Monday, January 1, 2018

'ഒരമ്മയും ഒരച്ഛനും പിന്നൊരു കൂട്ടം ആളോളും'

കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞു നിര്‍ത്തിയതില്‍ നിന്ന് തുടങ്ങാമല്ലേ ഇപ്പ്രാവശ്യം? കുഞ്ഞുങ്ങളുടെ കണ്ണിലെ പൂത്തിരികള്‍ - അത് തെളിയിക്കാനും അണയ്ക്കാനും കഴിവുള്ള രണ്ടു വിഭാഗമാണ് രക്ഷിതാക്കളും അദ്ധ്യാപകരും. ഈ കുറിപ്പ് എഴുതുമ്പോള്‍ പോലും കൊല്ലത്തൊരു കുഞ്ഞിന്‍റെ കണ്ണിലെ പൂത്തിരി അണഞ്ഞ വിഷയം ഫേസ്ബുക്ക് സ്ക്രീനില്‍ സ്ക്രോള്‍ ചെയ്തു നീങ്ങുകയാണ്. ഒരുപാടു തവണ വായിച്ചും പറഞ്ഞും കടന്നുപോയ വിഷയം ആണെങ്കിലും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ തോന്നുന്നത് അതുകൊണ്ടാണ്. കുഞ്ഞുങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകാനുള്ള ഏറ്റവും നല്ലയിടം വീടുകളാണ്, രണ്ടാമത് സ്കൂളുകളും. എന്തൊക്കെ തരത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ജീവനൊടുക്കാന്‍ പാടില്ലായിരുന്നു എന്ന തോന്നല്‍ ആ കുഞ്ഞിനു കൊടുക്കാന്‍ കഴിയാതിരുന്ന ഓരോരുത്തരും അതില്‍ പങ്കാളിയാണ്..സ്കൂളും, ബന്ധുക്കളും, സമൂഹവും ഒക്കെ. പക്ഷേ, ഓരോരുത്തരുടെയും പങ്കു വ്യത്യസ്തമാണുതാനും.

ആ ഒരു പോയിന്റില്‍ നിന്നാകട്ടെ നമ്മുടെ ഇന്നത്തെ വിഷയം. കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ പറയാമെന്ന് ഏറ്റിരുന്ന രണ്ടാമത്തെ അമ്മയുടെ കഥ.
ഒന്നര രണ്ടു  വയസുള്ള ചെറിയ കുട്ടിയുടെ അമ്മയാണ് ഈ കഥ പറയുന്നത്. ജോലിസംബന്ധമായി ദൂരെയൊരു നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കുന്ന അച്ഛനും,അമ്മയും,ചെറിയ കുട്ടിയും അടങ്ങുന്ന അണുകുടുംബം. നേരെ എതിരെയുള്ള ഫ്ലാറ്റില്‍ താമസിക്കുന്നത് ജോലിക്ക് പോകാന്‍ തക്ക മുതിര്‍ന്ന മക്കളുള്ള ഒരു കുടുംബമാണ്. സ്വാഭാവികമായും പകല്‍സമയങ്ങളിലെ വിരസതയില്‍ ഈ രണ്ടു വയസുകാരി ഒരു  ആശ്വാസം ആണ് അപ്പുറത്തെ വീട്ടിലെ അമ്മൂമ്മക്ക്. ചെറിയ കുഞ്ഞിന്‍റെ ചെറുപ്പക്കാരിയായ അമ്മയ്ക്ക്  ആണെങ്കിലോ ഇങ്ങനെ വിശ്വസിക്കാവുന്ന തരത്തില്‍ ഒരു അയല്‍ക്കാരി അമ്മൂമ്മയെ കുഞ്ഞിനു കിട്ടിയതില്‍ വളരെ ആശ്വാസവും. പകലുകളില്‍ ഇടക്കൊക്കെ  ഒരോട്ടക്കുളി കുളിക്കാന്‍ സമയം കിട്ടാന്‍ അമ്മ കുഞ്ഞിനെ അങ്ങോട് കൊടുക്കുകയോ, വീട്ടുജോലി തീര്‍ന്നുള്ള ഇടവേളകളില്‍ അമ്മൂമ്മ കുഞ്ഞിനെ ഇങ്ങോട് വന്നു എടുക്കുകയോ ഒക്കെ ചെയ്യും. അമ്മൂമ്മക്ക് കുഞ്ഞിനോട് സ്വന്തം പേരക്കുട്ടിയോട്‌ എന്നപോലെ സ്നേഹവും ആണ്. ഇനിയാണ് ചെറുതെങ്കിലും അല്പം കാര്യത്തിലുള്ള പ്രശ്നം പൊങ്ങി വരുന്നത്.

സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന കുഞ്ഞിനെ കരയാതെ ഇരുത്താന്‍ അമ്മൂമ്മ ആദ്യം ചെയ്യുന്നത് ടെലിവിഷനില്‍ നഴ്സറിപ്പാട്ടുകള്‍ വെച്ചുകൊടുക്കലാണ്. കൂട്ടത്തില്‍ സ്നേഹം കാട്ടാന്‍ ചോക്ലേറ്റും കൊടുക്കും. അതുകൊണ്ടുതന്നെ കുഞ്ഞിനു അവിടേക്ക് പോകാന്‍ വളരെ ഇഷ്ടവുമാണ്. അമ്മയുടെ പ്രശ്നം കുഞ്ഞിനെ അധികം TV  കാണിക്കാനോ, ദിവസവും ചോക്ലേറ്റ് പോലുള്ള മധുരം കൊടുക്കണോ ഇഷ്ടമല്ല എന്നുള്ളതുമാണ്. കൈക്കുഞ്ഞിനേയും കൊണ്ട്അവിടേക്ക് മാറിവന്ന സമയങ്ങളില്‍ ഈ അമ്മൂമ്മ വളരെ വലിയൊരു ആശ്വാസം ആയിരുന്നതിനാല്‍ ആളിനെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാനോ, കുഞ്ഞിനെ അങ്ങോട്ടേക്ക് വിടണ്ട എന്ന് വെക്കാനോ കഴിയുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം സൌമ്യമായി  മധുരം കൊടുക്കണ്ട എന്നും, TV അധികം കാട്ടണ്ട എന്നുമൊക്കെ പറഞ്ഞെങ്കിലും അതൊന്നും ഫലിക്കുന്നില്ല, കാണുമ്പോള്‍ ഇതൊക്കെ തന്നെയാണ് അവസ്ഥ എന്നും, ചോദിക്കുമ്പോള്‍ കുഞ്ഞു കരഞ്ഞത് കൊണ്ടും ചോദിച്ചത് കൊണ്ടുമാണ് മധുരം കൊടുത്തത് എന്നുമാണ് അമ്മൂമ്മയുടെ മറുപടി. എങ്ങനെയാണു ഈ അവസ്ഥ കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു ആ അമ്മയുടെ വിഷമാവസ്ഥയിലുള്ള പോസ്റ്റ്‌.  ഈ കുറിപ്പ് വായിക്കുന്ന എല്ലാവരുടെയും മുഖത്ത് പല രീതിയിലുള്ള ചെറുപുഞ്ചിരികള്‍ വിരിയുന്നത് എനിക്ക് കാണാം. കാര്യം വളരെ നിസാരം തന്നെയാണ്, പക്ഷേ, മുതിര്‍ന്ന ബന്ധുക്കളൊന്നും അടുത്തില്ലാത്ത അയല്‍പ്പക്കക്കാരില്‍ വളരെയധികം ആശ്രയിക്കുന്ന ചെറുപ്പക്കാരിയായ അമ്മയ്ക്ക് ഉറക്കം പോകാന്‍ ഇതൊക്കെ തന്നെ ധാരാളം അല്ലേ?

പല തരത്തിലുള്ള മറുപടികളില്‍ നിന്ന് ആ അമ്മ ഉചിതമായ ഒന്ന് തിരഞ്ഞെടുത്തു കാണുമെന്നു നിങ്ങളെപ്പോലെ തന്നെ ഞാനും പ്രതീക്ഷിക്കുന്നു. പക്ഷേ, ചോദ്യം ഇപ്പോള്‍ നിങ്ങളോടാണ്‌ - നിങ്ങളായിരുന്നു ആ അമ്മയുടെ സ്ഥാനത്ത് എങ്കില്‍ എന്തുചെയ്തേനെ? ഇവിടെയാണ് ഒരു കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ അച്ഛനുമമ്മയ്ക്കും ശേഷം ആര്‍ക്കൊക്കെ എത്രത്തോളം പങ്കുണ്ടെന്ന് ചിന്തിക്കേണ്ടി വരുന്നത്. പഴയൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് "It Takes A Village To Raise A Child". എത്രമേല്‍ സത്യമായ, ശ്രദ്ധേയമായ കാര്യമാണത്  അല്ലേ?

