാൻസ് പഠിക്കുന്നുണ്ട്. ഞാൻ പഠിപ്പിക്കുന്ന ടീമിലെ ആൾ അങ്ങനെ ഡാൻസ് ഒന്നും പഠിച്ചിട്ടില്ല - പക്ഷേ, വളരെ വളരെ കഴിവുള്ള കുട്ടി (ആ കുട്ടിയും ഇപ്പോ എവിടെയെന്നു അറിയില്ല- ആളുടെ പേരൊരു രസമുള്ള പേരായിരുന്നു ഓർമ കിട്ടുന്നില്ല). മത്സരസ്പിരിറ്റ് ഉള്ളതു കൊണ്ട് തന്നെ അങ്ങോടും ഇങ്ങോടും കാണാതെയാണ് പ്രാക്റ്റിസ് ഒക്കെ.


               പറഞ്ഞുപറഞ്ഞ് സെലക്ഷൻ ദിവസമായി. സ്‌കൂളിലെ പാട്ട് ടീച്ചർമാരും ഡ്രിൽ ടീച്ചറും ഒക്കെ നിരന്നിരിക്കുന്നുണ്ട്. അവർക്ക് മുന്നിൽ അവതരിപ്പിച്ച് മിനിമം സ്റ്റാൻഡേർഡ് ഉണ്ടെന്നു കാണിച്ചെങ്കിലേ അടുത്ത മാസത്തെ വാർഷികത്തിന് തട്ടേൽ കേറാൻ പറ്റൂ. ശ്വാസം പിടിച്ചു നിൽക്കുവാണ് ശിഷ്യരും പഠിപ്പീരുകാരും. ആദ്യത്തെ ടീമിനെ വിളിച്ചു - ഹൈ സ്‌കൂൾ ടീമാണ്, ആകെ രണ്ടു ടീമേ ഉള്ളൂ. ആദ്യം കളിച്ച ടീം കുഴപ്പമില്ല, രണ്ടാമത്തെ ടീം വന്നു കളിക്കാൻ വേണ്ടി പാട്ടിട്ടു - "ശശികല ചാർത്തിയ ദീപാവലയം തംതനനം " ഞാനും എൻ്റെ കൊച്ചുങ്ങളും മുഖത്തോടു മുഖം നോക്കി, നമ്മളും അതേ പാട്ടാണ് എടുത്തേക്കുന്നത്! സാരമില്ല സ്റ്റെപ്സ് ഒക്കെ വ്യത്യാസം ആണല്ലോ - മാത്രോല്ല അത് ഹൈ സ്‌കൂൾ, എന്റെ പിളേളർ UP - പ്രശ്നാക്കേണ്ട ഒരു കാര്യോമില്ല മക്കളേ എന്ന്   ചേച്ചി ഗ്യാരന്റി കൊടുത്തു.


                  ഹൈസ്‌കൂൾ തീർന്നപ്പോൾ ചെറിയ ക്‌ളാസിലെ കുട്ടികളെ വിളിക്കാൻ തുടങ്ങി. പുരോഗതിയുണ്ട് എണ്ണത്തിൽ - UP സെക്ഷനിൽ 4 ടീമുണ്ട്! ആദ്യത്തെ ടീം വന്നു കളിച്ചുപോയി, അവർക്ക് സെലക്ഷൻ കിട്ടില്ലെന്ന്‌ കൊച്ചുങ്ങളുടെ കളി കണ്ടപ്പോൾ ഉറപ്പിച്ചു. രണ്ടാമത് ഊഴം മഞ്ജു പഠിപ്പിച്ച ടീമിനാണ്. മൂന്നാമത് ഞങ്ങൾ. മഞ്ജുവിന്റെ പിള്ളേരെ കൊണ്ടുപോയി സ്ഥാനത്ത് നിർത്തി ലാസ്റ്റ് മിനിറ്റ് ടിപ്സ് ഒക്കെ കൊടുത്തു മഞ്ജു തിരിച്ചു വന്നു. പാട്ട് ഓൺ ആക്കാൻ ലളിതാംബിക ടീച്ചർ പറഞ്ഞപ്പോൾ അവളെന്നെയൊന്നു നോക്കി - ആ പഴയ ടേപ്പിൽനിന്നും ഇതാ ഒഴുകി വരുന്നു വീണ്ടും "ശശികല ചാർത്തിയ...." ഹെന്റമ്മേ! ഞാനും പിള്ളേരും തലയിൽ കൈ വെച്ചു - പണി പാളീന്നുറപ്പായി! മഞ്ജുവിന്റെ മുഖത്തോട്ട് നോക്കിയപ്പോൾ അവളുടെ മുഖത്തും ഏതാണ്ട് അതേ ഭാവം. പിള്ളേർ നന്നായി കളിച്ചു, നല്ല സ്റ്റെപ്സ് ആണെന്നൊക്കെ ടീച്ചർമാർ പറഞ്ഞതിൽ നിന്നും അവർ സെലക്ട് ആയതായി ഞങ്ങൾ അനുമാനിച്ചു.


