Thursday, August 14, 2014

ഒരു മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയ കഥ

ഓണം ഇങ്ങെത്തും മുന്‍പേ എന്താണീ മാമ്പഴപ്പുളിശ്ശേരിടെ ഒരു ഹിക്ക്മത്ത് എന്ന് നിങ്ങള്‍ ചിന്തിച്ചില്ലേ  -അത് തന്നെയാണ് ഈ മാമ്പഴപ്പുളിശ്ശേരി കഥ.

 കണ്ണുള്ളപ്പോള്‍ കാഴ്ച്ചയുടെ വിലയറിയില്ല എന്ന് പറഞ്ഞത് പോലെ പല കാര്യങ്ങളും നഷ്ടം ആകുമ്പോഴാണ് , ഇങ്ങനെ ഒന്നുണ്ടായിരുന്നല്ലോ എന്ന് നമ്മില്‍ പലരും ഓര്‍ക്കുക (ഞാനുള്‍പ്പെടെ) .  കാത്തു കാത്തിരിക്കുന്നോരമ്മ , മൌനത്തിലൂടെ ധൈര്യമായി കൂടെയുണ്ടായിരുന്ന അച്ഛന്‍ , എന്തിനും ആത്മവിശ്വാസമായ് ഒരു സുഹൃത്ത്.. അങ്ങനെ പലരും , പലതും.. സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്നതാകാം , കാണാന്‍ സാഹചര്യവശാല്‍ കഴിയാത്തതാകാം .പക്ഷെ, നമുക്ക് എല്ലാര്‍ക്കും ഉണ്ട് അങ്ങനെ ചിലര്‍/ചിലത്.

അങ്ങനെ ഒന്നാണോ എനിക്ക് രാജ്യസ്നേഹം എന്ന് ഈ പോസ്റ്റ്‌ വായിച്ചാല്‍ ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം :D . അല്ല എന്നുള്ള ഉറച്ച മറുപടിയില്‍ പക്ഷെ പറയാനുള്ളത് മറ്റു ചിലത് കൂടിയാണ്! ഇന്ത്യ എന്ന എന്‍റെ സ്വന്ത രാജ്യത്ത് -കേരളം എന്ന എന്‍റെ മനോഹര തീരത്ത് അല്ലാതെ , ഒരു വിദേശ രാജ്യത്ത് ജീവിക്കുന്നതിനാല്‍ ക്രിക്കറ്റ്‌ കളി കാണുമ്പോള്‍ മാത്രമല്ലാതെയും ചിലപ്പോഴൊക്കെ ആ പറഞ്ഞ വികാരം വരാറുണ്ട് . ചിലയിടങ്ങളില്‍-അപൂര്‍വം ചില കടകളില്‍- വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ ഉയര്‍ത്തിയിട്ടുണ്ട് ഇവിടെ. നമ്മുടെ രാജ്യത്തില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ ദേശീയ പതാക വീടിനു മുന്നിലും, പാര്‍ക്കിലും, കടകളിലും ഒക്കെ പാറിപ്പറക്കുന്നത് സാധാരണയാണ്. ഇവിടെ ദേശീയപതാകയിന്‍മേല്‍ അത്തരം നിഷ്കര്‍ഷകള്‍ ഒന്നുമില്ല എന്നാണ് എനിക്ക് തോന്നാറ് , ചിലരുടെ വീടിനു മുന്നിലെ പുല്‍ത്തകിടിയില്‍ ചെറിയ ചെറിയ US ഫ്ളാഗ്സ് നല്ല ഭംഗിയില്‍ അലങ്കരിച്ചു കുത്തി വെച്ചിട്ടുണ്ടാകും. സ്ഥിരമായി ഇങ്ങനെ കാണുന്നത് കൊണ്ട്  കുഞ്ഞിനു ഏത് പതാകയും ഫ്ലാഗ് ആണ്  , ദേശീയ പതാകയോട് ആദരവ് ഉണ്ടാകട്ടെ എന്ന വിചാരത്തില്‍ സല്യുട്ട് ചെയ്യാനും പഠിപ്പിച്ചിട്ടുണ്ട്. അവന്‍ ഒരു വഴക്കം പോലെ കടയില്‍ പോയാലും, വഴിയില്‍ കണ്ടാലും , പാര്‍ക്കില്‍ കണ്ടാലും ഒക്കെ ഓരോ സല്യുട്ട് മൂഡനുസരിച്ചു ചിരിച്ചും, ഉറക്കെയും, കൊഞ്ചിയും ഒക്കെ കൊടുക്കാറുമുണ്ട് . 

