ഇത്തവണത്തെ ലേഖനത്തിന് 'ഒരു മോശം അമ്മയുടെ കുറ്റസമ്മതം' (confessions of a badmom) എന്നോ മറ്റോ പേരിടണമെന്ന് ഓര്‍ത്തുകൊണ്ട് തുടങ്ങട്ടെ... പലപ്പോഴും പേരന്റിങ്ങിനെ കുറിച്ചുള്ള പല ലേഖനങ്ങളും വായിക്കുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട് "ശ്യോ! ആ അമ്മയും അച്ഛനും എത്ര സൂപ്പറാ.... മക്കളെ ഇത്രമേല്‍ മനസിലാക്കി പെരുമാറുന്ന, രക്ഷാകര്‍ത്താവ് ആകാന്‍ വേണ്ടി മാത്രം ജനിച്ച മനുഷ്യന്മാര്! " പക്ഷേ, ഒരു വിവാഹമോചിത(ന്) ആയ മാര്യേജ് കൌണ്‍സിലര്‍നെ പോലെയോ, പത്താം ക്ലാസ് തോറ്റിട്ടും മറ്റുള്ളവരോട് നന്നായി പഠിക്കണം എന്നുപദേശിക്കുന്ന ആളെപ്പോലെയോ ഒക്കെയാണ് പ്രശ്നപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മനുഷ്യരും എന്ന് കാലക്രമേണ എനിക്ക് മനസിലായി. തോറ്റ ഒരാളോട് ചോദിച്ചു നോക്കിയാലാകും ഒരുപക്ഷേ, നിങ്ങള്‍ക്ക് വിജയത്തിലേക്കുള്ള ഏറ്റവും നല്ല വഴി മനസിലാകുക എന്നൊരു പഴംചൊല്ലെവിടെയോ കേട്ടിട്ടുമുണ്ട്. എന്തായാലും മക്കളെക്കുറിച്ചുള്ള പുഞ്ചിരിക്കഥകളും ഉദാഹരണങ്ങളുമൊക്കെ ഇടയ്ക്കും മുറക്കുമീ എഴുത്തില്‍ കേറ്റുമ്പോള് ഞാന്‍ മനപൂര്‍വം വിടാറുള്ള ചില ഭാഗങ്ങളുണ്ട്. അത്തരം രണ്ടു സന്ദര്‍ഭങ്ങള്‍ ആണ് ഇന്നത്തെ 'അമേരിക്കന്‍ മോം' , ഇനിയൊരു ചാന്‍സ് കിട്ടിയാല്‍ ഞാന്‍ മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്ന രണ്ടു സന്ദര്‍ഭങ്ങള്‍.
മൂത്ത മകന് 5 വയസ് കൃത്യം തികഞ്ഞ് പിറ്റേന്നാണ് രണ്ടാമത്തെ മകന് ജനിക്കുന്നത്. മറ്റൊരു രാജ്യം - നാട്ടില്‍ നിന്നും ആര്‍ക്കും വരാന്‍ പറ്റാഞ്ഞതിനാല്‍ വീട്ടില്‍ ഞങ്ങള്‍ മാത്രം. മോന് ഒറ്റപ്പെട്ട തോന്നലോ, വിഷമമോ ഒന്നും ഉണ്ടാകരുത് എന്ന് കരുതിത്തന്നെ വളരെയധികം മുന്‍കരുതലുകള്‍ എടുത്തിരുന്നു. പക്ഷേ, ഭര്‍ത്താവ് ഓഫീസില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാംകൂടി എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്ത ഒരു അവസ്ഥ ചെറുതായി അനുഭവപ്പെടാന്‍ തുടങ്ങി. ഇടയ്ക്കിടെ ആ 'നാഗവല്ലി' എന്നില്‍ തലപൊക്കും. കിന്റെര്‍ഗര്ട്ടന്‍കാരന്‍ പോകും മുന്നേ അച്ഛന് പോകും, മകന് സ്കൂളില്‍ നിന്ന് വന്നുകഴിഞ്ഞിട്ടേ ഓഫീസില്‍ നിന്നും അച്ഛന് എത്തൂ. സര്‍ജറി കഴിഞ്ഞതിന്റെ ക്ഷീണം, ഉറക്കമില്ലായ്മ, ബേബി ബ്ലൂസ് ഒക്കെ കാരണം ആയിട്ടുണ്ടാകണം ഇനി പറയുന്ന രണ്ടു സംഭവങ്ങള്‍ക്കും. ആദ്യം ഒരു കഥ പറയാം - നിങ്ങളൊക്കെ കേട്ടിട്ടുള്ള കഥയാണ് - ഒരു അച്ഛന്റെയും മകന്റെയും കഥ. കാറില്‍ കോമ്പസ് കൊണ്ട് പോറിയ മകനെ അച്ഛന് അടിച്ചു കൈ ഒടിക്കുന്നു, പിന്നീട് കാറില്‍ പോറിയിട്ട വരികള്‍ 'I love my Dad' എന്നാണെന്ന് കാണുമ്പോള്‍ കുറ്റബോധം കൊണ്ട് നീറുകയും ചെയ്യുന്ന ഒരച്ഛന്റെ കഥ വാട്സാപ്പില്‍ കുറെയേറെ റൌണ്ട്സ് ഓടിയതാണല്ലോ. ഈ കഥ വായിച്ചിട്ടും ഇമ്മാതിരി തന്നെയൊരു അനുഭവം വന്നപ്പോള്‍ ഞാനും ഏതാണ്ട് ആ അച്ഛനെപ്പോലെയാണ് പെരുമാറിയത്. അടിയും കൈ ഒടിയലും ഉണ്ടായില്ല എന്ന് മാത്രം.
My Treasure! |
രണ്ടാമത്തെ സംഭവവും ഏതാണ്ട് അതേ കാലഘട്ടം തന്നെയാണ്. ചെറിയ ആള്‍ക്ക് 7-8 മാസം പ്രായം.മൂത്തയാള്‍ക്ക് ഒന്നാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിരിക്കുകയാണ്. ശൈത്യകാലത്തിന്റെ തുടക്കം. വൈകുന്നേരങ്ങളില്‍ ബസ് പോയിന്റിലേക്ക് ചെറിയ ആളെയും കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട് കാരണം കുഞ്ഞനെ അടുത്തുള്ള കുട്ടികള്‍ക്കൊപ്പം വരാന്‍ ചട്ടം കെട്ടി. കോമ്പ്ലെക്സിനുള്ളില്‍ ഞങ്ങളുടെ കെട്ടിടത്തിന് തൊട്ടടുത്ത് തന്നെയാണ് സ്കൂള്‍ ബസ് കുട്ടികളെ ഇറക്കുക. അതുകൊണ്ട് തന്നെ ഒരു മിനിറ്റ് പോലും വേണ്ട കെട്ടിടത്തിന് അകത്തെത്താന്‍. അകത്തുകേറാനുള്ള