മാമ്മത്ത് ഗുഹകൾ - ലോകത്തിലെ അറിയപ്പെടുന്നതിൽ ഏറ്റവും നീളം കൂടിയ ഗുഹാ ശൃംഖല. പേരില് തന്നെ ഗാംഭീര്യം ഉള്ള ഈ ഗുഹകൾ കാണാൻ പോകുന്നതിനു മുന്പ് ഒരിക്കൽ പോലും ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയില്ല. തൃശ്ശൂർ പൂരത്തിന്റെ ഫോട്ടോ കണ്ടിട്ട് നേരിൽ കാണുമ്പോൾ ഇത്രേ ഉള്ളോ കുടമാറ്റം എന്ന് ചോദിച്ച സുഹൃത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാൻ യാത്രയ്ക്ക് മുന്‍പ് കാതുകൾ മാത്രം തുറന്നു വെച്ച് കണ്ണുകളെ ഞാൻ അടച്ചു വെച്ചു, ഈ മനോഹര കാഴ്ച എന്റെ കണ്ണിലൂടെ മാത്രം കാണാൻ,അറിയാൻ.
തലേ ദിവസത്തെ 6 മണിക്കൂർ കാര് ഡ്രൈവിന്റെ ക്ഷീണം, മതി വരാത്ത ഉറക്കം ഒന്നും എനിക്കോ കൂടെയുള്ളവർക്കോ രാവിലെ എഴുന്നേറ്റു റെഡി ആകാൻ തടസം ആയില്ല. തിരക്കുണ്ടാകും എന്ന് അറിഞ്ഞിരുന്നത് കൊണ്ട് ഒന്നര മണിക്കൂർ ഉള്ള കേവ് ടൂർ ഓണ്‍ലൈൻ ബുക്ക് ചെയ്തിരുന്നു. 9.30 മണിക്കുള്ള ടൂറിനു 9 മണിക്ക് തന്നെ റിപ്പോർട്ട് ചെയ്യണം. മോട്ടലിൽ നിന്നും അര മണിക്കൂർ യാത്രയെ ഉള്ളു, പക്ഷെ അപ്രതീക്ഷിതമായ ചില വളവു തിരിവുകൾ ഞങ്ങളെ കേവ് ടൂർ സംഘാടക സ്ഥലത്ത് എത്തിക്കാൻ കുറച്ചു വൈകി. ഓടിക്കിതച്ചു ചെല്ലുമ്പോഴേ കണ്ടു - ഏകദേശം 22-23 വയസു വരുന്ന മെലിഞ്ഞൊരു സുന്ദരി ഗുഹയിൽ പാലിക്കേണ്ട സുരക്ഷാ നിര്ദ്ദേശങ്ങളും, ക്രമീകരണങ്ങളും വിശദീകരിക്കുന്നു. ആദ്യഭാഗം നഷ്ടം ആയെങ്കിലും ഞങ്ങൾ എല്ലാവരും കാര്യങ്ങൾ ശ്രദ്ധിച്ചു കേള്‍ക്കാൻ തുടങ്ങി. പല രൂപത്തിലും ഭാവത്തിലുമുള്ള കേവ് ടൂറുകൾ ലഭ്യമാണ് -സാഹസികത നിറഞ്ഞ വൈൽഡ് കേവ് ടൂർ, മാമ്മത്ത് പാസ്സേജ് ടൂർ, ഫ്രോസ്സെൻ നയാഗ്ര ടൂർ, ഡിസ്ക്കവറി ടൂർ അങ്ങനെയനങ്ങനെ. ചെറിയ കുട്ടികൾ കൂട്ടത്തില്‍ ഉണ്ടായിരുന്നതിനാൽ അധികം റിസ്ക് ഇല്ലാത്തതും,ഒരുപാട് ദൈര്‍ഘ്യം ഇല്ലാത്തതുമായ ഫ്രോസ്സെൻ നയാഗ്ര ടൂർ ആണ് ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്.
സുന്ദരി പറഞ്ഞ കാര്യങ്ങളിൽ മനസിലായത് -തലയും കാലും സൂക്ഷിക്കുക, ചാടരുത്, ഓടരുത്, കൂട്ടം തെറ്റി പോകരുത്, ഭിത്തിയിൽ വെറുതെ പിടിക്കരുത് -കയ്യോ കാലോ ഉളുക്കിയാൽ ഏറ്റവും അടുത്തുള്ള ആശുപത്രി 24 മൈൽ അപ്പുറമാണെന്ന് കേട്ടതും ഞങ്ങൾ ഇട്ടിരിക്കുന്ന ഷൂസുകളിലെക്ക് പ്രാർഥനയോടെ നോക്കി , കൂട്ടത്തിലോരാളുടെ ചെരിപ്പിലേക്ക് സഹതാപത്തോടെയും.
WNS (white Nose syndrome - വൈറ്റ് നോസ് സിണ്ട്രോം ) എന്ന രോഗം പല ഗുഹകളിലെയും എന്നത് പോലെ മാമ്മത്ത് ഗുഹയിലെയും വവ്വാല്‍ വംശത്തിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ബാക്ക് പാക്കുകള്‍, ബാഗുകള്‍, ഭക്ഷണം,വെള്ളം അല്ലാതെയുള്ള പാനീയങ്ങള്‍ ഇവയൊക്കെ ഒഴിവാക്കാന്‍ നിര്‍ദേശം ഉണ്ടായി. ഒടുവിലായി സുന്ദരി തമാശ പറഞ്ഞു നിർത്തിയത് ഇങ്ങനെ "എന്റെ ശരീരം വെച്ച് നിങ്ങളെ ആരെയും പൊക്കാൻ ആകാത്തതിനാൽ എല്ലാവരും അവനവനെ വീഴാതെ സൂക്ഷിക്കുക".
