Thursday, February 20, 2014

മഴവില്ല് വിരിയുന്ന നാട് - പാര്‍ട്ട്‌ I

കുഞ്ഞിലെ വായനയിലൂടെ പലയിടങ്ങളിലേക്ക് പോയിട്ടുണ്ട് - 1001 രാവുകളിലൂടെ അറബിനാടും, വിക്രമാദിത്യന്‍ കഥകളിലൂടെ ഉജ്ജയനിയും, കുട്ടികളും കളിതോഴരിലൂടെ റഷ്യയും, ടോട്ടോച്ചനിലൂടെ ജപ്പാനും, പിന്നെ പൊറ്റക്കാടിലൂടെ അറിയാത്ത സംസ്കാരങ്ങളും, രാജ്യങ്ങളും ഒക്കെ ..... ഒടുവില്‍ സ്വപ്നങ്ങളില്‍ ഇതിലെല്ലായിടത്തും ഞാനും പോയതായി സ്വപ്നം കാണും - പക്ഷെ ചിലവ സ്വപ്നം കാണുന്നതിനും അപ്പുറത്തായിരുന്നു - മഴവില്ല് വിരിയുന്ന ചിലയിടങ്ങള്...‍! ഏതോ ഒരു പഴയ സൂപ്പര്‍മാന്‍ ചിത്രത്തിലാണ് ആ സ്ഥലത്തിന്‍റെ മനോഹാരിത ആദ്യമായി കണ്ടത് (വാക്കുകളിലൂടെ അല്ലാതെ ). കാണാന്‍ കഴിയാത്ത ലോകാത്ഭുതങ്ങളില്‍ ഒന്ന് എന്ന് കരുതി ആ സിനിമയില്‍ അത്ഭുതപ്പെട്ട് കണ്ണും മിഴിച്ചു നോക്കിയിരുന്നു.... ഇന്ന് , സ്വപ്നം കാണാന്‍ പോലും മടിച്ചിരുന്ന അവിടേക്ക് ഞങ്ങള്‍ പോകുന്നു - മഴവില്ലുകള്‍ കാണാന്‍ - നയാഗ്രയിലേക്ക് !!! (കൌതുകം കൊണ്ട് കണ്ണ് മിഴിഞ്ഞ ഒരു കുഞ്ഞിപ്പെണ്ണിനെ എനിക്ക് തന്നെ കാണാം !! ) . അതെ നയാഗ്രയിലേക്ക് തന്നെ .

(നയാഗ്ര വെള്ളച്ചാട്ടം - observatory tower view )ഞങ്ങളുടെ താമസ സ്ഥലത്ത് നിന്നും ഏകദേശം 12 മണിക്കൂര്‍ കാര്‍ ഡ്രൈവ് ഉണ്ട് നയാഗ്രയിലേക്ക് എത്തിപ്പെടാന്‍ . ഡ്രൈവ് ചെയ്യാന്‍ മടിയുള്ള ഭര്‍ത്താവും, അത്രയും നേരം ഒരേയിരിപ്പ് ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ഞാനും , കാര്‍ സീറ്റില്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഇരുന്നാല്‍ കരഞ്ഞ് അനിഷ്ടം പ്രകടിപ്പിക്കുന്ന കുഞ്ഞും  ഏതാണ്ടിതേ മാനസികാവസ്ഥയുള്ള സുഹൃത് കുടുംബവും ആദ്യമേ തന്നേ ആ ഐഡിയയെ തള്ളിക്കളഞ്ഞു. മാത്രവുമല്ല ഇത്രയും ദൂരം കാര്‍ ഡ്രൈവ് ചെയ്തു പോയിട്ട് പിന്നെ കാഴ്ച കാണാനുള്ള ഊര്‍ജ്ജം ഞങ്ങളില്‍ അവശേഷിക്കുമോ എന്ന നല്ല സംശയവും ഉണ്ടായിരുന്നു.
 വിമാനയാത്രയുടെ കാര്യം നോക്കിയപ്പോള്‍ നയാഗ്രയുടെ വീഡിയോ വീട്ടില്‍ ഇരുന്നു കണ്ടാല്‍ പോരെ എന്ന് ഭര്‍ത്താവ് ഒരു ചോദ്യം.  ഞങ്ങളുടെ ഭാഗ്യത്തിന് ചിക്കാഗോയില്‍ നിന്ന് നയാഗ്ര ഉള്‍ക്കൊള്ളുന്ന സിറ്റിയിലേക്ക്  (buffalo city - ഇതിനെ നിങ്ങള്‍ എങ്ങനെ വേണേലും വായിച്ചോളൂ ) ട്രെയിന്‍ ഉണ്ടെന്നു അന്വേഷണത്തില്‍ അറിഞ്ഞു, ചിക്കാഗോ ഞങ്ങള്‍ക്ക് ഒന്നര മണിക്കൂര്‍ ദൂരമേ ഉള്ളൂ മില്‍വാക്കിയില്‍ നിന്നും . പിന്നൊന്നും ആലോചിച്ചില്ല, "ചലോ ചിക്കാഗോ ".

