Tuesday, March 19, 2019

ഈ തിരക്കിൽ ഇത്തിരിനേരം

ആരാദ്യം ആരാദ്യമെന്നോടുന്ന തിരക്കുപിടിച്ച ഈ ജീവിതത്തിൽ അറിഞ്ഞുകൊണ്ടൊരു ബ്രേക്ക് എടുക്കുന്നതിനെകുറിച്ചാണ് ഇത്തവണ അമേരിക്കൻ മോം ചിന്തിക്കുന്നത്. 5 വയസുള്ള കുട്ടിക്ക്  മുതൽ സ്‌കൂളും സ്‌പെഷ്യൽ ക്‌ളാസും റ്റ്യുഷന് മേൽ റ്റ്യുഷനുമായി ജീവിക്കുന്ന ചില ജീവിതങ്ങൾ ഇടയ്ക്ക് കാണാറുണ്ട് - കൂടുതലും നാട്ടിൽനിന്നുള്ള വിശേഷങ്ങളിൽ.. ഇവിടെയും കാര്യങ്ങൾ വ്യത്യസ്തമൊന്നുമല്ല. പക്ഷേ, കണ്ടിട്ടുള്ള ഒരു വലിയ വ്യത്യാസം കളികൾക്കും പഠനേതരവിഷയങ്ങൾക്കും പഠനത്തോടൊപ്പം ഇവർ നൽകുന്ന പ്രാധാന്യമാണ്. ഒരുപക്ഷേ ഉന്നതവിദ്യാഭ്യാസത്തിനെ ബാധിക്കില്ലായിരുന്നു എങ്കിൽ ചില ഇന്ത്യൻ രക്ഷിതാക്കളെങ്കിലും മടിച്ചേനെ കുട്ടികളെ പന്തുകളിക്കാനും ബാറ്റ്മിന്റൺ പരിശീലനത്തിനും പിയാനോ ക്ലാസിനും ഇങ്ങനെ നെട്ടോട്ടമോടി  കൊണ്ടുപോകാൻ. രണ്ടുപേരും ജോലിക്ക് പോകുന്ന മിക്ക വീടുകളിലും  ഒന്നിൽക്കൂടുതൽ കുട്ടികളുണ്ടെങ്കിൽ അച്ഛനൊരിടത്തേക്കും 'അമ്മ മറ്റൊരിടത്തേക്കും കുഞ്ഞുങ്ങളെയും കൊണ്ട് ഓടുന്ന കാഴ്ച ഇവിടെയും അപരിചിതമൊന്നുമല്ല. എങ്കിലും നേരത്തെ പറഞ്ഞതുപോലെ അത് പഠനേതരവിഷയത്തിനാണല്ലോ എന്നോർക്കുമ്പോൾ സത്യത്തിൽ ആ തിരക്കുകൾ നല്ലതാണെന്നും തോന്നും.

നാട്ടിൽനിന്നിത്രയും ദൂരെ താമസിക്കുന്നതുകൊണ്ടുതന്നെ സുഹൃത്തുക്കൾ ജീവിതത്തിന്റെ വളരെ വലിയൊരു ഘടകമാണ്. അങ്ങനെയിങ്ങനെയൊക്കെ  എവിടെയെങ്കിലും സൗഹൃദസദസുകളിലെ  കൂടിച്ചേരലും വീടൊതുക്കലും അലക്കലും തുടക്കലും ഒക്കെയായി ശനിയും ഞായറും പോകുന്നത് തന്നെയറിയുന്നില്ല, മൊത്തത്തിൽ ഒന്നുഷാറാക്കി എടുക്കണമല്ലോ  എന്ന് തോന്നിയപ്പോഴാണ് ഷെഡ്യുളിൽ നിന്ന് ഒരു ബ്രേക്ക് വേണമെന്ന് വിചാരിച്ചത്. എവിടേക്കെങ്കിലും ദൂരയാത്രയ്ക്ക് പോകാൻ വലിയ താല്പര്യമുണ്ടായിരുന്നില്ല - വരുമ്പോഴേക്കും വീണ്ടും ക്ഷീണിക്കുമല്ലോ (അല്ലാതെ മടി കാരണമല്ലേ എന്നുള്ള ചോദ്യം ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നു).  അപ്പോഴാണ് കുറേനാളായി മോനെ കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്ന ഒരിടത്തെക്കുറിച്ച് ഓർത്തത്. വീടിനു വളരെ അടുത്തുതന്നെയുള്ള ഒരു 'ആര്ട്ട് സെന്റർ' ആണ് - കലാകേന്ദ്രം എന്നൊക്കെ പറഞ്ഞാൽ അർഥം മാറിപ്പോകുമോ എന്ന് നല്ല സംശയം ഉള്ളതുകൊണ്ടാണ് ആര്ട്ട് സെന്റര് എന്നുതന്നെ പ്രയോഗിച്ചത്. ഒരു വലിയ ആഡിറ്റോറിയവും, പലപല തരത്തിലുള്ള ശില്പങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന പവിലിയനും ചേർന്ന ഒരിടമാണ് ഈ ആര്ട്ട് സെന്റർ.  അവിടെ കുട്ടികൾക്കായി വിവിധ തരത്തിലുള്ള ക്‌ളാസുകളും നടക്കാറുണ്ട് - പാട്ട്, വയലിൻ, ചിത്രം വര, ശില്പനിർമാണം , ബാലെ അങ്ങനങ്ങനെ. അങ്ങനെയുള്ളൊരു ഇടം - അവിടെ എല്ലാ മൂന്നാം ശനിയാഴ്ചയും ഫാമിലി ആര്ട്ട് വർക്ക്ഷോപ്പുകൾ നടക്കും, തികച്ചും സൗജന്യമാണേ - സ്ഥലപരിമിതി കാരണം  മുൻകൂട്ടി പറഞ്ഞിട്ട് ചെല്ലണമെന്ന് മാത്രം. 

