Saturday, May 17, 2014

മഴവില്ല് വിരിയുന്ന നാട് - 2

ഏകദേശം അര മണിക്കൂര്‍ ഡ്രൈവിനു ശേഷം ഞങ്ങള്‍ നയാഗ്ര സ്റ്റേറ്റ് പാര്‍ക്കിനു സമീപമുള്ള ഒരു ഹോട്ടലിനു മുന്നില്‍ എത്തി. ഞങ്ങളുടെ ഡ്രൈവര്‍ക്ക് അവിടെ നിന്നായിരുന്നു പുതിയ യാത്രക്കാരെ കയറ്റെണ്ടിയിരുന്നത് . നടക്കാനുള്ള ദൂരമേ ഉള്ളൂ ഫാള്‍സിലേക്ക് എന്ന് പറഞ്ഞു അദ്ദേഹം പോയി. ആദ്യം കണ്ണില്‍ പെട്ടത് "ടേസ്റ്റ് of ഇന്ത്യ" എന്നൊരു തട്ടുകടയാണ്. നല്ല അസല് പഞ്ചാബി ചേട്ടായിയും ഒരു ചെറിയ പെണ്‍കുട്ടിയും. നേരെ സൂം ചെയ്ത് കണ്ണുകള്‍ അടുത്ത് എഴുതി തൂക്കിയിരുന്ന മെനുവിലേക്ക് പോയി. "ഇഡ്ഡലി, വട, ദോശ, ആലൂ പറാത്ത, മംഗോ ലസ്സി" ഹ്മ്മ്മം.. കൊള്ളാം നയാഗ്ര അവിടെ തന്നെയുണ്ടാകുമല്ലോ എന്നോര്‍ത്ത് വഴിയിലിട്ടിരുന്ന ബഞ്ചുകളിലിരുന്ന്‍ ഓരോന്നായി ഓര്‍ഡര്‍ ചെയ്തു.  ഭക്ഷണത്തിന് ശേഷം മംഗോ ലസ്സിയും കയ്യിലെടുത്ത് നടപ്പാരംഭിച്ചു . നാലും കൂടിയ ഒരു ജങ്ക്ഷനില്‍ എത്തി ഞങ്ങള്‍ ആകെ ആശയക്കുഴപ്പത്തില്‍ ആയി നിന്നു - ഇനി എവിടേക്ക് പോയാലാകും ഈ നയാഗ്രയില്‍ എത്തിപ്പെടുക! നയാഗ്ര സ്റ്റേറ്റ് പാര്‍ക്ക്‌ എന്നൊരു കൂറ്റന്‍ ബോര്‍ഡ് ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ട് . പക്ഷെ ബാക്കി ഒന്നും കാണാനില്ല. ഒരു ചെറിയ മൂലയ്ക്ക് നയാഗ്ര ഇന്‍ഫര്‍മേഷന്‍ സെന്‍റെര്‍ എന്നൊരു ബോര്‍ഡ് കണ്ടു അങ്ങോട്ടേക്ക് പോയി.ഞങ്ങള്‍ അവിടെ എത്തിപ്പെട്ട സമയം ഏതാണ്ട് രാവിലെ പതിനൊന്നര ആണ്. വിവിധ തരം ട്രിപ്പുകള്‍ നമുക്ക് തിരഞ്ഞെടുക്കാം പക്ഷെ എല്ലാം തുടങ്ങുന്ന സമയം രാവിലെ 8 -9 മണിയാണ്. അപ്പോള്‍ ഇന്നിനി അത്തരം പാക്കേജ് പ്രോഗ്രാംസ് ഒന്നും നടക്കില്ല എന്നുറപ്പായി. ഇന്‍ഫോര്‍മേഷന്‍ സെന്‍ററില്‍ നിന്ന് തന്നെ അടുത്ത ദിവസത്തേക്കുള്ള 5-in-1 ട്രിപ്പിന്‍റെ ടിക്കറ്റ് വാങ്ങിയിട്ട് ഞങ്ങള്‍ സ്വന്തം നിലയില്‍ നയാഗ്ര കാണാനിറങ്ങി. നേരത്തെ കണ്ട ബോര്‍ഡിനു അടുത്ത് കൂടി റോഡ്‌ മുറിച്ചു കടന്നാല്‍ സ്റ്റേറ്റ് പാര്‍ക്കിനു ഉള്ളില്‍ എത്താം. അതിന്‍റെ മറ്റൊരു അറ്റം നയാഗ്ര വെള്ളച്ചാട്ടം ആണ്. നടക്കുന്ന വഴിയില്‍ ഓപണ്‍ വേള്‍  പൂള്‍  ബോട്ട് ട്രിപ്പ്‌ ന്‍റെ ലഘുലേഖകള്‍ കണ്ടു , അവിടെയുള്ള ആളോട്  എന്താണെന്നു അന്വേഷിച്ചു. അതൊരു സാഹസിക യാത്ര തന്നെയാണ് -ലൈഫ് ജാക്കെറ്റ്‌ ധരിച്ചു നമ്മുടെ വള്ളം പോലെയൊരു ബോട്ടില്‍ യാത്ര - കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ നമ്മള്‍ വെള്ളത്തിനുള്ളില്‍ ഇറങ്ങി കയറുന്നത് പോലെ . പോയാലോ എന്നൊരു ചിന്ത ഉണ്ടായപ്പോള്‍ തന്നെ അവര്‍ കുഞ്ഞിനേയും കൊണ്ട് പോകാന്‍ ആകില്ല എന്ന് മുന്നറിയിപ്പ് തന്നു. ആ ചിന്തയും അവിടെ ഉപേക്ഷിച്ചു വീണ്ടും നടപ്പ് തുടര്‍ന്നു .

