Tuesday, August 20, 2013

ഓര്‍മ്മകളില് ചില ചോറുരുളകള്‍

ഓര്‍മ്മകള്‍ ഇവരെ കുറിച്ചാകുമ്പോള്‍ എനിക്ക് കണ്‍ഫ്യൂഷന്‍ ആണ്, ഏത് കഥ പറയണം എത്ര പറയണം എന്നൊക്കെ. ഞാന്‍ ജനിച്ചപ്പോള്‍ മുതലേ എന്നെ സഹിച്ചു സഹിച്ചു വളര്‍ന്ന, ഇപ്പോഴും സഹിച്ചു കൊണ്ടിരിക്കുന്ന എന്‍റെ ട്വിന്‍സ് പൊന്നാങ്ങളമാര്‍. പല കഥകളും അവരില്‍ തുടങ്ങി അവരില്‍ അവസാനിക്കും, ഞാന്‍ ആലോചിക്കാറുണ്ട് എനിക്ക് സ്വന്തമായി ഒരു കഥ ഇല്ലേന്നു ! സ്വകാര്യ അഹങ്കാരം, വീക്നെസ് ഇതൊക്കെയാണ് എനിക്കവര്‍, ഇപ്പോഴും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി (വീട് വിട്ടിടം മുതല്‍ എന്ന് പറയാം) രക്ഷാ ബന്ധന്‍  ,ഞാന്‍ "രാഖി" ഉള്‍പ്പെടെ കാര്‍ഡ്സ് അയക്കും രണ്ടാള്‍ക്കും - ഇക്കൊല്ലം അയച്ചില്ല, പക്ഷെ ഇന്നലെ മുതല്‍ രണ്ടാളേയും നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഓര്‍ക്കുന്നു.

അടുത്തിടെ പപ്പേച്ചി(പദ്മശ്രീ നായര്‍)  എഴുതിയ ഉരുള മാഹാത്മ്യം വായിച്ചപ്പോള്‍ എന്‍റെ ഓര്‍മ്മയിലും എത്തി രണ്ടുരുളകള്‍ -അമ്മ ഉരുട്ടി തന്നതല്ല അവിടെയും എന്‍റെ ഓര്‍മ്മ !   ഞാനും ചേട്ടായീസും കഴിക്കുമ്പോള്‍ അവസാന ഭാഗം എത്തുമ്പോള്‍ മത്സരം ആകും. ആരുടെ ഉരുളയ്ക്കാണ് കൂടുതല്‍ രുചി എന്ന്. ഒരേ കറി കുഴച്ച ചോറുരുളയ്ക്കും വ്യത്യസ്ത രുചികളാകും,  കൂട്ടു കലര്ത്തിയതിന്‍റെ വ്യത്യാസം. ഇന്നും ഞങ്ങള്‍ മൂന്നാളും അങ്ങനെയൊക്കെ തന്നെ ഉരുളയുടെ രുചി നോക്കാന്‍ ഒരുമിച്ചാകുന്ന സമയം കുറവാണെന്ന് മാത്രം.

കുഞ്ഞിലെ, ഞായറാഴ്ച്ച ദിവസങ്ങളില് ചോറ് ആയി വരുമ്പോള്‍ തന്നെ ഒരു നേരമാകും - ആവി പറക്കുന്ന ചൂട് ചോറ് അമ്മ ഒരു കുഞ്ഞുരുളിയിലേക്ക് ഇടും അത് ഞങ്ങള്‍ക്ക് മൂന്നാള്‍ക്കും ഉള്ളതാ. ചുടുക്കനെ മോര് കറിയോ, മീന്‍ കറിയോ തോരനോ ഒക്കെ അതിനു നടുവിലേക്ക് . എന്നിട്ട് ഞങ്ങള്‍ മൂന്നാളും ആ ഉരുളിക്ക് ചുറ്റുമിരുന്നു , ഒരുമിച്ചു കയ്യുകള്‍ അതിലേക്കിട്ടു ആ കയ്യീന്ന് ഇങ്ങോട് വാരി ഈ കയ്യീന്ന് അങ്ങോടു വാരി കഴിക്കും. എത്ര മധുരമായ നിഷ്കളങ്കമായ ഉരുളയോര്‍മ്മകള്‍ :)