വാതില്‍ തുറക്കാന്‍ 10 വീടുകളുള്ള കെട്ടിടത്തിന്റെ ആവശ്യമുള്ള ഡോര്‍നമ്പര്‍ ഞെക്കുക, വീടിനകത്ത് നിന്ന് നമുക്ക് പ്രധാന വാതില്‍ തുറക്കാം. അതാണ് ഇവിടുത്തെ രീതി. അന്ന് വൈകുന്നേരം ബസ്സെത്തുന്ന സമയത്ത് ബെല്‍ കേട്ട് വാതില്‍ തുറക്കാന്‍ ഉള്ള ബട്ടന് അമര്‍ത്തുമ്പോള്‍ തന്നെ അടുത്ത വാതിലിലെയും, അതിനടുത്ത വാതിലിലെയും ബെല്‍ശബ്ദം കേട്ടു, വീടിനുള്ളിലേക്ക് കയറിവന്ന മോന് അത്യുത്സാഹത്തോടെ പറഞ്ഞു "അമ്മാ you know something? ഞാന്‍ 101 മുതല്‍ 110 വരെയുള്ള ബെല്‍ ഞെക്കി. നല്ല രസാരുന്നു!" നിര്‍ഭാഗ്യവശാല്‍ അരസികയായ അമ്മക്ക് കുഞ്ഞിന്റെ അത്രയും രസമോ സന്തോഷമോ ആ കേട്ട വാര്‍ത്ത നല്‍കിയില്ല. മാത്രവുമല്ല ആവശ്യമില്ലാത്ത ദേഷ്യം (ആ വാതിലിനു പുറകിലുള്ളവര്‍ എന്ത് വിചാരിച്ചു കാണും എന്ന വേണ്ടാചിന്ത) തോന്നുകയും ചെയ്തു. അമ്മ ചിരിക്കുമെന്നോ അനുമോദിക്കുമെന്നോ കരുതി നിന്ന കുഞ്ഞിനു ദേഷ്യം കൊണ്ട് മുഖം മുറുകുന്ന അമ്മയെയാണ് കാണാന്‍ കഴിഞ്ഞത്, ചിരി മാഞ്ഞ് കണ്ണ് നിറഞ്ഞ് ചീത്ത കേട്ട കുഞ്ഞിന് എന്തിനാ ഇത്രയും ചീത്ത കേള്‍ക്കുന്നത് എന്ന് മനസിലായിട്ടും ഉണ്ടാകില്ല. അവിടം കൊണ്ടും നിര്‍ത്താതെ എല്ലാവരോടും 'സോറി' പറയിപ്പിക്കാന്‍ അമ്മ അവനെയും കൊണ്ട് 101 ന്റെ വാതിലിന് അടുത്തേക്ക് നടന്നു. ആദ്യത്തെ ഡോര്‍ തുറന്നിറങ്ങിയ ആളിനോട് മാപ്പ് പറയാന്‍ നിര്ബന്ധിക്കുമ്പോള് ആകണം കുഞ്ഞിനു തന് എന്തോ വലിയ തെറ്റ് ചെയ്തു എന്ന് തോന്നിയിട്ടുണ്ടാകുക. കരഞ്ഞുകൊണ്ട് സോറി പറയാന്‍ തുടങ്ങിയ കുഞ്ഞിനേയും എന്നെയും മാറിമാറി നോക്കുന്ന അയല്‍ക്കാരിയെ കണ്ടപ്പോഴാണ് സത്യത്തില്‍ എനിക്ക് ബോധോദയം ഉണ്ടായത്. അഞ്ചര വയസുള്ള കുഞ്ഞിന്റെ നിര്‍ദോഷമായ ഒരു തമാശക്ക് എന്തൊരു ട്രാജിക് അന്ത്യമാണ് ഈ ദുഷ്ടത്തി അമ്മ ഉണ്ടാക്കിയത്!
