Sunday, February 14, 2016

നമുക്ക് അവിടെ രാപാര്‍ക്കാം

എന്നാലും എന്തിനായിരിക്കും അവരത് ചെയ്തത്! എത്രയാലോചിച്ചിട്ടും പിടി കിട്ടാതെ വന്നപ്പോള്‍ അയാള്‍ ഇരുന്ന ഇടത്ത് നിന്നെഴുന്നേറ്റു നോക്കി -മക്കള്‍ എന്താ ചെയ്യുന്നത് എന്ന്. ഓ, പരിചയപ്പെടുത്താന്‍ മറന്നു - അയാള്‍ -ജോര്‍ജ് ജോസഫ്‌ മാളിയേക്കല്‍ , സെയിന്റ് ജോര്‍ജിന്‍റെ ഓര്‍മ്മ ദിനത്തില്‍ പിറന്നതാ. അപ്പന്‍ കയ്യോടെ ആ പേരങ്ങിട്ടു . ഇല്ലായിരുന്നെങ്കില്‍ അപ്പന്റെ പേര് തിരിച്ചിട്ട്  അപ്പാപ്പനേം കൂടെ കൂട്ടി ആന്റണി ജോസഫ്‌ എന്നായേനെ. ഇപ്പൊ ആ പേര് അയാളുടെ അനിയന് സ്വന്തം.

അയാളുടെ മക്കള്‍ ആണു ആ ഉദ്യാനത്തില്‍ കളിക്കുന്നത് പ്രാര്‍ത്ഥനയും നന്മയും - രണ്ടും  നല്ല  ചന്തമുള്ള മാലാഖ കുഞ്ഞുങ്ങള്‍ തന്നെ . മക്കള്‍ക്ക് പേരിട്ടത് അയാളുടെ അപ്പനാ ,ഒരു നല്ല ശമരിയക്കാരന്‍ . കൊച്ചുമക്കളുടെ പേര് കേട്ടാല്‍ എല്ലാവര്ക്കും ഇഷ്ടം തോന്നണം എന്നൊരു ന്യായവും. അയാളും ഭാര്യയും പ്രാര്‍ത്ഥനയെ പാത്തു ആക്കി , ഇളയവള്‍ വന്നപ്പോള്‍ പാത്തു അനിയത്തിയെ അവളുടെ ഇഷ്ടത്തിന് കുഞ്ഞിപ്പാത്തു എന്ന് കൊഞ്ചിച്ചു  . അഞ്ചു  വയസുകാരി പ്രാര്‍ത്ഥന ഇടയ്ക്കിടെ അപ്പായിയെ തിരിഞ്ഞു നോക്കുന്നുണ്ട് . കൂടെ കളിയ്ക്കാന്‍ മുയലും മാനുമൊക്കെ ഉണ്ടെങ്കിലും രണ്ടാള്‍ക്കും ഒരു ഉഷാറില്ല - അമ്മയെ കാണാഞ്ഞിട്ടാ .പാവങ്ങള്‍. ,അമ്മമാരുടെ അടുത്ത് നിന്ന് മാറി നില്‍ക്കേണ്ട സമയം ഒന്നും ആയില്ലലോ - ഇളയ കുഞ്ഞിനാണേല്‍ ഒരു വയസ് ആയതേയുള്ളൂ.  ജോര്‍ജിന് അടുത്തേക്ക് ഓടി പാത്തു  ചോദിച്ചു  -

"അപ്പായീ കുഞ്ഞാവയ്ക് വിശക്കോ ? അമ്മീനെ കാണുന്നില്ലാലോ " .

 നാല് വയസിന്റെ മൂപ്പെയുള്ളൂ എങ്കിലും അമ്മയെപ്പോലെയാണ് അവള്‍ക്ക് അനിയത്തിയെ കുറിച്ച് ചിന്ത. ജോര്‍ജ് ചിരിച്ചു  പാത്തുവിന്റെ മുഖത്തെ ഗൌരവം കണ്ടിട്ട്. അഞ്ചു വയസില്‍ അമ്മാമ്മ ആണെന്നാ പെണ്ണിന്‍റെ വിചാരം. അമ്മാമ്മ എന്ന ഓര്‍മ്മയില്‍ അയ്യാളുടെ ചിരി മാഞ്ഞു - സ്വന്തം അപ്പനെയും അമ്മയെയും ഓര്‍ത്തു അയ്യാള്‍  , എന്തായിരിക്കുമോ അവിടെ അവസ്ഥ. കയ്യില്‍ പിടിച്ചു വലിച്ചു പാത്തു അയ്യാളുടെ മുഖത്തേക്ക് നോക്കി

"സാരമില്ല പാത്തൂ അവള്‍ക്ക് വിശക്കുന്നുണ്ടാകില്ല. അമ്മി ഇപ്പോഴെത്തും . മോള്‍ക്ക് വിശക്കുന്നുണ്ടോ ? "