എന്ന് കരുതി ഈ കൊച്ചേട്ട-വല്യേട്ട ഇരട്ട സഖ്യത്തിനോട് അടിയില്ല എന്നല്ല, ഞാന്‍ ഒരു  എട്ടാം ക്ലാസ് ആകുന്നിടം വരെ മുട്ടന്‍ അടികൂടല്‍ ഉണ്ടായിരുന്നു. പക്ഷെ, എപ്പോഴും ഉള്ള അലിഖിത നിയമം - ഞാന്‍ ആരോട് അടിയുണ്ടാക്കുന്നോ മറ്റെയാള്‍ എന്‍റെ സെറ്റ് ആണ്.  അതില് ഒരു മാറ്റമില്ല. കൂടുതലും കൊച്ചേട്ടനും ആയിട്ടാകും അടി (ഇരട്ടകള്‍ ആണേലും കൊച്ചേട്ടന്‍ വല്യേട്ടന്‍ എന്ന വിളിയെ അന്വര്‍ത്ഥമാക്കുന്ന സ്വഭാവം, കൊച്ചേട്ടന് മൂക്കത്ത് ദേഷ്യം പിണക്കം  ഇണക്കം , വല്യേട്ടന് ദേഷ്യം വരാന്‍ കുറച്ചു സമയം പിടിക്കും - വന്നാല്‍ സൂക്ഷിക്കണം ! ) .
അങ്ങനെയുള്ള ഒരു അടി കൂടല്‍ സെഷന്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ അമ്മ എത്തി- നല്ല ഈര്‍ക്കിലി തല്ലു കിട്ടി ഓടിയ വഴിക്ക് ഞാനും കൊച്ചേട്ടനും ഒരുമിച്ച്, സമാധാനം പറയാന്‍ നിന്ന വെള്ളരിപ്രാവ്‌ വല്യേട്ടന് പൊതിരെ തല്ലും !

അമ്മയോട് പിണങ്ങി ഭക്ഷണം കഴിക്കാതെ സമരം ചെയ്യുമ്പോള്‍ ആദ്യമേ പറഞ്ഞു വെക്കും ചേട്ടായീസിനോട്. അമ്മ വന്നു വിളിച്ചു കഴിയുമ്പോള്‍ ,വല്യേട്ടന്‍ ഉറക്കെ പറയും "എന്നാലും അമ്മ അങ്ങനെ ചെയ്യണ്ടായിരുന്നു,  അവള് പാവം. ഞാന്‍ പോയി നിര്‍ബന്ധിച്ചു കൊണ്ട് വരട്ടെ കഴിക്കാന്‍ " . പിന്നെ അകത്തു വന്നു പറയും  "കൊച്ചു ഇന്ന് നല്ല ഉള്ളിതീയല്‍ ഉണ്ട് നിന്റെ ഫവരിറ്റ്. വേണേല്‍ വേഗം വന്നോ" - പിന്നെ അമ്മയും അച്ഛനും കാണുക വേണ്ട  എന്നാ മുഖഭാവത്തില്‍ ഉള്ള എന്നെ ചേട്ടായീസ് നിര്‍ബന്ധിച്ചു കൊണ്ട് വന്നു കഴിപ്പിക്കുന്നതാണ് - എന്‍റെ വിശപ്പും മാറും, സമരം പ്രതിഷേധം തോല്‍ക്കുന്നുമില്ല  :).

