Sunday, January 19, 2020

"മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ ... "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


വര്‍ഷം 1999
ഈ വര്ഷം വ്യക്തിപരമായി ഞാനോര്‍ക്കുന്നത് ഒരു നഷ്ടത്തിന്‍റെ പേരിലാണ് - ഓര്‍ക്കാനേ ഇഷ്ടമില്ലാത്ത വര്‍ഷം. പക്ഷേ, 99-ല്‍ ഇറങ്ങിയ ഈ ചിത്രവും പാട്ടുകളും ഓര്‍മ്മിപ്പിക്കുന്നത് 98ലെ പ്രീഡിഗ്രീ കാലം മുതല്‍ എന്നോടൊപ്പമുള്ള എന്‍റെ പഞ്ചപാണ്ഡവരെയാണ് - കഴിഞ്ഞ 21  വര്‍ഷത്തെ സൗഹൃദം!

കൊല്ലം ഫാത്തിമ മാതാ കോളേജിലെ പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പ്  B ബാച്ച് - ഒരൊന്നൊന്നര ബാച്ചായിരുന്നു. രണ്ടു ബാച്ചുള്ളതില്‍ ഒന്ന് ഗേള്‍സ്‌ ഒണ്‍ലി, ആണ്‍കുട്ടികളില്‍ നിന്നൊക്കെ അകറ്റി ഫാത്തിമയുടെ സ്വന്തം 'പെണ്മുറ്റം' എന്ന Quadrangle ന് അപ്പുറം നിര്‍ത്തിയിരിക്കുന്ന ബാച്ച് - ആണ്‍കുട്ടികള്‍ക്ക് ആ പിന്മുറ്റത്തിലേക്ക് പ്രവേശനമില്ല. രണ്ടാമത്തെ ബാച്ച് മിക്സഡ്‌ ആണ് - 10 വരെ മിക്സഡ്‌ സ്കൂളില്‍ പഠിച്ച് വന്ന, രണ്ട് ഘടാഘടിയന്‍ ചേട്ടന്മാരുള്ള എനിക്ക് അഡ്മിഷന്‍ സമയത്ത് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല മിക്സഡ്‌ ക്ലാസ് തിരഞ്ഞെടുക്കാന്‍. പക്ഷേ, ക്ലാസില്‍ എത്തിയപ്പോള്‍ ആണ് വന്നുപെട്ട സ്ഥലത്തിന്‍റെ രസം മനസിലായത്. സേക്രഡ് ഹേര്‍ട്ട്സിലും St.ജോസെഫിലുമൊക്കെ പഠിച്ച ഏതാണ്ടെല്ലാ ലലനമണികളും ആദ്യബാച്ചില്‍ കേറിപ്പോയി. ഞങ്ങളുടെ 120 പേരോളമുള്ള മിക്സഡ്‌ പ്രീഡിഗ്രി ക്ലാസ്സില്‍ ആകെയുള്ളത് 20+ പെണ്ണുങ്ങള്‍! പോരെ പൂരം?  രണ്ടുകൊല്ലം പഠിച്ചിട്ടും അതിലെല്ലാവരെയും പരിചയപ്പെട്ടു തീരാന്‍ പോലും പറ്റിയില്ല എന്നതും ക്ലാസ്സ് കട്ട് ചെയ്തു പോകുമ്പോള്‍ പലയിടങ്ങളിലും വെച്ച് ഇങ്ങോട് വന്നു സംസാരിക്കുന്ന പയ്യന്മാര്‍ എന്‍റെ സ്വന്തം ക്ലാസ്സിലെയാണോ വേറെ ക്ലാസ്സിലെയാണോ എന്ന് മനസിലാക്കാന്‍ സാധിച്ചില്ല എന്നതും ഒക്കെ ചേര്‍ന്ന് ആകെ കണ്ഫ്യുഷന്‍ ജഗപൊഗ ആയിരുന്നു ആ സമയം.

         അന്നാ ക്ലാസ്സില്‍ മുങ്ങിത്തപ്പിക്കിട്ടിയ ചില സൗഹൃദങ്ങള്‍- 7 പെണ്‍കുട്ടികളും 3 ആണ്‍കുട്ടികളും, അതായിരുന്നു എന്‍റെ ഗാങ്ങ്. പലയിടങ്ങളില്‍ കൊഴിഞ്ഞുകൊഴിഞ്ഞു 2 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും ആയിത്തീര്‍ന്നു.... എന്‍റെ പഞ്ചപാണ്ഡവര്‍! ഇപ്പോഴും അടികൂടാന്‍/ പിണങ്ങാന്‍/ നീ പോടീ പുല്ലേ എന്ന് പറയാന്‍ സ്വാതന്ത്ര്യമുള്ള എന്‍റെ ജീവിത്തിലെ 5 പേര്‍ - സഹില്‍, റിനു, ഷിയാ, സജ & കവി. ഈ നൊസ്ടാള്‍ജിയ അല്ലാതെ ഇതുവരെയും പാട്ടിലേക്ക് എത്തിയില്ലല്ലോ എന്നലോചിക്കുവല്ലേ നിങ്ങള്‍ - അവിടെക്കാണ് ഈ യാത്ര.