                   അടുത്തത് ഞങ്ങളുടെ ടീമാണ് - മടിച്ചുമടിച്ചാണ് ഞാൻ ആ പ്‌ളേ ബട്ടൺ അമർത്തിയത്. അതാ വരുന്നു 'ശശികല.....' ആദ്യത്തെ വരി പോലും മുഴുമിക്കാൻ ടീച്ചർമാർ സമ്മതിച്ചില്ല.  "നിർത്തിനെടി...!!.കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് തംതനനനം എന്നും പറഞ്ഞോണ്ട്. അവളുമാരുടെ ഒരു തനനന - കേട്ടുകേട്ട് തല പെരുത്തു. വേറെ വല്ലോമുണ്ടെങ്കിൽ കളിക്ക്, ഇല്ലേൽ നീയൊന്നും കളിക്കേണ്ട" സാമാന്യം ഉച്ചത്തിൽ ഒരലർച്ച പോലെ പറഞ്ഞ വാക്കുകളിൽ എൻ്റെ മുഖം കുനിഞ്ഞു, പിള്ളേരൊക്കെ കരയാനായി. വേറെ ഡാൻസ് എങ്ങനെ ഇപ്പോച്ചുട്ട അപ്പം പോലെ കളിക്കും!! ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ്, ആദ്യമായി വലിയ സ്‌കൂളിലെ യുവജനോത്സവത്തിൽ ഡാൻസ് കളിക്കാൻ പോകുവാണ്, അവർക്ക് കരയണോ പേടിക്കണോ എന്നറിയാതെ നിൽക്കുന്നു. മുതിർന്നയാൾ ഞാൻ തന്നെയേ ഉള്ളൂ. കാലുപിടിക്കുംപോലെ ഞാൻ ടീച്ചർമാരോട് എല്ലാവരോടും പറഞ്ഞു "രണ്ടുദിവസം സമയം തരോ ടീച്ചറേ ഞങ്ങൾ വേറെ ഡാൻസ് കൊണ്ടുവന്നോളാം, പ്ലീസ് ടീച്ചറേ പിള്ളേരൊക്കെ ആഗ്രഹിച്ചു വന്നതാ" കരയാനായ പറച്ചില് കേട്ടിട്ടാകണം ടീച്ചർമാർ ഞങ്ങൾക്ക് രണ്ടു ദിവസം സമയം തന്നു. അങ്ങനെ ഞങ്ങൾ കണ്ടെത്തിയ പാട്ടാണ് "പോരു നീ വാരിളം ചന്ദ്രലേഖേ ..." പക്ഷേ, ഇപ്പോഴും ഈ 'ശശികല ചാർത്തിയ' കേൾക്കുമ്പോഴാണ് ഇതൊക്കെ ഓർക്കുന്നത് - ഒരുനിമിഷം ഞാനാ പഴയ ഓല മേഞ്ഞ സ്‌കൂൾ കെട്ടിടത്തിലെ സെലക്ഷൻ സ്ഥലത്തെത്തും, ഇരുട്ട് നിറഞ്ഞ മുറിയിലെ തണുപ്പ് അറിയും,കുറെ മുഖങ്ങൾ ഓർമകളിലൂടെ കറങ്ങും..., പിന്നെ...പിന്നെ ... "അവളുമാരുടെ ഒരു തനനന...."!!


https://www.youtube.com/watch?v=CUlL4ZTm8hc
---------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

15 comments:

  1. ആർഷ്ചേച്ചീ..
    ചിരിപ്പിച്ച തംതനനം..
    എന്താ അറിയോ ഒരു പ്രശ്നം, ഇതിപ്പോ ചേച്ചീടെ പാട്ടോർമ്മകൾ ഇൻവേഡിങ് ആവുന്നു..
    എന്റെ തനതായ പാട്ടോർമ്മകളെ തലവെട്ടിയെറിഞ് ആച്ചിയടയാളം ഉള്ള കൊടി നാട്ടുമ്പോ
    നമ്മക്ക് ഇപ്പൊ ആ പാട്ട് കേട്ട അപ്പൊ ഈ ഓർമകൾ മുന്നിൽ കേറി വരും..
    100 ഹും ഇടുന്നു.