തുടക്കത്തില്‍ പറഞ്ഞത് പോലെ ഇതെവിടെ കൊണ്ട് നിര്‍ത്തണം എന്നറിയുന്നില്ല .... തല്‍ക്കാലം   ചേട്ടായീസിനു രക്ഷാബന്ധന്‍ ദിനം ആശംസിച്ചു നിര്‍ത്തുന്നു - ഇനി വരും  എല്ലാ ജന്മത്തിലും എനിക്ക് ഇങ്ങനെ തന്നെ നിങ്ങളെ  ഉപദ്രവിക്കാന്‍ ആകണേ എന്ന പ്രാര്‍ത്ഥനയോടെ....  ആച്ചീസ്കൊച്ച് 
        
 

37 comments:

  1. ചേട്ടായീസിനും അനിയത്തീസിനും ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ ! :)

      Delete
  2. ഇപ്പഴാ ഞാന്‍ പ്രൊഫൈല്‍ ഒന്ന് നോക്കുന്നത്
    2008 മുതല്‍ ഗോദയിലുണ്ടല്ലേ
    പഴേ പുലിയാണല്ലേ

    ReplyDelete
    Replies
    1. പഴയ പുലിയോ! ശിവ ശിവ... ഒരിക്കലുമല്ല അജിത്തേട്ടാ . 2008 ള്‍ ഉണ്ടാക്കി, പക്ഷെ 2010 ലാണ് കൂടുതല്‍ ആക്റ്റീവ് ആയിരുന്നത്.പിന്നീടു വലിയൊരു ബ്രേക്ക്‌ വന്നു -ഇപ്പോള്‍ പിന്നെയും തിരികെ, പൊടി തട്ടിയെടുക്കുന്നു! ഓരോ ശ്രമങ്ങള്‍! വിജയിക്കുമോ എന്നറിയില്ല - എന്നാലും ശ്രമം ആത്മാര്‍ഥമായി തന്നെ.

      Delete
  3. എല്ലാ ഒർമകളും നമ്മെ വീണ്ടും പുതിയ ജീവിതത്തിലേക്കാണ് കൊണ്ട് പോകുന്നത്

    ReplyDelete
    Replies
    1. അതെ ഒരര്‍ത്ഥത്തില്‍ അത് സത്യം ആണ്. എന്‍റെ ഓര്‍മ്മകളെ അടുത്ത തലമുറയിലേക്ക് ... :) നന്ദി ഷാജു

      Delete
  4. മധുരമുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍....
    ചേട്ടന്മാര്‍ക്കും അനിയത്തിയ്ക്കും ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍.. :) ഓര്‍മ്മകള്‍ക്ക് ദാരിദ്ര്യമില്ലാത്ത ഒരു ബാല്യം ഉണ്ടെന്ന സന്തോഷം ..

      Delete
  5. എനിക്ക് അനിയത്തിമാര്‍ രണ്ടാണ്.. മധുരമുള്ള ഓര്‍മ്മകള്‍ മനസ്സില്‍ വന്നു നിറഞ്ഞു. ആശംസകള്‍.

    ReplyDelete
    Replies
    1. :) അനിയത്തിമാരെ ഓര്‍ത്തെങ്കില്‍ എഴുതിയത് എവിടെയൊക്കെയോ നന്നായി... നന്ദി sreejith :)

      Delete
  6. അമ്മ മീന്ച്ചട്ടിയ്ൽ നിന്ന് വാരി തരുന്ന ഉള്ളി അരിഞ്ഞിട്ട ചോറും മുട്ടപോരിച്ചതും, അതിന്റെ ചോട്ടിൽ കാത്തിരിക്കുന്ന രണ്ടു കൊതിചികളെയും ഓര്മിപ്പിച്ചു. ഒരേ കറി അമ്മ കുഴക്കുമ്പോൾ മാത്രം എന്താണ് ഇത്ര രുചി. എനിക്ക് ആങ്ങലമാറില്ല. അതാണ്‌ ഏറ്റവും മിസ്സ്‌ ചെയ്തിരുന്നത്.

    ReplyDelete
    Replies
    1. ധന്യാ.... ഇത് വായികുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു -എന്തിനെന്നോ, സ്നേഹ ഉരുളകള്‍ നമുക്കൊക്കെ പങ്കു വെക്കാന്‍ ഉണ്ടല്ലോ എന്നോര്‍ത്തിട്ട് !!സ്നേഹം dear..സന്തോഷം!

