Monday, July 29, 2019

ലെറ്റ് ദെം ബീ ലിറ്റിൽ (Let Them Be Little )

കുഞ്ഞുങ്ങൾ എത്രപെട്ടെന്നാണ് വളരുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

തിരക്കിട്ടോടുന്നതിനിടയിൽ പലപ്പോഴും നമ്മൾ കൈ വളരുന്നതും കാൽ വളരുന്നതും കാണാറില്ല എന്നതാണ് സത്യം. അങ്ങനെ ആകുമ്പോൾ പോലും നമ്മൾ കുട്ടികളെ ഒന്നുകൂടെ തിരക്കാക്കാറുണ്ടോ വേഗം വലുതാകാൻ? കഴിഞ്ഞ ദിവസം കണ്ട ഒരു പോസ്റ്റർ ആണ് എന്നെയിപ്പോൾ അങ്ങനെയൊരു ചിന്തയിലേക്ക് എത്തിച്ചത് - എത്ര വലുതായാലും നമ്മളുടെ ദിവസങ്ങൾ ഒരുപോലെയാണോ. ഹാപ്പി ഡേയ്സ് മാത്രമാണോ നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും? അല്ല അല്ലേ .. നമ്മുടെ ചില ദിവസങ്ങൾ സങ്കടകരങ്ങളാണ്, ചിലവ വൻ മടി പിടിച്ചവയും ചിലതൊക്കെ വല്ലാതെ ക്ഷീണം നിറഞ്ഞതുമാണ്.  അപ്പോൾപ്പിന്നെ നമ്മളെന്തിനാണ് കുഞ്ഞുങ്ങളുടെ ദിവസങ്ങൾ മാത്രം എപ്പോഴും സന്തോഷം നിറഞ്ഞത് മാത്രമാകണം എന്ന് ശാഠ്യം പിടിക്കുന്നത് ? അവരുടെ ലോകത്തിലും മടിയുടെ, ക്ഷീണത്തിന്റെ, സങ്കടത്തിന്റെ, നിരാശയുടെ ദിവസങ്ങൾ ഉണ്ടാകും.  പക്ഷേ, മാതാപിതാക്കളിൽ എത്രപേർ അത് മനസിലാക്കാറുണ്ട് എന്നത് ഒരു ചോദ്യചിഹ്നം ആയപ്പോൾ വീട്ടിലെ എട്ടുവയസുകാരനോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.


സ്‌കൂൾ വര്ഷം തീരാറായ സമയമായിരുന്നു. വേനലവധി തുടങ്ങാൻ കാത്തിരുന്ന് അക്ഷമനാകുന്ന കുഞ്ഞിനെ കണ്ടപ്പോൾ ആണ് തോന്നിയത് സ്‌കൂൾ ഇത്രയേറെ ഇഷ്ടമുള്ള അവനെന്തുകൊണ്ടായിരിക്കും രാവിലെ സ്‌കൂളിൽ പോകാൻ വേണ്ടി ഉണരാൻ മടിയുള്ളത്.  ഉത്തരം വളരെ സിംപിൾ ആയിരുന്നു - "അമ്മാ എനിക്ക് സ്‌കൂളിനോട് മടുപ്പില്ല, അവിടെ എത്തിക്കഴിഞ്ഞാൽ! എനിക്ക് സ്‌കൂൾദിവസങ്ങൾ മിസ് ചെയ്ത വീട്ടിൽ ഇരിക്കണം എന്നുമില്ല. പക്ഷേ, സ്‌കൂൾ ദിവസങ്ങൾ വളരെയേറെ മടുത്തുതുടങ്ങി ( I am tired of school days! ).  ക്ഷീണിച്ചു - സ്‌കൂളിൽ പോയിപ്പോയി. സ്‌കൂൾ ഒന്ന് അടച്ചിരുന്നേൽ ഞങ്ങൾക്ക് എല്ലാവർക്കും വിശ്രമിക്കാമായിരുന്നു. " അത് കേട്ടപ്പോൾ സത്യത്തിൽ കുറ്റബോധം തോന്നി. വളരെ നേരത്തേയല്ല  ഇവിടെ സ്‌കൂളുകൾ ക്‌ളാസ് തുടങ്ങുന്നത്. പക്ഷേ 8.30 നു തുടങ്ങി - വൈകുന്നേരം 4.00  ആകുമ്പോഴേക്കും കുട്ടികൾ വല്ലാതെ ക്ഷീണിച്ചു അവശരായിട്ടുണ്ടാകും. അതിനുപുറമേയാണ്‌ സ്‌കൂൾ കഴിഞ്ഞുള്ള ആക്ടിവിറ്റീസ്. പല കുട്ടികൾക്കും കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ ട്യൂഷൻ സ്ഥലങ്ങളുണ്ട്, പലതരം സ്പോർട്സുകളും, പാട്ട് -ഗിറ്റാർ- പിയാനോ ഇത്യാദി കലാപരിപാടികളും മിക്കപ്പോഴും സ്‌കൂൾ കഴിഞ്ഞുള്ള സമയത്താകും.  


