Showing posts with label seniors. Show all posts
Showing posts with label seniors. Show all posts

Saturday, January 18, 2020

'ടിപ്പ് ടിപ്പ് ബർസാ പാനി'

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 

2003 - എൻജിനീയറിങ് കോളേജ് ഹോസ്റ്റൽ. സീനിയർ ചേച്ചിമാർക്കുള്ള ഫെയർവെൽ by അവർക്കത്ര പ്രിയരല്ലാത്ത ജൂനിയർസ്. പക്ഷേ, സത്യം പറയാമല്ലോ അത് ഞങ്ങളുടെ കുറ്റം കൊണ്ട് സംഭവിച്ചതല്ല, സിലബസ് മാറിയത് കാരണം സീനിയേഴ്സിനെ അധികം ഡിപെൻഡ് ചെയ്യേണ്ടി വരാത്ത തലമുറയായിരുന്നു ഞങ്ങൾ. കൂനിന്മേൽ കുരു പോലെ, റാഗിങ്ങ് ഒഴിവാക്കാൻ ആദ്യവർഷം ദൂരെ സ്ഥലത്ത് മാറ്റിപ്പാർപ്പിക്കൽ രണ്ടാം വര്ഷം സ്ഥലപരിമിതി കാരണം പകുതിപ്പേരെ വീണ്ടും മെയിൻ ഹോസ്റ്റലിൽ അല്ലാതെ വേറെ പാർപ്പിക്കൽ അങ്ങനെ ആകെക്കൂടി ഒരു കൊല്ലമാണ് സീനിയർ ചേച്ചിമാർക്കൊപ്പം ഹോസ്റ്റലിൽ കിട്ടിയത്.

എന്നാലും കിട്ടിയ ഒരു വര്ഷം കൊണ്ട് കുറച്ചുപേരോടൊക്കെ നല്ല കമ്പനി ആയി, എണ്ണമില്ലാത്ത/ കാരണമില്ലാത്ത സമരങ്ങൾ അതിന് നല്ലോണം സഹായകമായിട്ടുണ്ട്! എന്തായാലും ഇഷ്ടക്കേടൊക്കെ ഈ ഫെയർവെല്ലോട് കൂടി കാറ്റിൽ പറക്കണം എന്നുറപ്പിച്ച് ഞങ്ങൾ സീനിയേഴ്സിനെ ഞെട്ടിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി. "സാറേ സാറേ സാമ്പാറെ" ഡാൻസിൽ തുടങ്ങി "ജിങ്കിരി ജിങ്കിരി പട്ടാള" ത്തിലൂടെ തിരുവാതിര ചുവടുകൾ വെച്ച് അങ്ങനെ മുന്നേറുമ്പോൾ സീനിയേഴ്സിനുള്ള പട്ടം കൊടുക്കൽ, മിസ് ഹോസ്റ്റൽ മത്സരം ഒക്കെ നടത്തണം. എന്നാലും രംഗം ഒന്ന് കൊഴുപ്പിക്കാൻ എന്തേലും വേണം എന്ന ചർച്ചയിലാണ് ഈ പാട്ട് കടന്നു വന്നത്. പെൺകുട്ടികളുടെ ഹോസ്റ്റലിലെ ഹോസ്റ്റൽ ഡേ ഉൾപ്പെടെയുള്ള ദിവസങ്ങളിലെ പരിപാടികൾ എത്ര സർപ്രൈസ് ആക്കിവെച്ചാലും പലപ്പോഴും അപ്പുറത്തെ മെൻസ് ഹോസ്റ്റലിൽ എത്തുമെന്നും പൊളിയും എന്നും അനുഭവം ഉള്ളത് കൊണ്ട് ഇത് വളരെ വളരെ രഹസ്യമായിട്ടാണ് വെച്ചിരുന്നത്. പരിപാടിക്കിടയിൽ മൂന്നു - നാല് പെണ്മണികൾ വെള്ളസാരിയൊക്കെയുടുത്തു വന്നു നമ്മടെ 'ടിപ്പ് ടിപ്പ് ബർസാ പാനി' കളിക്കുക അതായിരുന്നു പ്ലാൻ. ഒരു ഒറിജിനാലിറ്റി വരാൻ അവളുമാര് പരിപാടി നടക്കുന്ന കിച്ചൻ/മെസ്ഹാൾ സ്ഥലത്തേക്ക് നനഞ്ഞു വരാൻ തീരുമാനമായി.

                     ഫെയർവെൽ പരിപാടികൾ തുടങ്ങി, പ്രോഗ്രാം ഒന്നൊന്നായി അതിഗംഭീരമായി മുന്നേറുന്നു, അന്നൗൺസ്മെന്റ് "yours trul"y പൊടിപൊടിക്കുന്നു. "അടുത്തതായി നിങ്ങളെയൊക്കെ കോരിത്തരിപ്പിക്കാൻ തീ പാറുന്ന ഡാൻസുമായി ഇതാ വരുന്നു സുന്ദരികൾ" എന്നൊക്കെ പറഞ്ഞ് എരികേറ്റി നോക്കുമ്പോൾ ദേഹവും തലയും മുഴുവൻ നനച്ചു, ഷവറിനടിയിൽ നിന്ന് നേരെ വെള്ളമിറ്റിച്ചും കൊണ്ട് വന്നു ഡാൻസ് കളിച്ചവരുടെ ഓർമയാണ് ഈ പാട്ട്. തെന്നിവഴുക്കി വീണ് ട്രാജഡി ആകുമോ എന്ന് പേടിച്ചെങ്കിലും അതുണ്ടായില്ല. അവളുമാർ തണുത്തു വിറച്ചു ഡാൻസ് കളിച്ചു... അന്നത്തെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നതിൽ ഒരാൾ മാത്രം കോളേജ് കഴിഞ്ഞ് കല്യാണോം കഴിഞ്ഞ് ഒറ്റപ്പോക്കങ്ങു പോയി. ആസ്‌ട്രേലിയയിൽ എവിടെയോ ഉണ്ടെന്നു തോന്നുന്നു എന്നല്ലാതെ ആളെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല. സോഷ്യൽ മീഡിയയിലും മെയിലിലും തിരഞ്ഞിട്ടും കിട്ടാതെ പോയ ആ കോളേജ് സുന്ദരിക്ക് വേണ്ടി ഈ പാട്ട്.

-------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