ഈയിടെ ഒരു കടയില്‍ പോയപ്പോള്‍ ഇന്ത്യന്‍ പതാക അവിടെ പാറിപ്പറക്കുന്നു - കണ്ടപ്പോള്‍ സത്യത്തില്‍ എന്തോ ഒരു സന്തോഷം തോന്നി, വെറുതെ വെറും വെറുതെ ....  സാധനങ്ങള്‍ തിരഞ്ഞു പിടിക്കല്‍ എന്‍റെ ജോലിയും, കട മുഴുവന്‍ ഓടി നടന്നു കളിക്കല്‍ അച്ഛന്‍റെയും മകന്‍റെയും ജോലി ആയതിനാല്‍ രണ്ടു കൂട്ടരും അത് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ്,  മൂന്ന് വയസുകാരന് മനസിലാകും എന്ന് കരുതിയല്ല -എങ്കിലും "കുഞ്ഞുസേ  ഇതാണ് നമ്മുടെ ഇന്ത്യന്‍ ഫ്ലാഗ് ട്ടാ , നമ്മുടെ രാജ്യമാണ് ഇന്ത്യ" എന്നൊക്കെ അച്ഛന്‍ പറഞ്ഞു കൊടുക്കുന്നത് കേട്ടത്.  മോനുസും നല്ല ഇന്റെരെസ്റ്റില്‍ തല കുലുക്കി - "ഓഓഓഒ " എന്ന് നീട്ടി മൂളി, അതിശയവും കൌതുകവും കലര്‍ത്തി കണ്ണും മിഴിച്ചു നോക്കി നിന്നു . പോരുന്ന പോക്കില്‍ നല്ലോരസ്സല്‍ സല്യുട്ട് കൊടുക്കാനും അവന്‍  മറന്നില്ല. 