എട്ടുവയസുകാരന്  കരാട്ടെയും,ഗിറ്റാറും ആണ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്. കരാട്ടെ ഏതാണ്ട് രണ്ടാം വീട് പോലെയായത് കൊണ്ട് ആഴ്ചയിൽ മൂന്നുദിവസം അവിടെത്തന്നെയാണ്. പിന്നെ ഒരുദിവസം ഗിറ്റാറിന്റെ അരമണിക്കൂർ കൂടിക്കഴിഞ്ഞാൽ ഒന്നിനും പോകാത്തതായി കയ്യിലുള്ളത് പ്രവർത്തി ദിവസത്തിലെ ഒരു ദിനം മാത്രം. ക്വയറിൽ പാടാൻ ഒരു ചാൻസ് കിട്ടിയപ്പോൾ അവനോട് തന്നെ ചോദിച്ചു, നിനക്കിത് പോകണമെന്നുണ്ടോ? രണ്ടുമാസം പോയിനോക്കിയപ്പോൾ ആശാൻ തന്നെ പറഞ്ഞു - എനിക്ക് സ്‌കൂൾ വിട്ടുവന്നാൽ ഒരു ദിവസം ഫ്രീ ആയിട്ട് വേണം. ന്യായമായ ആവശ്യം! അതുകൊണ്ട് അവൻ തന്നെ ക്വയർ ഒഴിവാക്കി.  അതുകൊണ്ട് വലിയ വ്യത്യാസം ഒന്നുമില്ല എങ്കിലും ഉള്ളതാകട്ടെ എന്ന് അവനും കരുതി.  



ഈ സംസാരം സത്യത്തിൽ മറ്റുചില കാര്യങ്ങൾ കൂടി ചിന്തിപ്പിച്ചു. വേനലവധിക്കാലത്ത് മുഴുവൻ ദിവസവും  കുട്ടികളെ  സമ്മർ ക്യാംപുകളിൽ കൊണ്ടാക്കുന്നതിലെ ഔചിത്യമില്ലായ്മ. രണ്ടര മാസം മുഴുവൻ വീട്ടിൽ നിന്ന് ടിവി കണ്ടുറങ്ങിയിട്ടും കാര്യം ഇല്ലെങ്കിലും എലിമെന്ററി സ്‌കൂൾ തലത്തിലെ കുട്ടികൾക്ക് എങ്കിലും വെക്കേഷൻ എന്ന ഒരു ഫീൽ കൊടുക്കണമെന്നാണ് അഭിപ്രായം. സ്‌കൂൾ സമയങ്ങളിൽ ആണെങ്കിൽ ശനിയോ ഞായറോ ഏതെങ്കിലും ഒരു ദിവസം കുട്ടികൾക്ക് പത്തുമണി വരെ കിടന്നുറങ്ങി എല്ലാ സ്കേഡ്യുളുകളും തെറ്റിച്ചു ജീവിക്കാൻ വേണ്ടി അനുവദിച്ചുകൊടുക്കണം. അതിനു വേണ്ടിയാണല്ലോ 5 ദിവസം പ്രവർത്തിദിവസവും രണ്ടു ദിവസം അവധിയും തന്നിരിക്കുന്നത്! മക്കളെ വിളിച്ചിരുത്തി  ഇങ്ങനെയൊരു ചോദ്യം ചോദിച്ചുനോക്കൂ .. ഒരു 15  വയസു വരെയുള്ളവർ ഒരേപോലെയാകും ഉത്തരം തരുക. അവർ പതുക്കെ വലുതാകട്ടെയെന്നേ! let  them  be  little  - വലുതായിക്കഴിഞ്ഞു പിന്നെ ചെറുതാക്കാൻ പറ്റില്ലല്ലോ! 


ഇനിയാ ആദ്യം പറഞ്ഞ കാര്യം - എങ്ങനെ കുഞ്ഞുങ്ങളുടെ ദിവസം കഴിയുന്നതും സന്തോഷ ദിവസങ്ങളായി തുടങ്ങാം, തീർക്കാം. രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. എല്ലാ രാവിലെയും വിളിച്ചുണർത്തുന്നത് അവരുടെ അടുത്ത് ചെന്ന് ഒരുമ്മ കൊടുത്താകാം. സ്നേഹത്തോടെ മുടിയിലൊന്നു തലോടി ആകാം .. കുറച്ചു മുതിർന്നവർ ആണെങ്കിൽ ഒരു നല്ല ദിവസത്തിന്റെ പ്രാധാന്യം ആശംസിക്കുകയും ചെയ്യാം. (ഇത് കഴിഞ്ഞു 15 മിനിറ്റ്  കഴിഞ്ഞും എഴുന്നേറ്റു വരാതെ ഇരിക്കുമ്പോൾ നിങ്ങൾക്ക്  നിങ്ങളുടേതായ അടുത്ത മെത്തേഡിലേക്ക്  പോകാം കേട്ടോ - അതിനു ഞാൻ ഉത്തരവാദി അല്ല ) 