അതി ശക്തമായി വെള്ളം വീഴുന്ന ശബ്ദം കേട്ടതും ഞങ്ങള്‍ക്കെല്ലാം ആവേശം കൂടി . ഒരു സൈഡിലായി നയാഗ്ര ഒഴുകുന്നു .

എനിക്ക് തോന്നിയ വികാരം രോമാഞ്ചമാണ് , പക്ഷെ സത്യത്തില്‍ ആ കാഴ്ചയ്ക്ക് അങ്ങനെ ഒരു രോമാഞ്ചം ഉണര്‍ത്താനുള്ള ശക്തിയൊന്നുമില്ല - നമ്മുടെ നാട്ടിലെ ഒരു അരുവി ഒഴുകുന്നത് പോലെയേ ഉള്ളൂ. ഇത് നയാഗ്ര ആണല്ലോ , ഞാനത് നേരില്‍ കാണുന്നുവല്ലോ എന്ന ചിന്ത ആണെന്ന് തോന്നുന്നു എന്നെ അത്രമേല്‍ സന്തോഷിപ്പിച്ചത് . പിന്നീടു മുന്നോട്ടുള്ള നടത്തത്തില്‍  ശബ്ദം കൂടിക്കൂടി വന്നു . ഉയരത്തില്‍ നിന്നു കാണാവുന്ന രീതിയില്‍ ഒരു ഒബ്സേര്‍വടോരി ടവര്‍ ഉണ്ടവിടെ -അതിനു താഴെ എത്തിയപ്പോഴേ ബോട്ട് യാത്രകള്‍ക്കുള്ള വമ്പന്‍ ക്യു കള്‍ കണ്ടു.  ഒരു ഗൈഡിനോട് ടവറിനു മുകളില്‍ കയറാന്‍ സമയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ പ്രത്യേകം സമയം ഒന്നുമില്ല -പക്ഷെ, രാത്രി 8 മണിക്ക് ശേഷം ലൈറ്റ്ഷോ ഉണ്ട് -അത് കാണാന്‍ കുറച്ചു നേരത്തെ എത്തിയാലേ ഇടം കിട്ടുകയുള്ളൂ എന്നൊരു ഇന്‍ഫര്‍മേഷന്‍ കിട്ടി. സ്റ്റെപ്പുകള്‍ കയറി  ടവറിനു മുകളില്‍ എത്തി  നില്‍ക്കുന്ന ഇടത്ത് നിന്ന് നോക്കിയാല്‍ അപ്പുറത്തായി കാനഡ കാണാം .  അവിടെ നിന്ന് നോക്കുമ്പോഴാണ് കുത്തിയൊഴുകുന്ന നയാഗ്രയുടെ ശരിക്കുള്ള മുഖം നമ്മള്‍ കാണുക.
താഴേക്ക് വീഴുന്ന വെള്ളം വെന്‍മേഘമായി പോകുന്നത് പോലെ തോന്നും!അത്ര ശക്തിയില്‍ ആണ് താഴേക്ക് വെള്ളം പതിക്കുന്നത്. പക്ഷെ, ടവറിനു മുകളില്‍ നിന്നുള്ള കാഴ്ച അല്‍പ്പം ദൂരെ നിന്നാണ് അത് കൊണ്ടാണെന്ന് തോന്നുന്നു അടുത്ത് നിന്ന സുഹൃത്ത് പറഞ്ഞു "ശേ ,ഇത് നമ്മുടെ ആതിരപ്പള്ളിയുടെ അത്രയില്ലല്ലോ എന്ന്" അടുത്ത് നിന്നവര്‍ക്കൊന്നും മലയാളം അറിയാഞ്ഞത് ഞങ്ങളുടെ ഭാഗ്യം എന്നേ  പറയേണ്ടു.