"ഊഹും ഇല്ല്ലപ്പായീ :) വയറൊക്കെ ദേ ഭും എന്നിരിക്ക്യാ.. നേരത്തത്തെ വേദനയും ഇല്ല " 

അതും പറഞ്ഞവള്‍ വെള്ളമേഘം പോലെ പുകയുയരുന്ന കുഞ്ഞു വെള്ളക്കെട്ടിന് അടുത്തേക്ക് ഓടി . ജോര്‍ജ് ചുറ്റിലും നോക്കി 

"എന്തൊരു ഭംഗിയാ ഈ സ്ഥലമൊക്കെ കാണാന്‍ . ഇടയ്ക്കിടെ സ്വര്‍ണ്ണ മാനുകളേയും കാണാന്‍ ഉണ്ട് -പിന്നെ പല നിറത്തിലും തരത്തിലുമുള്ള പൂക്കളും പഴങ്ങളും. ഇവിടെ തന്നെ അങ്ങ് കഴിഞ്ഞാല്‍ മതിയായിരുന്നു -അതെങ്ങനാ ഇതൊരിടത്താവളം ആണെന്നല്ലേ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നയാള്‍ പറഞ്ഞത്..
കുഞ്ഞുങ്ങളുടെ അമ്മ വരും വരെ മാത്രം. അത് കഴിഞ്ഞാല്‍ മറ്റൊരിടത്തേയ്ക്ക് പോകാം. അവള്‍ വരേണ്ട സമയം ഒക്കെ കഴിഞ്ഞു , ഈ പിണക്കക്കാരി പെണ്ണ് -രണ്ടു കൊച്ചുങ്ങളായി എന്നാലും ചെറിയ കുട്ടിയാണെന്നാ വിചാരം. ഇനിയും എന്തിനാണീ പിണക്കമൊക്കെ !! ആവോ , ആര്‍ക്കറിയാം.ഇങ്ങു വരട്ടെ - അവരോ അങ്ങനെയൊക്കെ ചെയ്യുന്നു, നമ്മള്‍ക്ക് അറിയാമല്ലോ പിന്നെയും എന്തിനു പിണങ്ങുന്നു എന്ന് ചെവിക്ക് പിടിച്ചു ചോദിക്കണം "

അവിടെ വരെ എത്തിയപ്പോള്‍ അയാള്‍ക്ക് ചിരി പൊട്ടി -എന്തൊക്കെയാണ് താന്‍ ചിന്തിക്കുന്നത്?

ദൂരെ ഒരു പൂക്കള്‍ അലങ്കരിച്ച കവാടം കാണുന്നുണ്ട് -അതിലെ തന്നെയാകും അവളും വരിക. അര മണിക്കൂര്‍ മുന്നേ അവര്‍  ഓരോരുത്തരായി വന്നതും അത് വഴി തന്നെ  .ഇവിടെ കാത്തു നില്‍ക്കണം എന്നു കുഞ്ഞിപ്പാത്തു എങ്ങനെ അറിഞ്ഞെന്നാ അതിശയം , അവളാണല്ലോ ആദ്യം എത്തിയത്  . അതാ, വേണ്മേഘം പോലെയൊരു വണ്ടിയില്‍ അയാളുടെ ഭാര്യ എത്തിക്കഴിഞ്ഞു - " നൂര്‍ജഹാന് " അയ്യാള്‍ ഉറക്കെ വിളിച്ചു - എത്ര മനോഹരിയായിരിക്കുന്നു അവള്‍ -ആദ്യമായ്  കലാലയത്തില്‍ കണ്ടു മുട്ടിയപ്പോഴത്തെത് പോലെ ‍. ആര്‍ത്തലച്ചു വന്നു അയ്യാളെ കെട്ടിപ്പിടിച്ചു അവളും ചോദിച്ചു
"എന്തിനാ ജോര്‍ജീ ,എന്തിനാ അവരൊക്കെ അങ്ങനെ ചെയ്തത്? എന്തിനാ എന്നെ എന്‍റെ മക്കളുടെ കൂടെ അടക്കാതെ മയ്യത്ത് പറമ്പില്‍ അടക്കിയേ?  അവരെന്താ എന്നെ മാത്രം മാറ്റിക്കളഞ്ഞേ "  .

 അയാള്‍ അപ്പോഴും ആലോചിച്ചു എന്തിനായിരിക്കും അവര്‍ അങ്ങനെ ചെയ്തത്? മരിച്ച ഞങ്ങള്‍ നാലുപേരും  ഈ ലോകത്തില്‍ ഒരുമിച്ചാണല്ലോ എല്ലാത്തിനും . പിന്നെയുമെന്തിനെ അവര്‍ ഞങ്ങളുടെ ശരീരങ്ങളോട് അങ്ങനെ ചെയ്തത്? ആത്മാക്കള്‍ക്ക് വേറെ വേറെ ലോകമില്ല എന്ന് അറിയാത്ത വിഡ്ഢികള്‍!.