      Delete
  7. ഉള്ളിതീയലു പോയിട്ട് ഇനി നാട്ടീ ചെന്നാ, ഉള്ളിചമ്മന്തിപോലും കിട്ടില്ല ശ്യാമേ. എല്ലാം നല്ല ഓര്‍മ്മകള്‍ മറക്കാത്ത ഓര്‍മ്മകള്‍ ഇടയ്ക്കിടെ കരയിക്കുന്ന ഓര്‍മ്മകള്‍. വെറുതെ അല്ല ഉള്ളി അരിയുമ്പോള്‍ കരയണേ.(അജിത്ത് ചേട്ടോ ഞാന്‍ ഒരു വട്ടം ഞെട്ടിയതാ,ഈ പുലിയെ കണ്ട് )

    ReplyDelete
    Replies
    1. :( അതെയതെ.. ഉള്ളിക്കൊക്കെ ന്താ ഇപ്പൊ വില അല്ലെ കാത്തീ.... :)പുലി -ഈശ്വരാ!!! നന്ദി ട്ടോ,ഓര്‍മ്മകളിലേക്ക് പോയതിനു...സന്തോഷം..

      Delete
  8. ഞാനും നിങ്ങളുടെ (നിന്റെ?) ഒരു സഹോദരനായ് ചമയുന്നു.., എന്തായാലും അടുത്ത മാസം നാട്ടിൽ പോവണം, അല്ലെങ്കിൽ നിങ്ങളെന്നെ നൊസ്റ്റി അടിപ്പിച്ച് കൊല്ലും.

    ഓർമ്മയിൽ വീണ്ടും ഒരു നീല ട്രങ്ക് പെട്ടി...

    ReplyDelete
    Replies
    1. സഹോദരന്‍ തന്നെ ആരിഫ് ബായി :) (നിന്‍റെ എന്ന് തന്നെ മതി). സന്തോഷം!! അടുത്ത മാസം നാട്ടില്‍ പോകുമ്പോള്‍ മോള്‍ക്കൊരു ഉരുള ഉപ്പ സ്പെഷ്യല്‍! :) നന്ദി, സ്നേഹം, സന്തോഷം!

      Delete
  9. എനിക്ക് കേക്കണ്ട... ഇതൊന്നും.. ഈ ചേട്ടന്മാരുള്ളവരുടെ ഗമ എത്ര കാലായി ഞാന്‍ കാണുന്നു... സഹിക്കുന്നു... ഉം.. ഞാന്‍ ഈ പോസ്റ്റ് വായിച്ചിട്ടില്ല.. കണ്ടിട്ടില്ല...അല്ല പിന്നെ..




    എഴുത്ത് മനോഹരമായിട്ടുണ്ട് കേട്ടോ..

    ReplyDelete
    Replies
    1. കലേച്യെ !!! ഹഹാ... സത്യം പറയാമല്ലോ - ഈ ചെട്ടയിമാരെ കുറിച്ച് കുറച്ചേറെ ഗമ കാട്ടീട്ടുണ്ട് ഈയുള്ളവള്‍! നന്ദി ട്ടോ വായനയ്ക്ക് , നല്ല വാക്കുകള്‍ക്ക്

      Delete
  10. ആദ്യായിട്ടാണ് ഈ ബ്ലോഗിൽ വരുന്നത്. ഓർമ്മകളിലേക്ക് കൈ പിടിച്ചു നടത്തുന്ന ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഓർമ്മകൾ അയവിറക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ആളെന്ന നിലയിൽ പ്രത്യേകിച്ചും.
    നെയ്യിൽ ഉള്ളിയും ജീരകവും മൂപ്പിച്ച്, അതിൽ ചോറിട്ടു കുഴച്ചും, വടുകപ്പുളി നാരങ്ങാക്കറിയും തൈരും ചോറും ചേർത്ത് കുഴച്ചുമൊക്കെ അമ്മ തരാരുള്ള ചില ഉരുളകൾ എന്റെ ഓർമ്മയിലും ഉണ്ട്..