അത് കഴിഞ്ഞു ഒന്നൊന്നര ആഴ്ച ആയിരിക്കുന്നു -ഇതിനിടയില്‍ ഇന്ത്യ ഫെസ്റ്റ് എന്നൊരു ആഘോഷം ഇവിടെ ഓഗസ്റ്റ്‌ പതിനാറിന് നടക്കുന്നുണ്ട്, അതിനു സുഹൃത്തുക്കള്‍ "ജന-ഗണ-മന "  പരിശീലിക്കുന്നത് കേട്ടപ്പോഴും ചെറുതല്ലാത്ത സന്തോഷം തോന്നി. അങ്ങനെ ആകെ മൊത്തം ദേശീയ സ്നേഹത്തില്‍ മുങ്ങി കുളിച്ചു നില്‍ക്കുവാണ് ഞങ്ങളുടെ വീട്! ഇന്നലെ ഉച്ചയ്ക്ക് മോന്‍  കളിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അടുത്തിരുന്നു fb തുറന്നു നോക്കിയത്. ആരുടെയോ സ്റ്റാറ്റസ് അപ്ഡേറ്റ് കാര്യായി വായിച്ചു കൊണ്ടിരിക്കുകയാണ് -പെട്ടെന്നൊരു കുഞ്ഞിവിരല്‍  നേരെ മോണിട്ടറിലേക്ക് "അമ്മാ, ഇന്ത്യന്‍ ഫ്ലാഗ് !! " - ആശ്ചര്യം ആണോ സന്തോഷാണോ അഭിമാനാണോ തോന്നിയത് എന്നെനിക്ക്  ഇപ്പോഴും അറിയില്ല . പക്ഷെ, മൂന്നു വയസുകാരന്‍ കാണിച്ചത് ശരിയായിരുന്നു , സൈഡ് ലൂടെ സ്ക്രോള്‍ ചെയ്ത് പോയതില്‍ ആരുടെയോ പ്രൊഫൈല്‍ പിക്ചര്‍ നമ്മുടെ ദേശീയ പതാക  ! :) അതാരുടേത് എന്ന് ഞാന്‍ പറയുന്നില്ല -പക്ഷെ, നന്ദി സൌഹൃദമേ!! ഒത്തിരിയൊത്തിരി സന്തോഷം....  ഓഗസ്റ്റ്‌ 15 നു മാത്രം തോന്നുന്ന വികാരം ആണോ സ്വാതന്ത്ര്യ ദിനം എന്ന് ചോദിക്കുന്നവരോട് അല്ലേ അല്ല -എന്നുമുള്ള വികാരം തന്നെ , പക്ഷെ നമ്മുടെയൊക്കെ ജന്മ ദിനം ആണ്ടിലൊരിക്കല്‍ നമുക്ക് ഇഷ്ടമുള്ളവര്‍ പ്രിയപ്പെട്ടവര്‍ ആഘോഷിക്കുന്നത് പോലെ നമുക്കും നമ്മുടെ ജന്മഭൂമിയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാം . അമ്മയോട് ചെറിയ പിണക്കം ഇല്ലാത്ത മക്കളുണ്ടോ, അമ്മയോട് പരിഭവം തോന്നാത്ത മക്കളുണ്ടോ, അമ്മയോട് ദേഷ്യപ്പെടാത്ത മക്കളുണ്ടോ -ഉണ്ടാകാം ട്ടാ, പക്ഷേ ഞാന്‍ എന്‍റെ അമ്മയോട് പരിഭവിക്കാറുണ്ട് , പിണങ്ങാറുണ്ട്, ചിലപ്പോഴൊക്കെ  ദേഷ്യപ്പെടാറുമുണ്ട് ണ്ട്, ണ്ട് ,ണ്ടേ ണ്ട് !!! എന്നാലോ എത്ര പിണക്കത്തിലും തിരികെ ചെന്ന് കയറാം എന്നുറപ്പുള്ള ഇടമാണ് എനിക്ക് അമ്മയുള്ളിടം - എന്‍റെ രാജ്യം പോലെ! 

