Thursday, April 22, 2010

ജനിക്കാതെ പോയ ഒരമ്മ

ഉണ്ണീ നിനക്കായി ഞാന്‍ നെയ്ത -
ഈ കുഞ്ഞുടുപ്പും ,
മനസിലോതുക്കിയോരീ താരാട്ടും
നഷ്ട സ്വപ്നങ്ങളായ് ഇന്നെന്റെയുള്ളില്‍ .
ഉണ്ണീ നിനക്കായി ഞാന്‍ കോര്‍ത്ത -
ഈ മണിമാലയും,
പറയാന്‍ കൊതിച്ചോരീ കഥകളും
പകരാനാകാതെ ഇന്നെന്റെയുള്ളില്‍.
ഒരു പൂ വിരിഞ്ഞതറിഞ്ഞു ഞാന്‍ 
എന്നിനി തിരികെയീ മടിത്തട്ടില്‍ ?? -
അമ്മ നിനക്കായി കാതോര്‍ത്തിരിപ്പൂ .
ഉള്ളിലുറഞ്ഞ നിന്നിളം ചൂട്,
എന്നിലലിഞ്ഞു കൊതി തീരും മുന്‍പേ
(ഒരു കിനാവിലെന്നോണം)
നീ ഒരു നനവായി എന്നുള്ളില്‍ -
നിന്നുതിര്‍ന്നു പോയീ.....
കൈ വിരല്‍ തുമ്പില്‍ മുറുകെ പിടിക്കവേ ,
പറയാതെ പോയി നീ ഒരു വാക്ക് പോലും .
എന്നിനി തിരികെയീ മടിത്തട്ടില്‍ ?? -
അമ്മ നിനക്കായി കാതോര്‍ത്തിരിപ്പൂ .



പറയാതെ കാത്തുവെക്കയായ് ഞാന്‍

നിനക്കായി മാത്രം കനവുകളിലൊരു കഥ ,

പാടാതെ മനസിലൊതുക്കുകയായ് അമ്മ

നിനക്കായി മാത്രമീണമിട്ടൊരു താരാട്ട്

നീ വരുംനേരം അണിയാനായ് മാത്രം

നനുത്ത ചേലോലും ഒരമ്മപ്പട്ടെന്നില്‍ -

നരയ്ക്കാതെ മങ്ങാതെ മായാതെ കാത്തു

കാത്തുവെയ്ക്കയായുണ്ണീ വരുകിനി വൈകാതെ !

15 comments:

  1. അമ്മയായി ജനിക്കാതിരുന്നെങ്കില്

    ReplyDelete
  2. അമ്മയായി ജനിക്കാതിരുന്നെങ്കില്

    ReplyDelete
  3. ഒരു കണ്ണീര്‍ക്കണം വീണു ചുട്ടുപൊള്ളുന്നു,
    ഒരു തുള്ളി ചോര വീണു കനക്കുന്നു.
    ഒരു കടല്‍ സ്നേഹം ആര്‍ത്തലക്കുന്നു
    ഒരു കുന്നു സാന്ത്വനം നിനക്കു ഞാന്‍ നല്‍കുന്നു.

    കവിത ഉള്ളില്‍ നിന്നു പൊള്ളി വന്നതിന്റെ വേദന
    ഉടനീളമുണ്ട്. ഇനിയും വരട്ടെ ജീവിതമിങ്ങനെ ഒട്ടും ആടയാഭരണങ്ങളില്ലാതെ.

    ReplyDelete
  4. ജനിക്കാതെ ഇരുന്നെങ്കില്‍ !

    ReplyDelete
  5. കവിത ഉള്ളിൽ തട്ടും വിധം എഴുതാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ

    ReplyDelete
  6. ഇത്തിരി വരികളില്‍ ഒത്തിരി നോവും കരുത്തും ഉള്ള കവിത.....സസ്നേഹം

    ReplyDelete
  7. മുറിഞ്ഞ ഹൃദയത്തിൽ നിന്ന് വന്നത് കൊണ്ടാണു ഇത് നമ്മുടെ ഹൃദയത്തെ തൊടുന്നത്...

    ReplyDelete
  8. "ഒരു കടല്‍ സ്നേഹം ആര്‍ത്തലക്കുന്നു
    ഒരു കുന്നു സാന്ത്വനം നിനക്കു ഞാന്‍ നല്‍കുന്നു."

    വേര്‍തിരിയ്ക്കാനാവാത്ത നീര്‍കണങ്ങള്‍ പോലെ..
    എല്ലാ ആശംസകളും നേരുന്നു!!!!

    ReplyDelete
  9. ഹൃദയത്തില്‍ നിന്നു വന്ന കവിത...

    ക്ലിഷടതകല്‍ക്കു മേലെ വിഷയത്തിന്റെ നൊവുണ്ടു..

    ഇനിയും എഴുതൂ...

    ReplyDelete
  10. പ്രതീക്ഷയുടെ
    പ്രതലങ്ങളില്‍
    കാത്തിരിപ്പിന്റെ
    കിനാക്കള്‍
    സഫലമാകട്ടെ....

    ആശംസകള്‍

    ReplyDelete
  11. ഈ കവിതയില്‍ നിറഞ്ഞു നില്‍ക്കുന്ന നൊമ്പരം എന്റെ ഹൃദയത്തിലേയ്ക്കും ആഴ്‌ന്നിറങ്ങി. ആശംസകള്‍.

    ReplyDelete
  12. അമ്മ മഴക്കാറില്‍ കനവെരിഞ്ഞ്,ആ കണ്ണിരില്‍ ഞാന്‍ നനഞ്ഞു.... നല്ല ആശയം

    ReplyDelete
  13. നഷ്ടപ്പെട്ട മാതൃത്വത്തിന്റെ വിഹ്വലതകൾ മനസ്സിൽ തട്ടുന്ന വിധം അന്തർലീനമായ രചന ആശംസകൾ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)