കുറച്ചു നേരം ആ കാഴ്ച കണ്ടു നിന്നതിനു ശേഷം ഞങ്ങള്‍ ഇനിയെന്ത് ചെയ്യാം എന്ന ചിന്തയില്‍ ആയി. രാത്രി 8 മണി വരെ ഇവിടെ നില്ക്കാന്‍ പറ്റില്ലാലോ. അത് വഴി ചില ബസുകള്‍ പോകുന്നത് അപ്പോഴാണ് കണ്ടത്. തിരക്കിയപ്പോള്‍ അറിഞ്ഞു - ഈ ബസില്‍ കയറിയാല്‍ നയാഗ്ര കണ്ടു കൊണ്ട് സ്റ്റേറ്റ് പാര്‍ക്കില്‍ കൂടി കുറച്ചു നേരം യാത്ര ചെയ്യാം . അഞ്ചാറ് സ്റ്റോപ്പ്‌ ഉണ്ട് . എവിടെയെങ്കിലും ഇറങ്ങി ഇഷ്ടമുള്ള നേരത്തോളം അവിടെയുള്ള കാഴ്ച ആസ്വദിച്ചിട്ടു അടുത്ത ബസ് വരുമ്പോള്‍ കയറി അടുത്ത പോയിന്റില്‍ ഇറങ്ങാം. ഒരു പ്രാവശ്യം ടിക്കറ്റ്‌ എടുത്താല്‍ മതി.  എവിടെയെങ്കിലും ഇറങ്ങണോ എന്നുറപ്പിച്ചില്ലെങ്കിലും  ബസില്‍ കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു -കുഞ്ഞുങ്ങളെയും എടുത്തു കൊണ്ട് നടന്നു ക്ഷീണിച്ചിരുന്നു എല്ലാവരും തന്നെ. 10 മിനിറ്റ് ഇടവിട്ടിടവിട്ട് ബസ് വരുന്നുണ്ട്. അടുത്തുള്ള പോയിന്റില്‍ നിന്നും ഞങ്ങള്‍ ബസില്‍ കയറി. നയാഗ്രയുടെ തീരത്ത് കൂടിയുള്ള ആ യാത്ര വളരെ മനോഹരം ആയിരുന്നു. പോകുന്ന വഴിയില്‍ ഗോട്ട്സ് ഐലന്ഡ് (goat's island ) , ത്രീ സിസ്റ്റെര്സ് ഐലന്ഡ് (3 sisters  island) എന്നൊക്കെയുള്ള സ്ഥലങ്ങള്‍ വെള്ളം കെട്ടിക്കിടക്കുന്ന ഒറ്റപ്പെട്ട ദ്വീപുകള്‍  പോലെയാണ്. അവിടെയൊന്നും ഇറങ്ങി കാണാന്‍ നിന്നില്ല ഞങ്ങള്‍ , ബസിലിരുന്നുള്ള കാഴ്ചയില്‍ തന്നെ തൃപ്തരായി. പിന്നീട് വന്ന ഒരു സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങി. നയാഗ്ര താഴേക്ക് പതിക്കുന്നതിനു മുന്പ് കുറച്ചേറെ ദൂരം സമനിരപ്പില്‍ ഒഴുകും. ആ ഇടമാണ് ഞങ്ങള്‍ ഇറങ്ങിയത്.മനോഹരമായ കാഴ്ചയാണത് -കുറച്ചു മുന്‍പേ ശക്തിയില്‍ കുത്തിയൊലിച്ച് താഴേക്ക് വീണവളെ അല്ല എന്ന് തോന്നും ഈ ശാന്ത മനോഹരിയായി ഒഴുകുന്നത് കണ്ടാല്‍.ഒരു ചെറിയ കുന്നിനു മുകളില്‍ നിന്നു താഴേക്ക് നടന്നു വന്നു വേണം ഈ ഭാഗത്തേക്ക് എത്താന്‍ പാല്പ്പതകളും ചെറിയ ചുഴികളും ഒക്കെയായി നയാഗ്ര ഇവിടെ ശാന്തമായി ഒഴുകുന്നു.