ഞങ്ങളുടെ ഗ്രൂപ്പിന് പോകാനുള്ള ബസ് എത്തി , ഏകദേശം നാല്‍പ്പതു പേരടങ്ങുന്ന സംഘം 2 ബസ്സുകളിലായി ടൂര്‍ തുടങ്ങുന്ന ഗുഹമുഖത്തെക്ക് യാത്രയായി. കുട്ടികളൊക്കെ കാടിന് നടുവിലൂടെയുള്ള ബസ് യാത്രയില്‍ തന്നെ വല്ലാത്ത ആവേശത്തിലായി. ഏകദേശം പത്തു മിനിറ്റ് യാത്ര ചെയ്ത് ഞങ്ങള്‍ ഗുഹാ കവാടത്തില്‍ എത്തി. അവിടെ ഞങ്ങളെ കാത്ത് വിവരണം തന്ന സുന്ദരിയും(ജാനെറ്റ്), മറ്റൊരു സുന്ദരിയും(അലന്‍). ഇവര് രണ്ടാളും ആണത്രേ ഞങ്ങളെ ഈ ഭീകരന്‍ ഗുഹ ചുറ്റി കാണിക്കുക. ഗുഹയിലേയ്ക്ക് തുറക്കുന്ന ഒരു വാതില്‍ ,അതിനുള്ളിലൂടെ അകത്തേക്ക് കയറിയാല്‍ താഴേക്കു പോകുന്ന പടികള്‍. ഒരാള്‍ക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന പടികളുടെ ഒരു വശത്ത് സ്റ്റീല്‍ കൈപ്പിടികള്‍ ഉണ്ട്. മുഴുവന്‍ സംഘാംഗങ്ങളും ഓരോരുത്തരായി ഗുഹയിലേക്ക് പ്രവേശിച്ചു. ജാനെറ്റ് ഏറ്റവും മുന്നിലും, അലന്‍ ഏറ്റവും പിന്നിലും. രണ്ടാളുടെയും കയ്യില്‍ ഓരോ ടോര്‍ച്ച് ഉണ്ട്, ഗുഹയിലെ പല സ്ഥലങ്ങളിലായി വെച്ചിരിക്കുന്ന ലൈറ്റ് ആവശ്യമുള്ള വെളിച്ചം തരുന്നു.
പുറത്തു അധികം ചൂടറിയിക്കാത്ത മഴയായിരുന്നു, ഗുഹയ്ക്കുള്ളില്‍ മഞ്ഞുകാലത്തിന്റെ തുടക്കത്തിലേത് പോലെ ഒരു സുഖമുള്ള തണുപ്പും. എല്ലാവരും കരുതിയിരുന്ന ജാക്കെറ്റ്, ചെവി മൂടുന്ന തൊപ്പിയൊക്കെ ധരിച്ചു,കുഞ്ഞുങ്ങളെ കൈകളില്‍ എടുത്തു നടക്കാന്‍ തുടങ്ങി.
ഒരു വശത്തെ കൈപ്പിടി പെട്ടെന്ന് തീരും, പിന്നെ മറുവശത്താകും പിടി -വളരെ സൂക്ഷിച്ചു മുന്‍പിലുള്ള ഓരോ പടിയും നോക്കി സാവധാനം ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ഇടയ്ക്ക് ഭിത്തിയില്‍ ചിലന്തി പോലെ ഒരു ജീവി -ജാനറ്റ് പറഞ്ഞു അതാണ് ഗുഹ ചീവിട് -നമ്മുടെ ചീവിടിന്റെ ഒരു സാമ്യവും ഇല്ലാത്ത ഒന്ന് . പുറത്ത് വെച്ച് കണ്ടാല്‍ എട്ടുകാലി ആണെന്ന് തന്നെ തെറ്റിദ്ധരിക്കും. അങ്ങനെ മുന്നോട്ടു നീങ്ങുന്നതിനിടയില്‍ പടികള്‍ തീര്‍ന്നു നിരപ്പായ സ്ഥലത്തേക്ക് എത്തി -ഒരു പാസ്സേജ് . ഒരു ഭാഗം കുത്തനെയുള്ള കുഴി, താഴേക്കു നോക്കിയാലും മുകളിലേക്ക് നോക്കിയാലും ചെറുതായി തല കറങ്ങും. പിന്നെയും കുറച്ചു ദൂരം പടവുകള്‍ ഇറങ്ങുമ്പോള്‍ വെള്ളം മുകളില്‍ നിന്ന് താഴേക്ക് കുറേശ്ശെ പതിക്കുന്ന ഒരിടം കാണാം -അവിടെ കല്ലുകളുടെ രൂപീകരണം അരുവികളുടെ കരയിലുള്ള പാറക്കൂട്ടങ്ങള്‍ പോലെയാണ്.