(മില്‍വാകീ  ആംട്രാക്ക്  സ്റ്റേഷന്‍ )


(ചിക്കാഗോ സ്റ്റേഷന്‍ ) 

ചിക്കാഗോയില്‍ നിന്ന് ബഫാലോ സിറ്റി വരെ രാത്രി യാത്രക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനിരിക്കുമ്പോള്‍  മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിരുന്നു - ഇന്ത്യയിലെ തന്നെ ട്രെയിന്‍ യാത്രകളുടെ ഒരു ആരാധിക ആണ് ഞാന്‍. ഇപ്പോഴും ഏറ്റവും  ഇഷ്ടമുള്ള 2 വാഹനങ്ങള്‍ തീവണ്ടിയും ഓട്ടോ റിക്ഷയും ആണ്. നാട്ടിലെ AC കോച്ചില്‍ ഒന്ന് രണ്ടു തവണ ദൂര യാത്ര ചെയ്യാന്‍ ആയിട്ടുണ്ട് - ഗംഭീരം തന്നെ -അപ്പോള്‍ അമേരിക്കയിലെ  ട്രെയിനിലെ ദൂര  യാത്ര അതി ഗംഭീരം ആകുമല്ലോ . ആദ്യമേ തന്നെ ബര്‍ത്ത് എന്നൊരു ഓപ്ഷന്‍ ഉണ്ടോ എന്ന് നോക്കി -ഉണ്ട് ഉണ്ട്, നല്ല റൂം തന്നെയുണ്ട്. പക്ഷെ ചിലവ് നോക്കിയാല്‍ നമ്മള്‍ വിമാനത്തില്‍ പോയി വന്നു ഒരു ചായയും കൂടി കുടിച്ചാലും അതാകും ലാഭം!  ഇവിടുത്തെ ട്രെയിനൊക്കെ ഇത്രേം പത്രാസ് ഉണ്ടെന്നു ഇപ്പോഴാ മനസിലാക്കിയെ .  അങ്ങനെ അതിലെ സീറ്റ്‌ റിസര്‍വിംഗ് എന്ന സാദാ ഓപ്ഷനിലേക്ക് പോയി - കുഞ്ഞിനുള്‍പ്പെടെ  ഓരോ സീറ്റ്‌ റിസര്‍വ് ചെയ്ത് വെച്ചു. എന്നാലും  മനസിലെ പൊട്ടിയ ലഡ്ഡു പിന്നെയും മധുരിച്ചു കൊണ്ടിരുന്നു -രാത്രി യാത്രയിലെ സീറ്റ്‌ അല്ലെ, അതൊരു ബര്‍ത്ത് തന്നെയാകും .