ഒരു കുഞ്ഞിന്‍റെ ജനനം മുതല്‍ ആ കുട്ടി ഒരു ഉത്തരവാദിത്തമുള്ള മനുഷ്യനായിത്തീരും വരെ എത്രപേരുടെ സ്നേഹവും, അദ്ധ്വാനവും, ചിന്തയും കൂടിക്കുഴഞ്ഞുണ്ടാകുന്ന പാതയിലൂടെയാണ് ആ കുട്ടി നടന്നു പോകേണ്ടത്? കുഞ്ഞുങ്ങള്‍ എപ്പോഴുമൊരു സ്പോഞ്ച്/ ഒപ്പുകടലാസ്  പോലെയാണ് - വളരെപ്പെട്ടെന്നു അവര്‍ക്കുചുറ്റിലുമുള്ള എന്തിനേയും ഒപ്പിയെടുക്കും. ഉള്ളിലേക്ക് ഏറ്റുന്നവയില്‍ നല്ലതോ, ചീത്തയോ, കള്ളമോ  സത്യമോ എന്നൊന്നുമുള്ള വേര്‍തിരിവുകള്‍ അവര്‍ക്കില്ല. കാണുന്നത് -  കേള്‍ക്കുന്നത് അപ്പാടെ ഉള്ളിലേക്ക് എടുക്കുക എന്നതാണ് ഒരു പ്രായം വരെ കുട്ടികള്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യം. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ അച്ഛനുമമ്മയും കളിക്കുന്നതും, സ്കൂള്‍ കളിക്കുന്നതും ഒക്കെ. അവരുടെ ആദ്യ സാമ്രാജ്യങ്ങളാണ് ഈ രണ്ടിടവും.


രണ്ടാമതൊരു കുഞ്ഞുണ്ടായപ്പോള്‍, അതും മകനാണ് എന്നറിഞ്ഞപ്പോള്‍ പലരും പറഞ്ഞ ഒരു കാര്യം മൂത്തയാളുടെ സാധനങ്ങള്‍ ഒക്കെ ഇളയ ആള്‍ക്കുപയോഗിക്കാമല്ലോ എന്നായിരുന്നു. ഇപ്പോള്‍ കുഞ്ഞന്‍റെ പതിനെട്ടാം മാസത്തില്‍ രണ്ടാളെയും നോക്കുമ്പോള്‍ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം ജ്യേഷ്ഠന്‍റെ സാധനങ്ങള്‍ പങ്കുവെച്ചെടുക്കുന്നതിനെക്കാള്‍ കൂടുതല്‍ അനിയന്‍ സ്വന്തമാക്കിയത് മൂത്തയാളുടെ സ്വഭാവവും, പെരുമാറ്റ രീതികളുമാണ്. ചേട്ടനെപ്പോലെ സോഫയില്‍ വലിഞ്ഞുകയറി തല കീഴായി കിടക്കുക, സോക്ക്സ് എടുത്തു മുകളിലേക്ക് പൊക്കിയെറിയുക എന്തിനധികം - അവന്‍റെ 'അമ്മാ' എന്ന വിളിയുടെ ഈണം പോലും മൂത്തവന്‍റെ കോപ്പിയടിയാണ്. സ്വാഭാവികമായും മൂത്ത പുത്രന്‍, ആറരവയസുകാരന്‍ എന്തെങ്കിലും സാധനം കിട്ടാനോ സഹായത്തിനോ ഒക്കെയാണ് കൂടുതല്‍ സമയം എന്നെ "അമ്മാ" എന്ന് നീട്ടി വിളിക്കാറ്. അതുകൊണ്ട് കുഞ്ഞനും വിളി അങ്ങനെയാണ്, ഉച്ചത്തില്‍ നീട്ടി എന്തോ അത്യാവശ്യകാര്യം പറഞ്ഞു തീര്‍ക്കാനുള്ളപോലെ!  ഇതാരും പറഞ്ഞു പഠിപ്പിച്ചതല്ല, കുഞ്ഞു കണ്ട കാര്യത്തില്‍ നിന്നും, വളരുന്ന ചുറ്റുപാടില്‍ നിന്നും കുഞ്ഞു തന്നെ വികസിപ്പിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ ഒന്നര വയസുകാരനിലേക്ക് എന്തൊക്കെയാണ് കടന്നു ചെല്ലുന്നത് എന്ന് ഞങ്ങള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട് - അത് എളുപ്പവുമാണ്. ഇതേ ശ്രദ്ധ ആറരവയസുകാരനും കൊടുക്കാറുണ്ട്. പക്ഷേ, ചില വാക്കുകള്‍ ചീത്ത വാക്കുകള്‍ ആണെന്ന്  പറഞ്ഞുകൊടുക്കേണ്ടി വരുന്നത്, അത്രമേല്‍ മനോഹരമായ പ്രയോഗമല്ല നമുക്കത് ഉപയോഗിക്കണ്ട എന്നു പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയത് അവന്‍റെ ലോകം വീട്ടില്‍ നിന്ന് സ്കൂളിലേക്ക് വളരാന്‍ തുടങ്ങിയപ്പോള്‍ ആണ്. അവന്‍റെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ അച്ഛനമ്മമാര്‍ മാത്രമല്ലാതെ അദ്ധ്യാപകരും, കൂട്ടുകാരും, ബസ് ഡ്രൈവറും ഒക്കെ ചേര്‍ന്ന ഒരു സമൂഹമാകാന്‍ തുടങ്ങിയതുമുതല്‍.