(three sister's Island)


                                                        (Goat's Island)

ഞങ്ങളുടെ അടുത്ത സ്റ്റോപ്പ്‌  നയാഗ്രഫാള്‍സ്നു ഏകദേശം സമാന്തരമായി നിന്നുള്ള കാഴ്ച ആയിരുന്നു. അവിടെ നിന്ന് കുതിര  കുളമ്പ് (horse shoe ) ആകൃതിയിലുള്ള വെള്ളച്ചാട്ടത്തിന്റെ അമേരിക്കന്‍ ഭാഗം കാണാം. ഈ വെള്ളച്ചാട്ടം കൂടുതല്‍ ഭംഗിയായി കാണുന്നത് കാനഡയില്‍ നിന്നാണെന്ന് പറയുന്നത് ശരിയാണെന്ന് അപ്പോള്‍ തോന്നി -കാരണം കുതിരകുളമ്പിന്റെ ഒരു ഭാഗം പോലും നമുക്ക് നേരെ കാണാന്‍ ആകില്ല ! നാളെ ബോട്ട് യാത്ര ഉണ്ടല്ലോ -അപ്പോള്‍ ഉള്ളില്‍ പോയി കാണാമല്ലോ എന്നത് മാത്രം ആയിരുന്നു എന്‍റെ പ്രതീക്ഷ. അപ്പോഴേക്കും സമയം 8 മണിയാകാനായിരുന്നു.


