Friday, May 15, 2015

ശവംനാറിപ്പൂക്കളിലൂടെ പറക്കുമ്പോള്‍

ഇല്ല, അടി തെറ്റിയത് എനിക്കല്ല ,കണ്ണിനു
മുന്നിലൂടെ ഒഴുകിയിരുന്ന പച്ചപ്പായലിനാണ്
നോക്കി നോക്കി നില്‍ക്കെയത് നീലയും
ഇരുട്ടുമായ് മാറി താണുതാണു പോയി

അഴലാഴങ്ങളില്‍ നിന്ന് വന്നത് പോലെ ഒരു
'മീന്‍കൊത്തി'യതിന്‍റെ ,പട്ടുനേര്‍ത്ത തല
വെട്ടിച്ചെടുത്തതില്‍ കൂട്ടിനായ് വന്നൊരു
വെള്ളിമീന്‍ ചിരിക്കയായ് കുലുങ്ങി കുലുങ്ങി

എവിടെയോ തട്ടിത്തെറിച്ചു വരുന്നുണ്ട്
ഞാനെന്നില്‍ നിന്ന് പറത്തി വിട്ട ശബ്ദം
ഇരുളിന്‍റെ  ഉന്മാദങ്ങളിലേയ്ക്ക് ചേര്‍ന്നിരി-
-ക്കെന്നെന്നോടൊരു കുഞ്ഞുകല്ലടിത്തട്ടില്‍.

മൂക്കില്‍ നിറയുന്നതിപ്പോഴും പാതിചാരിയ
വാതിലിനുള്ളിലെ വീര്‍ത്തുപൊള്ളിയ പപ്പടം!
'കാച്ചിവെക്കുക , ഞാനൊന്നവിടെ വെയില്‍ കാഞ്ഞു
വരാ'മെന്നോതിയിറങ്ങി പടി ചാരി

അറിഞ്ഞതില്ലീ ഇരുളിന്‍ മുഷിപ്പില്‍ തണുപ്പെ-
-ന്‍റെ ചൂടേറ്റു മായാന്‍  കാത്തിരിക്കുമെന്ന്.
തലയ്ക്കുള്ളിലായ് ചെറു പിറു പിറുപ്പോടെ
 മൂളുന്നതൊരായിരം വണ്ടുകള്‍  ,ശല്യം!
തല കുടഞ്ഞിട്ടും പോകുന്നതില്ലവ,തുറന്ന
ചെവിയിലൂടെ കയറുന്നു വീണ്ടും

പറയാതെ ബാക്കിവെച്ച ചില പരിഭവങ്ങള്‍ ,
കൊടുക്കാനാകാതെ പോയ മധുരചുംബനങ്ങള്‍,
കേള്‍ക്കാന്‍ കൊതിച്ച മറുപാട്ടിന്‍റെയീണം ,
രുചിയിലൂറിയോരമ്മ തന്‍  കയ്യുരുള ....

എല്ലാം മറന്നു വെയ്ക്കയായിവിടെയി-
-ന്നെന്‍റെ ചിരിയുടെ ഓര്‍മ്മയ്ക്കായ് മാത്രം !
ഒഴുകി മറയും മുന്‍പെന്നിലേക്കൊന്നു കൂടി
നോക്കിച്ചിരിക്കട്ടെ , അത്  മാത്രമാകട്ടെ ബാക്കി.

26 comments:

  1. ഇരുളിന്റെ ഉന്മാദങ്ങളിലേയ്ക്ക് ചേരും മുൻപേ,പൊക്കിയെടുക്കുവാൻ ആഴങ്ങളിലേക്ക് ഒരു കൈ നീണ്ടുവരുമായിരിക്കും.
    വളരെ നല്ല വരികൾ.
    തലക്കെട്ടെന്തോ ഒരു ചേർച്ചക്കുറവ് തോന്നി.

    ReplyDelete
    Replies
    1. നന്ദി ജ്യുവല്‍...
      തലക്കെട്ടിനു എന്തോ ഒരു ചേര്ച്ചക്കുറവുണ്ടല്ലേ? , പരിഹരിക്കാം .. ഒന്നൂടി നോക്കട്ടെ.. :) സ്നേഹം :)

      Delete
  2. Replies
    1. സങ്കടമാണോ! :( എഴുത്തിനോടല്ല എന്നാശ്വസിക്കുന്നു/ ആഗ്രഹിക്കുന്നു ഇക്കാ :) നന്ദി

      Delete
  3. അവനനവനെ നോക്കിയുള്ള ചിരിയാണ് ലോകത്തിലെ ഏറ്റവും നല്ല ചിരി....

    നല്ല വരികൾ

    ReplyDelete
    Replies
    1. :) ആ ചിരി നഷ്ടമാകാതിരിക്കട്ടെ മാഷെ.. നന്ദി :)

      Delete
  4. എവിടെയൊക്കെയോ വിതുമ്പുന്നുണ്ട് വാക്കുകള്‍ ...ഒഴുകി മറയും മുമ്പെ സ്വയമോരാത്മഗതം പോല്‍ .....ആശംസകള്‍ !