അങ്ങനെ വേഗം തന്നെ വരുന്ന ശനിയാഴ്ചക്ക് വേണ്ടി അവിടെ വർക്ക്ഷോപ്പിനു രജിസ്ടർ ചെയ്തു. കുഞ്ഞുങ്ങളേം കുഞ്ഞുങ്ങളുടെ അച്ഛനേം ഒക്കെ കൂട്ടി അവിടെച്ചെന്നിറങ്ങിയപ്പോൾ ആ ചെറിയ റൂമിലെ ഏതാണ്ടെല്ലാ മേശയ്ക്കു ചുറ്റും  കുട്ടികളുണ്ട് - പക്ഷേ, ഇഷ്ടമായത് മിക്ക കുട്ടികൾക്കൊപ്പവും അവരുടെ മാതാപിതാക്കളുടെ കൂടെയോ  അല്ലാതെയോ മുത്തശ്ശിമാരോ മുത്തശ്ശന്മാരോ ഉണ്ട്. അതായത് ഈ സമയം ഒരു പേരക്കുട്ടി- അപ്പൂപ്പനമ്മൂമ്മ ബോണ്ടിങ് ടൈം ആണ് അവർക്ക്. എത്ര രസമുള്ള ചിന്ത അല്ലേ?  ഇവിടെ മിക്കയിടങ്ങളിലും അണുകുടുംബങ്ങൾ തന്നെയാണ് - അച്ഛനും അമ്മയും ചെറിയ മക്കളും മാത്രം. വയസായ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഒന്നുകിൽ അസിസ്റ്റെഡ് ലിവിങ്  പോലെയുള്ള സ്ഥലങ്ങളിലോ അധികം പരിപാലനാമാവശ്യമില്ലാത്ത ചെറിയ അപ്പാർട്മെന്റുകളിലോ ആയിരിക്കും താമസം. കോളേജിൽ പോകാൻ പ്രായമായ മക്കളും മാറിത്താമസിക്കും കേട്ടോ.  ഇവിടെയുള്ളവരെ  സംബന്ധിച്ച് സ്വതന്ത്രരാവുക, സ്വന്തം കാലിൽ നിൽക്കുക എന്നതൊക്കെ ലിസ്റ്റിൽ പ്രഥമസ്ഥാനമുള്ള കാര്യങ്ങളാണ്. ജനിച്ചുവീഴുന്ന കുഞ്ഞിനെ ഉൾപ്പെടെ അവകാശങ്ങളുള്ള വ്യക്തിയായി കാണുന്ന മനോഭാവം നമുക് മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ ആ സ്വാതന്ത്ര്യത്തിലേക്ക് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമില്ലാത്ത കെട്ടുപാടുകൾ മനസ്സിലാകണം  എന്നുമില്ല. 