ഈ ഗുഹ സമുച്ചയത്തിന്റെ ആകെ നീളം കണ്ടു പിടിക്കപ്പെട്ടിരിക്കുന്നത് 400 മൈല്‍ ആണ്. ഉള്ളിലുള്ള വിശാലമായ അറകളും, തുരങ്കങ്ങളും ചേര്‍ന്ന് ഇതിന്റെ മാമ്മത്ത് എന്നാ പേരിനെ അന്വര്‍ത്ഥമാക്കുന്നു. 1816 മുതല്‍ ഈ ഗുഹ സന്ദര്‍ശകരെ വരവേല്‍ക്കുന്നു - പണ്ട് കാലത്ത് ഗുഹയ്ക്കുള്ളില്‍ വെളിച്ചത്തിനായി പലയിടങ്ങളിലും എണ്ണവിളക്കുകള്‍ ഉപയോഗിച്ചിരുന്നു. വളരെ കാലങ്ങള്‍ക്ക് മുന്പ് തദ്ദേശീയരായ ജനങ്ങള്‍ ഗുഹയ്ക്കുള്ളില്‍ നിന്നും ധാതുക്കള്‍ ശേഖരിചിരുന്നതിനെ കുറിച്ച് ആര്‍ക്കിയോളജിക്കല്‍ വിഭാഗം രേഖകള്‍ നല്‍കുന്നു. മഞ്ഞുകാലത്ത് ഈ ഗുഹയ്ക്കുള്ളില്‍ പുറത്തെ തണുപ്പിനേക്കാള്‍ ഊഷ്മളമായ കാലാവസ്ഥയും, ചൂട് കാലത്ത് വളരെ ശീതളമായ കാലാവസ്ഥയും ആണ് -പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു എയര്‍ കണ്ടിഷനര്‍. ചൂട് കാലം തുടങ്ങുമ്പോള്‍ ഈ ഗുഹയിലെ സ്ഥിര താമസക്കാരായ വാവലുകള്‍ പുറത്തേക്കു ഇര തേടി പോകും -മാസങ്ങള്‍ നീളുന്ന ഇര തേടല്‍. തണുപ്പ കാലം തുടങ്ങുമ്പോള്‍ അവ തിരികെ എത്തി നിഷ്ക്രിയാവസ്ഥയില്‍ (ഹൈബെര്‍നേഷന്‍ ) ആകും. ഞങ്ങളുടെ സന്ദര്‍ശനം വേനല്‍ക്കാലത്ത് ആയതിനാല്‍ വവ്വാലുകളെ കാണാന്‍ കഴിഞ്ഞില്ല (ഗുഹ ചീവിടിനെ ഒഴികെ മറ്റൊന്നിനെയും കാണാന്‍ വേനല്‍ക്കാലത്ത് കഴിയില്ല).
ഇനിയോരല്‍പ്പം ഗുഹാ ചരിത്രം-മാമ്മത്ത് ഗുഹകളുടെ ഉത്ഭവം ഏകദേശം 10 മില്യണ്‍ വര്‍ഷങ്ങക്ക് മുമ്പാണെന്ന് പറയപ്പെടുന്നു. 325 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവിടെ ഉണ്ടായിരുന്ന ഒരു കടല്‍ ഏകദേശം 600 ഫീറ്റ് ലൈംസ്റ്റോണ്‍ ഇവിടെ നിക്ഷേപിച്ചു എന്നും, അത് കാലാന്തരത്തില്‍ ഇത് വഴി ഒഴുകിയിരുന്ന ഒരു പുഴയിലെ സാന്‍ട് സ്റ്റോണ്‍ ധാതു അവശിഷ്ടങ്ങള്‍ എന്നിവയാല്‍ പൊതിയപ്പെട്ടു രൂപാന്തരം സംഭവിച്ചാണ് ഈ ഗുഹകള്‍ നിര്‍മ്മിതമായത് എന്ന് ശാസ്ത്രപഠനം കുറിക്കുന്നു. പുഴയും സമുദ്രവും കാലാന്തരത്തില്‍ അപ്രത്യക്ഷമായി. 10 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ലൈംസ്റ്റോണ്‍ സാന്ഡ് സ്റ്റോണ്‍ കൂട്ടുകെട്ട് ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തിപ്പെടുകയും, ഇതിലെ വിള്ളലുകളും തുരങ്കങ്ങളും മഴവെള്ള സംഭരണം നടത്തുകയും ചെയ്തു. ഭൂ ഗര്‍ഭ അരുവികളും,ചാലുകളും കൊണ്ട് സമൃദ്ധമാണ് ഇവിടം.
നടപ്പ് തുടര്‍ന്ന് കുറച്ചു കൂടി വിശാലമായ -സ്ലേറ്റ് കല്ലുകള്‍ അടുക്കിയുണ്ടാക്കിയത് പോലുള്ള ഒരു ഇടനാഴി കടന്നു ഞങ്ങള്‍ ചെന്നെത്തിയത് വിശാലമായ ഒരു തളത്തിലേക്കാണ് (അറ ) . അവിടെ നിരത്തിയിട്ടിരുന്ന ബെഞ്ചുകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ജാനറ്റ് ഗുഹാ കഥകള്‍ പറയാന്‍ തുടങ്ങി.