             ഒരു ദിവസം പതിവുപോലെ കോളേജില്‍ പ്രധാന കെട്ടിടത്തിനു പിന്നിലെ പെണ്മുറ്റത്തില്‍ ഞങ്ങളുടെ സ്വന്തം പടികളില്‍ അലസകൌമാരങ്ങളായി അങ്ങനെ സിപ്പപ്പും കുടിച്ചിരിക്കുന്ന സമയം. അനിയത്തിപ്പ്രാവിന്‍റെ വമ്പന്‍ വിജയത്തിനുശേഷം കുഞ്ചാക്കോ-ശാലിനി ജോടിയുടെ പുതിയ പടം, 'നിറം' അടുത്ത ദിവസം റിലീസ് ആകുമെന്ന വാര്‍ത്ത‍യിലാണ് ചര്‍ച്ച. സൌഹൃദമെന്നാല്‍ ചാകാന്‍ നടക്കുന്ന പ്രായമാണല്ലോ, അപ്പോഴാണ് 'Friendship Is a Blessing' എന്ന വാചകത്തോടെ ഒരു മലയാളം സിനിമയുടെ പോസ്റ്റര്‍ SN കോളേജു ജങ്ക്ഷന്‍ മുതലുള്ള മതിലുകളായ മതിലുകളില്‍ ഒക്കെ പതിഞ്ഞിരിക്കുന്നത്. ഒന്നോര്‍ത്തുനോക്കിക്കേ ആര്‍ക്കായാലും തോന്നില്ലേ ഈ ചിത്രം കാണുന്നെങ്കില്‍ കൂട്ടുകാര്‍ക്കൊപ്പം കാണണമെന്ന്? അങ്ങനെ സൌഹൃദത്തിന്റെ പേരില്‍ ഞങ്ങള്‍ എല്ലാവരും കൂടി ഈ സിനിമയ്ക്ക് പോകാന്‍ ഉറപ്പിച്ചു. വീട്ടില്‍ പറയണമെന്നുള്ലോര്‍ക്കൊക്കെ പറഞ്ഞ് അനുവാദം വാങ്ങിക്കാന്‍ സമയവുമുണ്ടല്ലോ. സമത്വസുന്ദര നീലാകാശത്തില്‍ വിശ്വസിച്ചിരുന്ന ഞാന്‍ പിന്നെ വീട്ടില്‍ പറയാന്‍ ഒന്നും പോയില്ല - ചേട്ടന്മാരുടെ സിനിമാകാണല്‍ക്കഥകള്‍ കാണ്ഡം കാണ്ഡമായി എന്‍റെ കയ്യിലിരിക്കുന്നിടത്തോളം അവര്‍ ഇടംകോലിടില്ല എന്നെനിക്കുറപ്പായിരുന്നു. പിന്നെ അമ്മയെന്ന പിന്തിരിപ്പന്‍ മൂരാച്ചി ഒരുപക്ഷേ തടഞ്ഞേക്കും എന്ന് തോന്നിയതുകൊണ്ട് പോയിട്ട് വന്നിട്ട് പറയാമെന്നു ഞാനങ്ങുറപ്പിച്ചു. മാത്രവുമല്ല റിന്‍സൂന്‍റെ കുഞ്ഞാന്റി മിക്കവാറും ഞങ്ങള്‍ക്കൊപ്പം വരികയും ചെയ്യും. അപ്പോപ്പിന്നെ എന്താ പ്രശ്നം, മുതിര്‍ന്ന ഒരാള്‍ ഉണ്ടല്ലോ ഞങ്ങള്‍ക്കൊപ്പം.

