Monday, March 28, 2016

ഓര്‍മ്മകളില്‍ - മൂന്നക്ഷരം ; ഓ.എന്‍.വി !

മലയാളം മറക്കാത്ത , മലയാളിക്ക് മറക്കാനാകാത്ത മൂന്നക്ഷരങ്ങള്‍ - ഒഎന്‍വി ... !

ഓ! ഫെബ്രുവരി,  നീ ഞങ്ങളില്‍ നിന്ന്  തട്ടിയെടുത്തത് ഒരു കാലത്തിന്‍റെ ഓര്‍മ്മയാണ്.., നഷ്ടപ്രണയത്തിന്‍റെ മധുരശബ്ദമാണ്.., മണ്ണിനോടും പുഴയോടുമുള്ള  ഞങ്ങളുടെ സ്നേഹത്തിന്‍റെ, ആഴത്തിന്‍റെ വാക്കാണ്‌ ....  'ഒഎന്‍വി'എന്ന മൂന്നക്ഷരങ്ങൾ   ഇതൊക്കെയാണ് ഞങ്ങള്‍ക്ക്.. ഓര്‍മ്മകളില്‍ എന്നും കൂടെയുണ്ടാകും എന്നുറപ്പുള്ള ആ ചില വരികളിലൂടെ തെന്നിയും തെറിച്ചും ഒരു യാത്ര - അതാണീ കുറിപ്പ് , എന്‍റെ യാത്രാമംഗളങ്ങൾ!

ഓര്‍മ്മകള്‍ക്ക് എന്തു മധുരമാണെന്ന് പഠിപ്പിച്ചത് തന്നെയീ വരികളാണ് -

"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്താന്‍ മോഹം .. "

സ്കൂളില്‍ ഈണത്തില്‍ ചൊല്ലി പഠിച്ച  ഈ കവിത,അതിനും മുന്നേ കേട്ട് രസിച്ചത് ആകാശവാണിയില്‍  ചലച്ചിത്രഗാനങ്ങളില്‍ ! എല്ലാ സ്ക്കൂളിലും ഒരു നെല്ലിമരം ഉണ്ടെന്നു അങ്ങെങ്ങനെ കണ്ടെത്തിയെന്നു കുറേയേറെ നാള്‍ അതിശയിച്ചിട്ടുണ്ട്.

പലപ്പോഴും കുയിലിനു എതിര്‍കൂവല്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, പിണങ്ങി പറന്നു പോകുന്ന കിളിയോട് ഉച്ചത്തില്‍ 'അരുതേ' എന്ന് വിളിച്ചു പറഞ്ഞതിന് , "ചെവിയില്‍ വന്നു ഒച്ചയിടുന്നോ" എന്ന ചോദ്യത്തോടെ അമ്മയുടെ കയ്യില്‍ നിന്ന് നല്ല അടിയും കിട്ടിയിട്ടുണ്ട് !

കൗമാര കുതൂഹലങ്ങളിലൂടെ മുന്നോട്ട് നീങ്ങിയ പാവാടപ്രായം ആദ്യമായി കയ്യില്‍ കിട്ടിയ പ്രണയലേഖനത്തിലെ

"അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
എന്ന് ഞാന്‍,ഒരുമാത്ര വെറുതെ നിനച്ചു പോയി  .."
എന്ന ആദ്യവരിയില്‍ മൂക്കും കുത്തി വീണു. അത്രയും മനോഹരമായി മറ്റൊരു വരിയ്ക്കും പ്രണയത്തിന്‍റെ /വിരഹത്തിന്റെ തീക്ഷ്ണത പറയാന്‍ പറ്റുമെന്ന് ഇപ്പോഴും തോന്നുന്നില്ല.

"ഇനിയും മരിക്കാത്ത  ഭൂമി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി " എന്നു വായിച്ചപ്പോളാണ് ആദ്യമായി  ഭൂമിയ്ക്ക് മരണമെന്നൊരു  ചിന്ത തന്നെ ആദ്യമായി മനസിലേക്ക്  എത്തിയത് ..പേടിച്ചു, വിഷമിച്ചു, പിന്നെ മറന്നു ! ഇപ്പോഴും പരിസ്ഥിതി പ്രശ്നങ്ങള്‍ കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ ഓടിയെത്തുക ഈ വരികളാണ് - എനിക്ക് മാത്രമല്ല, പലര്‍ക്കും..പക്ഷേ, പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രം ചിന്തിക്കുന്നത് കൊണ്ട് തന്നെ ആ ചിന്ത വെറും പുകയായി മറഞ്ഞു പോകുകയും ചെയ്യുന്നു.... !