കുറച്ചു പുകപടലങ്ങളും കണ്ണീരൊഴുക്കും ഉണ്ടായെങ്കിലും ആദ്യത്തെ സംഭവത്തിന്റെ അത്രയും നേരമെടുത്തില്ല എനിക്ക് സ്വബോധം തിരികെ കിട്ടാന്‍. ഇപ്പോഴോര്‍ക്കുമ്പോള്‍ എന്നെ ഓര്‍ത്ത് പുശ്ചവും , കുഞ്ഞിനെ ഓര്‍ത്ത് സഹതാപവും , മൊത്തം സംഭവങ്ങളെ ഓര്‍ത്ത് ചിരിയും വരുമെങ്കിലും തിരികെ പോകാനായാല്‍ ഞാന്‍ ഉറപ്പായും വ്യത്യസ്തമായിട്ടായിരിക്കും ആ രണ്ടു കാര്യങ്ങളും കൈകാര്യം ചെയ്യുക. കുറച്ചുകൂടി കുഞ്ഞിനൊപ്പം ആ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ശ്രമിക്കും..... ഇതെഴുതുമ്പോള്‍ പെട്ടെന്ന് തോന്നുന്ന ഒരു കാര്യം ഏറ്റവുമടുത്ത ദിവസങ്ങളില്‍ ഒന്നില്‍ കുഞ്ഞനൊപ്പം എല്ലാ വാതിലിലേയും ബെല്ലൊരു പ്രാവശ്യം അമര്‍ത്തിയിട്ട് ഒളിച്ചാലോ എന്നാണ്! നിങ്ങളിനി പത്രത്തില്‍ ബെല്ലടി ശല്യം അമ്മയും മകനും അറസ്റ്റില്‍ എന്നെങ്ങാനും കണ്ടാല്‍ ഉറപ്പിച്ചോളുക അത് ഞങ്ങളാണ്!
ഈ രണ്ടു സംഭവങ്ങളും ഇങ്ങനെ തുറന്നെഴുതി മോശം അമ്മയാണ് ഞാനെന്നു സമ്മതിക്കുന്നത് എന്തിനാണെന്നോ - I believe there is no good parenting or bad parenting , there is only parenting. കുഞ്ഞുങ്ങളുടെ നന്മ, സന്തോഷം ഒക്കെത്തന്നെയാണ് സാധാരണ ഗതിയില്‍ എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുക. എന്നാലും ഇടയ്ക്കിടെ ഇങ്ങനെ നിയന്ത്രണം വിട്ടുപോകുന്ന, നമ്മളറിയാതെ തന്നെ മറ്റെന്തൊക്കെയോ സംഭവിച്ചു പോകുന്ന, കുഞ്ഞുങ്ങള്‍ ചിന്തിക്കുന്നതിന്റെ അരികു ചേര്‍ന്നുപോലും നടക്കാന്‍ കഴിയാതിരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റക്കല്ല എന്ന് പറയാനാണീ എഴുത്ത്. എന്റെ മകന് ഇടയ്ക്കിടെ പറയുന്ന ഒരു വാചകമുണ്ട് - "I DONOT like when you guys scold me.... I'm sad when you scold me. So DONOT scold me even if im bad/wrong/misbehave" ഇത് കേള്‍ക്കുമ്പോള്‍ ഒക്കെ ഞങ്ങള്‍ക്ക് തോന്നും "ഹമ്പടാ കേമാ നീയാള് കൊള്ലാംലോ" , അവനിഷ്ടല്ലാത്തത് കൊണ്ട് അവന് തെറ്റ് ചെയ്താലും ചീത്തക്കുട്ടിയായാലും വഴക്ക് പറയാന്‍ പാടില്ലാത്രേ. ഒരുപക്ഷേ എല്ലാ കുട്ടികള്‍ക്കും ഇതാകാം ആഗ്രഹം, അച്ഛനുമമ്മയും വഴക്ക് പറയുമ്പോള്‍ ലോകം മുഴുവന്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നതായി തോന്നുന്നുണ്ടാകാം, അവരെ ആര്‍ക്കും ഇഷ്ടമല്ല എന്ന് തോന്നുന്നുണ്ടാകാം... പക്ഷേ, പക്ഷേ...