രാത്രി കിടന്നുറങ്ങുന്നതിനു മുൻപ് എത്ര പിണക്കത്തിൽ, വഴക്കിൽ, ദേഷ്യത്തിൽ, നിരാശയിൽ  ആണ് ആ ദിവസം കടന്നു പോയതെങ്കിലും കുഞ്ഞുങ്ങൾക്ക് അരികിലെത്തി  സ്നേഹത്തോടെ സുഖനിദ്ര ആശംസിക്കാം. പതിയെ ഒരുമ്മ ഒക്കെക്കൊടുത്ത്, വഴക്കു പറഞ്ഞതിൽ ക്ഷമ ചോദിക്കുകയോ, എന്തുകൊണ്ട് വഴക്കു പറയേണ്ടി വന്നു എന്ന് അവരോട് വിശദീകരിക്കുകയോ ചെയ്യാം. അപ്പോഴും അവർക്ക് വിഷണ്ണരും, വഴക്കാളിയും ആകാനുള്ള അവകാശം ഉണ്ട് കേട്ടോ. നമ്മൾ മുതിർന്നവർക്ക് ഇത്തരം ഒരു സ്വഭാവശീലം ഉണ്ടാക്കിയെടുക്കാൻ നമ്മൾ പരിശ്രമിക്കണം എങ്കിൽ ഒരു ചെറിയ കുഞ്ഞിന് അത്തരം ഒരു മാനസിക അവസ്ഥയിലേക്ക് എത്താൻ എത്ര നാളെടുക്കും എന്നോർത്താൽ മതി.  

എല്ലാ പുതിയ പുലരിയും ഒരു പുതിയ ദിനമായതുകൊണ്ടുതന്നെ തലേന്ന് നടന്ന സംഭവത്തിന്റെ ചിന്താഭാരവും കൊണ്ടാകരുത് പിറ്റേ ദിവസം തുടങ്ങേണ്ടത്.  മിക്ക കുട്ടികളും കഴിഞ്ഞ ദിവസം നടന്ന കാര്യം മറന്ന് എണീറ്റുവരുമ്പോൾ ആകും അമ്മയായ നമ്മൾ മുഖം വീർപ്പിക്കുകയും അച്ഛൻ മിണ്ടാതെ പോകുകയും ചെയ്യുന്നത്. പിന്നെ ആ കുട്ടിയുടെ അന്നത്തെ ദിവസം എങ്ങനെയാണു സന്തോഷകരം ആകുക. ഓരോ ദിവസത്തിനെയും ഓരോ പുതിയ തുടക്കമായി കണ്ടുകൊണ്ട് തുടങ്ങുക. കഴിയുന്നതും മാതാപിതാക്കൾക്ക് ഇടയിലുള്ള  കശപിശകൾ കുഞ്ഞുങ്ങളിലേക്ക് എത്തിക്കാതിരിക്കുക. 


സ്‌കൂളിൽ നിന്ന് എത്തുന്ന കുഞ്ഞുങ്ങളുടെ വർത്തമാനത്തിനായി ഒരൽപം സമയം നീക്കിവെക്കുക എന്നതാണ് അടുത്തത്. ചെറിയ ക്‌ളാസുകളിലെ കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ ? അവർക്ക് നമ്മളോട് പറയാൻ നൂറായിരം കാര്യങ്ങളുണ്ടാകും. അത് കേൾക്കാൻ നമ്മൾ സമയം കൊടുക്കുന്നുണ്ടോ എന്നതും, അവരുടെ കുഞ്ഞുകുഞ്ഞു ആവലാതികൾ അർഹിക്കുന്ന ഗൗരവത്തോടെ നമ്മൾ കേൾക്കുന്നുണ്ടോ എന്നതുമാകും വളരുമ്പോൾ അവർ സമയം നമ്മളോടൊപ്പം ചിലവഴിക്കുമോ എന്നതിന്റെ മാനദണ്ഡം. ചുരുക്കിപ്പറഞ്ഞാൽ നഴ്‌സറിക്കാലത്തു കുഞ്ഞുങ്ങൾക്ക് സംസാര സമയം കൊടുത്താൽ ടീനേജ്കാലത്ത് അവർ വിശേഷങ്ങൾ നമ്മളുമായി പങ്കുവെക്കും. അല്ലെങ്കിലോ അവർക്ക് അവരുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ഒരുത്സാഹവും ഉണ്ടാകില്ല.  ടീനേജേഴ്‌സിനോട് കഥകൾ പങ്കുവയ്ക്കാൻ ഉള്ള ഏറ്റവും എളുപ്പമാർഗം അവർ ചെയ്യുന്നത് എല്ലാം തെറ്റാണെന്ന് മുൻവിധികൾ ഉണ്ടാക്കാതെ ഇരികുകയെന്നതാണ്. നമ്മളുടെ കൗമാരകാലത്തെ അബദ്ധകഥകൾ പറയുന്നത് എപ്പോഴും കുട്ടികൾക്ക് സഹായകരം ആകും എന്ന് അനുഭവസ്ഥർ പറയുന്നു - അച്ഛനുമമ്മയ്ക്കും അബദ്ധം പറ്റിയിട്ടുണ്ട് എന്നത് അവരെ കുറച്ചുകൂടി കാര്യങ്ങൾ വിലയിരുത്താനും പങ്കുവയ്ക്കാനും പ്രേരിപ്പിക്കും. 