കൊല്ലത്ത് പത്താംക്ലാസ്സില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി അദ്ധ്യാപികയുടെ ശിക്ഷണനടപടികളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തു എന്ന് പത്രവാര്‍ത്ത - എന്തുകൊണ്ട്? എന്തുകൊണ്ട് ആ കുട്ടിക്ക് സ്കൂളില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അതിലെ ശരിതെറ്റുകള്‍ കൂട്ടുകാരോടോ, കുടുംബത്തിനോടോ ചര്‍ച്ച ചെയ്താല്‍ തീരും എന്ന് തോന്നിയില്ല. എന്തുകൊണ്ട് അത്തരമൊരു മനസിലേക്ക് ആ കുട്ടിയെ വളര്‍ത്തിയെടുക്കാന്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിനോ ആ കുട്ടിയുടെ രക്ഷിതാക്കളും, അദ്ധ്യാപകരും, കൂട്ടുകാരും, ബന്ധുക്കളും  ചേര്‍ന്ന ഒരു ക്ലോസ് സര്‍ക്കിളിനോ കഴിഞ്ഞില്ള? ചോദ്യമാണ്....വളരെ വളരെ ആലോചിച്ചു മാത്രം ഉത്തരം പറയേണ്ട, പ്രതിവിധി കണ്ടെത്തേണ്ട ചോദ്യം.