ജീവജാലങ്ങള്‍ ഒന്നും അധികമായി ഈ ഗുഹയ്ക്കകത്ത് ഇല്ല, വാവലുകളും,കുറച്ചു എലികളും,മറ്റു കുറച്ചു ചെറിയ ജീവികളും ഒഴിച്ചാല്‍ ഗുഹയ്ക്കകത്ത് അധികം ആള്‍താമസം ഇല്ല. മഞ്ഞ് കാലത്താണ് ഇവരൊക്കെ ഇവിടെ സ്ഥിരമാകുക. മുഴുവന്‍ ac ആയ ഒരു ഹാളില്‍ ഇരിക്കുന്നത് പോലെയായിരുന്നു അവിടെ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ജാനറ്റ് ഗുഹാപാളികളെ കുറിച്ചും, ഓരോ കല്ലിന്റെ രൂപ മാറ്റങ്ങളെ കുറിച്ചും വിശദമായി പറഞ്ഞു. ഇത്തരം മേഖലകളില്‍ പഠിക്കുന്നവരും, വിദ്യാര്‍ത്ഥികളും വളരെയധികം താല്‍പ്പര്യത്തോടെ ഓരോ കാര്യങ്ങളെയും കുറിച്ച് ചോദിച്ചു മനസിലാക്കി കൊണ്ടിരുന്നു. ഗുഹയ്ക്കകത്തെ ശരിക്കുമുള്ള അന്ധകാരം മനസിലാക്കാന്‍ എല്ലാവരോടും മൊബൈല്‍, ക്യാമറ ഇവയൊക്കെ ഓഫ് ആക്കാന്‍ പറഞ്ഞിട്ട് കണ്ണുകള്‍ ഇറുക്കി അടക്കാന്‍ ആവശ്യപ്പെട്ടു. മൂന്നു എണ്ണി കണ്ണ് തുറന്നത് കുറ്റാക്കൂരിരുട്ടിലെക്കാണ്,ലൈറ്റുകള്‍ അണച്ചിരിക്കുന്നു . സാധാരണ നമ്മള്‍ ഇരുട്ടില്‍ ആകുമ്പോള്‍ നമ്മുടെ കണ്ണ് അതിനോട് സമരസപ്പെടും -ഏതെങ്കിലും ഭാഗത്ത് നിന്നുള്ള നിഴലുകള്‍ എങ്കിലും കാണുന്ന വിധത്തില്‍. പക്ഷെ ഈ അനുഭവം ആദ്യം-കുറച്ചു നേരം കഴിഞ്ഞിട്ട് പോലും അടുത്ത് നില്‍ക്കുന്ന ആളിനെ കാണാന്‍ കഴിയാത്ത അവസ്ഥ ,നമ്മുടെ കൈ തപ്പി നോക്കേണ്ട അത്ര ഇരുട്ട് . ജാനെറ്റ് ഒരു ചെറിയ മെഴുകുതിരി കൊളുത്തി.ആ വെളിച്ചത്തിനോട് കണ്ണ് പൊരുത്തപ്പെട്ടപ്പോള്‍ മുന്നില്‍ തെളിഞ്ഞത് ഇത് വരെ കണ്ട ഗുഹയുടെ മറ്റൊരു ഭാവമായിരുന്നു. കൃത്രിമമല്ലാത്ത വെളിച്ചത്തിന്റെ നിഴലുകള്‍ ഗുഹാഭിത്തികളില്‍ മനോഹരമായ ചില ചിത്രങ്ങള്‍ സൃഷ്ടിച്ചു.
വെളിച്ചം തിരികെ എത്തി, ഞങ്ങള്‍ നടപ്പ് തുടര്‍ന്നു. പിന്നീടു കുറെ പടവുകള്‍ ,കുറച്ചു ഇടുങ്ങിയ പാതകള്‍, പിന്നെയും ചില തുരങ്കങ്ങള്‍ ഒടുവില്‍ എത്തിപ്പെട്ടത് ഈ യാത്രയുടെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്ന ഫ്രോസ്സന്‍ നയാഗ്ര ഭാഗത്തേക്കാണ് . ഫ്രോസ്സന്‍ നയാഗ്ര എന്നത് അതി മനോഹരമായ ചില രൂപാന്തരങ്ങളാണ് . ഫ്ലോ സ്റ്റോണ്‍ എത്ര രൂപമാറ്റങ്ങള്‍ സംഭവിച്ചാണ് ഈ സുവര്‍ണ്ണ രൂപങ്ങള്‍ ആയതെന്നു നമ്മളെ അത്ഭുതപ്പെടുത്തും. (ഫ്ലോസ്റ്റോണ്‍ എന്നത് ഗുഹാ ഭിത്തിയിലൂടെ വെള്ളത്തിന്റെ താഴേക്കുള്ള ഒഴുക്ക് മൂലം ഷീറ്റായി രൂപപ്പെടുന്ന കാല്‍സൈറ്റ് ആണ് )
മുകള്‍ഭാഗത്ത് നിന്നും താഴേക്കു രൂപം കൊണ്ടിരിക്കുന്ന ഇവ ഓരോന്നും ഓരോ പരിചിത രൂപങ്ങളെ ഓര്‍മ്മിപ്പിക്കും എന്ന് ജാനെറ്റ് പറഞ്ഞിരുന്നു. പലര്‍ക്കും പലതുമായി തോന്നിയ രൂപങ്ങളില്‍ അമ്മയും കുഞ്ഞും , ഗുഹ മുഖം ,കരടി , ഗണപതി (എന്റെ മാത്രം നോട്ടത്തില്‍) അങ്ങനെ പലതുമുണ്ടായിരുന്നു.... തല തിരിച്ചു വെച്ച ഐസ്ക്രീം കോണുകളെ പോലെയും പലതും കാണപ്പെട്ടു.ഒഴുകിയിറങ്ങുന്ന അരുവി, പകുതിയില്‍ വെച്ച് ഉരുകിയുറഞ്ഞത് പോലെയാണ് ഇവയുടെ ഘടന .