പിറ്റേദിവസം കോളെജിലേക്ക് പതിവിലും നേരത്തെ പോയി - "എന്തൊരുത്സാഹമാണതിന്‍ കണ്‍കളില്‍" എന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

സിനിമ കാണാന്‍ എല്ലാവരും ഉണ്ടായിരുന്നില്ല - കുറച്ചുപേര്‍ ഓണ്‍ ദി സ്പോട്ട് മുങ്ങി, എന്തൊക്കെ പറഞ്ഞാലും ക്ലാസ് കട്ട് ചെയ്താണല്ലോ പോകുന്നത്. കണ്ടു - ഒന്നും മുണ്ടാണ്ട് തിരികെപ്പോന്നു! പ്രീഡിഗ്രീ സമയത്ത് കോളേജില്‍ നിന്ന് ആകെ ഒരേയൊരു പടമേ ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം പോയിക്കണ്ടിട്ടുള്ളൂ - അതാണ്‌ നിറം! പക്ഷേ, കണ്ടുകഴിഞ്ഞപ്പോ "കമല്‍ ചതിച്ചാശാനേ" എന്നു  ഞങ്ങളെല്ലാരും കരഞ്ഞുപോയി... എന്താ കാരണം? കലര്‍പ്പില്ലാത്ത ആണ്‍-പെണ് സൗഹൃദം, പ്രണയമില്ലാത്ത നല്ല 916 സൗഹൃദം എതിര്‍ ലിംഗത്തിനോട് ഉണ്ടാക്കാന്‍ സാധിക്കും എന്ന് പല മാതാപിതാക്കളേയും പറഞ്ഞുദ്ബോധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കളില്‍ പലര്‍ക്കും കിട്ടിയ ഒരടിയായിരുന്നു സൂര്‍ത്തുക്കളേ ആ സിനിമ! പിന്നീട് ഒരിക്കല്‍ക്കൂടി ആ സിനിമ കണ്ടിട്ടേയില്ല - പക്ഷേ, അതിലെ പാട്ടുകള്‍ എല്ലാം എന്‍റെ ഒരേയൊരു ക്ലാസ്-കട്ട്-സിനിമയോര്‍മ ഉണര്‍ത്തും.
"മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ ... "

https://www.youtube.com/watch?v=qDPBsjB8Puk
---------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

10 comments:

  1. പാട്ട് നല്ല ഇഷ്ടമാണ്. പക്ഷെ സിനിമ ഇഷ്ടല്ല.

    ReplyDelete
    Replies
    1. ഹഹ ..എനിക്കും. ! പക്ഷെ ഇനിയൊരിക്കൽ കണ്ടാലേ സിനിമയെക്കുറിച്ചുള്ള ശരികയ്ക്കുള്ള അഭിപ്രായം പറയാൻ കഴിയൂ ;)

      Delete
  2. ആ സിനിമ ..ബ്ളാ... പാട്ട് ഇഷ്ടമാണ്..

    ReplyDelete
    Replies
    1. അത് കാണിച്ചു വഷളാക്കിയതാണ് :) എന്നാലും ഒന്നൂടി കണ്ടുനോക്കണം

      Delete
  3. 'മിഴിയറിയാതെ വന്നു നീ മിഴിയൂഞാലിൽ...' ഈ പാട്ടുത്തന്നെ മതിയല്ലോ ഓർമ്മയുണർത്താൻ. ആശംസകൾ

    ReplyDelete
    Replies
    1. അതെ സാർ ..വളരെയേറെ ഓർമ്മകൾ :)

      Delete
  4. ആ സിനിമാ അനുഭവം ഉള്ളവർക്ക് ആ സിനിമയെ എതിർക്കാൻ കഴിയില്ല.. പക്ഷേ അതുകൊണ്ട് ഒരാണിനും പെണ്ണിനും എല്ലാക്കാലത്തും സുഹൃത്തുക്കൾ മാത്രമായിരിക്കാൻ കഴിയില്ല എന്ന് പറയാൻ കഴിയില്ല...
    അത് സാഹചര്യങ്ങളെയും ആളുകളുടെ മനോഭാവത്തെയും പോലെ ഇരിക്കും ..
    പക്ഷേ ആ സിനിമ ഒരു നെഗറ്റീവ് സന്ദേശം ആണ് നൽകുന്നത്..
    എന്റെ ഇഷ്ടപ്പെട്ട പാട്ട് ""പ്രായം നമ്മിൽ..."" ആണ്.
    വളരെയേറെ കാലം ബോബൻ ആലുമ്മൂടന്റെ ഒരാരാധികയായിരുന്നു ഞാൻ !!! 😍😍😍

    ReplyDelete
    Replies
    1. ആഹാ അതൊരു വ്യത്യസ്ത ആരാധന ആയല്ലോ ..എല്ലാവരും സാധാരണ കുഞ്ചാക്കോ ഫാൻസ്‌ ആയിരുന്നു :) സിനിമയുടെ നെഗറ്റീവ് സന്ദേശം എനിക്ക് കാണിച്ചോവർ ആക്കിയതായിട്ടാണ് തോന്നിയത് .

      Delete
  5. രവിമേനോന്റെ പോലെ പാട്ടിൽ 
    ഒരു ഗവേഷണം നടത്താം കേട്ടോ ആർഷ

    ReplyDelete
    Replies
    1. ഹെഹീ മുരളിച്ചേട്ടാ :)

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)