Friday, September 26, 2014

ഗാസയില്‍ നിന്ന് ,സ്വപ്‌നങ്ങള്‍ കണ്ടൊരു പെണ്‍കുട്ടി.

മനോഹരങ്ങളായ നാളെകളെ കണ്ടിരുന്നു
ഞാനും -ഇന്നിന്‍റെ രാമയക്കങ്ങളില്‍ !

നാണം മുഖം കുനിച്ചൊരു പ്രണയ-
സമ്മത പതിനെട്ടുകാരിയെ,
അറിവെന്നതറിയാമെനിക്കെന്നു
അഹങ്കരിക്കുമൊരു കറുത്ത തൊപ്പിയെ,
വിയര്‍പ്പ് ചാലിച്ച് സുഗന്ധമേറ്റിയ
മാസാദ്യശമ്പള പൊതികളെ,
ചിരികളും കണ്ണീരും ആശംസയോതുമ്പോള്‍
 അരികിലെത്തും മണിമാരനെ !


ഇന്ന് -ഉറക്കമെന്നത് ഉണര്‍വ്എന്നത്
ഒരു കിനാവിന്‍റെ പകുതിയാണെനിക്ക്
എഴുതി വെക്കുന്നതെന്‍ സ്വപ്നങ്ങളല്ല -
ഇന്നന്തി വരേക്കെന്നെ കാത്തു വെച്ചതിനു ,
നാളെ പുലരുമെന്നൊരു പ്രതീക്ഷ  തന്നതിന്,
പാതി വഴിയില്‍ പറയാതെ അറിയാതെ
പിരിഞ്ഞു പോകുന്നവരുടെ കണ്ണീരിനോപ്പം
നന്ദി മാത്രം കുറിച്ച് വെക്കുന്നു.


എനിക്ക് തന്നെ എഴുതുന്നു ഞാന്‍
'നിനക്ക് സുഖമല്ലേ ' എന്നൊരു ലിഖിതം!
എന്നോട് തന്നെ ചോദിക്കുന്നു ഞാന്‍
'നീ ഉണ്ടോ ജീവനോടിപ്പോഴും '
ഇന്നലെ കളി പറഞ്ഞൊരു കുഞ്ഞനുജത്തി
ഇവിടെയുണ്ടെന്നരികില്‍ ചില്ല് കഷ്ണങ്ങളായി....
അടുത്ത ജനലിനോരം കണ്ടൊരു മുത്തശ്ശി
ഇനി വരില്ലെന്നോതി പറന്നൊരു യന്ത്രപ്പക്ഷി...


നാളെ പുലര്‍ച്ചയില്‍ ഞാനുണ്ടാകാം
വീണ്ടുമൊരു കത്തെഴുതാന്‍ ,
ഇന്നലെ രാത്രി ഞാനുറങ്ങിയെന്നു
എന്നോട് തന്നെ പറയുവാന്‍.
ഒരു പുലരി കൂടി എനിക്ക് വേണ്ടി
ചുമന്നു തുടുത്തുദിച്ചെന്നു കാണാന്‍
കാതോരം പൊട്ടിത്തെറിക്കുന്നത് എന്‍റെ
തന്നെ ചുവപ്പ്  ചോരയല്ലെന്നറിയാന്‍
മോഹമെന്നത് തിരുത്തി എഴുതി
ജീവിതമെന്ന് പറഞ്ഞു പഠിക്കാന്‍
ഞാനിവിടെ ജീവിച്ചിരുന്നു എന്ന്
ദൂരെ ദൂരെ ആരോ അറിയാന്‍ ,
ഓരോ പകലിലും ഓരോ ഇരവിലും
എഴുതുകയാണ് ഞാന്‍ "സുഖമാണിവിടെ " !

14 comments:

 1. 'ഗാസ'യില്‍ നിന്ന് ട്വീടുകളിലൂടെ അറിഞ്ഞിരുന്ന പെണ്കുട്ടിയ്ക്കായി

  ReplyDelete
 2. പിള്ളേർക്ക് വല്ല രസമുള്ള പോസ്റ്റും ഇട്ടുകൂടേ? വെറുതെ  മനസ് വിഷമിപ്പിക്കാൻ  ഓരോ പോസ്റ്റും കൊണ്ട് വരും 

  ReplyDelete
 3. തികച്ചും ഒരു കാര്‍ന്നത്ത്യാരെപ്പോലെ...!
  ഗഹനമായ ജീവിതചിന്തകള്‍..
  കഷ്ടപ്പാടിനിടയിലും"സുഖമാണ്" എന്ന....!!!
  ആശംസകള്‍

  ReplyDelete
 4. ഇതു കേവലം വട്ടുചിന്തകളല്ല - കവിതകൾ പിറവിയെടുക്കേണ്ട വഴിയിലൂടെയാണ് സഞ്ചരിച്ചത്....