എല്ലാര്ക്കും അറിയുന്ന വരികള്‍ അല്ലാതെ, പ്രിയകവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒക്കെ ഓര്‍മ്മ വരുന്ന നാലു വരികളുണ്ട് - പത്താം ക്ലാസിലെ ആട്ടോഗ്രാഫില്‍  ഒരു വിരുതന്‍ കോറിയിട്ടത്,

"ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ,
അരിയ നിന്‍ ചിറകിന്‍ തൂവലിന്‍
തുമ്പിലൊരു മാത്രയെങ്കില്‍ ഒരു മാത്ര
എന്‍ വാഴ്‍വിന്‍ മധുരമാം സത്യം ജ്വലിപ്പൂ"

കവിയുടെ ഭാവനയില്‍ ഭൂമിയും ജീവജാലങ്ങളും ആവാസവ്യവസ്ഥയും  ഒക്കെ ആയിരുന്നു എങ്കിലും , ആ അവസാന വാക്ക് 'ജ്വലിക്കുമോ' എന്ന് തിരുത്തി എഴുതി ഒരു മനോഹര പ്രണയചോദ്യമാക്കാന്‍ ആ വിരുതനു കഴിഞ്ഞു - ഇന്നും ഓര്‍മയില്‍ ആ വരികളും, പേരെഴുതാത്ത കൂട്ടുകാരനും നല്‍ച്ചിരി!

യുവജനോത്സവ വേദികളിള്‍ക്ക്  വേണ്ടി ഉറക്കെച്ചൊല്ലി പഠിച്ച  'കുഞ്ഞേടത്തിയും', 'ഒന്‍പത് പേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മ പെറ്റവരായിരുന്നുവും' , 'പേരറിയാത്തൊരു പെണ്‍കിടാവേ' യുമൊക്കെ ഇന്നും ആ പഴയ നാട്ടിന്‍പുറത്തുകാരിയുടെ ഗൃഹാതുരതയാണ്.. മലയാളത്തിന്‍റെ മറ്റൊരു  ലോകത്തിരുന്നു കൊണ്ട് കയ്യില്‍ തൂങ്ങി കുഞ്ഞുമോന്‍ കൊഞ്ചലോടെ ചൊല്ലുന്നു ,

"കുഞ്ഞേടുത്തിയെ തന്നെയല്ലോ
ഉണ്ണിക്കെന്നെന്നും  ഏറെയിഷ്ടം
എന്തിനീ പൂക്കള്‍ വിരിയുന്നു
ഉണ്ണിയെ കാട്ടിക്കൊതിപ്പിക്കാന്‍...  " ആ വ്യക്തമല്ലാത്ത ചൊല്ലല്‍  എന്നെയും  ഓരോര്മ്മപ്പുറത്തേയ്ക്ക്  കൊണ്ടുപോകുന്നു.

മഞ്ഞള്പ്രസാദം  നെറ്റിയില്‍ ചാര്‍ത്തുന്ന  പെണ് കിടാവായും, ഒരു നറുപുഷ്പമായ്  നീളുന്ന മിഴിമുനയായും, ഒടുവില്‍ ശുഭരാത്രി നേര്‍ന്നു പോകുന്ന പ്രിയപ്പെട്ടവള്‍ ആയുമൊക്കെ ആ വരികള്‍ നമുക്ക് മേല്‍ പെയ്തു കൊണ്ടേയിരുന്നു, ഓരോ തവണ ഈ വരികള്‍ കേള്‍ക്കുമ്പോഴും ഒരു ശരാശരി മലയാളിയുടെ മനസ് ആര്‍ദ്രവും കാല്‍പ്പനികവും പ്രണയാതുരവുമായി. അതുകൊണ്ട് തന്നെയാകണം പല കവികള്‍ക്കും അവകാശപ്പെടാനാകാത്തത്ര മേല്‍  ആ മൂന്നക്ഷരങ്ങൾ നമുക്കൊക്കെ പ്രിയങ്കരമാകുന്നത്.

പ്രിയ കവീ..., അങ്ങയ്ക്ക്  മരണമില്ല -മലയാളി മരിയ്ക്കാത്തിടത്തോളം, മലയാളം മണ്ണടിയാത്തിടത്തോളം. ഓര്‍മ്മകളില്‍ പിന്നെയും പിന്നെയും കടന്നു വരുന്ന വരികളില്‍ പലതിലും അങ്ങയുടെ സൗമ്യമായ ചിരി തിളങ്ങുന്നു.. ഓര്‍മ്മകള്‍ക്ക്  പഞ്ഞമില്ലെന്നു  ഓരോ വരിയും തൊട്ടു ചിരിക്കുന്നു,
                                                            (വര  റിയാസ്.ടി.അലി )