അങ്ങനെ ആ സുദിനം വന്നെത്തി - വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചിക്കാഗോ ട്രെയിന്‍ സ്റ്റേഷനില്‍ എത്തി നമുക്ക് പറഞ്ഞിരിക്കുന്ന ട്രെയിനില്‍ കയറി സീറ്റ്‌ കണ്ടു പിടിച്ചു . ലഡ്ഡു മൊത്തമായി പൊട്ടി താഴെ വീണു -നമ്മുടെ നാട്ടിലെ വോള്‍വോ ബസ്സിലെ സീറ്റ്‌ പോലെയുള്ള ഒരു പുഷ്ബാക്ക് സീറ്റ്‌ ,അതാണ് ഞാന്‍ ഇത്രയും നേരം നിര്‍ത്താതെ സ്വപ്നം കണ്ടത്. രണ്ടു കുടുംബത്തിലും ചെറിയ കുഞ്ഞുങ്ങള്‍ ഉള്ളതിനാല്‍ മുന്‍പിലെ സീറ്റ്‌ കിട്ടിയാല്‍ കൊള്ളാമെന്ന ആവശ്യം അതിലെ കൂടി പോയ ഒരു ചേച്ചി സസന്തോഷം സ്വീകരിച്ച് ഞങ്ങളെ ഏറ്റവും മുന്നിലുള്ള സീറ്റില്‍ കൊണ്ടിരുത്തി. കാലൊക്കെ നീട്ടി വെക്കാം സുഖമുണ്ട് -ഇനിയും  12 മണിക്കൂര്‍ യാത്ര ഉള്ളതല്ലേ അപ്പോള്‍ ഇങ്ങനെയൊരു സീറ്റ്‌ കിട്ടിയത് വളരെ നന്നായി എന്നോര്‍ത്ത് സഹായത്തിനു നന്ദി പറഞ്ഞു അസിസ്റ്റന്റ്‌ ചേച്ചിയെ യാത്രയാക്കി . ലഗ്ഗേജ് ഒക്കെ ഒതുക്കി കയ്യില്‍ കരുതിയ ഭക്ഷണം കഴിച്ചു എല്ലാവരും ഉറങ്ങാന്‍ വട്ടം കൂട്ടി തുടങ്ങി. കുഞ്ഞുങ്ങള്‍ രണ്ടാളും മയങ്ങി തുടങ്ങി. കൃത്യം പത്തു മണിക്ക് എല്ലാ വിളക്കുകളും അണഞ്ഞു -ഞങ്ങളുടെ സീറ്റുകളുടെ തലയ്ക്ക് മുകളില്‍ ഉള്ളത് ഒഴികെ. അത്യാവശ്യം  പ്രകാശത്തില്‍ രണ്ടു ലൈറ്റുകള്‍ മുഖത്തേക്ക് സൂം ചെയ്ത് ഇരിക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍? പിന്നെയും അസിസ്റ്റന്റ്‌ ചേച്ചിയെ തപ്പി പോയി. അപ്പോഴാണ് ഒരു കാര്യം മനസിലായത് നമ്മുടെ നാട്ടിലെ പോലെ തന്നെ വാതിലിനു അടുത്തുള്ള സീറ്റുകള്‍ക്ക് രാത്രി മുഴുവന്‍ ഇങ്ങനെ പ്രകാശം കിട്ടി കൊണ്ടിരിക്കും! ഇനി സീറ്റ്‌ മാറാന്‍ ഓപ്ഷനും ഇല്ല.  കയ്യില്‍ കരുതിയ ചെറിയ ഷാളും , ബ്ലാങ്കറ്റും ഒക്കെ  കണ്ണിലേക്ക് ഇട്ട് ഉറങ്ങാനുള്ള ശ്രമം തുടങ്ങി എല്ലാവരും.

(ട്രെയിനുള്‍ വശം - മോഡലുകള്‍ എന്‍റെ ഭര്‍ത്താവും,മകനും) 