വഴക്ക് പറയാതെ എങ്ങനെ മോശം സ്വഭാവങ്ങള്‍ മാറ്റും? എങ്ങനെ നല്ല കുട്ടികള്‍ ആക്കും? അപ്പോപ്പിന്നെ എന്താ ചെയ്ക? വഴക്ക് പറയേണ്ടി വന്നാലും ആ നിമിഷം കഴിയുമ്പോള്‍ പൂണ്ടടക്കം കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുക, അവര്‍ പിണങ്ങും..പരിഭവിക്കും,എന്നാലും വഴക്ക് പറഞ്ഞില്ലേ എന്ന് ചിണുങ്ങും..ഒരു സ്നേഹോമില്ല എന്ന് ദേഷ്യപ്പെടും - സാരമില്ലാന്നേ! അവരുടെ സങ്കടം കൊണ്ടല്ലേ. ആ സമയത്ത് ഒരുമ്മ കൂടി കൊടുത്തിട്ട് അവരോട് എന്തിനാണ് വഴക്ക് പറഞ്ഞതെന്നും ശരിക്കും ആ സമയത്ത് എങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നുമൊക്കെ ശാന്തമായി പറഞ്ഞാല്‍ മതി. ഒന്ന് രണ്ടുദിവസമൊക്കെ വളരെ നല്ല കുട്ടികളായി നടക്കാന്‍ അത്രയും ധാരാളം. അങ്ങനെ അങ്ങനെ ആവര്‍ത്തനങ്ങളിലൂടെ അവര്‍ക്കൊരു ബോധംവരും ശരിതെറ്റുകളെക്കുറിച്ച് - സ്നേഹമുണ്ടെങ്കിലും വഴക്ക് പറയേണ്ടി വരുന്ന നിമിഷങ്ങളെക്കുറിച്ച്, സാധ്യമെങ്കിലും ചെയ്തുകൂടാത്ത കാര്യങ്ങളെക്കുറിച്ച്....
അപ്പോ നേരത്തെ പറഞ്ഞത് മറക്കണ്ട - അയല്‍ക്കാര്‍ തല്ലി അമ്മയും മകനും ആശുപത്രിയില്‍ എന്ന് വാര്‍ത്ത കേട്ടാലും അത് ഞങ്ങളായിരിക്കും!
(2018 February Our Kids Edition - American MOM)
|
പ്രായോഗികതയും ചിന്തകളും പലപ്പോഴും രണ്ടു വഴിയാണ് സഞ്ചരിക്കുക. ഓരോ വ്യക്തിയുടെയും സാഹചര്യങ്ങളും അവര്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന രീതികളും കൂട്ടിക്കലര്‍ത്തിയ ഒരു തരം പ്രായോഗികതയിലാണ് കുടുംബം നീങ്ങുക. അപ്പോള്‍ എല്ലാത്തിലും ഈ പ്രായോഗികത പ്രതിഫലിക്കുക സ്വാഭാവികമാണ്.
ReplyDeleteനന്ദി റാംജിയേട്ടാ .. അതെ സത്യമാണ്, പലപ്പോഴും നമ്മുടെ ശരിയാകില്ല മറ്റൊരു കുടുംബത്തിലെ ശരി. ചിലപ്പോഴൊക്കെ ശരി എന്ന് തോന്നുന്ന കാര്യം പോലും പ്രയോഗികമാകാറില്ല :(
Deleteഞാനും ഇടക്കിടക്ക് നാഗവല്ലി ആകാറുണ്ട്.. ചില സന്ദർഭങ്ങളിൽ മോളെ പോലും ഞെട്ടിച്ച് കൊണ്ട് ഗുഡ് പേരെന്റിങ്ങ് മോഡലും ആകാറുണ്ട്. അവൾ സ്ഥിരമായി പറയുന്ന കാര്യമുണ്ട് " today amma is under control" എന്ന്, ആ പറയുന്നതിന്റെ ടോണും, സൗണ്ട് മോഡുലേഷനും ഒക്കെ കേൾക്കുമ്പോൾ അവളെന്റെ മോൾ തന്നെ എന്ന് ഡബിൾ ഉറപ്പാക്കും...,,😊
ReplyDeleteയെസ് കുഞ്ഞീ! There is no good parenting or bad parenting, there is only parenting.
ReplyDeleteരണ്ടിടങ്ങളിലായി കണ്ണുകൾ നിറഞ്ഞു. ഹൃദയസ്പര്‍ശിയായി എഴുതി യൂ ഡിയർ "ബാഡ് മോം"!