അങ്ങയുടെ രണ്ടു കവിതകളിലെ ഏറെ ഇഷ്ടമായ ഈ വരികളോടെ എന്‍റെ സ്നേഹക്കുറിപ്പ് ഞാനിവിടെ നിര്ത്തുന്നു,

"നന്ദി, നീ തന്നൊരു ഇളംനീല രാവുകള്‍ക്ക്,‌
എന്നെ കുളിരണിയിച്ച നിലാവുകള്‍ക്ക്,
എന്നെ ചിരിപ്പിച്ച നക്ഷത്രമുല്ലകള്‍ക്ക്,‍
എനിക്ക് കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ, നന്ദി..നന്ദി..! "

"നിഴലായ് നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ, നീ മാറി നില്‍ക്കൂ
അതിനു മുന്‍പതിനു മുന്‍പ്
ഒന്ന് ഞാന്‍ പാടട്ടേ, അതിലെന്‍റെ ജീവനുരുകട്ടേ
അതിലെന്‍റെ മണ്ണ് കുതിരട്ടേ, പിളര്‍ക്കട്ടേ  
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടേ! "

ജീവിതത്തിനെ അത്രമേല്‍ ഇഷ്ടപ്പെടാന്‍  പഠിപ്പിച്ച  മഹാകവേ, അങ്ങയ്ക്ക് സ്നേഹപൂര്‍വ്വം വിട..മറക്കില്ല മലയാളം മരിയ്ക്കും വരെ!

(ഇ-മഷി 2016,  മാര്‍ച്ച്‌  ലക്കത്തില്‍ പ്രസിദ്ധീകരിച്ച  ഓര്‍മ്മക്കുറിപ്പ് ) 

15 comments:

  1. ഇ മഷിയിൽ വായിച്ചിരുന്നു ചേച്ചീ.


    മലയാളഭാഷ ഉള്ളിടത്തോളം കാലം ഓ.എൻ.വിസാറും നമുക്കൊപ്പമുണ്ടാകുമല്ലോ.

    ആശംസകൾ!/!/!/!!

    ReplyDelete
  2. മറക്കില്ലൊരിക്കലും മലയാളിയുടെ മനസ്സില്‍നിന്നും മനോഹരമാമീ വരികള്‍!
    ഓ.എന്‍.വിയെപ്പറ്റി വളരെ ഹൃദ്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു!
    ആശംസകള്‍

    ReplyDelete
  3. ചിറകുകളില്‍ സംഗീതമുള്ള കളഹംസത്തെപ്പറ്റി എഴുതിയത് വളരെ ഇഷ്ടമായി. ഒരിക്കല്‍ കൂടി ആശംസകള്‍.

    ReplyDelete
  4. ഒരിക്കലും മറക്കില്ല ഒഎന്‍വി എന്ന മൂന്നക്ഷരം.

    ReplyDelete
  5. ഒരിക്കലും മറക്കില്ല ഒഎന്‍വി എന്ന മൂന്നക്ഷരം.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഇതുവരെ കാണാത്ത കരയിലേക്കോ,
    ഇനിയൊരു ജന്മത്തിൻ കടവിലേയ്ക്കോ...
    :(

    ReplyDelete
  8. Good
    കരിയും കരിമ്പടവും
    കലയും നിലാവും
    കുളിരുപെയ്യിക്കുന്നൊരോര്‍മ മാത്രം

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഓ.എൻ.വി യെ കവി എന്നതിലപ്പുറം ഗാനരചയിതാവ് എന്ന സ്ഥാനമാണിത്രയും ജനകീയനാക്കിയത്. ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ എഴുതിയില്ലായിരുന്നുവെങ്കിൽ ചുരുക്കം ചിലർ മാത്രം അറിയുമായിരുന്ന കവി.

    ReplyDelete
  11. "മലയാളം മറക്കാത്ത മലയാളി മറക്കാത്ത മൂന്നക്ഷരങ്ങൾ ഓ എൻ വി
    ആശംസകൾ ആർഷ.

    ReplyDelete
  12. പ്രിയ കവീ...
    അങ്ങയ്ക്ക് മരണമില്ല -മലയാളി
    മരിയ്ക്കാത്തിടത്തോളം, മലയാളം മണ്ണടിയാത്തിടത്തോളം.
    ഓര്‍മ്മകളില്‍ പിന്നെയും പിന്നെയും കടന്നു വരുന്ന വരികളില്‍
    പലതിലും അങ്ങയുടെ സൗമ്യമായ ചിരി തിളങ്ങുന്നു.. ഓര്‍മ്മകള്‍ക്ക്
    പഞ്ഞമില്ലെന്നു ഓരോ വരിയും തൊട്ടു ചിരിക്കുന്നു ...

    മലയാളി ഒരിക്കലും മറക്കാത്ത മൂന്നക്ഷരം...!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)