അവിടെ ഗുഹയ്ക്കുള്ളില്‍ ഒരു ഗുഹ ഉണ്ട് -ചെറിയൊരു കുഴി പോലെ. കുത്തനെയുള്ള ഇറക്കതിലേക്ക് ജാനെറ്റ് ഞങ്ങളോടൊപ്പം വന്നില്ല, എല്ലാവരും ഫോട്ടോസ് എടുക്കാനാണ് ആ സമയം ഉപയോഗിച്ചത്. ഗുഹയിലെ മിക്ക ചിത്രങ്ങളും പ്രകാശത്തിന്റെ കുറവ് മൂലവും, ഗ്രൂപ്പായി നീങ്ങുന്നതിന്റെ സ്വാതന്ത്ര്യ കുറവും കാരണം കണ്ടത്ര ഭംഗിയില്‍ ക്യാമറയില്‍ ഒതുങ്ങിയില്ല എന്നത് ഒരു സങ്കടമായി. ഫ്രോസന്‍ നയാഗ്ര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഗുഹയുടെ മറു ഭാഗത്തെത്തി, ഒന്നരമണിക്കൂറില്‍ നടന്നു തീര്‍ത്തത് അത്ര അധികമല്ല എങ്കിലും കണ്ട കാഴ്ചകള്‍ വിസ്മയത്തിന്‍റെത്. വേനല്‍ക്കാലമായതിനാല്‍ ഗുഹയിലെ അന്തേവാസികളെ കാണാന്‍ ആയില്ല എന്ന പരിഭവം പറച്ചിലിന് മഞ്ഞുകാലത്ത് ഒരിക്കല്‍ കൂടി വരൂ എന്ന സ്നേഹക്ഷണം ജാനടിന്റെ വക.
ഇനിയുമൊരിക്കല്‍ കൂടി പോകാന്‍ അവസരം കിട്ടിയാല്‍ മറ്റൊരു മുഖവുമായി മാമ്മോത് കാത്തിരിക്കുമെന്ന സുഖത്തില്‍ ഞങ്ങള്‍ തിരികെ യാത്രയായി.
( നോര്‍ത്ത് അമേരിക്കയിലെ കെന്‍ടക്കി പ്രവിശ്യയിലാണ് മാമ്മത്ത് കേവ്സ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ നീളമേറിയ ഗുഹാ ശ്രിംഖല ആയ മാമ്മത്ത് ഗുഹകള്‍ രണ്ടും മൂന്നും സ്ഥാനം ഉള്ള ഗുഹകളുടെ കൂടി ചേര്‍ന്ന നീളത്തിനേക്കാള്‍ വലുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nps.gov/maca/index.htm http://www.mammothcave.com/ മറ്റൊരു ബ്ലോഗ് വിവരണം http://bobandlindasrvtravels.blogspot.com/2013/04/mammoth-cave-national-park-mammoth-cave.html)
പിന്കുറിപ്പ് : പല ചിത്രങ്ങളും വ്യക്തമല്ലാത്തതില്‍ ക്ഷമിക്കുക- ഇരുട്ട്, ഫ്ലാഷ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ എന്നിവ പല വമ്പന്‍ ക്യാമറകളെയും ചതിച്ചു. ഒരു സാദാ ഡിജിറ്റല്‍ ക്യാമറ മാത്രമാണ് ഉള്ളില്‍ പല ഇടങ്ങളിലും വൃത്തിയായി ജോലി ചെയ്തത് :) . കോളാഷ് ആയി ഇട്ടത് കഴിയുന്നത്ര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ്.
അങ്ങനെ ഞാൻ മാമത്ത് ഗുഹയും കണ്ടു താങ്ക്സ്
ReplyDeleteനന്ദി സര്‍ :) സന്തോഷം
Deleteമാമ്മത്ത് ഗുഹാ.. ഏറെ ഹൃദ്യമായി വിവരണം ആര്‍ഷ...
ReplyDeleteവളരെ സന്തോഷം സാജന്‍ :) നന്ദി
Deleteമാമ്മത് ഗുഹകളെ കുറിച്ച് നേരത്തെ കേട്ടിരുന്നു. നേരില്‍ കാണുക എന്നത് ഒരു വിദൂര സ്വപനമാണ് എങ്കിലും യാത്ര വിവരണത്തിലെ ശൈലി ഒറ്റയിരുപ്പില്‍ തീര്‍ക്കാന്‍ കഴിഞ്ഞു ,നല്ല കുറിപ്പ് .
ReplyDeleteവിദൂര സ്വപ്നം വേഗം സഫലമാകട്ടെ ഫൈസല്‍!
Deleteനന്ദി ട്ടോ - ഒരല്‍പ്പം നീളം കൂടിയോ എന്നൊരു സംശയം ഉണ്ടായിരന്നു :) മുഴുവന്‍ വായിച്ചതില്‍ സന്തോഷം :)
അവിടെ എത്താന്‍ നമ്മക്ക് കഴിയില്ല.. അതിനാല്‍ വായിച്ചപ്പോ എത്തിയ ഒരു ഫീല്‍ ...എഴുത്ത് നന്നായി..
ReplyDeleteനന്ദി ഇക്കാ :) സത്യത്തില്‍ സന്തോഷം തോന്നുന്നു ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍.
Deleteകൂടുതല്‍ വിവരങ്ങളുടെ ലിങ്ക് കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായേനെ
ReplyDeleteഇക്ക ലിങ്ക് ചെര്ത്തിട്ടുണ്ടേ :)
Deleteനല്ല വിവരണം ആര്‍ഷ ജീ ...
ReplyDeleteനന്ദി മഹീ :) സന്തോഷം ട്ടോ
Deleteദാണ്ട്...........വേറൊരു ഗുഹ.
ReplyDeletehttp://ameelas.blogspot.com/2013/11/blog-post.html
നിങ്ങടെ ഈ അമേരിക്കേല് ഗുഹയൊക്കെ സംരക്ഷിക്കുന്നത് വളരെ ശ്ലാഘനീയമായിട്ടാണ് കേട്ടോ
ഒബാമേ എന്റെ അഭിനന്ദനങ്ങള്‍ അറീച്ചേക്കണേ!!