  ReplyDelete
 5. ലോകം എന്നും ഇങ്ങിനെയാണ്‌. അധിനിവേശത്തിന്റെ ലോകം.

  ReplyDelete
 6. തല്‍ക്കാലത്തേയ്ക്ക് വെടി നിര്‍ത്തി

  ReplyDelete
 7. ആത്മാര്‍ത്ഥമായി സഹതപിക്കുന്നൊരു ഹൃദയം കാണാനാവുന്നുണ്ട് വരികളില്‍.

  ReplyDelete
 8. വായിച്ചു..... എന്തുപറയാൻ.

  ReplyDelete

 9. 'കറുത്ത തൊപ്പി' എന്ന പ്രയോഗം?

  //എനിക്ക് തന്നെ എഴുതുന്നു ഞാന്‍...

  ആ ഖന്ണിക വളരെ നന്നായി..

  ReplyDelete
 10. ഒരു പുലരി കൂടി എനിക്ക് വേണ്ടി
  ചുമന്നു തുടുത്തുദിച്ചെന്നു കാണാന്‍
  കാതോരം പൊട്ടിത്തെറിക്കുന്നത് എന്‍റെ
  തന്നെ ചുവപ്പ് ചോരയല്ലെന്നറിയാന്‍
  മോഹമെന്നത് തിരുത്തി എഴുതി
  ജീവിതമെന്ന് പറഞ്ഞു പഠിക്കാന്‍
  ഞാനിവിടെ ജീവിച്ചിരുന്നു എന്ന്
  ദൂരെ ദൂരെ ആരോ അറിയാന്‍ ,
  ഓരോ പകലിലും ഓരോ ഇരവിലും
  എഴുതുകയാണ് ഞാന്‍ "സുഖമാണിവിടെ " !

  ReplyDelete
 11. Thanks for sharing this wonderfull information with us...
  I appreciate it greatly!...

  School Uniform Manufacturer India

  ReplyDelete
 12. വേര്‍പാടുകളുടെ അസഹ്യമായ ഹൃദയ വേദനകള്‍ വരികളില്‍ ഉടനീളം വായിക്കുവാന്‍ കഴിയും .വ്യാകുലതകളും വേവലാതികളും, ഇല്ലാതെ ഉറങ്ങുവാന്‍ കഴിയാതെ പോകുന്നവരുടെ ജീവിത യാത്ര ഏതാനും വരികളിലൂടെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞു ആശംസകള്‍

  ReplyDelete
 13. എനിക്ക് തന്നെ എഴുതുന്നു ഞാന്‍
  'നിനക്ക് സുഖമല്ലേ ' എന്നൊരു ലിഖിതം!
  എന്നോട് തന്നെ ചോദിക്കുന്നു ഞാന്‍
  'നീ ഉണ്ടോ ജീവനോടിപ്പോഴും '
  ഇന്നലെ കളി പറഞ്ഞൊരു കുഞ്ഞനുജത്തി
  ഇവിടെയുണ്ടെന്നരികില്‍ ചില്ല് കഷ്ണങ്ങളായി....
  അടുത്ത ജനലിനോരം കണ്ടൊരു മുത്തശ്ശി
  ഇനി വരില്ലെന്നോതി പറന്നൊരു യന്ത്രപ്പക്ഷി...------ കൂടുതല്‍ ഇഷ്ടമായ ഭാഗം ,, ആശംസകള്‍ അര്‍ഷ

  ReplyDelete
 14. പരസ്പരം ജീവിച്ചിരിപ്പുണ്ട് എന്നുള്ള പ്രതീക്ഷ പങ്കു വെയ്ക്കുകയാണ് ഓരോ ശ്വാസവും ഓരോ പരിചയവും കാണുന്നില്ലെങ്കിലും നല്ല കവിത ഗാസ പലെസ്ടിനിൽ മാത്രമല്ല ലോകത്തെല്ലയിടവും ഉണ്ട്

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)