തിരക്കിട്ട് ഓടി ഒബ്സെര്‍വേഷന്‍ ടവര്‍ എന്ന് വിളിപ്പേരുള്ള  കൂറ്റന്‍ ബഹു നില കെട്ടിടത്തിനു മുകളില്‍ എത്തിപ്പറ്റി . നല്ല തിരക്കുണ്ട് അവിടെ, എങ്കിലും വര്‍ണ്ണവിളക്കുകളുടെ കാഴ്ച തുടങ്ങാത്തതിനാല്‍ പലരും  സ്ഥിരമായി ഒരിടത്ത് നില്‍ക്കാതെ അവിടവിടെ ചുറ്റിക്കറങ്ങുകയാണ്. പണ്ട് അമ്പല പറമ്പില്‍ ഉത്സവ കാഴ്ചകള്‍ കാണാന്‍ മുന്നില്‍ സ്ഥലം പിടിക്കുന്നത് പോലെ ഞാന്‍ ഏറ്റവും മുന്നില്‍ കൈവരിയോടു ചേര്‍ന്ന് ഒരിടത്ത് സ്ഥാനം പിടിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനു ക്യാമറ സ്റ്റാന്റ് ഉറപ്പിക്കാനും സ്ഥലം ബുക്ക്‌ ചെയ്ത് വെച്ചിരുന്നു ഞാന്‍ - എന്‍റെ കുഞ്ഞു ക്യാമറയില്‍ ഈ വര്‍ണ്ണ പ്രപഞ്ചം കിട്ടിയില്ലെങ്കിലോ! 8 മണിയാകുന്നതിനു മുന്‍പുള്ള ഓരോ നിമിഷവും കടന്നു പോകാന്‍ സമയം എടുത്തു , എനിക്ക് ക്ഷമ നശിക്കാനും തുടങ്ങി.