ഒരു കുഞ്ഞുമേശ ഞങ്ങൾക്കും കിട്ടി. ഹാലോവീൻ കഴിഞ്ഞുവന്ന ദിവസങ്ങൾ ആയതുകൊണ്ട് എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മിട്ടായിക്കൂട്ടം മാത്രം എന്നതുപോലെയാണ് കാര്യങ്ങൾ. ഇവിടെയും വർക്ക്ഷോപ് ക്‌ളാസ് നടത്തുന്ന മിസ്.നിക്കോൾ അതുകൊണ്ടുതന്നെ മിഠായികൾ കൊണ്ടാണ് ഇന്നത്തെ ആർട്ട് ചെയ്യാൻ പോകുന്നതെന്ന് പറഞ്ഞപ്പോൾ എനിക്ക് വലിയ അതിശയം ഒന്നും തോന്നിയില്ല മാത്രവുമല്ല വീട്ടിലുള്ള കുറേയെണ്ണം ഒഴിവാക്കാനുള്ള ക്രീയേറ്റിവ്‌ ഐഡിയ തന്നതിന് നിക്കോളിനൊരു മിട്ടായി അങ്ങോട് കൊടുത്താലോ എന്നും തോന്നി. കയ്യിലൊട്ടുന്ന ടൈപ്പ് ഒരു മിട്ടായി - പല നിറങ്ങളിലുള്ളവ ചേർത്തുചേർത്തു കൂട്ടിക്കുഴച്ചു കളർഫുൾ കളിമണ്ണുപോലെയാക്കി അതുംകൊണ്ട് പല പല രൂപങ്ങൾ ഉണ്ടാക്കലായിരുന്നു ആദ്യപണി. ചെറുതിനു വലിയ ഉത്സാഹം ഒന്നും തോന്നിയില്ലെങ്കിലും മൂത്തവൻ നല്ലോണം കുഴച്ചുകുഴച്ചെന്തൊക്കെയോ ഉണ്ടാക്കി.  എല്ലാ മേശകൾക്ക് ചുറ്റിലും അമ്മൂമ്മമാർ അപ്പൂപ്പന്മാർ കുഞ്ഞുകൈകളിൽ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുംപോലെ മിഠായി കുഴക്കുകയാണ്. കുഴച്ചുണ്ടാക്കിയ മനുഷ്യരൂപവും, സ്നോമാനും, ആമയും ഒക്കെ ചന്തം നോക്കി കുഞ്ഞുകുട്ടികൾക്കൊപ്പം അവരും കുട്ടികളായി മാറുന്നു. പിന്നെ കുറേ പല നിറങ്ങളിലെ മിഠായികൾ ഓരോ ഗ്ലാസ് വെള്ളത്തിൽ അലിയിച്ചു ചായക്കൂട്ടുകൾ ഉണ്ടാക്കി. ആ ചായം വെച്ച് കളർ ചെയ്യാൻ തുടങ്ങി ചിലർ മറ്റുചിലർ നീണ്ടുനീണ്ടു റബർബാൻഡ്‌ പോലിരിക്കുന്ന ഒരു മിട്ടായിയുടെ ഇഴ പിരിച്ച് അത് മറ്റു ചായങ്ങളിൽ മുക്കി പല രൂപങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. 