    ആർഷ..! നല്ല പേര്ട്ടോ....

    ReplyDelete
    Replies
    1. സന്തോഷം ഒത്തിരിയൊത്തിരി സന്തോഷം... ചില ഓര്‍മ്മയുരുളകള്‍ നമ്മോടൊപ്പം എന്നുമുണ്ടാകും ... :) നന്ദി ട്ടോ
      പേരിഷ്ടം ആയതില്‍ സന്തോഷം, സ്നേഹം :)

      Delete
  11. എനിക്കിതിലെ ഉരുളമാഹാത്മ്യത്തെ കുറിച്ചും ആ അടികൂടലിനെ കുറിച്ചുമൊന്നും പറയാനില്ല. എനിക്ക് പറയാനുള്ളത്,
    'ങ്ങളെക്ക സമ്മതിക്കണം ട്ടോ,
    എങ്ങനേണ് ഈമാതിരി ഓർമോളൊക്കെ എഴുതുന്നത് ?
    ഇത്രേം ചെറുപ്പത്തിലെ യാതൊരു വഹയും എന്റെ ഓർമ്മയുടെ ഏഴയലത്ത് ഇല്ല.
    കൊതിയാവുന്നു, ഈ ഓർമ്മകൾ വായിക്കുമ്പോ......'
    ആശംസകൾ.

    ReplyDelete
    Replies
    1. മണ്ടൂസാ, കള്ളം പറയല്ലേ? അവിടുത്തെ ഓര്‍മ്മകുറിപ്പ് ശുംഭമായി വായിചിട്ടല്ലേ ഞാന്‍ ഇങ്ങോട്ടേക്ക് എത്തിയത് :)

      നന്ദി ട്ടോ.. ആശംസകള്‍ക്കും , വായനയ്ക്കും, നല്ല വാക്കുകള്‍ക്കും

      Delete
  12. അല്ലേലും ഈ ഓർമ്മകൾ ഇങ്ങിനെയാ ..ഓർക്കാപ്പുറത്ത് വന്നു ഓരോന്നും ഓർമിപ്പിച്ചു കൊണ്ടിരിക്കും ..ശ്ശൊ ..ഞാൻ സെന്റി ആയി ..ഇനി ഒന്നും പറഞ്ഞാ ശരിയാവൂല

    ReplyDelete
    Replies
    1. അശോ! പ്രവീണേ സെന്റി ആക്കിയതില്‍ ക്ഷമിക്കുക.... :( എന്നാലും ഇഷ്ടയിന്നു കരുതുന്നു.. നന്ദി ട്ടാ

      Delete
  13. നന്നായിരിക്കുന്നു ശ്യാമേ

    ReplyDelete
  14. ഒറ്റത്തടിയായി വളര്‍ന്നു വയസ്സനായ എനിക്കിതൊന്നും പറഞ്ഞാല്‍ മാന്‍സ്സിലാവില്ല. അനിയത്തിക്കുട്ടിക്കും ഏട്ടന്മാര്‍ക്കും ആശംസകള്‍ നേരുന്നു.

    ReplyDelete
    Replies
    1. അക്ഷരപ്പിശാച്...മനസ്സിലാവില്ല.