ഞാനിതുവരെ മക്കളെ തല്ലിയിട്ടില്ല. ചീത്ത പോലും പറഞ്ഞിട്ടില്ല. പക്ഷെ രണ്ടും കൂട്ടി കുട്ടികളുടെ ഉമ്മച്ചിയുടെ കയ്യിൽ നിന്നും കിട്ടാറുണ്ട്.
അവർക്കുമറിയാം അത് അവരുടെ നല്ലതിനായിരുന്നു എന്ന്, എപ്പോൾ? അവർക്കും ഉണ്ണികൾ ഉണ്ടാകുമ്പോൾ.... എങ്കിലും കുഞ്ഞുമനസ്സുകളെ വേദനിപ്പിക്കുന്നതിനോട് യോജിപ്പില്ല.
റിയലി! യൂ ആർ ഏ ഗ്രെയിറ്റ് മോം!
യെസ് കുഞ്ഞീ! There is no good parenting or bad parenting, there is only parenting.
ReplyDeleteരണ്ടിടങ്ങളിലായി കണ്ണുകൾ നിറഞ്ഞു. ഹൃദയസ്പര്‍ശിയായി എഴുതി യൂ ഡിയർ "ബാഡ് മോം"!
ഞാനിതുവരെ മക്കളെ തല്ലിയിട്ടില്ല. ചീത്ത പോലും പറഞ്ഞിട്ടില്ല. പക്ഷെ രണ്ടും കൂട്ടി കുട്ടികളുടെ ഉമ്മച്ചിയുടെ കയ്യിൽ നിന്നും കിട്ടാറുണ്ട്.
അവർക്കുമറിയാം അത് അവരുടെ നല്ലതിനായിരുന്നു എന്ന്, എപ്പോൾ? അവർക്കും ഉണ്ണികൾ ഉണ്ടാകുമ്പോൾ.... എങ്കിലും കുഞ്ഞുമനസ്സുകളെ വേദനിപ്പിക്കുന്നതിനോട് യോജിപ്പില്ല.
റിയലി! യൂ ആർ ഏ ഗ്രെയിറ്റ് മോം!
ശ്യോ ഈ അമ്മ എത്ര സൂപ്പറാ. മക്കളെ ഇത്ര നന്നായി മനസ്സിലാക്കുന്ന രക്ഷകർത്താവ് !
ReplyDeleteനല്ല പോസ്റ്റ് ആശംസകൾ
ReplyDeleteആർഷ, ആ മുഴുമിപ്പിക്കാത്ത birthday card കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു. ചില നേരം നമ്മൾ അമ്മമാർ ഭദ്രകാളി അമ്മമാർ ആണ്.
ReplyDeleteനാല്‍പ്പതുകാരനായ മകനോടു ഇന്നലെ രാത്രിയും കുറച്ചു വഴക്കുണ്ടാക്കി. ഇത് ഇന്നലെ വായിക്കേണ്ടതായിരുന്നു. അല്ല, പത്തുമുപ്പതു കൊല്ലം മുമ്പ് വായിക്കേണ്ടതായിരുന്നു. മേപ്പടിയാനും ഇതുപോലെ വഴക്കും കൂടെ അടിയും വാങ്ങിയിരുന്നു അവന് ചെയ്ത ഒരു കുറ്റത്തിന്. മേശയില്‍ നിന്ന് 20 ഡോളറെടുത്തതിന്. പിന്നീടാണറിയുന്നത് എല്ലാവര്ക്കും ക്രിസ്തുമസ് സമ്മാനം വാങ്ങനായിരുന്നു അതെന്ന്. ആര്‍ഷാ അഭിനന്ദനങ്ങള്‍. വാക്കുകളിലൂടെ ഭാവങ്ങളെയും വികാരങ്ങളെയും വാര്‍ത്തെടുക്കുവാനുള്ള അപാരമായ കഴിവ് സമ്മതിച്ചിരിക്കുന്നു. കൂടെ അതു മറ്റുള്ളവരുമായി പങ്കിടുവാനുള്ള സന്മനസ്സും.
