Monday, June 24, 2019

എങ്ങനെ പറയാം "ആ കുറച്ചു കാര്യങ്ങൾ"

              മൂത്ത പുത്രന് 8 വയസ്സാകാനായപ്പോൾ മുതൽ മനസ്സിലുണ്ടായിരുന്ന ചിന്ത 'കുറച്ചു കൂടി കാര്യങ്ങൾ'  വിശദമായി പറഞ്ഞുകൊടുക്കണമല്ലോ ഇനി എന്നാണ്. പറയുമ്പോൾ ആശാൻ ഞങ്ങൾക്കിപ്പോഴും ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും കുട്ടികൾ എത്രപെട്ടെന്നാണ് വളരുകയും വലുതാവുകയും ചെയ്യുന്നത് എന്ന് അതിശപ്പിച്ചുകൊണ്ടിരിക്കുന്നു ഓരോ നിമിഷവും.  ഇവിടെയൊക്കെ കുട്ടികൾക്ക് അവരുടെ ശരീരത്തിനെക്കുറിച്ചും ശാരീരിക അവസ്ഥകളെക്കുറിച്ചും സ്‌കൂളുകളിൽ നിന്ന് തന്നെ അവബോധമുണ്ടാക്കാറുണ്ട്. ഓരോ പ്രായത്തിനും അനുസൃതമായി ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുൾപ്പെടെയാണ് കുട്ടികൾ പഠിക്കുക.  അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ ജോലി പൊതുവേ എളുപ്പമാണ് നാട്ടിലേതിനേക്കാൾ. കുഞ്ഞുങ്ങളെങ്ങനെ ഉണ്ടായി എന്നതോ സാനിറ്ററി പാഡുകൾ എന്താണ് എന്നതോ ഒക്കെ ഇപ്പോഴും പല രീതിയിലുള്ള കഥകളായിത്തന്നെ കുട്ടികളോട് പറഞ്ഞുപോരുന്നതായാണ് ഇപ്പോഴും കാണുന്നത്. അവരിതൊക്കെ കുറേക്കൂടി വലുതാകുമ്പോൾ തനിയെ അറിഞ്ഞോളുമെന്നോ, അല്ലെങ്കിൽ ഇതൊക്കെയാണോ മക്കളോട് സംസാരിക്കുകയെന്നൊരു ഭ്രഷ്ട് കൽപ്പനയോ ആണ് പൊതുവെ കാണപ്പെടാറ്.

     
                  മക്കളോട് അവരുടെ ശരീരത്തിലെ 'പ്രൈവറ്റ് പാർട്സ്' നെക്കുറിച്ചു പറയാൻ പത്തുവയസ് ആകുംവരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല.  ഏറ്റവും ബേസിക് ആയ അറിവ് ഒന്നര രണ്ടുവയസ്സ് മുതൽ തന്നെ കൊടുക്കുക എന്നതാണ് ശരിയായ രീതി. ശരീരത്തിലെ മാറിടവും, മുൻ-പിൻ ഭാഗങ്ങളും കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ അവരുടേത് മാത്രമായ സ്വകാര്യതയാണെന്ന് പഠിപ്പിക്കുക. കുഞ്ഞുങ്ങളോട് കൊഞ്ചിപ്പറയുന്ന വാക്കുകൾ (ചുക്കുമണി, സൂസൂ, പാപ്പി, അമ്മിഞ്ഞ ) ഒക്കെ ഉപയോഗിച്ച് കുട്ടികളെ മനസിലാക്കിക്കുന്നതിൽ തെറ്റില്ല എങ്കിലും കാലക്രമേണ സ്വകാര്യ  അവയവങ്ങളുടെ ശരിയായ പേര് പറഞ്ഞു പഠിപ്പിക്കുന്നതാണ് ശരിയായ രീതി.  പീനിസ് (പുരുഷലിംഗം) എന്നോ വജൈന (യോനി) എന്നോ മുലകൾ (ബ്രെസ്റ്റ്) എന്നോ ഒക്കെ കുട്ടികളോട് പറയാൻ യാതൊരു മടിയും മാതാപിതാക്കൾ കാണിക്കേണ്ടതില്ല എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. ബാലപീഡനങ്ങൾ പലപ്പോഴും വെളിച്ചത്തുകൊണ്ടുവരുന്നത് വീടുമായിട്ടോ കുട്ടിയുമായിട്ടോ  വളരെയധികം അടുപ്പമുള്ള ആളുകളെയാണ് (ബന്ധുക്കളോ, മാതാപിതാക്കളുടെ സുഹൃത്തുക്കളോ, അദ്ധ്യാപകരോ ഒക്കെയാകാം പ്രതി) . പലപ്പോഴുമിത്തരം കാര്യങ്ങളിലുള്ള അവബോധമില്ലായ്മ ആണ് കുഞ്ഞുങ്ങളെ ഇത്തരം ചതിക്കുഴികളിൽ പെടുത്തുന്നത്.