      Delete
    2. :) ഒറ്റത്തടിയായി വളര്‍ന്നെങ്കിലും കസിന്‍സിന്റെ ഒക്കെ കൂടെ ഉണ്ടാകില്ലേ ഇങ്ങനെയൊക്കെ .. ഇല്ലെങ്കിലും വിഷമിക്കണ്ട ഇതിനെക്കാള്‍ നല്ല ഓര്‍മ്മകള്‍ ആ ഒറ്റംതടിക്ക് ഉണ്ടാകും എന്നറിയാം ... നന്ദി വായനയ്കും, ആശംസകള്‍ക്കും :)

      Delete
  15. പാവം ചേട്ടായീസ്. ഈ പെങ്ങന്മാരൊക്കെ ഭയങ്കരികൾ തന്നെ .. എന്ന് രണ്ട് പെങ്ങന്മാരെ സഹിച്ച ഒരു പാവം ചേട്ടൻ.. പിന്നെ ഓർമ്മൾ നന്നായിട്ടോ. ഇഷ്ടായി.. അഞ്ചു പൈസയുടെ കപ്പലണ്ടി ഓർമ്മ ഇവിടെ ഈ കുറിപ്പിനോടോപ്പം കോർത്തു വെക്കട്ടെ

    ReplyDelete
    Replies
    1. :) സത്യം. ഈ പെങ്ങന്മാരോക്കെ ഭയങ്കരികള്‍ തന്നെ ! നന്ദി - ആ ഓര്‍മ്മകുറിപ്പ് വായികുന്നുണ്ട് ട്ടോ...

      Delete
  16. ശ്യാമ.... ബാല്യത്തിലെ മനോഹരമായ ഓർമ്മകളിലേയ്ക്ക് എത്താൻ അല്പം വൈകി. :)

    ഞങ്ങളുടെ ചെറുപ്പത്തിൽ കുടുംബത്തിൽ ആറേഴെണ്ണം ഉണ്ടായിരുന്നതുകൊണ്ട് ഓർമ്മകൾക്കൊന്നും ഒരു പഞ്ഞവുമില്ല.. മാവിലും, നെല്ലിയിലും, പുളിയിലും കയറി പുഴയിലൂടെ കുത്തിമറിഞ്ഞു നടന്ന ആ കാലത്തിന്റെ സുഖം എങ്ങനെയാണ് പറഞ്ഞറിയിയ്ക്കുക....കാട്ടിയ കുരുത്തക്കേടുകൾക്ക് കിട്ടിയ തല്ലുകളുടെ ഓർമ്മകളാണെങ്കിൽ എണ്ണിയാൽ തീരാത്ത അത്രയും ഉണ്ട്... പക്ഷെ ആ തല്ലുകളുടെ വേദനകൾപോലും ഇന്നത്തെ ഓർമ്മകളിലൂടെ വീണ്ടും കടന്നുവരുമ്പോൾ പറഞ്ഞറിയിയ്ക്കുവാനാകാത്തത്ര മധുരം......
    ഒരിയ്ക്കൽകൂടി ആ ഓർമ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയതിന് ഏറെ നന്ദി.....

    ആ അനുഭവങ്ങൾ ഇന്നത്തെ തലമുറകൾക്ക് അന്യമാകുന്നവല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ വിഷമവും ഉണ്ട്.... അവർക്കുകൂടി ഇതൊക്കെ അനുഭവിയ്ക്കുവാൻ സാധിച്ചിരുന്നുവെങ്കിൽ......... :(

    ReplyDelete
    Replies
    1. മൂന്നെണ്ണത്തിന്‍റെ കഥ തന്നെ പറഞ്ഞു കഴിയുന്നില്ല , അപ്പൊ ആറെഴെണ്ണം ഹാവൂ ... കഥകള്‍ ഓര്‍ത്തെടുക്കാന്‍ തന്നെ വേണം കുറച്ചു സമയം അല്ലെ?
      ശരിയാണ് ഇന്നത്തെ തലമുറയ്ക് ഇതില്‍ പലതും നഷ്ടം ആകുന്നുണ്ട്, എങ്കിലും നമുക്ക് പകര്‍ന്നു കൊടുക്കാന്‍ ആയാല്‍ അത് നന്ന് അല്ലെ? :)

      സന്തോഷം ട്ടോ.. നന്ദിയും

      Delete
  17. Bandangalude Jeevan..!

    Manoharam, Ashamsakal...!!!

    ReplyDelete
  18. നന്നായിരിക്കുന്നു... ആശംസകൾ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)