Sunday, September 22, 2013

ചില ചിറകടിയൊച്ചകള്‍

പറന്നു പൊങ്ങുന്നതിന് മുന്പ് ആ കഴുകന്‍
ഒരിക്കല്‍ കൂടി എന്നെ നോക്കിയിരുന്നു
ഒരിക്കലും തിരയടങ്ങാത്ത പ്രലോഭനത്തിന്‍റെ
അതേ വലിയ കണ്ണുകള്‍ കൊണ്ട്
അവ തീക്ഷ്ണവും ശകതവുമായിരുന്നു-
പേടിപ്പിക്കുന്ന രീതിയില്‍ കൂര്‍ത്തതും.
നീ കാണാത്ത ആകാശങ്ങള്‍ കാട്ടിത്തരാം
എന്നൊരു വീണ്‍വാക്ക്  അതിന്‍റെ പിളര്‍ന്ന
ചുമന്ന കൊക്കുകളില്‍ ഇരുന്നു വിറച്ചിരുന്നു.

ശാന്തമായൊരു പ്രലോഭനം എന്നിലേക്ക്
കൂടെ  വന്നൊരു വെള്ളരിപ്രാവിന്‍റെ
പകുതിയടഞ്ഞ ,ഓരോ കുറുകലിനും
ചിമ്മുന്ന   വിളര്‍ത്ത കണ്ണുകളിലൂടെ
നീ കേള്‍ക്കാത്ത മേഘ മല്‍ഹാറുകള്‍
കുറുകലിലൂടെ കേള്‍പ്പിക്കാം എന്ന
വരണ്ട  പ്രലോഭനം ഒച്ചയില്ലാതെ .

കാറ്റിലെവിടെയോ ഒരു മന്ത്രണം പോലെ
രമ്യമായൊരു ഇലയനങ്ങുന്നത് പോലെ
പുതു മഴ പെയ്തൊഴിയുന്നത് പോലെ
നനുത്താര്‍ദ്രമായ് ഒരു പ്രലോഭനം
ഇനിയുമിനിയുമെന്ന പ്രലോഭനം
നിറക്കൂട്ടുകള്‍ വാരിച്ചാര്‍ത്തിയ
ശലഭച്ചിറകിലെ  കറുപ്പും വെളുപ്പും
പുള്ളികളായി , വരകളായി
ഓരോ ചിറകടിയൊച്ചയിലും  ഇനിയും
ഇനിയുമെന്ന നനുത്ത പ്രലോഭനമായി
എവിടെയേതോ കാലത്തില്‍ ചില
മഹാസമുദ്രങ്ങള്‍ തിരയൂറ്റം കൊള്ളാന്‍
ചില വന്‍കരകള്‍ പങ്കെനിക്കെനിക്കെന്നു
ഭൂമിയെ മരങ്ങളെ പകുത്തെടുത്തീടാന്‍
ഒരു കാറ്റല പോലെ ചില കുഞ്ഞു ചിറകടി-
യൊച്ചകള്‍ , ആഴ്ന്നിറങ്ങുന്ന ശലഭായനങ്ങള്‍ !
 

32 comments:

  1. ചില ചിറകടിയൊച്ചകള്‍ വിചാരിക്കുന്നതിലും കൂടുതല്‍ അനന്തര ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം!!

    ReplyDelete
  2. ഒരു കിളിയും അച്ചു വേദന്മാരും എന്ന കവിത (മധുസൂദനൻ നായര് )
    ഇതേ വിഷയം സരളമായി പറഞ്ഞിട്ടുണ്ട് , എന്നത് കൊണ്ട് ഇത് വായിച്ചപ്പോ അതോര്മ്മ വന്നു.
    രണ്ടും രണ്ടെഴുത്താണല്ലോ - വിഷയം കാലികം.
    തുടരുക

    ReplyDelete
    Replies
    1. :) നന്ദി ഷിഹാബ്.. ആ കവിത സത്യത്തില്‍ ഞാന്‍ വായിച്ചിരുന്നില്ല - :(. ഈ കമന്റ് കണ്ടതിന് ശേഷം തേടിപ്പിടിച്ചു വായിച്ചു . (അദ്ദേഹത്തിന്‍റെ കവിത ഓര്‍ത്തു എന്നത് തന്നെ ഞാനൊരു അംഗീകാരം ആയി കാണുന്നു ) . നന്ദി വായനയ്ക്ക് -അഭിപ്രായത്തിന് :)