ഹാ, കഥ പറഞ്ഞു കാട് കയറി -ഇതിലെവിടെ മാമ്പഴ പുളിശ്ശേരി എന്ന് നിങ്ങള്‍ ചിന്തിച്ചില്ലേ? അതാണ് !! നല്ല പാതിയുടെ (better half ) ജോലി സ്ഥലത്ത് നമ്മുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു ഇന്ന്  - എല്ലാവരും കൂടി അവരവരുടെ തനതായ വിഭവങ്ങള്‍ ഉണ്ടാക്കി കൊണ്ട്വന്ന് , ഒരുമിച്ചു കൂടി കഴിച്ച് അങ്ങനെ ഒരു സുഖകരമായ ദിനം ആകണം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം എന്ന് ടീം അംഗങ്ങള്‍ തീരുമാനിച്ചു. ഇന്നലെ വൈകുന്നേരം വരെ എന്‍റെ ചിന്ത അവിയല്‍ഉണ്ടാക്കാം എന്നായിരുന്നു, കാരണം  - കേരളം എന്ന് നമ്മുടെ നോര്‍ത്ത്ഇന്ത്യന്‍ സുഹൃത്തുക്കളോട് പറഞ്ഞാല്‍ അപ്പോള്‍ ചോദിക്കും , "മലബാര്‍ അവിയല്‍ റൈറ്റ്? " മാത്രവുമല്ല പല  ഭാഷ പറഞ്ഞു , പല ജീവിത രീതികള്‍ പിന്തുടര്‍ന്ന്,  പല ഭക്ഷണം കഴിച്ച് കഴിയുന്ന നമ്മളെല്ലാം കൂടി ചേര്‍ന്നാണ് ഇന്ത്യ എന്ന ഒറ്റ വികാരം ഉണ്ടാക്കുന്നത്  - ശരിക്കുമൊരസ്സല്‍ അവിയല്‍!  എന്നാലോ - ഇന്നിവിടെ ഈ  രാജ്യത്തിരുന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് തോന്നി , നമ്മള്‍ നല്ലൊന്നാന്തരം മാമ്പഴ പുളിശ്ശേരി ആണെന്ന് . എരിവും, പുളിയും, മധുരവും ഒക്കെ സമാസമം അലിഞ്ഞിറങ്ങിയ എല്ലാ രുചിയും  ഒന്നൊന്നായി  തിരിച്ചറിയുന്ന എന്നാല്‍ ഒന്നില്‍ നിന്ന് ഒന്ന്  വേര്‍തിരിച്ചറിയാന്‍ ആകാത്ത ഒരു ഉഗ്രന്‍ മാമ്പഴ പുളിശ്ശേരി! :) അതാണ് ഈ ഇന്ത്യന്‍ മാമ്പഴപ്പുളിശ്ശേരി - Enjoy ! ജന്മ ദിനാശംസകള്‍ :)



27 comments:

  1. ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം...!
    മാമ്പഴപ്പുളിശേരി എന്ന് കേട്ടാലോ തിളയ്ക്കണം കൊതി നമുക്ക് ഞരമ്പുകളില്‍....

    ReplyDelete
  2. മാമ്പഴ പുളിശ്ശേരി ഉഗ്രന്‍ ഒക്കെ തന്നെ.
    ഇവിടെ ഉണ്ടാക്കിയ മാമ്പഴ പുളിശ്ശേരി ഉഗ്രനാണോ എന്നാണ് അറിയേണ്ടത്.

    ReplyDelete
  3. മാമ്പഴപ്പുളിശ്ശേരിയിലെ ദേശസ്നേഹം നന്നായി ട്ടോ ആർഷാ .... :)

    ReplyDelete
  4. ഉം ,സത്യത്തിൽ വായിച്ച്‌ തുടങ്ങിയപ്പോൾ ആർഷയെ ,ഒരു അവിയിൽ പരുവമാക്കാൻ തോന്നി,ദേശിയ വികാരവും മാമ്പഴപുളിശ്ശേരിയും തമ്മിൽ എന്ത്‌ ബന്തമേന്നോർത്ത്‌

    ReplyDelete
  5. മാമ്പഴപുളുശ്ശേരി അമ്മ അസ്സലായി ഉണ്ടാക്കും..
    ഉണ്ടാക്കി തരുമോ എന്ന് ചോദിക്കട്ടെ :)
    അവിയലിനേക്കാൾ കടലയും ചേനയും തേങ്ങയും നല്ല വെളിച്ചെണ്ണമയവുമുള്ള കൂട്ടുകറിയാണ് ഇഷ്ടം.

    കുഞ്ഞൂസിനും അമ്മയ്ക്കും അച്ഛനും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു..

    ReplyDelete
  6. മാമ്പഴ പുളിശ്ശേരിക്ക് നല്ല രുചിയിണ്ട്,,,

    ReplyDelete
  7. മിനി പി.സിAugust 15, 2014 at 1:22 AM

    ആര്‍ഷൂ............................... എന്ത് രുച്യാ ഈ മാമ്പഴപുളിശേരിയ്ക്ക് ! ഉടനെ ഉണ്ടാക്കാന്‍ തോന്നണു ...പക്ഷെ മാമ്പഴം .............................!