ഇനിയാണ് നമ്മള്‍ നമ്മുടെ ആദ്യകഥയിലേക്ക് തിരികെപ്പോകേണ്ടത്. രണ്ടു വയസുകാരിയുടെ ലോകം അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും വളര്‍ന്നു അടുത്ത വീട്ടിലെ അമ്മൂമ്മയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ആ കുഞ്ഞിന്‍റെ സ്വഭാവ രൂപീകരണത്തില്‍, ജീവിതചര്യകളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തക്കരീതിയില്‍ മറ്റൊരാളുടെ സാമീപ്യം ഉണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് - എത്രത്തോളം പ്രാധാന്യം ആ അയല്ക്കാരി അമ്മൂമ്മക്ക് കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ ഉണ്ട് എന്നുള്ളത്. ഓരോ കുടുംബവും അവരവര്‍ക്ക് യോജിച്ച രീതിയില്‍, സൌകര്യപ്രദമായ രീതിയില്‍ ആണ് കുഞ്ഞുങ്ങളെ വളര്‍ത്തുക. ചില രക്ഷിതാക്കള്‍ അവര്‍ക്ക്   അവരുടേതായ സമയം ലഭിക്കാന്‍ കുഞ്ഞിനു സ്ക്രീന്‍ ടൈം കൊടുക്കുന്നുണ്ടാകാം, ജോലിയുടേയും ജീവിതത്തിന്റേയും താളത്തില്‍ പലപ്പോഴും ടിന്‍-ഫുഡ്‌ ആശ്രയിക്കേണ്ടി വരുന്നുണ്ടാകാം, സമ്മാനങ്ങള്‍ കൊടുത്തു മാത്രം കുഞ്ഞിനെ അനുനയിപ്പിക്കേണ്ട അവസ്ഥകള്‍ ഉണ്ടാകാം.  ഇനി എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ എന്‍റെ കുഞ്ഞായിരുന്നു എങ്കില്‍ രണ്ടുവയസുകാരി ദിവസവും ചോക്ലേറ്റ് കഴിക്കുന്നതിനും, അല്‍പസമയത്തേക്ക് ആണെങ്കില്‍ കൂടി ടെലിവിഷന്‍ കാണുന്നതിനും എനിക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. ഞങ്ങള്‍ വീട്ടില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന രണ്ടുകാര്യങ്ങള്‍ ദിനവുമെന്ന കണക്കില്‍ അടുത്ത വീട്ടില്‍ നിന്ന് കുഞ്ഞിനു കിട്ടുകയാണെങ്കില്‍ അതിനെക്കുറിച്ച് നല്ല രീതിയില്‍ അയല്‍ക്കാരിയെ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിക്കും. അത് ഫലിച്ചില്ല എങ്കില്‍ കുഞ്ഞ് ഒറ്റയ്ക്ക് ആ വീട്ടിലേക്ക് പോകുന്ന സാഹചര്യം കുറയ്ക്കും. ശക്തമായ ഭാഷയില്‍ വിയോജിപ്പ്‌ പറയേണ്ടി വന്നാല്‍ പറയുകയും ചെയ്യും, കാരണം ഒരുപക്ഷേ ഈക്കാര്യത്തില്‍ അയല്‍ക്കാരുടെ പ്രീതി ഓര്‍ത്ത് ഞാന്‍ പറയാതെ പോകുന്ന ഒരു "NO" എന്നെ പില്‍ക്കാലത്ത് വല്ലാതെ വിഷമിപ്പിച്ചേക്കാം.

ഇത് ആകണമെന്നില്ല എല്ലാവരുടേയും അഭിപ്രായം, രീതി. പക്ഷേ, എന്‍റെ കുഞ്ഞിനു മേല്‍ സമൂഹത്തിന്‍റെ പങ്ക് എത്തരത്തില്‍ ആകണമെന്ന്, സമൂഹത്തിന്‍റെ ഓരോ പ്രവര്‍ത്തിയുടേയും പരിണിതഫലം കുഞ്ഞിനെ എത്തരത്തില്‍ ബാധിക്കണമെന്നുള്ളതില്‍, ഇപ്പോഴത്തെ ചിന്ത ഇങ്ങനെയാണ്.  കൊല്ലത്തെ പെണ്കുഞ്ഞൊരു വേദനയാണ്...ആ വേദന നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുമെങ്കില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നമ്മളോടൊപ്പം നില്‍ക്കേണ്ട ആ വില്ലേജിനെക്കുറിച്ച്, സമൂഹത്തിനെക്കുറിച്ച്, സമൂഹത്തിന്‍റെ പങ്കില്‍  എന്തൊക്കെക്കൊള്ളണം എന്തൊക്കെ തള്ളണം എന്നതിനെക്കുറിച്ച് നമുക്ക് മക്കളോടൊപ്പം ഇരുന്നു ചിന്തിക്കാം!







(2017 - നവംബര്‍ ലക്കം OurKids Magazine)

10 comments:

  1. എന്‍റെ കുഞ്ഞിനു മേല്‍ സമൂഹത്തിന്‍റെ പങ്ക്
    എത്തരത്തില്‍ ആകണമെന്ന്, സമൂഹത്തിന്‍റെ ഓരോ
    പ്രവര്‍ത്തിയുടേയും പരിണിതഫലം കുഞ്ഞിനെ എത്തരത്തില്‍
    ബാധിക്കണമെന്നുള്ളതില്‍ - സമൂഹത്തിനെക്കുറിച്ച്, സമൂഹത്തിന്‍റെ
    പങ്കില്‍ എന്തൊക്കെക്കൊള്ളണം എന്തൊക്കെ തള്ളണം എന്നതിനെക്കുറിച്ച്
    നമുക്ക് മക്കളോടൊപ്പം ഇരുന്നു ചിന്തിക്കാം...!