(ഇവിടെക്കെ ഇറങ്ങാന്‍ ഒട്ടും പ്യാടിയായില്ലേ കുട്ട്യേ?)
നന്ദി അജിത്തേട്ടാ - ആ ബ്ലോഗു ലിങ്ക് തന്നതിന് :)
Deleteഅതെ, ശരിക്കും ശ്ലാഘനീയം തന്നെയാണ് ഇവിടെ ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ഒക്കെ സംരക്ഷിക്കുന്നത്!
ഒബാമയെ അറിയിക്കാം ട്ടോ -പുള്ളിക്ക് സന്തോഷാകും :)
ഗുഹയില്‍ ഇറങ്ങാന്‍ നിക്ക് പേട്യായില്ല - കുഞ്ഞുനു ചെറ്യ പേടി :)
:) ഓടിപ്പോയി നോക്കമ്പറഞ്ഞപ്പ ജാക്കറ്റും ഷൂവും എടുക്കാന്‍ മറന്നു കുഞ്ഞ്യേ.....! ന്നാലും കൂടെ നടന്ന് എല്ലാം കണ്ടു, കേട്ടു. സന്തോഷം!
ReplyDelete:) ഹഹാ സിറൂക്ക!! അങ്ങനെ ആണേല്‍ തണുപ്പ് കഷ്ടം ആയിട്ടുണ്ടാകും .. നന്ദി ട്ടോ
Deleteഇഷ്ടായി വിവരണം ....സന്തോഷം .:)
ReplyDeleteസന്തോഷം ഷജില്‍... നന്ദി :)
Deleteമമ്മാത്ത് ഗുഹകളെ പറ്റി അറിയില്ലായിരുന്നു.. സാഹസിക യാത്രകള്‍ എനിക്കും ഇഷ്ടമാണ്.. എന്നെങ്കിലും അവിടെ വരാന്‍ കഴിയുമാറാകട്ടെ എനിക്ക്.. :)
ReplyDeleteനന്നായി എഴുതി ..
എനിക്കും പോകുന്നിടം വരെ അറിയില്ലാരുന്നു ഡോക്ടറെ :).
Deleteഎന്നെങ്കിലും വരാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു :). നല്ല കാഴ്ചകള്‍ കാണാന്‍ എങ്കിലും ഒരിക്കല്‍ വരേണ്ട ഇടമാണ് .
നന്ദി ട്ടോ
സചിത്ര വിവരണം ഗംഭീരമായി... ഇങ്ങനെയൊരു സംഭവം ഉള്ളതായി കേട്ടിട്ടുണ്ടെങ്കിലും ഡീറ്റെയ്ല്‍സ് ഒന്നും അറിയില്ലായിരുന്നു... അവിടെ ഇങ്ങനെയുള്ള സ്ഥലങ്ങളൊക്കെ നന്നായി സംരക്ഷിക്കപ്പെടുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ശരിക്കും സന്തോഷം തോന്നുന്നു... നമ്മുടെ നാട്ടിലെയൊക്കെ ചില ചരിത്രസ്മാരകങ്ങള്‍ പലതും അധികാരികളുടെ അനാസ്ഥ മൂലം നശിക്കുന്നതു കാണുമ്പോള്‍ വല്ലാത്ത വിഷമവും ദേഷ്യവുമൊക്കെ തോന്നാറുണ്ട്...
ReplyDeleteനന്ദി സംഗീത് :)
Deleteആ പറഞ്ഞതില്‍ ഒരു വലിയ കാര്യമുണ്ട് കേട്ടോ- ഇവിടെ പ്രകൃതിയുമായി ബന്ധപ്പെട്ട ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ഒക്കെ സംരക്ഷിച്ചിരിക്കുന്നത് കണ്ടാല്‍ നമുക്ക് കൊതി തോന്നും! ഞങ്ങള്‍ ഒരു ചെറിയ വെള്ളച്ചാട്ടം കാണാന്‍ പോയത് എഴുതുന്നുണ്ട് - അതില്‍ ഈ കാര്യം കൂടുതലായി പറയാം :)
യാത്രാ വിവരണം ഇഷ്ടായി ആർഷാ...
ReplyDeleteനന്ദി അശ്വതീ :)
Deleteമമ്മാത്ത് ഗുഹാവിവരണം വിവരിച്ചപ്പോള്‍ അവിടെ നേരിട്ട് കാണുന്നത് പോലെ അനുഭവപ്പെട്ടു. പ്രതേകിച്ചും ആ ലൈറ്റുകള്‍ ഓഫാക്കി ഇരുട്ടയപ്പോഴും പിന്നെ ആ ചെറിയ വെളിച്ചത്തില്‍ കണ്ട ഗുഹയുടെ സൌന്ദര്യവും ഒക്കെ കാണാനായത് പോലെ തോന്നി.
ReplyDeleteനന്ദി സര്‍ :) സന്തോഷം. സത്യത്തില്‍ ആ സമയത്ത് ആണ് ഇരുട്ടെന്നാല്‍ എന്തെന്ന ഒരു അനുഭവം ഉണ്ടായത് . ജാനെറ്റ് എല്ലാവരോടും ഒരേ സമയം ക്യാമറകളുടെ ഫ്ലാഷ് ഓണ്‍ ചെയ്യാന്‍ പറയുകയും അതൊരു വെടിക്കെട്ട് കാഴ്ച പോലെ തോന്നി -മനോഹരം!