    ReplyDelete
  8. എരിവും,പുളിയും,മധുരവും എല്ലാം സമാസമം ചേര്‍ന്ന കൂട്ട്‌!
    അതാണ്‌ ഇന്ത്യന്‍ സംസ്കാരം.
    നന്നായിരിക്കുന്നു മാമ്പഴപുളിശ്ശേരി വിശേഷം.
    ആശംസകള്‍

    ReplyDelete
  9. നല്ല രസികന്‍ പുളിശ്ശേരി ...
    സ്വാതന്ത്ര്യദിനാശംസകള്‍ കേട്ടോ..

    ReplyDelete
  10. അമ്മയോട് മാത്രമേ പിണങ്ങാൻ പറ്റൂ .
    അമ്മക്ക് മാത്രമേ ഇങ്ങോട്ട് വന്നു നന്നാവാൻ പറ്റൂ

    ReplyDelete
  11. ഇത് വായിച്ചോണ്ടിരിക്കുമ്പോ ബാക് ഗ്രൌണ്ടില്‍ നിന്നൊരു പാചകവിധി!!!!!!!!! കൊള്ളാട്ടോ!

    ReplyDelete
  12. ഭാരതത്തിൽ തന്നെ താമസിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ദേശസ്നേഹം ഒന്നും മേമ്പൊടി ഇല്ലാതെ തന്നെ, മാമ്പഴക്കാലം വന്നാൽ എല്ലാ ദിവസവും രണ്ടു നേരം വീതം കഴിക്കുന്ന സാധനം . കൊതിയൂറുന്നു പടം കണ്ടിട്ടു തന്നെ

    ReplyDelete
  13. മാമ്പഴപ്പുളിശ്ശേരിയിലും അവിയലിലും ഇത്രയും ദേശീയത ഉണ്ടായിരുന്നല്ലേ..?!!
    എന്തായാലും കലക്കി.. :)

    ReplyDelete
  14. അവിയലും മാമ്പഴപ്പുളിശ്ശേരിയും നമ്മുടെ നാടും ഇഷ്ടപ്പെടുന്നവർക്ക് ഓണവും സ്വാതന്ത്ര്യദിനവുമുണ്ട്.
    എല്ലാ ദിവസവും അങ്ങനെയായിരിക്കട്ടെ എന്ന് ആശംസിക്കുന്നു... :)

    ReplyDelete
  15. ഞങ്ങൾ മലബാർ രാജ്യത്തുള്ളവർക്ക് തിരുവിതാംകൂർ-കൊച്ചി തുടങ്ങിയ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള പുളിശേരി എന്ന ഏർപ്പാട് അത്ര പരിചിതമല്ല. തിരുവിതാംകൂറിലെ അവിയലും ഞങ്ങളുടെ അവിയലും രണ്ടാണ്.

    ചുരുക്കത്തിൽ ഒരേ ദേശത്ത് പല രാജ്യങ്ങളുള്ള ഒരേ ഒരു നാടും നമ്മുടേത്....
    സംസ്കാരങ്ങളുടെ ഈ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യയെന്ന കൊടിക്കീഴിൽ നാം ഒന്നാവുന്നു എന്നതാണ് നമ്മെ നമ്മളാക്കുന്നത്. നമ്മുടെ അഭിമാനവും അതുതന്നെ .....

    ReplyDelete
  16. മാമ്പഴ പുളിശ്ശേരി നന്നായിരിക്കുന്നു .മലയാളി fm ഞാനിപ്പഴാ കണ്ടത് . വായിച്ചോണ്ടിരിക്കുമ്പോ ആരൊക്കെയോ സംസാരിക്കുന്നു .ആദ്യം ഒന്നും മനസിലായില്ല .പിന്നല്ലേ കണ്ടത് .സംഗതി കൊള്ളാട്ടോ .