    ReplyDelete
  2. Replies
    1. ഹായ്‌!!!ദേ ഒരു പുതുമുഖബ്ലോഗർ!

      Delete
  3. നല്ലത്‌.

    എന്തോരം തലവേദനകൾ ഉണ്ടാക്കുന്ന വിഷയമാ അല്ലേ ആർഷേച്ചീ?!?!?

    ReplyDelete
  4. വളരെ പ്രധാനപ്പെട്ട, എന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കാത്ത ഒരു വിഷയമാണ് ആര്‍ഷാ. മുത്തച്ഛനും മുത്തശ്ശിയും അകപ്പെട്ടുപോകുന്ന സംഗതി. മക്കളെ വിരട്ടിയും വിലക്കിയും തഴക്കവും പഴക്കവുമുള്ള ഞങ്ങളും ഈ കാര്യത്തില്‍ കുറ്റക്കാരാണ്. കൊച്ചുമക്കളുടെ മുഖം വാടുന്നതും കരയുന്നതുമൊന്നും അവര്‍ക്കു സഹിക്കാന്‍ പറ്റില്ല. ഇതും നയപരമായി കൈകാര്യം ചെയ്താല്‍ പിന്നീട് വിഷമിക്കേണ്ടി വരില്ല. പിന്നെ കുഞ്ഞുങ്ങള്‍ മൂത്തവരെ വാലുപോലെ പിന്തുടരുന്നതും അനുകരിക്കുന്നതും സൂക്ഷ്മതയോടെ കുറിച്ചിട്ടുണ്ട്. ഇവിടെയും എനിക്ക് സ്വന്തം ഉദാഹരണം റെഡി. മൂത്ത കൊച്ചുമകനും കൊച്ചുമകളും മൂന്നു മാസം പ്രിമച്വര്‍ ആയിരുന്നു. അതുകൊണ്ടാകാം മൂത്തവന്‍ റ ഉച്ഛരിക്കാറില്ല. അതുകഴിഞ്ഞുണ്ടായ പൂര്‍ണ്ണതയില്‍ പിറന്ന കൊച്ചുമകനും ഇപ്പോള്‍ റ പറയില്ല. പണ്ടൊരു മാഷ് പഠിപ്പിച്ചിരുന്ന കുട്ടി റ യ്ക്കു പകരം ര പറയുന്നതു ശ്രദ്ധിച്ച് മാതാപിതാക്കള്‍ മാഷിനോടു ഒന്നു ശ്രദ്ധിക്കണമെന്ന് പറഞ്ഞപ്പോള്‍ മാഷ് പറയുന്നു, എത്ര പരഞ്ഞാലും അവന്‍ അങ്ങനെയേ പരയൂ..! ചുരുക്കത്തില്‍ ആര്‍ഷാ യുടെ നിരീക്ഷണം തികച്ചും പ്രസക്തം. നന്നായിട്ടുണ്ട്. ജീവിതത്തിരക്കിനിടയിലും സമയം കണ്ടെത്തി കുറിപ്പുകളെഴുതി ഷെയര്‍ ചെയ്യുന്നത് ശ്ലാഘനീയംതന്നെ.

    ReplyDelete
  5. Kunjungalkku ...!
    .
    Manoharam, Ashamsakal...!!!

    ReplyDelete
  6. ആശംസകള്‍ ... എഴുത്തുകാരും വായനക്കാരും ബ്ലോഗെഴുത്തില്‍ മടങ്ങി വരട്ടെ...

    ReplyDelete
  7. ഈ ഘട്ടത്തില്‍ രക്ഷിതാക്കളുടെ സൂക്ഷമമായ നിരീക്ഷണം അത്യന്താപേക്ഷിതമാണ്!
    ചിന്തനീയമായ നല്ല പോസ്റ്റ്
    ആശംസകള്‍

    ReplyDelete
  8. ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത്.... നല്ല പോസ്റ്റ് ആർഷക്കുട്ടീ .....

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)