ഞങ്ങൾ ഇതൊക്കെ കണ്ടുകൊണ്ട് അവിടെ അങ്ങനെ വിശ്രമിക്കുമ്പോളാണ്  നാല് പേരക്കുട്ടികളേയും കൊണ്ടുവന്ന ഒരു മുത്തശ്ശി ഞങ്ങൾക്ക് ഇതുപോലെയുള്ള വേറെയിടങ്ങളെക്കുറിച്ച് ഉള്ള വിവരം തരുന്നത്.  അതിലൊരെണ്ണം ആ പവിലിയന് തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു കടയിലാണ്. ശില്പമുണ്ടാക്കലും ചിത്രം വരയുടെ വഴികളും കഴിഞ്ഞപ്പോൾ ചെറുതായി ബോറടിച്ചുതുടങ്ങിയ കുട്ടീസുകളെയും പൊക്കി ഞങ്ങൾ അടുത്തിടത്തേക്ക്  നീങ്ങി. ജോ-ആൻ എന്നറിയപ്പെടുന്ന ഒരു ക്രാഫ്റ്റ്-ഫാബ്രിക്  കടയാണ് ലക്‌ഷ്യം. പല തരത്തിലുള്ള തുണിത്തരങ്ങൾ, പല തരത്തിലുള്ള ക്രാഫ്റ്റ് സാധനങ്ങൾ, വീടലങ്കാരപ്പണികൾക്കും വസ്ത്രാലങ്കാരപ്പണികൾക്കും ഒക്കെയുള്ള സാധനങ്ങൾ കിട്ടുന്നയിടമാണ് ജോ -ആൻ. അമ്മാതിരി താല്പര്യമുള്ള ആളുകളുടെ പറുദീസയാണ് ഇവിടം. ക്രിസ്തുമസിന് മുന്നോടിയായി പലപ്പോഴും കുട്ടികൾക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യമാണ് ജിഞ്ചർ-ബ്രെഡ് വീടുണ്ടാക്കുക എന്നത്. വലിയ ബിസ്കറ്റുപലകകൾ കൂട്ടിച്ചേർത്തു വീടാക്കുക, എന്നിട്ടു വെള്ളഫോണ്ടന്റുപയോഗിച്ചു മേൽക്കൂരയിൽ മഞ്ഞുണ്ടാക്കുക, പല തരത്തിലുള്ള മിഠായികൾ ഉപയോഗിച്ച് മേൽക്കൂരയൊക്കെ വിളക്കുകൾ പോലെ അലങ്കരിക്കുക, ക്രിസ്തുമസ് മരങ്ങളും സ്നോ മാനുമൊക്കെ അവനവന്റെ സർഗ്ഗശക്തി പോലെയും മനോധർമ്മം പോലെയും ഉണ്ടാക്കി രസിക്കുക. സാധാരണ എല്ലാത്തവണയും  വീട്ടിൽ ഇതിന്റെ ഒരു പാക്കറ്റ് വാങ്ങി ഒരു ദിവസത്തെ മുഴുവൻ പ്രോജക്ട് ആക്കുകയാണ് പതിവ്, അതും പലപ്പോഴും അത്ര സുഖകരമല്ലാത്ത എൻഡ് പ്രൊഡക്ടുമായിരിക്കും. പക്ഷേ, ഇവിടെ കടയിൽ ചെന്നതുകൊണ്ട് രണ്ടു ഗുണമുണ്ടായി; ഒന്ന് അവിടെ ഉണ്ടായിരുന്ന രണ്ട് അമ്മൂമ്മമാരും കൂടി എങ്ങനെയാണു ഈ വീട് ശരിക്കും ഒട്ടിച്ചുണ്ടാക്കുന്നത് എന്ന് പറഞ്ഞുതന്നു. രണ്ട്, അവിടെ അന്നെത്തിയ എല്ലാ കുട്ടികൾക്കും അവരോരോ ജിഞ്ചർ ബ്രീഡ് വീടിന്റെ കിറ്റ് കൊടുത്തിട്ട് അവിടെത്തന്നെയിരുത്തി ചെയ്യിക്കാൻ തുടങ്ങി. രണ്ടു കുട്യോളും പിന്നെ കുട്ടികളുടെ മനസുളള ഒരമ്മയും കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ ഇഞ്ചിവീട്ടിലേക്ക് പാഞ്ഞുകയറി മേൽക്കൂര മുഴുവൻ മഞ്ഞുകോരിയൊഴിച്ചും പലവർണവിളക്കുകൾ ഒട്ടിച്ചും അലങ്കരിക്കാൻ തുടങ്ങി. ഇടയ്ക്കിടെ മിട്ടായി തിന്നൽ മാത്രമാണ് എന്റെ ഐറ്റം എന്ന മോഡിലേക്ക് മാറിയ കുഞ്ഞനെ അച്ഛൻ നോക്കിയത് കൊണ്ട് ഞങ്ങൾക്ക് വീടിന്റെ കുറേഭാഗത്തെങ്കിലും ഒട്ടിക്കാൻ വിളക്കുകൾ തികഞ്ഞു.

അങ്കം തുടങ്ങുന്നു!




സോറി! 'അമ്മ തിരക്കിലാണ് ;)  മിട്ടായി തിന്നുന്ന കുഞ്ഞനും

പിന്നീന്ന് പിച്ച് കിട്ടീട്ടാണോ മൂത്തോൻ കരയുന്നതെന്ന് ദൈവത്തിനറിയാം! 