ReplyDeleteചുമ്മാ കുറ്റബോധം ഉണ്ടാക്കാനായി ഓരോ ലേഖനോം എഴുതിക്കോണ്ട് വന്നോളും !
ReplyDelete❤️
ഒത്തിരി നാളുകൾക്കു ശേഷമാണ് ഒരു ബ്ലോഗിലെത്തുന്നത്.ആർഷ ഇപ്പോഴും ഇവിടെ സജീവമാകുന്നതിൽ സന്തോഷം.
ReplyDeleteഞാനിപ്പോഴും മക്കളെ ഫോണിൽക്കൂടി ശകാരിക്കുകയും അടിക്കുകയുമൊക്കെ ചെയ്യാറുണ്ട് എത്ര അനുഭങ്ങളുണ്ടായാലും നന്നാകാത്ത ഒരച്ഛനാണു ഞാനെന്ന് ചിലപ്പോഴൊക്കെ തോന്നുകയും ഉടനെ കുമ്പസാരിച്ച് കുർബ്ബാനയും കൈക്കൊണ്ട് അടുത്ത വിളിയിൽ അടി കൊണ്ട തിമിർപ്പിൽ തലോടി തണുപ്പിക്കാറുമുണ്ട്. ഈ തല്ലു കൊള്ളിത്തരം നടക്കുന്ന ദിവസമുണ്ടാകുന്ന മാനസിക വ്യഥ ഇത്തരം എരണം കെട്ട എല്ലാ അപ്പൻ മാർക്കും ഉണ്ടാകുമെങ്കിലും. മക്കളെ തിരുത്തേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ നമുക്കാവില്ലല്ലോ. ഇതേ ആശയം മിഴിനീർ പൂവുകൾ എന്ന പേരിൽ മുൻപ് എന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നത് ആർഷ ഓർക്കുന്നോ? അതിപ്പോഴും അവിടെ കാണും പോയി തപ്പി നോക്കൂ. എന്തായാലും മോന്റെ ആ ആശംസാ കാർഡ് കണ്ണു നനയിച്ചൂട്ടോ.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Mathruthwam ....!!!
ReplyDelete.
Manoharam, Ashamsakal...!!!
ബ്ലോഗിലെഴുതിയിട്ട് കുറേ നാളായി. mail message കമ്ടതുകൊമ്ട് ചുമ്മാ വന്നതാണ്. നല്ല പോസ്റ്റ്
ReplyDeletehttp://pkkusumakumari.blogspot.in/2010/07/blog-post_2636.html
ReplyDeleteപ്രിയപ്പെട്ട കൂട്ടുകാരി ഇതൊന്നു വായിച്ചു നോക്കുക
super ma'am. situations that all moms would have come across..happy to know that am not the only one who had gone through this.
ReplyDeleteThis comment has been removed by the author.
ReplyDeleteകുഞ്ഞനോടുള്ള ഒരു ക്ഷമാപണം പോലെ 'അമ്മ
ReplyDeleteഅതങ്ങ് എഴുതിയപ്പോ ഒരു ഭാരം കുറഞ്ഞു അല്ലേ..
നന്നായിട്ടുണ്ട്...
https://www.flickr.com/photos/binishmalloossery/12235916836/in/dateposted/
കുഞ്ഞുങ്ങളുടെവളര്ച്ചയോടൊപ്പം അമ്മമാരില്ക്കാണുന്ന ഉല്‍ക്കണ്ഠയും അതീവജാഗ്രതയും വ്യഥയും വളരെഭംഗിയായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞിരിക്കുന്നീയനുഭവക്കുറിപ്പിലൂടെ...
ReplyDeleteആശംസകള്‍
ഏതാണ്ട് പിള്ളേരുള്ള എല്ലാ വീടുകളിലും സംഭവിക്കുന്ന സംഗതികൾ ...!
ReplyDelete