Wednesday, April 16, 2014

വീണ്ടുമൊരു വിഷുപ്പുലരി



കാലങ്ങള്‍ക്ക് മറവി ബാധിച്ചിട്ടും
എന്നിലേക്കെത്തുന്നൊരു വിഷുപ്പുലരി
ഇരുളും വെളിച്ചവും അളവുകോലാക്കി
ചിരിയും കരച്ചിലും തുല്യമാക്കീടട്ടെ വേഗം 
സ്നേഹം കണി കണ്ടുണരുവാന്‍ വേണ്ടി
ഹൃദയ ദര്‍പ്പണം കണിയായ് വെച്ചു ഞാന്‍
ദുഃഖമെന്ന നാണയപ്പകുതിയെ ചിരി-
-പ്പകുതിയാല്‍ മറച്ചു വെച്ചിന്നു ഞാന്‍
ഇഷ്ടദൈവം-കണിവെള്ളരി- പിന്നെ
സമ്പല്‍സമൃദ്ധിയ്ക്ക് പൊന്നിന്‍കണങ്ങളും -
ഇല്ലയെന്‍റെ കണിക്കൂട്ടത്തിലൊന്നിലും
ഇല്ല പ്രാചീന വിഷുക്കണിപ്പതിവുകള്‍!

വിത്തും കൈക്കോട്ടും പാടി എന്നെയും
തുയിലുണര്‍ത്തീടുമിപ്പോള്‍  വിഷുപ്പക്ഷി,
മിഴികളിറുക്കിയടച്ചിരിക്കുന്നു ഞാന്‍-
കണ്ണ് പൊത്തുവാന്‍ കരങ്ങളില്ലല്ലോ !
വലംകയ്യില്‍ വീഴും  കൈനീട്ടപ്പൊരുളിനെ
ഇടംകൈയ്യറിയാതെ കാത്തു സൂക്ഷിക്കണം

സ്വര്‍ണവര്‍ണ്ണമാം സ്നേഹപ്പൂവുകള്‍
ഹൃദയദര്‍പ്പണേ പ്രതിഫലിക്കുമ്പോള്‍ ,
കണ്‍ തുറക്കട്ടെ ഞാനെന്‍ കണി കാണുവാന്‍ -
ജീവിത കാരണോര്‍ നീട്ടി നില്‍ക്കുമാ
കള്ളനാണയത്തുട്ടൊന്നു വാങ്ങുവാന്‍!

12 comments:

  1. വിഷു ആശംസകള്‍ :).. നന്മ കണി കണ്ടുണരാന്‍... സ്നേഹം കൈനീട്ടമായ് കിട്ടാന്‍,.. പ്രാര്‍ത്ഥന .

    (കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ വരികള്‍ ആണ് - 2002 ല്‍ - അച്ഛന്‍ അടുത്തില്ലാതെ കടന്നു പോയ മറ്റൊരു വിഷുവിന്‍റെ ഓര്‍മ്മയില്‍! )

    ReplyDelete
  2. നന്മയും ഐശ്വര്യവും പിന്തുടരാന്‍ ആശംസകള്‍

    ReplyDelete
  3. നന്മ കണി കണ്ടുണരാന്‍....

    ReplyDelete
  4. കളങ്കലേശമില്ലാത്ത നന്മനിറഞ്ഞ ഹൃദയത്തോടെ നീട്ടുന്ന കൈനീട്ടം ഏറ്റുവാങ്ങുമ്പോള്‍
    അതിന്‍റെ പ്രതിഫലനം ഹൃദയത്തിലും എന്നുമെന്നും ഉണ്ടായിരിക്കട്ടെ!
    വിഷു&ഈസ്റ്റര്‍ ആശംസകള്‍

    ReplyDelete
  5. നല്ല വിഷുക്കവിത

    ReplyDelete
  6. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  7. വിഷുക്കൈനീട്ടനാണയം, 'ജീവിത കാർന്നോർ' നീട്ടുന്ന, ഒരുവശം കണ്ണീരും മറുവശം ചിരിയുമുള്ള 'കള്ളനാണയമാണെന്ന' ആശയം കൊള്ളാം. പക്ഷേ കവിത ചിത്രീകരിക്കുന്ന കാഴ്ച്ചകൾ സാധാരണമായതുകൊണ്ട്, അത്തരമൊരു വായന കിട്ടുമോ എന്ന് സംശയിക്കുന്നു. കണി കാണിക്കാൻ വേണ്ടി കണ്ണു പൊത്തുന്ന കരങ്ങളില്ലാതായതെങ്ങനെ എന്നു കൂടി കവിതയിൽ സൂചിപ്പിച്ചിരുന്നെങ്കിൽ നന്നാവുമായിരുന്നു.

    ReplyDelete
  8. ആശംസകള്‍.... നല്ല കവിത.. .. :)

    ReplyDelete
  9. ഓര്‍മ്മകള്‍...........

    കവിത നന്നായി..

    ReplyDelete
  10. സ്നേഹം കണി കണ്ടുണരുവാന്‍ വേണ്ടി
    ഹൃദയ ദര്‍പ്പണം കണിയായ് വെച്ചു ഞാന്‍
    ദുഃഖമെന്ന നാണയപ്പകുതിയെ ചിരി-
    -പ്പകുതിയാല്‍ മറച്ചു വെച്ചിന്നു ഞാന്‍ അച്ഛന്റെ ഓര്മ വിഷുമഞ്ഞ കൂടുതൽ പവിത്രം ആക്കി
    നല്ല രചന ഇഷ്ടം ഈ വരികളോടുള്ള ഇഷ്ടം കുറച്ചു കൂടുതൽ തന്നെ എന്ന് പ്രത്യേകം അടയാളപ്പെടുത്തുന്നു

    ReplyDelete
  11. സ്നേഹം കണി കണ്ടുണരട്ടെ എന്നും..
    നല്ല കവിത..

    ReplyDelete
  12. സ്വര്‍ണവര്‍ണ്ണമാം സ്നേഹപ്പൂവുകള്‍
    ഹൃദയദര്‍പ്പണേ പ്രതിഫലിക്കുമ്പോള്‍ ,
    കണ്‍ തുറക്കട്ടെ ഞാനെന്‍ കണി കാണുവാന്‍ -
    ജീവിത കാരണോര്‍ നീട്ടി നില്‍ക്കുമാ
    കള്ളനാണയത്തുട്ടൊന്നു വാങ്ങുവാന്‍!

    ഈ വിഷുക്കണി ഞാൻ ഇന്നേ കണ്ടുള്ളൂ...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)