സുഹൃത്ത് എന്‍റെ അക്ഷമ കണ്ടു പറഞ്ഞു കാനഡയില്‍ നിന്നുള്ള ലൈറ്റ്സ് വരണ്ടേ അതാ സമയം എടുക്കുന്നത് എന്ന് - എന്നെ കളിയാക്കിയതാണെന്നു മനസിലാക്കിയത് കൊണ്ട് മിണ്ടാതെ വീണ്ടും നയാഗ്ര താഴേക്ക് ഒഴുകി വീഴുന്നതും നോക്കിയിരുന്നു. പെട്ടെന്ന് ഒരു വെള്ള വെളിച്ചത്തിന്‍റെ വൃത്തം  ആ ഒഴുകിപ്പരക്കുന്ന വെള്ളത്തില്‍ വീണു.  പിന്നെ ഒന്നിന് പുറകെ ഒന്നായി വരിവരിയായി കുറെയേറെ വൃത്തങ്ങള്‍ - ഒക്കെയും വരുന്നത് മറുകരയില്‍ (കാനഡയില്‍) നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നാണ്. സുഹൃത്ത് എന്നെ കളിയാക്കിയതല്ല -ശരിക്കും വെളിച്ച സംവിധാനം അവിടെ നിന്നാണ് വരുന്നത്.മൊത്തത്തില്‍ വെള്ളിവെളിച്ചത്തില്‍ കുളിച്ചു മനോഹരിയായി നയാഗ്ര. ഹാ...അതൊരു കാഴ്ച തന്നെയാണ്. എല്ലാവരും തിക്കിത്തിരക്കാന്‍ തുടങ്ങിയിരിക്കുന്നു ഈ മായാജാല കാഴ്ച കാണാന്‍. വല്യ ബീം ലൈറ്റുകള്‍ അപ്പുറത്തെ കരയില്‍ നിന്ന് ഇപ്പുറത്തേക്ക് വന്നു വീഴുന്നത് കാണുമ്പോള്‍ എനിക്ക് തിയറ്ററില്‍ പ്രോജെക്ട്ര്‍ റൂമില്‍ നിന്ന് വരുന്ന വെളിച്ചം തിരശീലയില്‍ മായാപ്രപഞ്ചം സൃഷ്ടിക്കുന്നതാണ് ഓര്‍മ്മ വന്നത്. ശരിക്കും  മായാപ്രപഞ്ചം തുടങ്ങിയത് പിന്നീടാണ് - ഓരോ വെളിച്ചവൃത്തങ്ങളും ഓരോരോ നിറമാകാന്‍ തുടങ്ങി. നല്ല പനിനീര്‍ റോസാപ്പൂ നിറം, മനം മയക്കുന്ന മഞ്ഞ, കണ്ണിനു കുളിര്‍മയായി പച്ച... ഓരോ നിറവും മാറി മാറി അവിടെയൊരു അത്ഭുത ലോകം. ഓരോ നിറവും ഒന്നിടവിട്ട് വരുമ്പോള്‍ നയാഗ്ര ശരിക്കും ഒരു മഴവില്‍ മനോഹരി. കുതിച്ചു വീഴുന്ന വെള്ളത്തിനൊപ്പം അതില്‍ നിന്ന് തെറിക്കുന്ന വെള്ളത്തുള്ളികള്‍ ഒരു മൂടല്‍മഞ്ഞു മറ സൃഷ്ടിക്കുന്നുണ്ട് -ആ മഞ്ഞു മറയ്ക് ഇപ്പോള്‍ ഒരു മഴവില്ലിന്‍റെ  ഭംഗി! ഞാന്‍ ഒരല്‍പം സ്വാര്‍ത്ഥയായിരുന്നു കേട്ടോ , ഈ കാഴ്ച കണ്ടിട്ടും കണ്ടിട്ടും  മതി വരാതെ ഞാന്‍ അവിടെ നിന്ന് അനങ്ങാതെ നിന്ന്  ഈ കാഴ്ച കണ്ടു കുറെയേറെ നേരം. പിന്നെ ഇത് കാണാതെ പോകുന്ന ആളുകളുടെ വിഷമം ഓര്‍ത്തപ്പോള്‍ അര മണിക്കൂറിനു ശേഷം ഞാന്‍ അവിടെ നിന്ന് പതുക്കെ മാറി . വെള്ളിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും ഈ നേരത്ത് അവിടെ വെടിക്കെട്ടും ഉണ്ടാകാറുണ്ടത്രേ - അത് കാണാന്‍ ആകാത്ത നഷ്ട ബോധം ഈ കാഴ്ച കുറെയൊക്കെ പരിഹരിച്ചു.  പിറ്റേ ദിവസം നേരത്തെ എത്തിപ്പെടണം എന്നുള്ളത് കൊണ്ട് ഞങ്ങള്‍ താമസസ്ഥലത്തേക്ക് യാത്ര തിരിച്ചു . തിരികെ യാത്രയില്‍ ,പകലൊന്നും മഴവില്‍ കാണാന്‍ കഴിയാതെ പോയല്ലോ  എന്ന് വിഷമിച്ച എന്നെ നാളെ എന്തായാലും കാണാന്‍ കഴിയുമെന്ന് ഭര്‍ത്താവ് ആശ്വസിപ്പിച്ചു . അന്ന് രാത്രി ഉറങ്ങുമ്പോഴും എന്‍റെ കണ്ണുകളില്‍ ആ വര്‍ണ്ണവിളക്കുകള്‍ സൃഷ്ടിച്ച മഴവില്‍ ഭംഗി ആയിരുന്നു.                                                         (മഴവില്ല് വിരിഞ്ഞ നയാഗ്ര )


21 comments:

 1. ഇന്ഫോമാലയാളി പേപ്പറില്‍ വന്ന യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗം - ഒന്നാം ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ പോയാല്‍ മതി :)
  http://swanthamsyama.blogspot.in/2014/02/i.html
  സ്വതസ്വിദ്ധമായ മടി, കൂട്ടത്തില്‍ തിരക്ക് ചേര്‍ന്നപ്പോള്‍ - ഒന്നാം ഭാഗം കഴിഞ്ഞു ഇവിടേക്ക് എത്താന്‍ ഇത്രയും നാള്‍ എടുത്തു.. ക്ഷമിക്കുമല്ലോ... (ഈ ചിത്രങ്ങള്‍ അടുക്കി അപ്‌ലോഡ്‌ ചെയ്യുക എന്നത് തന്നെയായിരുന്നു ശ്രമകരം ) . ഈ ഭാഗത്തില്‍ ഇത്രയും ചിത്രങ്ങള്‍ ചേര്‍ക്കണം എന്ന് കരുതിയാണ് ഒന്നാം ഭാഗം ചുരുക്കിയതും....
  സ്നേഹപൂര്‍വ്വം, ആര്‍ഷ