Deleteയാത്രാവിവരണം ഇഷ്ടപ്പെട്ടു.
ReplyDeleteആശംസകള്‍
നന്ദി സര്‍, സന്തോഷം ട്ടോ :)
Deleteഅങ്ങനെ ആ ഗുഹയിലും കടന്നു മനോഹരമായിരിക്കുന്നു ഈ വർണ്ണന
ReplyDeleteപക്ഷെ ചിത്രങ്ങൾക്ക് ഓരോന്നായി മാറ്റി അടിക്കുറിപ്പും നൽകിയാൽ
സംഗതി കുറേക്കൂടി വ്യക്തമാകുമല്ലോ! പിന്നെ ചിത്രങ്ങൾ ഓരോ
വശങ്ങളിലേക്ക് മാറ്റി കൊടുക്കുക കാണാൻ കുറേക്കൂടി ചന്തം ഉണ്ടാകും
എന്ന് തോന്നുന്നു. ഒന്നു രണ്ടു ഇടങ്ങളിൽ അങ്ങനെ ചെയ്തിട്ടുമുണ്ട്.
ഈ ഗുഹയെപ്പറ്റി കേട്ടിടുന്ടെങ്കിലും കൂടുതൽ അറിയുന്നത് ഇപ്പോൾ.
നന്ദി.
ആശംസകൾ
നന്ദി സര്‍ :)
Deleteചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് കൊടുക്കാന്‍ വിചാരിച്ചിരുന്നു -പക്ഷെ കോളാഷ് ആയി ചെയ്തപ്പോള്‍ ഒരു കോമണ്‍ അടിക്കുറിപ്പ് കൊടുക്കാന്‍ കഴിയുന്നില്ല പലതിനും , അതാണ് അങ്ങനെ വിട്ടത്. ചിത്രങ്ങളുടെ ക്രമീകരണത്തില്‍ കുഴപ്പമുണ്ടെന്നു എനിക്കും തോന്നി. ശരിയാക്കാം :)
ഞാന്‍ വരുന്നുണ്ട് ആര്‍ഷ. വായിച്ചു കഴിഞ്ഞപ്പോള്‍ കാണാന്‍ കൊതിയാകുന്നു :)
ReplyDeleteനന്നായി എഴുതിട്ടോ
ഹഹാ.. മുബീ, ഓടിവായോ! ഇവിടെ നിന്ന് ആറു മണിക്കൂര്‍ ഡ്രൈവ് ഉള്ളൂ :) എപ്പോഴും സ്വാഗതം ട്ടോ :) നന്ദി
Deleteചെറിയ പ്രായത്തില്‍ 'പിരമിഡുകളുടെ നാട്ടില്‍' എന്നൊരു പുസ്തകം വായിച്ചിട്ടുണ്ട്. ആ വായനയ്ക്കു സമാനമായ അനുഭവമാണ് ഇതു വായിച്ചപ്പോള്‍ ഉണ്ടായത്. വിശദമായ വിവരണത്തിന് നന്ദി ആര്‍ഷ...
ReplyDeleteഹാ ബെഞ്ചിയേട്ടാ , സന്തോഷം , നന്ദി... ആ അഭിപ്രായം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു! നന്ദി :)
Deleteനല്ല വിവരണം.....
ReplyDeleteഇതൊക്കെ വായിച്ച് അസൂയപ്പെടാൻ മാത്രമാണ് വിധി
:) അസൂയപ്പെടണ്ട പ്രദീപേട്ടാ , ഒരവസരം ഉണ്ടാകട്ടെ ഇതൊക്കെ കാണാന്‍ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു. നന്ദി ട്ടോ
Deleteവിവരണം നന്നായി. മാമ്മത്ത് ഗുഹ കണ്ട പ്രതീതി
ReplyDelete:) നന്ദി - സന്തോഷം
Deleteകണ്ടു കൊതിപിടിക്കാന്‍ ഒരു സ്ഥലം കൂടി ആയി ലിസ്റ്റില്‍, നടന്നില്ലേലും സങ്കടമില്ല, അത്ര നന്നായി , കണ്ട തോന്നല്‍ വരുത്തിയിട്ടുണ്ട് ഈ വായന...
ReplyDelete:) വളരെ സന്തോഷം - നന്ദി :)
Deleteനല്ല വിവരണം ..അവിടെ പോയ പ്രതീതി. ചിത്രങ്ങൾ ഒന്ന് കൂടി വ്യക്തമായിരുന്നെങ്കിൽ ഉഷാറാവുമായിരുന്നു. ഒരാവർത്തി വായിച്ചു. ഒന്നു കൂടി വായിക്കാനായി വരാം..ആശംസകൾ
ReplyDeleteനന്ദി ബഷീര്ക്കാ :). ചിത്രങ്ങളുടെ കാര്യത്തില്‍ ഖേദം ഉണ്ട് എനിക്കും - ഒന്നും ക്ലിയര്‍ അല്ല എന്നതാണ് സത്യം! :(
Delete'ഗുഹ'ന്നൊക്കെ കേള്‍ക്കുമ്പോ ഗൃഹാതുരനാകുന്ന ഒരു മനുഷ്യനെയാണ് ഞാനന്വേഷിക്കുന്നത്. സത്യത്തില്‍ അവിടന്നിറങ്ങിയതില്‍ പിന്നെയാണത്രേ ബോധം കെട്ടുപോയതെന്ന് എന്മകജെയില്‍ അംബിക സുതന്‍.! അതെന്തോ ആവട്ടെ, സംഗതി ആര്‍ഷക്ക് ഈ എഴുതി വെച്ചതല്ലാതെ എന്റെ അഭിപ്രായത്തിലെ ആദ്യ വാചകം പോലെ വല്ലതും..?