ഈ മാസത്തെ കുറിപ്പ് നിർത്തുന്നത് ഞാൻ ആദ്യം പറഞ്ഞ ആ പോസ്റ്ററിലെ വാചകങ്ങൾ പറഞ്ഞുകൊണ്ടാകട്ടെ 


Why do we put so much pressure on Children?
As adults we have Slow days, Sad days, Dull days, Happy Days. 
As adults, we have days where we  just want to NAP and EAT cake
So why do we expect so much from our little people? 
They are, STILL Growing 
STILL Learning STILL Developing STILL HUMAN... Let them be little! 






(Ourkids Magazine 2019 June Edition) 



7 comments:

  1. എന്താപ്പോ പറയ?
    ചേച്ചി പറഞ്ഞതൊക്കെ ശരി തന്നാണ്. പക്ഷേ ഇപ്പോ അതിനൊന്നും ആർക്കും സമയല്ല.
    എല്ലാം ശരിയാവേർക്കും.

    ഇമ്മിണി ബല്ല്യ ഒരു കാര്യം ഇത്ര സിംപിൾ ആയി അവതരിപ്പിച്ചത് ഇക്ക് ഇഷ്ടായി.

    ReplyDelete
  2. എല്ലാം ശരി തന്നെ. സമ്മതിച്ചു. പക്ഷേ, ഇതിനൊക്കെപ്പാർക്കാ നേരം....!

    ReplyDelete
  3. "ഇത് കഴിഞ്ഞു 15 മിനിറ്റ് കഴിഞ്ഞും എഴുന്നേറ്റു വരാതെ ഇരിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടേതായ അടുത്ത മെത്തേഡിലേക്ക് പോകാം കേട്ടോ - അതിനു ഞാൻ ഉത്തരവാദി അല്ല"

    ഇതാണ് അതിന്റെ ഹൈലൈറ്റ് 😁 'സാമം, ദാനം, ഭേദം, ദണ്ഡം എന്നാണ് എന്റെയും ലൈൻ 😁

    ReplyDelete
  4. Well said... Parenting oru Kalayaanu .... Keep up the good writings

    ReplyDelete
  5. സ്‌കൂളിൽ നിന്ന് എത്തുന്ന കുഞ്ഞുങ്ങളുടെ
    വർത്തമാനത്തിനായി ഒരൽപം സമയം നീക്കിവെക്കുക
    എന്നതാണ് അടുത്തത്. ചെറിയ ക്‌ളാസുകളിലെ കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ ?
    അവർക്ക് നമ്മളോട് പറയാൻ നൂറായിരം കാര്യങ്ങളുണ്ടാകും. അത് കേൾക്കാൻ
    നമ്മൾ സമയം കൊടുക്കുന്നുണ്ടോ എന്നതും, അവരുടെ കുഞ്ഞുകുഞ്ഞു ആവലാതികൾ അർഹിക്കുന്ന ഗൗരവത്തോടെ നമ്മൾ കേൾക്കുന്നുണ്ടോ എന്നതുമാകും വളരുമ്പോൾ അവർ സമയം നമ്മളോടൊപ്പം ചിലവഴിക്കുമോ എന്നതിന്റെ മാനദണ്ഡം.
    ചുരുക്കിപ്പറഞ്ഞാൽ നഴ്‌സറിക്കാലത്തു കുഞ്ഞുങ്ങൾക്ക് സംസാര സമയം കൊടുത്താൽ ടീനേജ്കാലത്ത് അവർ വിശേഷങ്ങൾ നമ്മളുമായി പങ്കുവെക്കും...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)