  ReplyDelete
 2. ചേച്ചി അടിപൊളി....... കൈലാസ യാത്ര പോലെ എന്നെ കൊതിപ്പിക്കുന്ന ഈ യാത്രയും....

  ReplyDelete
 3. നല്ല വിവരണം - ചിത്രങ്ങൾ സഹിതം.
  ആശംസകൾ.

  ReplyDelete
 4. ഭയങ്കരം തന്നെ പ്രത്യേകിച്ച് ആ ഫോട്ടോകള്‍ ... അടുത്ത പള്ളി പെരുന്നാളിന് ആകട്ടെ ഒന്ന് പോയി കണ്ടേക്കാം

  ReplyDelete
 5. നയനമനോഹരം!
  വിവരണവും നന്നായിരിക്കുന്നു.
  ഫോട്ടോകളും വളരെയധികം നന്നായിട്ടുണ്ട്.
  ഒരേതരത്തിലുള്ള ഫോട്ടോകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നുമാത്രം....
  ആശംസകള്‍

  ReplyDelete
 6. ഹോ കണ്ടിട്ട് കൊതിയായി ട്ടോ..........സൂപ്പര്‍

  ReplyDelete
 7. സ്വർഗ്ഗീയസുന്ദരമായ ചിത്രങ്ങൾക്കും വിവരണത്തിനും നന്ദി ചേച്ചീ. വെള്ള, പച്ച, നീല അവസാനം തൃശ്ശൂപ്പൂരത്തിൻറെ കൂട്ടപ്പൊരിച്ചില്പോലെ ഒരു മൾട്ടികളർ വെള്ളച്ചാട്ടം. ഹൗ കണ്ടിട്ട് സഹിക്കണില്ല. അഭൗമം എന്ന വാക്കിൻറെ അർത്ഥം ഇപ്പോ മനസ്സിലാകുന്നു. ഞാനെന്തായാലും കാനഡ സൈഡീന്നേ കാണൂ. അമേരിക്കയുമായി നമ്മള് പണ്ടേ കലിപ്പാ. ഇതിൻറെ ബാക്കി ഇനീം ഉണ്ടെങ്കിൽ ഇത്ര വൈകിക്കണ്ടാട്ടാ. പ്ളീസ്.

  ReplyDelete
 8. ഇതിപ്പോ ഒരു തരം കൊതിപ്പിക്കല്‍ ആയിപോയല്ലോ?
  വിവരണവും സുന്ദരമായ ഫോട്ടോകളും കൂടി ആയപ്പോള്‍ മനോഹരമായി.

  ReplyDelete
 9. ഒരു തൃശ്ശൂര്‍ പൂരം തന്നെ നടന്നല്ലോ..ആ ഫോട്ടോസ് കണ്ടിട്ട് കൊതിയായി, സത്യത്തില്‍ കേരളത്തിലെ പല വാട്ടര്‍ ഫാള്‍സിനും ഈ നിറം കൊടുത്താല്‍ ഗംഭീര കാഴ്ചതന്നെ ആകുമെന്നു മനസ്സു പറയുന്നു..

  ReplyDelete
 10. ഫോട്ടോസ് കിടു.. മൊത്തത്തിൽ കലക്കി.. കൊതിപ്പിച്ചു.. :)

  ReplyDelete
 11. Yathrayude saundaryam...!

  Manoharam, Ashamsakal...!!!