                 ആറാംതരം കഴിയുമ്പോൾ മുതൽ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിൽത്തന്നെ ലൈംഗിക വിദ്യാഭ്യാസവും ഉൾപ്പെടുത്തിയിരിക്കുന്നു. വീടുകളിൽ സംസാരിക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ വ്യക്തത ലഭിക്കുകയും മാതാപിതാക്കളോട് ഒരു സുതാര്യമായ ബന്ധം സൂക്ഷിക്കാൻ കഴിയുകയും ചെയ്യും എന്നതാണ് കണ്ടുവരുന്ന രീതി. 12 വയസ് അഥവാ പ്രീ-റ്റീൻ കാലഘട്ടത്തിലാണ് പൊതുവേ ആൺകുട്ടികളേയും പെൺകുട്ടികളേയും വേർതിരിച്ചുള്ള ക്‌ളാസ്സുകൾ തുടങ്ങാറുള്ളത്. എതിർലിംഗത്തെക്കുറിച്ചുള്ള കൗതുകം കുട്ടികളിലെ സാധാരണ വിഷയമാണെന്നും ചിലപ്പോഴെങ്കിലും പുറമെ കാണുന്നതല്ല ഓരോരുത്തരുടെയും സെക്ഷ്വാലിറ്റി എന്നുമൊക്കെ തിരിച്ചറിയുന്ന കാലഘട്ടമാണ് ഇത്.


               12 നു മുൻപും ആറേഴ് വയസിന് ശേഷവും എന്നൊരു അവസ്ഥയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിഷ്കളങ്കമായൊരു ഇഷ്ടം/അടുപ്പം  തോന്നുന്ന സമയം. അത്രയും ചെറിയ കുട്ടികൾക്ക് പ്രേമമോ എന്നൊക്കെ മൂക്കത്ത് വിരൽ വെയ്ക്കാൻ വരട്ടെ, പ്രേമം എന്നതിന് നമ്മൾ കൊടുക്കുന്ന ഠാ വട്ട നിർവചനത്തിൽ ഒതുങ്ങുന്നതല്ല ആ കുഞ്ഞുങ്ങളുടെ
ഇഷ്ടം. ഇതെല്ലാ കുട്ടികൾക്കും ഉണ്ടാകണമെന്നില്ല, എന്നാൽ ഭൂരിഭാഗം കുട്ടികളും ഈ പ്രായത്തിൽത്തന്നെ അങ്ങനെയൊരു മാറ്റത്തിനെക്കുറിച്ചു ബോധവാന്മാരും ബോധവതികളും ആണെന്ന്  ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ക്രഷ് -ലിസ്റ്റ്  കേട്ട് ഞെട്ടിപ്പൊട്ടി 'ഹമ്പമ്പട കേമന്മാരേ' എന്ന് വായ പൊളിച്ച അനുഭവത്തിന്റെ വെളിച്ചമുള്ള ഒരമ്മ.



അപ്പോൾ പറഞ്ഞുവന്നത്, 8 വയസുകാരനോട് സംസാരിച്ചുതുതുടങ്ങാനുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു നടന്നപ്പോൾ വഴിയിൽ തടഞ്ഞ ഒരു വള്ളിയെക്കുറിച്ചാണ് -   Guy Stuff: The Body Book for Boys (age 8+ ). 







