Wednesday, May 5, 2010

അനാമികം

ഒന്ന് മറ്റൊന്നിന്റെ പിന്തുടര്‍ച്ച
തനിയാവര്‍ത്തനങ്ങളുടെ തായമ്പക
എവിടെയോ മറന്നു വെച്ച ചില്ലുകൂട്ടില്‍
ഇനിയുമെന്‍ സ്വപ്നങ്ങളുടെ ചിത കൂട്ടി വെക്കട്ടെ
ജീവിത സ്ഫടികം പോറാതിരിക്കട്ടെ
ഒരു വിരല്‍ നഖപ്പാടേറ്റു പോലും .
മുഖാവരണം എടുത്തു മാറ്റില്ല ഞാന്‍
വികാര രഹിതമെന്നുറച്ച വികാരം,
സത്വമില്ല,സത്തയുമില്ല,ഇന്നെന്നി-
-ലന്തരാത്മാവിന്‍ ആളലുമില്ല
മൌന ജാലകം മൃദുവായി ചാരിയീ
വചന വാചാല പേമാരി നുകരട്ടെ
മിഴിയിണകളെ ഒളിപ്പിച്ചിടട്ടെ,
മുഖം മറയ്ക്കുമീ സുതാര്യതയ്ക്കുള്ളില്‍
മിഴി തിളങ്ങുമീ നനവെന്നിലെന്നും
നനുത്ത നീറ്റലായുള്ളിലമരട്ടെ
ഞാനെന്ന തടവറയ്ക്കുള്ളിലായ് കൊത്ത് കൂടി-
രമിച്ചുല്ലസിച്ചീടുവാന്‍ വഴി തെറ്റി-
എത്തിയ തേങ്ങല്‍ കുരുവീ ,
നഷ്ട ബോധത്തിന്‍ തിന നല്‍കിടാം ,പിന്നെ
വ്യര്‍ത്ഥ സ്വപ്നത്തിന്‍ വെള്ളവും നല്‍കാം
സ്വാര്‍ത്ഥ മോഹത്തിന്‍ കച്ചില്‍ക്കൂനയില്‍
വിരിഞ്ഞിറങ്ങാനൊരു മറവി തന്‍ മുട്ട
ദിനരാത്രങ്ങളുടെ ഏകാന്തതയില്‍ തട്ടി-
-പ്പൊട്ടാതെ  നല്‍കുമോ പകരമായിന്നു ??

7 comments:

  1. നഷ്ടബോധത്തിന്‍ തിന നല്‍കിടാം ,പിന്നെ
    വ്യര്‍ത്ഥ സ്വപ്നത്തിന്‍ വെള്ളവും നല്‍കാം ...

    കവി മനസ്സിന് ആശംസകള്‍ ...

    ReplyDelete
  2. മൌനരാഗമലിഞ്ഞുചേരുമീമനതാരില്

    ReplyDelete
  3. പ്രിയ ശ്യാമ,
    വേദനയുടെ മഴയത്താണല്ലോ എപ്പോഴും...

    ReplyDelete
  4. കവിത അസ്സലായി. രണ്ടുമൂന്നാവര്‍ത്തി വായിച്ചു.

    ReplyDelete
  5. മൌന ജാലകം മൃദുവായി ചാരിയീ
    വചന വാചാല പേമാരി നുകരട്ടെ
    മിഴിയിണകളെ ഒളിപ്പിച്ചിടട്ടെ,
    മുഖം മറയ്ക്കുമീ സുതാര്യതയ്ക്കുള്ളില്‍...

    നഷ്ട ബോധത്തിന്‍ തിന നല്‍കിടാം ,പിന്നെ
    വ്യര്‍ത്ഥ സ്വപ്നത്തിന്‍ വെള്ളവും നല്‍കാം..

    (ഇതുവഴി എത്താന്‍ വൈകി... എങ്കിലും ഇതുപോലെയുള്ള മനോഹര വരികള്‍ ആ നഷ്ടബോധം ഇല്ലാതാക്കുന്നു... )

    ReplyDelete
  6. Nalla Kavitha.
    Thanks for ur comment in boolokakavitha.
    You please send ur poems to vishnuprasad.
    regards
    p.a.anish
    www.naakila.blogspot.com

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)