  ReplyDelete
 12. ദേ ഞാനും കണ്ടു എത്ര നാളു പക്ഷെ ഇതിനു വേണ്ടി പക്ഷെ കാനഡയില വന്നു കാത്തു കിടക്കേണ്ടി വന്നു നന്നായി ആർഷ, ആദ്യത്തെ ഫോട്ടോയുടെ വെള്ളത്തിന്റെ ആംഗിൾ സൂപ്പെര്ബ്

  ReplyDelete
 13. സപ്തവർണ്ണങ്ങളാൽ ആലേഖനം
  ചെയ്ത ഒരു മഴവിൽ കാഴ്ച്ചയായി മാറി ഇവിടെ
  അഭിനന്ദനങ്ങൾ കേട്ടൊ ആർഷെ

  ReplyDelete
 14. മ്മടെ അതിരപ്പിള്ളിയ്ക്കൊക്കെ ഇങ്ങനെ വർണ്ണവെളിച്ചങ്ങൾ കൊടുത്താൽ എന്തായിരിക്കും രസം. ! ഞങ്ങളെ പോലുള്ള കിണറ്റിലെ തവളകൾക്ക് അങ്ങനെയൊക്കെ ഒന്ന് കാണാൻ യോഗമുണ്ടാവുമോ ?

  ശരിക്കും കൊതി തോന്നുന്നു.

  ReplyDelete
 15. വളരെ നന്ദിയുണ്ട് ഈ മനോഹാരിത പങ്കുവെച്ചതിന്. ആശംസകള്‍. Aarsha Sophy Abhilash.

  ReplyDelete
 16. സൂപ്പര്‍ബ്!!!

  നല്ല വിവരണം... ഒപ്പം മനോഹരമായ ചിത്രങ്ങളും...

  ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാന്‍ അവസരമൊരുക്കിയതിനു നന്ദി

  ReplyDelete
 17. വൃന്ദാവന്‍ ഗാര്‍ഡനില്‍ ആണെന്ന് തോന്ന്നുനു.ഇതുപോലെയൊരു വാട്ടര്‍ ഷോ കണ്ടത്.അതു മുഴുവന്‍ മനുഷ്യന്റെ കണ്ടുപിടിത്തം ഇതു പ്രകൃതിയോടു ചേര്‍ന്ന്. ഇത് നയാഗ്ര ആണല്ലോ , ഞാനത് നേരില്‍ കാണുന്നുവല്ലോ എന്ന ചിന്ത ആണെന്ന് തോന്നുന്നു എന്നെ അത്രമേല്‍ സന്തോഷിപ്പിച്ചത് .ഇതു കറക്ട്, കറകറക്ട് .

  ReplyDelete
 18. കാണാന്‍ വൈകി :) നല്ല വിവരണം അതിനേക്കാള്‍ നല്ല ചിത്രങ്ങള്‍ , യാത്രകള്‍ തുടരട്ടെ .വിവരണവും.

  ReplyDelete
 19. ​വളര നാന്നായി ഈ യാത്രാ വിവരണം
  നയഗ്രയെപ്പറ്റി നിരവധി കേട്ട് കേഴവികൾ
  അതിൽ നിന്നെല്ലാം വ്യത്യസ്തമായ അവതരണം
  ചിത്രങ്ങൾ മനോഹരം പക്ഷെ അതിന്റെ ഒരു
  അതിപ്രസരം അനുഭവപ്പെട്ടതുപോലെ തോന്നി
  അവസാനം ചേർത്ത ചിത്രങ്ങൾ അത്രയും വേണ്ടിയിരുന്നോ
  എന്നൊരു തോന്നൽ
  ഒരു പക്ഷെ അത് എന്റെ ഒരു വെറും തോന്നൽ ആയിര്കിക്കാം
  കേട്ടോ ആർഷെ !!

  വരികൾക്കിടയിൽ നിന്നുമാണിവിടെ എത്തിയത് ​
  ആശംസകൾ
  ഫിലിപ്പ് ഏരിയൽ

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)