    ReplyDelete
    Replies
    1. എനിക്ക് ഓർമശക്തി കുറവായതുകൊണ്ട് പിന്നെ ആ കുഴപ്പമില്ല 😁

      Delete
    2. ഹെഹെ അത് ശരി ... അപ്പോളിനി താമസ്സിയാതെ എൻ്റെ ഓർമ്മകളിലേയ്ക്ക് ഈ പാട്ടുകൾ ചേർത്ത് വെയ്ക്കാനാകും വിജുവിന് :)

      Delete
  2. തനനനനം നം നം... ഹി ഹി.. വായിച്ചതിന് ശേഷം ഇത് നാക്കീന്നു എറങ്ങിപ്പോണില്ലാല്ലോ ഭഗവാനെ !!😄😄

    ReplyDelete
    Replies
    1. അതാണു ഈ പാട്ടിൻ്റെ ഏറ്റൊം വലിയ കുഴപ്പവും :) എന്ത് ചെയ്താലും പോകൂല്ല

      Delete
  3. മാമൻ പറഞ്ഞതിന്റെ അടിയിൽ കള്ളയൊപ്പിടുന്നു.

    വന്ന് വന്ന് ഇപ്പൊ ചേച്ചിയുടെ ഓർമകളിലൂടെ എന്റെ പാട്ടുകൾ പോകുവല്ലോ.

    ഏറ്റവും വെറുപ്പുള്ള പാട്ടുകളിൽ ഒന്ന്....

    ReplyDelete
    Replies
    1. അതെന്താ സുധിയേ ഈ പാട്ടിനെ അങ്ങനെ അങ്ങ് വെറുക്കാൻ? കഥയുണ്ടല്ലൊ എന്തോ ;) പോരട്ടെ പോരട്ടെ :)

      Delete
  4. പണ്ട് ഞങ്ങടെ നാട്ടിലൊരു സിനിമാകൊട്ടകയുണ്ടായിരുന്നു. സിനിമ തുടങ്ങുന്മുമ്പെന്നും, 'സന്ധ്യമയങ്ങും നേരം' എന്ന ഗാനംവെയ്ക്കും. എന്നു മിതായപ്പോൾ, കേട്ടുക്കേട്ടു മടുത്തു. ഒടുവിൽ ഈ പറഞ്ഞപ്പോലെയായി... ആശംസകൾ

    ReplyDelete
    Replies
    1. എന്നാലും,വിധികർത്താക്കളായ ടീച്ചേഴ്സ് അങ്ങനെ പറയാൻ പാടില്ലാത്തതായിരുന്നു!ആശംസകൾ

      Delete
    2. സത്യം ആണു സാർ .. റ്റീച്ചർമാർ അങ്ങനെയൊന്നും പെരുമാറാൻ പാടില്ല ...കുഞ്ഞുങ്ങൾക്ക് അത് എത്ര ആഴത്തിൽ ഉള്ളിൽ പതിയും എന്നു അവരോർക്കണം ....

      Delete
  5. കലാബോധമാ വകതിരിവോ ഇല്ലാത്ത ടീച്ചർമാർ
    മുക്കാലാ മുക്കാ ബലാ കളിക്കായിരുന്നു.

    ReplyDelete
    Replies
    1. ഒക്കെകണക്കായിരുന്നു ഉദയൻ ചേട്ടാ ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നും എത്ര കുട്ടികളിലെ ആത്മ വിശ്വാസം അവർ തകർത്തിട്ടുണ്ടാകും എന്ന് :(

      Delete
  6. ചേച്ചീ ... ടീച്ചറുടെ ആ പൊട്ടിത്തെറി ചിരിപ്പിച്ചു .. പക്ഷേ അതുകേട്ടു നിൽക്കുന്ന കുരുന്നു മുഖങ്ങൾ ഓർത്തപ്പോൾ സങ്കടവും വന്നു ...
    പക്ഷേ രണ്ടാമത് തിരഞ്ഞെടുത്ത ആ പാട്ട് സൂപ്പർ ആണ് ...

    ReplyDelete
    Replies
    1. അതേന്നേ...ശരിക്കും പിള്ളേർക്ക് വൻസങ്കടം ആയിപ്പോയി.... :( പിന്നെങ്ങനെയോ ഒപ്പിച്ചു

      Delete
  7. ഓരൊ പാട്ടിന്റെയും സന്ദർഭങ്ങൾ
    ഇപ്പോഴും ഓർമ്മിച്ചിരിക്കുന്നത് ഒരു അത്ഭുതം തന്നെ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)