Tuesday, May 14, 2013

എന്നും പറയാന്‍ മറക്കുന്നത്

ഒന്‍പതു മാസവും ഒന്‍പതു നാഴികയും ഒന്‍പതു വിനാഴികയും - ഒരു നിമിഷം മറ്റൊരാള്‍ക്ക് വേണ്ടി  ചിലവഴിക്കുന്നത് പോലും  ഒരു മുഷിവായി തോന്നുന്ന ഇന്നത്തെ കാലത്ത് ,ഇരിക്കുമ്പോളും കിടക്കുമ്പോളും ഉണ്ണുമ്പോളും ഉറങ്ങുമ്പോളും ഒക്കെ പായാരം പറയാതെ എന്നെ കൊണ്ട് നടന്നതിനു...
             സ്വന്തം വിശപ്പിനു അറുതി വരുത്തും മുന്പ് എന്റെ ദാഹം മാറ്റാന്‍ ജീവജലം തന്നതിന്.... ഇഷ്ടങ്ങളൊക്കെ കാറ്റില്‍ പറത്തി ഞാനൊരു വ്യാക്കൂണ്‍ ആയി മോഹിപ്പിച്ച കടുമാങ്ങ എരിവോടെ കോരി തിന്നതിന്..... ഇരുളും വെളിച്ചവും മാറി മാറി കൊതിപ്പിച്ച ഉത്സവ രാവിലെ വെടിക്കെട്ട്‌ മേളത്തിലെക്ക് ഒരു ചെവിപാടകലെ മാറി നിന്ന് "ന്റെ കുഞ്ഞു ഞെട്ടണ്ടാ ട്ടോ " എന്ന് മന്ത്രിച്ചതിനു...... ഏതുറക്കത്തിന്റെ ചടപ്പിലും തിരിയാതെ ചരിയാതെ ആ പൊക്കിള്‍കൊടി എന്റെ കഴുത്തില്‍ കുരുങ്ങാതെ കാത്തതിന്... ഇടയ്ക്കൊന്നു കുസൃതി കാട്ടി, എന്നും കൊടുക്കുന്ന ചവിട്ട് കൊടുക്കാതെ അനങ്ങാതെ പേടിപ്പിച്ചപ്പോള്‍  മിനിട്ടിനെ മണിക്കൂറാക്കി ആധി  പിടിച്ചതിനു....

ശ്വാസം മുട്ടി കിതച്ചിട്ടും എന്നോട് കഥ പറഞ്ഞുറക്കിയതിനു, അറിയാത്ത ഈണത്തിലും താരാട്ട് മൂളിയതിനു,എല്ലാടിലുമുപരി  പ്രാണന്‍ പോകുന്ന വേദനയിലും എന്റെ മുഖം കണ്ടപ്പോള്‍ ഇതിലും മനോഹരം മറ്റൊന്നുമില്ലെന്ന മട്ടില്‍ എന്നെ നോക്കി ചിരിച്ചതിനു... ..
കവി പാടിയതില്‍ നന്ദി പാതിമെയ്യായ മാതാവിനും,പത്തു മാസം ചുമന്ന ഗര്ഭാപാത്രതിനും പ്രത്യേകം പറഞ്ഞതെങ്ങിനെ എന്ന് ഇപ്പോളും സംശയം. .  ഉള്ളിലെ ആ കുഞ്ഞുപാത്രത്തില്‍ എന്നെ കൊണ്ട് നടക്കാന്‍ കാട്ടിയ മനസ്സിന്.... പഴയൊരു ചൊല്ലില്‍  " നിറവയറില്‍ ഒരു കുഞ്ഞി കുണ്ട് ചാടിക്കടന്നതിനു പോലും സമമാകില്ലൊന്നും " .

 നമുക്ക് രണ്ടു പേര്‍ക്കും മാത്രം അറിയാവുന്ന, മറ്റാര്‍ക്കും അവകാശം പറയാനില്ലാത്ത നമ്മള്‍ രണ്ടു പേരും മാത്രം അനുഭവിച്ച ആ രഹസ്യ സൌഹൃദത്തിനു.... പകരം വെയ്ക്കാന്‍ ഒന്നിനുമാകില്ല, എങ്കിലും എന്നും പറയാന്‍ മറക്കുന്ന ഒന്ന് ഇന്ന് പറയാം - ആ അമ്മ മനസിന്‌ ഒത്തിരി നന്ദി...
ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ഒരുപാട് സ്നേഹത്തോടെ നന്ദിയോടെ മാതൃ ദിനാശംസകള്‍ !!!!!

4 comments:

  1. ഉം അതെ അതെ....
    എപ്പോഴും പറയാന്‍ മറക്കുന്നത്.... ഓര്‍ക്കാന്‍ മറക്കുന്നത്.

    ReplyDelete
  2. അമ്മ മനസ്സിന്..
    ത്യാഗത്തിന്...
    ഒത്തിരിയൊത്തിരി....

    ReplyDelete
  3. @echumukutty - സത്യം എപ്പോളും മറക്കും, ഇപ്പോളും ഞാന്‍ അമ്മയോട് പറയാന്‍ മറന്നു :)
    @cv thankappan : നന്ദി സര്‍, മുടങ്ങാതെ വരുന്നതിനും വായിച്ച അഭിപ്രായം പറയുന്നതിനും

    ReplyDelete
  4. കടപ്പാടുകള്‍ പലതരത്തിലുണ്ട്....പക്ഷെ അമ്മയോടുള്ള കടപ്പാട് നന്ദി എന്ന ഒറ്റ വാക്കില്‍ പറഞ്ഞ് തീര്‍ക്കാന്‍ പാടില്ല....അത് പറയുന്നത് നന്ദികേടാണ് എന്നാണു എന്റെ അഭിപ്രായം..മനസ്സില്‍ ഉള്ള നന്ദിയോളം വരില്ല പറയുന്നതിന്.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)