      Delete
  3. നല്ല മുഴുത്ത മീന്‍ ചൂണ്ടയില്‍ കൊത്തണമെങ്കില്‍ നല്ല ഇര വെകണം അത് പ്രകൃതി നിയമം അത് മാറ്റി മറിക്കല്‍ സാദ്യമല്ല ഇവിടെ സ്വയം പ്രലോഭനങ്ങളെ തിരിച്ചറിയാനുള്ള കഴിവാണ് നമുക്ക് വേണ്ടത്
    ആശംസകള്‍

    ReplyDelete
    Replies
    1. :) അതെ കൊമ്പാ .. നല്ല മുഴുത്ത ഇര വെച്ച് പലരും മീന്‍ പിടിക്കും -പ്രലോഭനങ്ങളില്‍ നിന്ന് രക്ഷപെടാന്‍ തിരിച്ചറിവ് ഉണ്ടാകാന്‍ /ഉണ്ടാക്കാന്‍ നമുക്ക് ശ്രമിക്കാം. നന്ദി :)

      Delete
  4. കൊള്ളാം നന്നായിട്ടുണ്ട് ആര്‍ഷ .. :)

    അഭിനന്ദനങ്ങള്‍

    ReplyDelete
  5. പ്രലോഭനങ്ങള്‍ സ്വീകരിക്കല്‍, സ്വയം ഇരയാവാനുള്ള തയ്യാറെടുപ്പുകള്‍.കഴുകന്റെ വേട്ടയാടലുകളെ കളെപറ്റി ഈ അടുത്തെവിടെയോ വായിച്ചിരുന്നു.സാമ്യമുള്ള പ്രമേയം.ഇപ്പോള്‍ എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്തിനു നല്ല ഉദാഹരണം ഈ പോസ്റ്റ്‌.

    ReplyDelete
    Replies
    1. :) നന്ദി കാത്തീ - ചിലത് കണ്ടപ്പോള്‍ ഇങ്ങനെ എത്തി വാക്കുകള്‍ അത്രേയുള്ളൂ :).

      Delete
  6. കൊത്തി കൊത്തി വലിച്ചിട്ടും കൊതി
    തീരാതെ കഴുകൻ.

    കാര്ന്നു തിന്നു തീരുമ്പോഴും പ്രതീക്ഷ
    കൈ വിടാതെ ദൈന്യതയോടെ ഇരകള..
    ആവര്ത്തനത്തിന്റെ ഭീകരത..

    കവിത..വേദനിപ്പിച്ചു

    ReplyDelete
    Replies
    1. നന്ദി വായനയ്ക്ക് . കഴുകന്‍ ആയും, പ്രാവായും ചിലപ്പോള്‍ പ്രലോഭനം എത്താം - നമ്മള്‍ കഴുകനെ മാത്രം പ്രതീക്ഷിച്ചാല്‍ ചിലപ്പോള്‍ ഒരു ശലഭമായും !

      നന്ദി :)

      Delete
  7. കഴുകന്മാര്‍ക്കും ജീവിക്കേണ്ടേ എന്ന് ഒരു കഴുകന്‍ സങ്കടത്തോടെ ചോദിച്ചു.
    ഇനിയും പ്രതീകവല്‍ക്കരണത്തില്‍ നിന്ന് കഴുകവംശത്തെ ഒഴിവാക്കണമെന്ന് ഒരു അപേക്ഷയും സമര്‍പ്പിച്ചു.

    ഒന്ന് ശ്രദ്ധിക്കണേ!

    ReplyDelete
    Replies
    1. ഹഹ അജിത്തേട്ടാ ... :). ആരോ എന്നോട് എന്തെ പരുന്തിനെ ഉപയോഗിച്ചില്ല എന്ന് ചോദിച്ചു! സത്യത്തില്‍ അതങ്ങനെ വന്നു പോയതാണ്. കഴുകന്മാര്‍ക്ക് തീര്‍ച്ചയായും ജീവിക്കണം. അത് കൊണ്ട് തന്നെയല്ലേ പ്രാവിനെയും,ശലഭത്തിനെയും കൂടി അതില്‍ പെടുത്തിയത്.
      എങ്കിലും അജിത്തേട്ടന്‍ പറഞ്ഞ കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കാം :). നന്ദി

      Delete
  8. This comment has been removed by the author.