അവളെ അടക്കി ചേര്‍ത്ത് പിടിച്ചു നടക്കവേ അയാള്‍ പതുക്കെ പറഞ്ഞു

 " പൊന്നേ, നമ്മള്‍ എല്ലാരും ഒരുമിച്ചല്ലേ ഇവിടെ പിന്നെന്തിനാ സങ്കടം ? നമ്മുടെ കാറിനെ  ഇടിച്ചു തെറിപ്പിച്ച  ആ  ലോറിക്കാരനോട്  പോലും  എനിക്കിപ്പോള്‍  സ്നേഹം  തോന്നുന്നു - നമ്മളെ  അയാള്‍  പിരിച്ചില്ലാലോ!, നീയില്ലാതെ  ഞാനില്ലാതെ  നമ്മുടെ  കുഞ്ഞുങ്ങള്‍  വളരേണ്ടി  വന്നില്ലാലോ....
 അതാ കുഞ്ഞുങ്ങള്‍ എത്ര  നേരമായി  നിന്നെയും കാത്തിരിക്കുന്നു.  ഈ  വിഡ്ഢികളുടെ ലോകം വിട്ടു നമുക്ക് സ്വര്‍ഗത്തില്‍ പോയി ഒരുമിച്ചു ജീവിക്കാം  "

=======================================================================
(2014 - February edition Malayali Magazine )

22 comments:

  1. !!!!നല്ല കഥ.


    വായന
    പകുതി ആയപ്പോൾ കഥ പിടി കിട്ടി.

    വാഹനാപകടത്തിൽ ഒരു ഫാമിലി മുഴുവൻ മരിക്കുന്ന വാർത്തകൾ ഓർത്ത്‌ പോയി.എങ്ങനെ മരിച്ചെന്നൂടി വിശദമായി എഴുതാരുന്നു..

    നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  2. ഹൃദയസ്പര്‍ശിയായിരിക്കുന്നു രചന.
    അകക്കണ്ണു തറപ്പിക്കുന്നൊരു നല്ലൊരു കഥ
    ആശംസകള്‍

    ReplyDelete
  3. കൊച്ചുമക്കളുടെ പേരുകളും അതിടാൻ പറഞ്ഞ കാരണവും ഒത്തിരി ഇഷ്ടപ്പെട്ടു

    ReplyDelete
  4. ഇഷ്ടമായി നല്ല ഒരു കഥ .,.തുടക്കത്തിലെ ഒഴുക്കില്‍ നിന്നും ക്ലൈമാക്സിലേക്ക് പെട്ടെന്ന് ചുരിങ്ങിയപോലെ തോന്നി സംഭവം കൂടി ചെറുതായൊന്നു വര്‍ണ്ണിക്കാമായിരുന്നു എന്നൊരു തോന്നലും ബാക്കിയാക്കി .,.,.ആശംസകള്‍

    ReplyDelete
  5. ഒത്തിരി ഇഷ്ട്ടപ്പെട്ടു.....ഉള്‍ക്കൊണ്ടിരിക്കുന്ന സന്ദേശം അതും നന്നായിരിക്കുന്നു........ഇഷ്ട്ടം

    ReplyDelete
  6. വേദനകൾ ബാക്കിയാക്കാൻ ആരെയും അനുവദിച്ചില്ലല്ലോ

    ReplyDelete
  7. തങ്കപ്പൻ സർ പറഞ്ഞപോലെ നമ്മുടെ അകക്കണ്ണ് തുറപ്പിക്കുന്ന കഥ. ആശംസകൾ ആർഷാ.

    ReplyDelete
  8. ഇതൊരു വല്ലാത്ത കഥ തന്നെ!. ഇഷ്ടപ്പെട്ടു.

    ReplyDelete
  9. asif shameer paranjath sheriyanennu thonni, kurachu koote ezhuthamayirunnu, nannayirikkunnu

    ReplyDelete
  10. ഇവിടെ ഒരുമിച്ച് ജീവിച്ചു അവിടേക്കും ഒരുമിച്ച് പോയി

    ReplyDelete
  11. നല്ല സന്ദേശം..
    അകക്കണ്ണ് തുറക്കാട്ടെ ഏവരും..!

    ReplyDelete
  12. നല്ല കഥ ആര്‍ഷ.. ഇഷ്ടായി

    ReplyDelete
  13. കഥ നന്നായി....

    ReplyDelete

  14. ആത്മാക്കള്‍ക്ക് വേറെ വേറെ ലോകമില്ല എന്ന് അറിയാത്ത വിഡ്ഢികള് ! വളരെ വളരെ നല്ല കഥ ! എന്റെ ആശംസകൾ. ‍

    ReplyDelete
  15. ശരീരം വിഢികളുടെ ഈ ലോകത്ത് ഉപേക്ഷിക്കുകയാണ്. സ്നേഹിയ്ക്കുവാൻ മാത്രമ റിയാവുന്നു ആത്മാക്കളുടെ മറ്റൊരു ലോകമുണ്ട് അങ്ങകലെ!

    ReplyDelete
  16. കൊള്ളാം നല്ലത് മനസ്സ് ഇരുത്തി വായിക്കുക

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)