    ReplyDelete
    Replies
    1. ഒഴുകിമറയും മുന്പ്, നമുക്കിതൊക്കെ പറയാനാകുമോ! നന്ദി ,സ്നേഹം :)

      Delete
  5. പറയാതെ ബാക്കിവെച്ച ചില പരിഭവങ്ങള്‍ ,
    കൊടുക്കാനാകാതെ പോയ മധുരചുംബനങ്ങള്‍,
    കേള്‍ക്കാന്‍ കൊതിച്ച മറുപാട്ടിന്‍റെയീണം ,
    രുചിയിലൂറിയോരമ്മ തന്‍ കയ്യുരുള ....

    ReplyDelete
    Replies
    1. എല്ലാം ഓര്‍മ്മകള്‍! നന്ദി മുരളിയേട്ടാ :) സ്നേഹം

      Delete
  6. എല്ലാം മറന്നു വെയ്ക്കയായിവിടെയി-
    -ന്നെന്‍റെ ചിരിയുടെ ഓര്‍മ്മയ്ക്കായ് മാത്രം ! (Y)

    ReplyDelete
    Replies
    1. അതല്ലേ വേണ്ടത് റയിന്യേ ? :) സ്നേഹംട്ടാ

      Delete
  7. നല്ല വരികൾ ആർഷ .. പലവട്ടം വായിച്ചിട്ടും തിരികെത്തിരികെയെത്തുന്നു.

    ReplyDelete
    Replies
    1. നന്ദി പ്രദീപേട്ടാ.... സ്നേഹം :)

      Delete
  8. ആര്ഷേച്ചി, കലക്കി......

    ReplyDelete
    Replies
    1. നന്ദി അനിയാ :) സ്നേഹം

      Delete
  9. എല്ലാം മറന്നു വെയ്ക്കയായിവിടെയി-
    -ന്നെന്‍റെ ചിരിയുടെ ഓര്‍മ്മയ്ക്കായ് മാത്രം !
    ഒഴുകി മറയും മുന്‍പെന്നിലേക്കൊന്നു കൂടി
    നോക്കിച്ചിരിക്കട്ടെ , അത് മാത്രമാകട്ടെ ബാക്കി.
    മറന്നുവച്ചവ എത്ര മനോഹരമായിരുന്നെന്ന് ഒഴുകിപോകുമ്പോഴാണ് അറിയുക.
    ഗൃഹാതുരത്വം നിറയുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. ഒഴുകിപ്പോകുമ്പോള്‍ മാത്രം സര്‍!
      നന്ദി , സ്നേഹം :)

      Delete
  10. നല്ല വാക്കുകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ :) സ്നേഹം

      Delete
  11. എല്ലാം ഇതിലുണ്ട്. മനസ്സുണ്ട്, ചിന്തകളുണ്ട് , ആഗ്രഹങ്ങൾ ഉണ്ട്, ഓർമ്മകളും ഉണ്ട്. എല്ലാം ഈ വരികളിൽക്കൂടെ കാണാൻ കഴിയുന്നു. ആശംസകൾ

    ReplyDelete
    Replies
    1. ഓര്‍മ്മകളില്‍..സ്നേഹപൂര്‍വ്വം, നന്ദി :)

      Delete
  12. ഒരടുക്കും ചിട്ടയുമില്ലാത്ത പറച്ചിൽ. അടുക്കും ചിട്ടയുമില്ലാതെ മനസ്സിൽ കയറിവരുന്നത് അത് പോലെ പറയുകയാണ്‌ എന്ന് ആശ്വസിയ്ക്കാം. പലതും മനസ്സിലാക്കാൻ പാട്. "മൂക്കിനുള്ളിൽ നിറയുന്നത് വീർത്തു പൊള്ളിയ പപ്പടം " എന്നൊക്കെ പോലെ പലതും. വായനയുടെ കുഴപ്പമായിരിയ്ക്കാം.

    ReplyDelete
    Replies
    1. വീട്ടില്‍ നിന്നിറങ്ങും മുന്‍പ് പപ്പടം പൊള്ളിക്കുകയായിരുന്നു എന്നും, മുങ്ങിത്താഴുമ്പോള്‍ നിറയുന്ന മണം ആ പപ്പടത്തിന്റെത് ആണെന്നും ഉദ്ദേശിച്ചിരുന്നു :( , പക്ഷെ, അത് മനസിലാകാതെ വായനയില്‍ -എഴുത്ത് തോറ്റൂന്നു മനസിലായി :)
      നന്ദി വായനയ്ക്കും, ആത്മാര്‍ത്ഥമായ അഭിപ്രായത്തിനും....

      Delete
  13. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക ശേഷം ആണ് ബ്ലോഗ് നോക്കുന്നത്. ഇവിടെ ആദ്യവും.

    ReplyDelete
    Replies
    1. നന്ദി ഇവിടേക്ക് വന്നതിനും വായിച്ചതിനും... സ്നേഹം :)

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)