ഉറക്കത്തിന്‍റെ ഹാങ്ങ്‌ ഓവറില്‍ തന്നെ എല്ലാവരും  നേരം വെളുക്കുന്നത് കണ്ടു. എല്ലാ സീറ്റിനു മുകളിലും ഓരോ പേപ്പര്‍ ഒട്ടിച്ചിട്ടുണ്ട് -അത് നമുക്ക് ഇറങ്ങാനുള്ള സ്ഥലപ്പേരാണ്. നമ്മുടെ സ്റ്റേഷന്‍ എത്തുന്നതിനു മുന്പ് ട്രെയിന്‍ അസിസ്റ്റന്റ്‌സ് വന്നു പറയും അടുത്തത് നമ്മുടെ സ്ഥലം ആണെന്ന്. വെളിച്ചം വീണപ്പോള്‍ ആണ് ട്രെയിനിലെ മറ്റു യാത്രക്കാരെ നോക്കിയത്. ലോങ്ങ്‌ വീകെണ്ട് ആയത് കൊണ്ടാകാം ഞങ്ങളെ പോലെ നയാഗ്ര കാണാനിറങ്ങിയ ഇന്ത്യക്കാരാണ് കൂടുതലും . ട്രെയിനിലെ തന്നെ കഫേറ്റെരിയയില് നിന്നും പ്രാതല്‍ കഴിച്ച് തിരികെ എത്തിയപ്പോള്‍ അസിസ്റ്റന്റ്‌ അറിയിപ്പുമായി എത്തി , അടുത്തതു നിങ്ങളുടെ സ്ഥലം ആണ്.  ലഗ്ഗേജ് ഒക്കെ ഒതുക്കി ഞങ്ങള്‍ റെഡി ആയിരുന്നു - നയാഗ്രാ, ഇതാ ഞങ്ങള്‍ വരുന്നു !
ഇറങ്ങുമ്പോഴേ കണ്ണില്‍ പെടുന്നത് buffalo, NY എന്നെഴുതിയ ബോര്‍ഡ് ആണ്. നമ്മുടെ നാട്ടിലെ ഒരു ചെറിയ സ്റ്റേഷന്‍ - അത്രേയുള്ളൂ ഈ സ്ഥലവും.


(buffalo station)

 അടുത്ത് ഇത്രയും വലിയൊരു ടൂറിസ്റ്റ് സ്പോട്ട് ഉണ്ടെന്ന ഒരു അഹങ്കാരവും ഇല്ലാത്ത ഒരു സ്റ്റേഷന്‍ !  ഇവിടെ അടുത്ത് തന്നെയുള്ള ഹോട്ടലിലാണ് മുറി എടുത്തിരിക്കുന്നത്. അവിടെ വരെ പോകാന്‍ ഒരു ടാക്സിക്കുള്ള ശ്രമം തുടങ്ങി , അപ്പോള്‍ പിന്നെയും നമ്മുടെ നാട് ഓര്‍മ്മ വന്നു കാരണം കുറഞ്ഞ ദൂരത്തിലെക്കുള്ള യാത്രക്ക് വരാന്‍ സ്റ്റേഷന്‍ പരിസരത്തുള്ള ആര്‍ക്കും വലിയ താല്പര്യം ഇല്ല! ന്യുയോര്‍ക്ക്‌ ടാക്സികളുടെ നഗരം എന്നാണ് അറിയപ്പെടുന്നത് തന്നെ - എന്നിട്ടും ഞങ്ങള്‍ക്ക് ഹോട്ടലില്‍ വിളിച്ച് അവരുമായി ലിങ്ക് ഉള്ള ടാക്സി ഡ്രൈവറെ വരുത്തേണ്ടി വന്നു.  സാധനങ്ങള്‍ എല്ലാം കയറ്റി ഹോട്ടലിലേക്ക് -പ്ലാന്‍ ഒന്ന് ഫ്രഷ് ആയിട്ട് വെള്ളച്ചാട്ടത്തിനു അടുത്തേക്ക് പോകുക എന്നതായിരുന്നു. പക്ഷെ, സംസാര മദ്ധ്യേ ഡ്രൈവര്‍ അദ്ദേഹത്തിന്‍റെ അടുത്ത ട്രിപ്പ്‌ നയാഗ്രയ്ക്ക് അടുത്ത് നിന്നാണ് , വേറെ ടാക്സി പിടിക്കുന്നതിനെക്കാള്‍ ലാഭത്തില്‍ ഞങ്ങളെ അവിടെ എത്തിച്ചു തരാം  പത്തു മിനിറ്റില്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങണം എന്ന് കേട്ടപ്പോള്‍ , ഒരു ടാക്സി പിടിച്ചതിന്‍റെ ഓര്‍മ്മ ഉള്ളത് കൊണ്ട് വേഗം അതിനു തല കുലുക്കി.