ഉച്ച കഴിഞ്ഞു  പലനിറച്ചിത്രങ്ങളും, മധുരമുള്ള കളിമണ്ണും, പിന്നെ അലങ്കരിച്ചുഷാറാക്കിയ ഒരു ജിഞ്ചർ ബ്രെഡ് വീടുമായി വീട്ടിലേക്ക് വന്നുകേറുമ്പോൾ മനസ് നല്ലതുപോലെ ഒന്ന് റീഫ്രഷ്ഡ്  ആയിരുന്നു.  A day well spent!  തിരക്കുകളെക്കുറിച്ച് ഓർക്കാതെ, പ്രത്യേകിച്ച് ഒരു മത്സരവുമില്ലാതെ ആ നിമിഷം മാത്രം ആസ്വദിക്കുക എന്നത് നിങ്ങൾ ചെയ്യാറുണ്ടോ? ഇല്ലെങ്കിൽ ഇടക്കെപ്പോഴെങ്കിലും ഒന്ന് പോസ്ബട്ടൺ അമർത്തുക, എന്നിട്ടു കുട്ടികൾക്കൊപ്പം പ്രത്യേകിച്ച് ഒരു അജണ്ടയുമില്ലാതെ, സമയത്തിന്റെ ഓർമപ്പെടുത്തലുകളില്ലാതെ അവർക്കൊപ്പം ചിലവഴിക്കുക. വീണ്ടും വന്നു പ്ലേ ബട്ടൺ അമർത്തുമ്പോൾ കേൾക്കുന്നത് അതുവരെ കേൾക്കാത്ത മധുരസംഗീതമായിരിക്കും ഉറപ്പ്! 

ഞങ്ങളുടെ സ്വന്തം ജിഞ്ചർ ബ്രെഡ് ഹൌസ് 





12 comments:

  1. ഇന്നിപ്പോ കേരളത്തിലെ പല സർക്കാർ വക സ്കൂളുകളുകളിലും (നല്ല SMCകളുള്ള) ഇത്തരം വർക്ക് ഷോപ്പുകളുണ്ട്. മെറ്റീരിയലുകൾക്ക് മാറ്റം വരുമെന്ന് മാത്രം. രക്ഷിതാക്കളേയും ഒപ്പം കൂട്ടാൻ ശ്രമിക്കാറുണ്ട്. നല്ലെഴുത്തിന് ആശംസകൾ...

    ReplyDelete
  2. പ്രായോഗിക്കാനുള്ള കഴിവ് വായനയിലൂടെ മാത്രം ലഭിക്കില്ല. എല്ലാം ചേരുമ്പോഴാണ് സതൃപ്തിയും സന്തോഷവും ലഭിക്കുകയുള്ളു. വിദ്യാഭ്യാസരംഗത്തെ അരോഗ്യകരമല്ലാത്ത മത്സരങ്ങൾ സ്വയം മനസ്സിലാക്കി ഇല്ലാതാകുന്നുണ്ട് നാട്ടിലിപ്പോൾ എന്ന് തോന്നുന്നു.

    ReplyDelete
  3. നല്ലെഴുത്ത് ആർഷാ ...

    ReplyDelete
  4. Have a break, have a .... !!!
    .
    Manoharam, Ashamsakal...!!!

    ReplyDelete
  5. പ0ന വിരസത അകറ്റാൻ അനിവാര്യമായ വർക്ക്ഷോപ്പുകൾ

    ReplyDelete
  6. ചെറുതിനേം കൊണ്ട് ഞങ്ങളും പോയിരുന്നു :)

    ReplyDelete
  7. അല്പസ്വല്പം വിദേശമലയാളികളുടെ സന്തോഷങ്ങൾ ..

    ReplyDelete
  8. കുട്ടികളുടെ നൈസർഗ്ഗികമായകഴിവുകളെ പരിപോഷിപ്പിക്കാനുള്ള അവസരങ്ങൾ.....
    ആസംസകൾ

    ReplyDelete
  9. കുട്ടികൾക്കും അമ്മയ്ക്കും വ്യത്യസ്തമായ ഒരനുഭവമായി നല്ല കാര്യങ്ങൾ.
    ഇതിൽ കൗതുകം തോന്നിയത് മുത്തശ്ശിമാർക്കും ഒരു സമയം പോക്ക്. . മാനസികോല്ലാസവും ..
    ഈ അനുഭവങ്ങൾ പങ്കു വെച്ചതിൽ സന്തോഷം ആർഷ. . ആശംസകൾ

    ReplyDelete
  10. മധുരമായ അനുഭവങ്ങൾ ;-)

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)