ReplyDeleteഎഴുത്താശംസകള്‍.~!
ഗുഹയെന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ ഗൃഹാതുരയാകാറൂണ്ട് നാമൂസ് :).
Deleteനന്ദി ട്ടോ
ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..
ReplyDeleteനന്ദി വരികള്‍ക്കിടയില്‍ ഒരു സ്ഥാനം മറക്കതിരിക്കാനായി മാത്രത്തിനു തന്നതില്‍.. :)
Deleteപ്രകൃതി സൃഷ്ടിച്ചിരിക്കുന്നത് എത്രമാത്രം വലിയ വിസ്മയങ്ങളാണ്. ഹൃദ്യമായ വിവരണം. മാമ്മത് ഗുഹകള്‍ കാണുക എന്നത് ഞങ്ങള്‍ക്കൊക്കെ ഒരു സ്വപ്നമായി അവശേഷിക്കാതിരിക്കുവാന്‍ ഈ വിവരണമെങ്കിലും സഹായകരമാകട്ടെ..
ReplyDeleteവളരെ സന്തോഷം .. ഞാനും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ഇതൊക്കെ കാണാന്‍ കഴിയുമെന്ന്. നമ്മുടെ എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലം ആകട്ടെ ! നന്ദി ട്ടോ
Deleteയാത്രാ വിവരണങ്ങള്‍ എപ്പോഴും മനസ്സിനെ വല്ലാതെ കൊതിപ്പിച്ചാണ് വായിച്ചു നിര്‍ത്തുന്നത്.....
ReplyDeleteയാത്രകള്‍ ഒരു പാട് കൊതിച്ചിട്ടും... അവസരം കിട്ടാത്തതിനാലാവാം ... :)
ഈ കുറിപ്പ് വായിക്കുമ്പോള്‍ ചെര്‍തായിട്ടിച്ചിരി അസൂയയും :)
അസൂയ വേണ്ട ട്ടോ :) നമുക്ക് കാണാന്‍ കഴിയുന്നതൊക്കെ കാണാന്‍ ശ്രമിക്കണം ട്ടോ.... എല്ലായിടവും പോകാന്‍ എല്ലാവരാലും കഴിയില്ല എന്തായാലും! നന്ദി ട്ടോ
Deleteആദ്യമായാണ് മാമ്മത്ത് ഗുഹകളെ കുറിച്ച് കേൾക്കുന്നത്. പൊതുവെ യാത്രാവിവരണങ്ങൾ വായിക്കാറില്ല. അസൂയ തന്നെ - അധികം യാത്ര ചെയ്യാൻ കഴിയാത്തതിന്റെ.
ReplyDeleteവിശദവും ഹൃദ്യവുമായ വിവരണം. നന്ദി ആർഷ.
നന്ദി :) ആദ്യമായാണെന്ന് തോന്നുന്നു ഇവിടെ, അല്ലെ? സന്തോഷം ഉണ്ട് ട്ടോ
Deleteദാ ഇപ്പൊ മാമത്ത് ഗുഹകളിലൂടെ ഒരു യാത്ര കഴിഞ്ഞു വന്നതേ ഉള്ളൂ.. ആര്ഷയുടെ വരികള്‍ ഗുഹയുടെ ഓരോ മുക്കിലും മൂലയിലും കൊണ്ട് ചെന്നെത്തിച്ചു.. താങ്ക്സ്..
ReplyDeleteദാ ഇപ്പൊ മാമത്ത് ഗുഹകളിലൂടെ ഒരു യാത്ര കഴിഞ്ഞു വന്നതേ ഉള്ളൂ.. ആര്ഷയുടെ വരികള്‍ ഗുഹയുടെ ഓരോ മുക്കിലും മൂലയിലും കൊണ്ട് ചെന്നെത്തിച്ചു.. താങ്ക്സ്..
ReplyDeleteവളരെ നല്ലൊരു യാത്രാ വിവരണം.
ReplyDeleteഫോട്ടോകള്‍ ഒന്നൊന്നായി അടിക്കുറിപ്പ് സഹിതം പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഒന്നുകൂടി മികച്ചതായേനെ ...
ആശംസകള്‍
This comment has been removed by the author.
ReplyDeleteനന്നായിട്ടുണ്ട് ആർഷ .
ReplyDeleteആധികാരികമായ വിവരണങ്ങൾ ആസ്വാദനത്തോടൊപ്പം അറിവും നൽകുന്നു . പിന്നെ പുസ്തകപരിചയവും യാത്രാ വിവരണവും ഒരു പോലെയാണ് . എല്ലാം പുസ്തകവും വായിക്കാനും പറ്റില്ല , എല്ലാ സ്ഥലങ്ങളും കാണാനും പറ്റില്ല . രണ്ടും വിവരണം വായിക്കുന്നതിലൂടെ പൂർത്തിയാകണം ആഗ്രഹങ്ങൾ . നല്ല വിവരണം ആ ധർമ്മം നിറവേറ്റുന്നുണ്ട് ഇവിടെ .
മാമ്മത് ഗുഹകളെ കുറിച്ച് സചിത്ര ലേഖനങ്ങളുമായി
ReplyDeleteനല്ലയൊരു സഞ്ചാരകുറിപ്പായിട്ടുണ്ടിത് കേട്ടൊ ആർഷേ
നന്നായിരിക്കുന്നു.. ആശംസകൾ
ReplyDelete