പക്ഷെ, നമ്മുടെ വര്‍ഗ സ്വഭാവം മാറില്ലല്ലോ ... കുഞ്ഞുങ്ങളെ രണ്ടാളെയും ഫ്രഷ്‌ ആക്കി എടുത്തപ്പോള്‍ തന്നെ പറഞ്ഞ പത്തു മിനിട്ടിന്‍റെ കൂടെ പിന്നൊരു പത്തു മിനിട്ടും കൂടി ആയി. ഓടിച്ചാടി വണ്ടിക്ക് അടുത്തെത്തി ഡ്രൈവറുടെ മുഖം കാണുമ്പോഴേ മനസിലായി കക്ഷി മനസില്‍ കരുതിയത് "ദിസ്‌ ബ്ലഡി ഇന്ത്യന്‍സ് " എന്നാണെന്ന്. അക്ഷമനായ ഡ്രൈവറോട് ക്ഷമ പറഞ്ഞു ഞങ്ങള്‍ നയാഗ്രയിലേക്ക് യാത്ര തുടങ്ങി.

22 comments:

 1. വളരെ സന്തൊഷം ഇങ്ങനെ ഓരോരുത്തർ പോകുന്നത് കൊണ്ട് ചെലവില്ലാതെ ഞങ്ങളും ദാ അവിടെ ഒക്കെ പോകുന്നു. അടുത്ത ഭാഗം അധികം വൈകിക്കണ്ടാ ട്ടൊ

  ഭർത്താവിനെയും മോനെയും കണ്ടു. റിഗാഡ്സ് അറിയിച്ചേക്കൂ  :) 

  ReplyDelete
  Replies
  1. അടുത്ത ഭാഗം അധികം വൈകണ്ട എന്ന് കരുതിയിട്ടും വൈകി സര്‍ :(. പക്ഷെ അതിനടുത്ത ഭാഗം ഉടനെ ഉണ്ടാകും :) നന്ദി...
   regards അറിയിച്ചിട്ടുണ്ട്

   Delete
 2. വിവരണം നന്നായി, ചില ചിത്രങ്ങള്‍ക്ക് കുറച്ചു തെളിമ കുറവുണ്ടോ!

  ReplyDelete
 3. അഹങ്കാരമില്ലാത്ത സ്റ്റേഷന്റെ മുന്നിലെത്തിയപ്പോഴേക്കും ലഡുവൊക്കെ തീര്‍ന്നു പോയെന്നു തോന്നുന്നു.
  ആദ്യഭാഗം വളരെ കുഞ്ഞായിപ്പോയില്ലേ എന്നൊരു തോന്നല്‍.
  നന്നായിട്ടുണ്ട് വിവരണങ്ങള്‍.

  ReplyDelete
 4. ഇത് മുന്‍പ് വായിച്ചതായി ഓര്‍ക്കുന്നു. അടുത്ത പ്രാവശ്യം ഇങ്ങോട്ട് കൂടെ വരണേ... നന്ദി ആര്‍ഷ, നയാഗ്രയുടെ മറുഭാഗം കാണിച്ചുതന്നതിന്... :)

  ReplyDelete
 5. വായിച്ചു.വളരെയേറെ സന്തോഷം......
  നന്നായിരിക്കുന്നു വിവരണം.
  തുടരട്ടെ....
  ആശംസകള്‍

  ReplyDelete
 6. ഇത്രയും വേഗത്തിൽ തീർക്കരുത്. പൂർത്തിയാക്കണമെന്ന ഉദ്ദേശ്യമില്ലാതെ ആസ്വദിച്ച് എഴുതുക. എഴുതിയെഴുതി പൂർത്തിയാകുമ്പോൾ പ്രസിദ്ധീകരിക്കുക (പോസ്റ്റ് ചെയ്യുക). എസ്കെ പൊറ്റെക്കാട്ടിന്റെ രചനകളുൾപ്പെടെയുള്ളവയുടെ രീതി അതാണ്‌. ആസ്വദിച്ച് യാത്രചെയ്യുക.... ആസ്വദിച്ച് എഴുതുക. വളരെ ഭംഗിയായിരിക്കും.
  പാർട്ട് II അങ്ങനെയാവട്ടെ...ആശംസകൾ...