    ReplyDelete
  9. ചില ചിറകടിയൊച്ചകള്‍....
    പ്രലോഭനങ്ങള്‍..
    .പ്രലോഭനങ്ങളില്‍പ്പെട്ട് ജീവിതം നഷ്ടമാകുന്നവര്‍
    കാലികപ്രസക്തിയുള്ള വിഷയം
    നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. :) നന്ദി സര്‍. ചില ചിറകടിയൊച്ചകള്‍ നമ്മള്‍ കരുതുന്നതിലും കൂടുതല്‍ അനന്തര ഫലങ്ങള്‍ ഉണ്ടാക്കും എന്ന് ഞാന്‍ ആദ്യ കമന്റ് ഇട്ടതത് കൊണ്ടാണ് :)

      Delete
  10. പ്രലോഭനത്തോട് സമരം ചെയ്യാന്‍ കഴിയട്ടെ . നല്ല വരികള്‍ ,

    ReplyDelete
  11. ചിന്തിക്കുമ്പോള്‍ വിഷയം കാലികപ്രസക്തം.....
    അവസാന വരികള്‍ അല്‍പ്പം ദുരൂഹമായിത്തോന്നി....
    നല്ല കവിത - ഇനിയും എഴുതണം.....

    ReplyDelete
    Replies
    1. കാലിക പ്രസക്തമായി തന്നെ ചിന്ത . പക്ഷെ, എന്നും പ്രലോഭനം പ്രസക്തം എന്ന് തോന്നുന്നു. അവസാന വരികളില്‍ പ്രലോഭനം അങ്ങനെയും ആകാം എന്നാണ് - മനസിലാകാതെ പോയെങ്കില്‍ ക്ഷമിക്കുക . :) നന്ദി

      Delete
  12. കഴുകന്‍ നല്ല ബിംബമാണ്. വേട്ടക്കാരന്‍ എന്ന അര്‍ത്ഥത്തില്‍ നല്ലൊരു രൂപകവും.
    അത് വെച്ച് ഒരു ജീവിതം പറയുമ്പോള്‍ അജിത്തേട്ടന്‍ സൂചിപ്പിച്ച പോലെ നല്ലോണം ശ്രദ്ധിക്കണം.

    കവിത പറയുമ്പോലെ പ്രലോഭനമാണ്‌ എല്ലായിടത്തെയും യുദ്ധതന്ത്രം.
    മുതലാളിത്തവും മതവും സ്റ്റേറ്റും രാഷ്ട്രീയവും എല്ലാം ഇതേ പ്രലോഭാനത്തെയാണ് പ്രയോഗിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ശത്രു ആരെന്ന് പോലുമറിയാതെയാണ് പലപ്പോഴും ആക്രമിക്കപ്പെടുന്നത്. അത്രമേൽ ശക്തമാണ് ഓരോ കരുക്കുകളും. മനുഷ്യന്റെ ആവശ്യത്തിനും ആസക്തിക്കും മേല്‍ ശത്രു അത്രയും ശക്തമായി ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞിരിക്കുന്നു.

    ഇവിടെ, തികഞ്ഞ ആത്മബോധം ഉള്ള ഒരാള്‍ക്ക് മാത്രമേ രക്ഷ സാധ്യമാകൂ... എന്ന്‍ എക്കാലത്തെയും മനുഷ്യാവസ്ഥ.

    കവിതക്കഭിവാദ്യം/

    ReplyDelete
    Replies
    1. ബിംബവും , രൂപകവും -സത്യത്തില്‍ അങ്ങനെ ഒന്നും ചിന്തിച്ചില്ല. പല രീതിയില്‍ നമ്മിലേക്ക് പ്രലോഭനങ്ങള്‍ എത്താം എന്നൊരു ചിന്ത! അതിങ്ങനെ പുറത്തേക്ക് എത്തി -അത്രേയുള്ളൂ. :) അവസാന ഭാഗം വളരെ ശരി -തികഞ്ഞ ആത്മബോധം ഉള്ള ഒരാള്‍ക്കേ രക്ഷയുള്ളൂ.. നന്ദി നാമൂസ് :)

      Delete
  13. കുട്ടികള്ക്ക് ചൊല്ലികൊടുക്കാൻ പറ്റിയ രസമുള്ള കവിത ..