ഒൻപത് മുതൽ 12 വരെയുള്ള പ്രായക്കാർക്ക് അഥവാ പ്യുബർട്ടി ഘട്ടത്തിലേക്ക് കടക്കുന്ന ആൺകുട്ടികൾക്ക് സംഭവിക്കാവുന്ന ഹോർമോണൽ ചേഞ്ചസിനെപ്പറ്റിയും ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ശരീരം എങ്ങനെയൊക്കെ വൃത്തിയായി സൂക്ഷിക്കാം എന്നതിനെക്കുറിച്ചുമൊക്കെ കൃത്യമായും വ്യക്തമായും പ്രതിപാദിക്കുന്ന ഒരു ബൂക്കാണിത്. മറ്റൊരു ആവശ്യത്തിനായി കടയിൽപ്പോയപ്പോൾ കൂടെക്കൂടിയ മകൻ തന്നെയാണ് ഇത് കണ്ടുപിടിച്ചതും വാങ്ങിത്തരാൻ ആവശ്യപ്പെട്ടതും. ഒരു 'അഡ്വാൻസ്' പിറന്നാൾ സമ്മാനമായിട്ട് അപ്പോൾത്തന്നെ സംഭവം അങ്ങ് വാങ്ങിക്കൊടുത്തു. പല്ലു തേക്കേണ്ടതിന്റെ ആവശ്യകത മുതൽ കക്ഷത്തിലുണ്ടാകുന്ന രോമവളർച്ചയെക്കുറിച്ചു വരെ ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രതിപാദിക്കുന്ന ബുക്കിന്റെ രചയിതാവ് കേര നാറ്റർസൺ എന്ന ശിശുരോഗ വിദഗ്ധയാണ്.  ആളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മനസിലായി ഇത്തരം പാരന്റൽ ബുക്കുകൾ, ദി കെയർ & കീപ്പിങ്ങ് എന്ന പേരിൽ ഒരു സീരിസ് തന്നെ പുള്ളിക്കാരി ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്കായി രണ്ടു ഭാഗത്തിലായി The Body Book for younger Girls & The Body Book for Older Girls എന്നതും ഡോക്ടറുടെ പ്രീ-റ്റീൻ വീഡിയോകളുമൊക്കെ കൗമാരപ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരു അക്ഷയഖനി തന്നെയാണ്. 



"ആ കുറച്ചു കാര്യങ്ങൾ" എങ്ങനെ മകനോട് അല്ലെങ്കിൽ മകളോട് സംസാരിക്കും എന്ന് ആശങ്കപ്പെടുന്ന ഒരമ്മ/ അച്ഛൻ ആണോ നിങ്ങൾ? എങ്കിലീ ബുക്ക് വാങ്ങിക്കോളൂ നിരാശപ്പെടേണ്ടി വരില്ല.


(OURKIDS Magazine  - APRIL2019)





13 comments:

  1. Well written dear. Planning to get the book as well 😊

    ReplyDelete
  2. വളരെ പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണിത്. ഇത്തരം പുസ്തകങ്ങൾ ഉപകാരമാകും. മലയാളത്തിലും ഇത്തരം പുസ്തകങ്ങൾ ആവശ്യമാ.

    ReplyDelete
    Replies
    1. തീർച്ചയായും സർ , നമ്മുടെ ഭാഷയിൽ ഇത്തരം ബൂക്കുകൾ എന്തുകൊണ്ടൊ കുറവാണ്... Thank you for reading

      Delete
  3. Chila kaaryangalkku....!!!
    .
    Ere Manoharam, Ashamsakal...!!!

    ReplyDelete
  4. വായിച്ചു വളരണം, ചിന്തിച്ചു വിവേകം നേടണം!
    ആശംസകൾ

    ReplyDelete
  5. ഗ്രൂപ്പിലെ മെസ്സേജ് വഴിയാണ് ഇങ്ങനെയൊരു ബ്ലോഗ് ഉള്ള വിവരം അറിയുന്നത്... എന്തായാലും വരവ് വെറുതെയായില്ല.. നല്ലൊരു അറിവ്..

    ReplyDelete
  6. ആറാംതരം കഴിയുമ്പോൾ മുതൽ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിൽത്തന്നെ ലൈംഗിക വിദ്യാഭ്യാസവും ഉൾപ്പെടുത്തിയിരിക്കുന്നു. വീടുകളിൽ സംസാരിക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ വ്യക്തത ലഭിക്കുകയും മാതാപിതാക്കളോട് ഒരു സുതാര്യമായ ബന്ധം സൂക്ഷിക്കാൻ കഴിയുകയും ചെയ്യും എന്നതാണ് കണ്ടുവരുന്ന രീതി. 12 വയസ് അഥവാ പ്രീ-റ്റീൻ കാലഘട്ടത്തിലാണ് പൊതുവേ ആൺകുട്ടികളേയും പെൺകുട്ടികളേയും വേർതിരിച്ചുള്ള ക്‌ളാസ്സുകൾ തുടങ്ങാറുള്ളത്.
    എതിർലിംഗത്തെക്കുറിച്ചുള്ള കൗതുകം കുട്ടികളിലെ സാധാരണ വിഷയമാണെന്നും ചിലപ്പോഴെങ്കിലും പുറമെ കാണുന്നതല്ല ഓരോരുത്തരുടെയും സെക്ഷ്വാലിറ്റി എന്നുമൊക്കെ തിരിച്ചറിയുന്ന കാലഘട്ടമാണ് ഇത്.

    ReplyDelete
  7. വെരി ഗുഡ് ആർട്ടിക്കിൾ 🤩🥰👌👏👏👏👏

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)