    ReplyDelete
  17. ഞാനിതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഒന്നുണ്ടാക്കി നോക്കണം അത്രയ്ക്ക് രസായിട്ടല്ലേ മാമ്പഴ പുളിശ്ശേരി ഇവിടെ ഉണ്ടാക്കിയേക്കണേ..... ഇഷ്ടായിട്ടോ

    ReplyDelete
  18. വെറും ഒരു പാചകക്കുറിപ്പ്‌ മാത്രമാണെന്നു കരുതി അലസമായാണ്‌ വായിച്ചു തുടങ്ങിയത്‌...

    അന്നം തരുന്നതാണെങ്കിലും ഒരന്യരാജ്യത്തിന്റെ പതാക കണ്ടു തഴമ്പിച്ച കണ്ണുകള്‍ക്ക്‌ അപ്രതീക്ഷിതമായി ലഭിച്ച ഇന്‍ഡ്യന്‍ പതാകയുടെ ദര്‍ശനസൗഭാഗ്യം.നെറ്റില്‍ മകന്‍ അതു തിരിച്ചറിയുന്നു എന്നു മനസ്സിലാക്കിയ നിമിഷത്തിലെ നിര്‍വൃതി...ആത്മാഭിമാനത്താല്‍ ജ്വലിയ്ക്കുന്ന പ്രവാസിമനസ്സിന്റെ ധന്യത..എല്ലാം കൃത്യമായി വയിച്ചെടുക്കാന്‍ കഴിയുന്നു....

    സ്വാതന്ത്ര ദിന വേളയില്‍ വളരെ എളുപ്പമൊരുക്കാവുന്ന അവിയലിനുമുതിരാതെ പ്രവാസി മനസ്സിലെ എരിവും പുളിയും മധുരവുമൊക്കെ സമാസമം ചേര്‍ത്തൊരുക്കിയ ഒരു ഒന്നാംത്തരം പുളിശ്‌ശേരിയൊരുക്കി വിളമ്പി ഈ പോസ്റ്റിലൂടെ...നന്ദി....അഭിനന്ദനങ്ങള്‍.

    ReplyDelete
  19. ചേച്ചിയുടെ മാമ്പഴ പുളിശ്ശേരി കഴിച്ചിട്ടാണെന്ന് തോന്നുന്നു പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നത് .. എനിക്ക് ഇഷ്ടായി കൊള്ളാം

    ReplyDelete
  20. മാമ്പഴപ്പുളിശ്ശേരി കീ ജയ്‌

    ReplyDelete
  21. കൊതിപ്പിച്ചു കളഞ്ഞു.. :)

    ReplyDelete
  22. കുറിപ്പ് കൊള്ളാം. വായിച്ചുതുടങ്ങിയപ്പോൾ ഇതിലെവിടെ മാമ്പഴപുളിശ്ശേരി എന്ന് തോന്നി. പിന്നെ മനസ്സിലായി ഇത് സ്വാതന്ത്ര്യത്തിലും ദേശ സ്നേഹത്തിലും പൊതിഞ്ഞ ഒന്നാണന്ന്.
    (പട്ടേപ്പാടം റാംജി:എന്തു ചെയ്യാം...ഇതു കഴിച്ചവരെ ആരെയെങ്കിലും ഒന്നുകിട്ടിയിരുന്നെങ്കിൽ...:))

    ReplyDelete
  23. ഞാന്‍ കഴിച്ചിട്ടുണ്ട് മാമ്പഴപ്പുളിശ്ശേരി...

    ReplyDelete
  24. ഭാരതമാതാ കീ ജയ് !! ചേനയുടെ പേരെഴുതിയിട്ട് ആനക്കാര്യമാണല്ലോ പറഞ്ഞത് ?നന്നായി എഴുതി... പിന്നെ , എനിക്ക് മാമ്പഴപ്പുളിശ്ശേരി ഇസ്ടല്ല... പ്രത്യേകിച്ചും അതിന്റെ മധുരം... എനിക്ക് അവിയല്‍ ആണ് ഇഷ്ട്ടം :)

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)