  ReplyDelete
 7. യാത്ര വിവരണം ഒരു റേഡിയോ R J യുടെ വാക്ക് ചാതുരിയോടെ അവതരിപ്പിച്ചു നല്ല ചിത്രങ്ങൾ രസകരം പക്ഷെ വാതുക്കൽ കൊണ്ടിരുത്തി ഫോട്ടോയും ഇട്ടു. ഇതെന്താ കുങ്കുമ പൂ സീരിയലോ? ഇഷ്ടം ബാക്കി വരട്ടെ

  ReplyDelete
 8. നയാഗ്രാ യാത്ര വിവരിച്ചത് കൊള്ളാം. തുടരുക

  ReplyDelete
 9. ഇഷ്ട്ടപ്പെട്ടു ............

  ReplyDelete
 10. കണ്ടത് കണ്ടു ബാക്കി ഉള്ളവരെ കൂടി പറഞ്ഞു കൊതിപ്പിക്കാന്‍...

  ReplyDelete
 11. നല്ല വിവരണം...രണ്ടാം ഭാഗം വരട്ടെ... :-)

  ReplyDelete
 12. യാത്രാവിവരണം നന്നായിരിക്കുന്നു..

  ReplyDelete
 13. നല്ല വിവരണം . അവിടെ വന്നു പോയ ഒരു പ്രതീതി. ഒരു സംശയം ചെലവ് ആണോ ചിലവ് ആണോ ശരി @PRAVAAHINY

  ReplyDelete
 14. ടൂറുകള്‍ തകര്‍ക്കുന്നുണ്ടല്ലോ !!
  എന്തായാലും നയാഗ്ര വെള്ളച്ചാട്ടം കാണാന്‍ കഴിയുക എന്നത് ഒരു ചില്ലറ കാര്യമല്ല.
  ഇനി കാഴ്ചാ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.

  ReplyDelete
 15. വന്നു വായിച്ചു അസൂയപ്പെട്ടു . ആശംസകൾ അറിയിക്കുന്നു. നല്ല വിവരണവും ചിത്രങ്ങളും. നന്ദി

  ReplyDelete
 16. ങും.. ഞങ്ങളും കാണൂല്ലോ നയാഗ്ര, കൊണ്ടുപോകത്തില്ല ,,(feeling അദൂസ )

  ReplyDelete
 17. നല്ല വിവരണം ആര്‍ഷ.ചിത്രങ്ങളും നന്നായിരിക്കുന്നു..

  ReplyDelete
 18. പടങ്ങൾക്ക് തെളിമപോരെങ്കിലും എഴുത്തിൽ അസ്സല് തെളിമയുണ്ട് കേട്ടൊ

  ReplyDelete
 19. ഈ പശുക്കുട്ടീം ഒരു സീറ്റിലിരിക്കുന്നുണ്ടായിരുന്നു.. കണ്ടില്ലേ.. ആ അങ്ങനെ ചുളുവില്‍ ഞാനും നയാഗ്രയുടെ പരിസരത്ത് വന്നു കൂടി.. ബാക്കി വരട്ടെ... വേഗം വരട്ടെ..

  ReplyDelete
 20. ശെടാ...
  വായിച്ചു രസിച്ചു വന്നപ്പോഴേയ്ക്കും കഴിഞ്ഞോ..? :(

  ReplyDelete
 21. നയാഗ്ര മുഴുവനായി കാണാൻ പറ്റീല്ലാ. ഫെബ്രുവരിയിൽ പോസ്റ്റ്ചെയ്ത ഈ യാത്രാ വിവരണത്തിൻറെ ബാക്കി എവിടെ? ബ്ളോഗോണർ നീതിപാലിക്കുക.

  ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)