    പൂക്കളെക്കുറിച്ച് എഴുതാൻ കഴിഞ്ഞു എന്നാൽ ഒരു ചെടി നടാൻ ആരും ശ്രമിക്കില്ല .......നല്ല ആശയം ഉള്ള ശ്യാമയുടെ നല്ല കവിതകളിൽ ഒന്ന് .

    ReplyDelete
    Replies
    1. പൈമ - :) കമന്റ് ബോക്സ്‌ മാറിപ്പോയി , ഇത് അടുത്ത കവിതയ്ക്ക് -"കാത്തുവെച്ചില്ല" -ഇട്ട കമന്റ് അല്ലെ? നന്ദി ട്ടോ :)

      Delete
  14. കഴുകനും, പ്രാവും, പറവയും എല്ലാം മനുഷ്യന്‍ തന്നെ;
    കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ നയം !!
    കലികാല വൈഭവം .. ല്ലേ !!

    "കാറ്റല ' എന്ന വാക്ക് അനുയോജ്യമാണോ എന്നൊരു സംശയം !!

    ReplyDelete
    Replies
    1. അതെ -എല്ലാം ഓരോരോ മനുഷ്യ മനസുകള്‍ ആണ്. എല്ലായിടത്തും പ്രലോഭനങ്ങളും ഉണ്ട്. കലികാലം എന്നും പറയാം...
      "കാറ്റല" - ഇവിടെ അല ശബ്ദമായാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍ അനുയോജ്യമല്ലേ? :) നന്ദി ട്ടോ, വിശദമായ വായനയ്കും അഭിപ്രായത്തിനും .

      Delete
  15. ആ കഴുകൻ എന്നത് വല്ലാത്തൊരു ഭീകര ബിംബവത്ക്കരണമായി .. മനസ്സിൽ നിന്ന് മായുന്നില്ല ആ പേടി .. കഴുകൻ ഒരു പക്ഷിയായി എന്റെ മനസ്സിൽ നിറയുന്നില്ല . മറ്റെന്തോ ഒരു രൂപം ...

    നന്നായിരിക്കുന്നു ആർഷ .. ഇനിയും എഴുതുക .. ആശംസകളോടെ ..

    ReplyDelete
    Replies
    1. :) നന്ദി പ്രവ്യേ ... അതെ, കഴുകന്‍ എന്നത് ഒരു പക്ഷിയല്ല -പ്രാവും ഒരു പക്ഷിയല്ല .. ശലഭങ്ങള്‍ പോലും ചില നേരങ്ങളില്‍ മനോഹരമായ ചെറുജീവികള്‍ അല്ല!!

      സന്തോഷം ട്ടോ

      Delete
  16. ഇതും ഇഷ്ട്ടപെട്ടു,,,,

    ReplyDelete
    Replies
    1. സന്തോഷം, സ്നേഹം നീതു :) നന്ദിയും

      Delete
  17. നിറക്കൂട്ടുകള്‍ വാരിച്ചാര്‍ത്തിയ
    ശലഭച്ചിറകിലെ കറുപ്പും വെളുപ്പും
    പുള്ളികളായി , വരകളായി
    ഓരോ ചിറകടിയൊച്ചയിലും ഇനിയും
    ഇനിയുമെന്ന നനുത്ത പ്രലോഭനമായി
    എവിടെയേതോ കാലത്തില്‍ ചില
    മഹാസമുദ്രങ്ങള്‍ തിരയൂറ്റം കൊള്ളാന്‍
    ചില വന്‍കരകള്‍ പങ്കെനിക്കെനിക്കെന്നു
    ഭൂമിയെ മരങ്ങളെ പകുത്തെടുത്തീടാന്‍
    ഒരു കാറ്റല പോലെ ചില കുഞ്ഞു ചിറകടി-
    യൊച്ചകള്‍ , ആഴ്ന്നിറങ്ങുന്ന ശലഭായനങ്ങള്‍ !

    ReplyDelete
    Replies
    1. :) നന്ദി മുരളിയേട്ടാ .. സന്തോഷം

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)